Slider

ധർമ്മൻ

0
"നീ പോടി അമ്മച്ചി ..
എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ ഈ വീടിന് മൊത്തം ഞാൻ തീയിടും..."
കമല പിന്നെ ഒ‌ന്നും പറഞ്ഞില്ല, മകനെ നോക്കി
നെടുവീർപ്പിട്ടുകൊണ്ട് മുറി വിട്ടിറങി ജോലിസ്ഥലത്തേക്ക് നടന്നു...
"ധർമ്മാ...നീയെന്തിനാഡാ അമ്മയെ പോടീന്ന് വിളിച്ചത്..,അമ്മയ്ക്ക് വിഷമമായിക്കാണില്ലേ.."
ധർമ്മൻ എഴുത്തു നിർത്തി പേന കടലാസ്സിലേയ്ക്കിട്ടു കൊണ്ട് ദേഷ്യത്തിൽ‌ തിരിഞ്ഞു നോക്കി.
"ദേ അച്ഛാ...അടങിക്കിടന്നോണം..
അല്ലേൽ കട്ടിലോടെ ഞാനെടുത്ത് പുറത്തേക്കെറിയും പറഞ്ഞേക്കാം..ഹും..!!!
ദൈവമേ...എനിക്കെന്നാണീ വീട്ടിൽ സ്വസ്ഥമായിരുന്നൊന്ന് എഴുതാൻ പറ്റുക..."
ധർമ്മൻ ചാടിയെഴുന്നേറ്റ് അമ്മ പോയ വഴിയേ ഓടി..
"അമ്മേ...അമ്മേ...നിക്ക്...
നിൽക്കമ്മേ.."
ധർമ്മൻ കമലയുടെ മുന്നിൽ കിതച്ചു കൊണ്ട് നിന്നു...
കമല മകനെ നോക്കി, അവൾക്കറിയാമായിരുന്നു ധർമ്മൻ ഓടി പിന്നാലെ വരുമെന്ന്..അതിനാൽ വേഗം കുറച്ചാണവൾ നടന്നിരുന്നത്..!
"സോറി അമ്മേ....
എനിക്ക് ദേഷ്യം വന്നപ്പോ ഞാൻ വിളിച്ചു പോയതാ...അമ്മയ്ക്ക് വിഷമമായോ..?...
ഞാൻ ഇന്ന് കഥയെഴുതി തീരും...നാളെ മുതൽ എന്നും ജോലിക്ക് പോകാമ്മേ...സത്യം.."
ധർമ്മൻ അമ്മയുടെ കൈയ്യിൽ പിടിച്ചു കേണു.
"ധർമ്മാ...എനിക്ക് പേടിയാ മോനേ...
നീ കഥയെന്നും
കവിതയെന്നും പറഞ്ഞ്
എപ്പോഴും ചിന്തിച്ചിരുന്നാൽ ....
ഡോക്ടർ പറഞ്ഞത് ഓർമ്മയില്ലേ നിനക്ക്...!!
എന്തെങ്കിലും ജോലി ചെയ്ത് , മറ്റുള്ളവരുമായ് ഇടപഴകിയാലേ നിന്റെ അസുഖം വീണ്ടും വരാതിരിക്കൂ.."
കമല ധർമ്മന്റെ നെറ്റിയിലേയ്ക്ക് നീണ്ടു കിടന്ന മുടി മേലേയ്ക്ക് ഒതുക്കി വച്ചു..
"ഇല്ലമ്മേ..എനിക്കിനി ഭ്രാന്തൊന്നും വരില്ല..എഴുതാതിരുന്നാൽ വീർപ്പുമുട്ടലാ, ജോലിയൊന്നും ശ്രദ്ധിക്കാൻ പറ്റില്ല..കരച്ചിൽ വരും...വിരലാകെ വിറച്ച് ദേഷ്യം വരും..അമ്മ പൊയ്ക്കോ...ഞാൻ നാളെ മുതൽ പഴയ പോലാകും.."
ധർമ്മൻ അമ്മയുടെ കവിളിൽ പിച്ചി ചിരിച്ചു കൊണ്ട് വീട്ടിലേയ്ക്ക് നടന്നു..!
കമല മകനെ നോക്കി നിന്നു.
"അച്ഛന് കഞ്ഞി കൊടുക്കണേ...മരുന്നും.."
"ങാ..."
ധർമ്മൻ തിരിഞ്ഞു നോക്കാതെ കൈയ്യുയർത്തി വീശി..
ധർമ്മന്റെ അച്ഛൻ ഒരാക്സിഡന്റിൽ പെട്ട് തളർന്ന് കിടപ്പായിട്ട് വർഷം ആറായി..കമല കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോകും.. ധർമ്മന് പാൽ
സൊസൈറ്റിയിൽ ജോലിയുണ്ട്.
സിനിമയായിരുന്നു ധർമ്മന്റെ ലക്ഷ്യം...പല സംവിധായകരോടും കഥകൾ പറഞ്ഞു... ചിലർ ചെയ്യാമെന്ന് പറഞ്ഞ് നടത്തിച്ചു...ചിലർ കളിയാക്കി...ഒരു നാൾ തിയേറ്ററിലിരുന്നു സിനിമ കാണവേ ധർമ്മൻ അലറി വിളിച്ചു കൊണ്ട് സ്ക്രീനിന് നേരേ പാഞ്ഞു...ആരൊക്കെയോ അവനെ തടഞ്ഞു..തൊഴിച്ചു...തൊഴിയേറ്റ് പിടയുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു....!!
"ഇതെന്റെ കഥയാണ്...
സിനിമയാണ്..
ദ്രോഹീ...നീയെന്നെ പറ്റിച്ചു...ചതിച്ചു.."
അവൻ പറയുന്നത് ആരും കേട്ടില്ല..
തിയേറ്ററിന് പുറത്തേക്കവൻ വലിച്ചെറിയപ്പെട്ടു...കണ്ണിൽ കണ്ട പോസ്റ്ററൊക്കെ അവൻ വലിച്ചു കീറി അലറി...
"ഇതെന്റെ കഥയാണ്....എന്റെ കഥ മോഷ്ട്ടിച്ചതാണ്‌‌..."
ഒരു വർഷം ധർമ്മ‌ന്റെ മനസ്സ് നില തെറ്റി കാണാക്കയങളിലേയ്ക്ക് ഊളിയിട്ടു പോയി...!
****
മുറിയിലേയ്ക്ക് കടക്കുമ്പോൾ ധർമ്മന് ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഇന്ന് കഥ എഴുതി തീർക്കണം...ഡി സി ബുക്സുമായി ബന്ധപ്പെട്ട് അതൊരു പുസ്തകമാക്കണം...
അവനുറപ്പുണ്ട്, കഥ വായിച്ച് അവർ ഞെട്ടും...അഭിനന്ദിക്കും...ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിയുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാകും...ഉറപ്പ്..!
ധർമ്മൻ കസേര വലിച്ചിട്ട് എഴുതാനിരുന്നു...പിന്നിൽ അച്ഛൻ ശ്വാസം വലിച്ചു വിടുന്നത് കേൾക്കാം...ആ മുറിയിൽ അച്ഛനൊപ്പമാണ് ധർമ്മൻ കിടക്കാറ്..
അച്ഛനെന്നാൽ അവന് അമ്മയോളം ജീവനാണ്...!
"നീ എവിടെ പോയതാഡാ...അമ്മയോട് സോറി പറയാനാ‌‌.."
ധർമ്മൻ ചിരിച്ചു കൊണ്ട് അച്ഛനെ നോക്കി...
"ഈ അച്ഛനെല്ലാം അറിയാം.."
"ഞാൻ നിന്റെ അച്ഛനല്ലേഡാ..
എന്റെ മകനല്ലേ നീ.."
അയാൾ അവനെ നോക്കി ചിരിച്ചു.
"എന്നാൽ എന്റെ അച്ഛനിനി മിണ്ടരുത്..
ഞാനീ കഥ എഴുതി തീർത്തോട്ടെ..
നാളെ ഞാൻ ജോലിക്ക് പോകാൻ‌ അമ്മയ്ക്ക് വാക്കു കൊടുത്തേക്കുവാ.."
ധർമ്മൻ പേനയെടുത്തു.എഴുതി നിർത്തിയ പേജ് ഒരിക്കൽ കൂടി വായിച്ചു...പെട്ടെന്ന് നായ അകാരണമായി നീട്ടി മോങാൻ തുടങി...
ധർമ്മന്റെ ജനാലയിലൂടെ കലി പൂണ്ട് നായയെ നോക്കി.നായ നാലു പാടും
നോക്കി മോങൽ തുടർന്നു കൊണ്ടിരുന്നു...ധർമ്മൻ ചാടിയെഴുന്നേറ്റ് മുറ്റത്തേക്ക് പാഞ്ഞു..തുടലഴിച്ച് നായക്കിട്ട് ഒരു ചവിട്ട് വച്ചു കൊടുത്തു...നായ ഓടിപ്പോയി....നിലത്തിഴഞ്ഞ ചങലയുടെ ശബ്ദം ധർമ്മന്റെ ചെവിക്കുള്ളിൽ തരംഗങളുണ്ടാക്കി...!മുറിയിലെത്തിയ ധർമ്മൻ അകത്തു നിന്നും മുറി പൂട്ടി ജനാലയിലൂടെ താക്കോൽ മുറ്റത്തേയ്ക്കെറിഞ്ഞു..!.
മകന്റെ ചെയ്തികൾ നോക്കി
ആ അച്ഛൻ ചിരിച്ചു..ഇന്ന് പട്ടിണി..!
"ഇനിയെന്നെ ശല്യപ്പെടുത്താനാർക്കും കഴിയില്ല..ഹ..ഹ..ഹ"
ധർമ്മൻ പൊട്ടിച്ചിരിച്ചു കൊണ്ട് വീണ്ടും പേനയെടുത്തു..പതിയെ പതിയെ വിരലിൽ നിന്നും പേനയിലേയ്ക്ക് അക്ഷരപ്പക്ഷികൾ വന്നണഞ്ഞ് കടലാസ് വാനത്തിലേയ്ക്ക് പറന്നുയരാൻ തുടങി...ധർമ്മന്റെ മനസ്സിൽ വീർപ്പുമുട്ടലിന്റെ വേവിൽ കിടന്നു തിളച്ച കഥാന്ത്യത്തിലേയ്ക്ക് പേന ചുവടു വച്ച് പാഞ്ഞു കൊണ്ടിരുന്നു.....
ഒടുവിൽ അത് സംഭവവിച്ചു...
അക്ഷരങൾ ചന്തമില്ലാത്ത കുത്തിവരകളായി....ധർമ്മന്റെ ഉരുകി വീണ ചിന്തകൾക്ക് ഛായം പകർന്ന പേന സ്തംഭിച്ചിരിക്കുന്നു...!!
ധർമ്മൻ പേന കുടഞ്ഞു കൊണ്ട് മേശവലിച്ചു തുറന്നു...മഷിതീർന്ന് കിടന്ന പേനകളെടുത്ത് എഴുതാൻ ശ്രമിച്ചു...ഇല്ല....ഇല്ല....
വറ്റി വരണ്ട പുഴ പോലെ ഹൃദയം മരവിച്ച പേനകൾ അവൻ വലിച്ചെറിഞ്ഞു....അവനാ മുറിയാകെ ഉഴുതുമറിക്കാൻ തുടങി...
ഒടുവിൽ കതകിൽ ആഞ്ഞ് തൊഴിക്കാൻ തുടങി...!
ശബ്ദം കേട്ട് അയാൾ കണ്ണ് തുറന്നു...
മുറിയാകെ വലിച്ചു വാരിയിട്ടിരിക്കുന്നു...
"ധർമ്മാ...മോനേ...എന്താഡാ..
എന്താ നീയീ കാട്ടുന്നേ...ധർമ്മാ..."
"അച്ഛാ...എനിക്കൊരു പേന വേണം..
എന്റെ പേന ചത്തു പോയി..."
ധർമ്മൻ‌ അച്ഛന്റെ നെഞ്ചിൽ വീണ് വിതുമ്പാൻ തുടങി..മകന്റെ ഭാവം കണ്ട് അയാൾക്ക് ഭയം തോന്നി..
അയാളന്റെ മുടിയിഴകളിൽ വിരലാഴ്ത്തി തടവി...
"നീയെന്തിനാ മുറി പൂട്ടി താക്കോൽ
മുറ്റത്തെറിഞ്ഞത്...അല്ലേൽ അപ്പുറത്തെ ജാനൂമോൾടെ കൈയ്യീന്ന് പേന വാങാരുന്നില്ലേ...
ഇനിയിപ്പോ വൈകുന്നേരം അമ്മ വരാതെ എങെനെ പുറത്ത് പോകാൻ..മോനൊരു കാര്യം ചെയ്യ് ആ ജനാലയ്ക്കൽ പോയി ജാനൂനെ ഉറക്കെ വിളിക്ക്‌.."
ധർമ്മൻ പെട്ടെന്ന് തലയുയർത്തി,
കണ്ണ് തുടച്ചു..മുഖത്ത് പ്രതീഷയുടെ നറു വെളിച്ചം...പെട്ടെന്ന് ഒരു മിന്നൽ ജനാലയിലൂടെ പുളഞ്ഞകത്ത് കയറി. ഭൂമി കുലുങുന്ന ഇടിയോട് കൂടി മഴ പെയ്യാൻ തുടങി...പെരുമഴ...!
ധർമ്മന്റെ ഉച്ചത്തിലുള്ള "ജാനൂ" വിളികൾ മഴയിലലിഞ്ഞ് പാതി വഴിയിൽ ഒച്ചയടച്ച നിശ്വാസങളായി...
അവൻ അലറി വിളിച്ചു കിതച്ച തൊണ്ടയോടെ അച്ഛനരികിൽ വന്നിരുന്നു...അച്ഛനവന്റെ മുതുകിൽ പതിയെ തടവിക്കൊണ്ടിരുന്നു..
ധർമ്മൻ വലതു കൈയ്യുയർത്തി നോക്കി..വല്ലാതെ വിറയ്ക്കുന്നുണ്ട് ഓരോ വിരൽത്തുമ്പും..
"അച്ഛാ‌‌‌...അച്ഛാ.... കണ്ടോ അച്ഛാ..
ഇത് കണ്ടോ‌...അക്ഷരങൾ നിറഞ്ഞെന്റെ വിരൽത്തുമ്പ് തുടിക്കുന്ന കണ്ടോ...!!!
വേദനിക്കുന്നച്ഛാ...എനിക്കെന്റെ വിരൽത്തുമ്പ് ഉരുകുന്ന പോലെ...!!
"എനിക്കെഴുതണം...
എനിക്കെഴുതണം...
എനിക്കെഴുതിക്കോളാൻ വയ്യേ...."
ധർമ്മൻ അലറിക്കരഞ്ഞു കൊണ്ട്
കൂനി കൂനി എഴുത്ത് മേശയ്ക്കരുകിലേയ്ക്ക് നടന്നു..
അവൻ വലതു കൈ ഉയർത്തിപ്പിടിച്ചിരിക്കുകയാണ്..താഴ്ത്തിയിട്ടാൽ അതൂർന്ന് പോകുമെന്ന് തോന്നി അവന്...!
മേശപ്പുറത്ത് വീണ മഴത്തുള്ളികളിൽ വിരലുകൾ തൊട്ട് വികലമായി എന്തൊക്കെയോ എഴുതാൻ തുടങി...പെയ്തിറങുന്ന മഴ നിറമുള്ളതായിരുന്നെങ്കിലെന്നവൻ കൊതിച്ചു പോയി...!!
ജനാലയിലൂടെ മുറ്റത്ത് കിടന്ന് മഴ നനയുന്ന താക്കോലിലേയ്ക്ക് ധർമ്മൻ കൊതിയോടെ നോക്കി..വെറുതെ വിരൽ പുറത്തേക്ക് നീട്ടി മാടി വിളിച്ചു...!!
അവൻ കൈ രണ്ടും തലയിലേയ്ക്ക് ആഞ്ഞ് തല്ലി കരഞ്ഞു കൊണ്ട്
ചാടിയെഴുന്നേറ്റു...
പല്ല് ഞെരിച്ചു കൊണ്ട് കതകിലേയ്ക്ക് വീണ്ടും ആഞ്ഞ് തൊഴിച്ചു...തോറ്റു പോയി...
ധർമ്മൻ ദേഷ്യം കൊണ്ട് മുടിയെ പിച്ചിയെറിയാൻ ശ്രമിച്ചു....അലർച്ച കൊണ്ട് ആ മുറിയാകെ ഭയന്ന് വിറച്ചു..
മകന്റെ നില തെറ്റുന്നത് കണ്ട ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
"ധർമ്മാ...മോനേ..."
ധർമ്മനാ വിളി കേട്ടില്ല അവൻ മേശ മറിച്ചിട്ട് അതിന്റെ ഒരു കാൽ ഒടിച്ചെടുത്തു‌.‌.കടലാസ്സുകൾ നിലത്ത് ചിതറി‌‌..അക്ഷരങൾ ചിതറിയ മുറി..!!
"ധർമ്മാ....
ധർമ്മാാ....ഇങ് വാ മോനേ അച്ഛനടുത്ത് വാ...നിനക്ക് എഴുതാൻ മഷി ഞാൻ തരാം..വാടാ..."
അയാളുടെ തൊണ്ടയിടറി..
ധർമ്മൻ പെട്ടെന്ന് ശാന്തനായി....
"എന്താ അച്ഛൻ പറഞ്ഞത്.....
അവൻ നിന്നു കിതച്ചു...
എവിടെ മഷിയെവിടെ...?...
പറ അച്ഛാ...."
ധർമ്മൻ അച്ഛന്നെ പിടിച്ചുലുക്കി.
"മോൻ പേന കൊണ്ട് വാ.."
ധർമ്മൻ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു...നിലത്ത് പരതി പേനയെടുത്തു....
"താ അച്ഛാ...
എനിക്കീ പേനയിൽ മഷി നിറച്ചു താ..."
അവന്റെ കണ്ണുകൾ ആകാംക്ഷയാൽ വിടർന്നു.‌.
അയാൾ മകനു നേരെ തന്റെ കൈപ്പത്തി നീട്ടി വിരൽ മുറുക്കി..
ഞരമ്പുകൾ രണ്ടും പിടച്ചു തെളിഞ്ഞു നിന്നു....!!!
"ധർമ്മാ , പേന കൊണ്ട് നീ അച്ഛന്റെ ഞരമ്പിനെ കീറ്...കീറി മുറിക്ക്...
ആർക്കു ഒരു പ്രയോജനമില്ലാത്ത, വെറും ഭാരമായ ഞാൻ നിനക്കെഴുതാൻ മഷിയായി
ഒടുങട്ടെ...!"
ധർമ്മന്റെ കണ്ണുകൾ അച്ഛൻ നീട്ടിയ ഞരമ്പുകളിൽ തങി നിന്നു...
അച്ഛന്റെ ശബ്ദത്തിലെ ഇടർച്ചയോ,
കണ്ണീരോ അവൻ കണ്ടില്ലാ...
അവൻ കണ്ടത് ഒരു കടലാണ്...ചുവന്ന മഷിയലകൾ നിറഞ്ഞ കടൽ...!!!
ധർമ്മന്റെ മുഖത്തേയ്ക്ക് ചുവപ്പ് തുള്ളികൾ തെറിച്ചു വീണു...
വേദന കൊണ്ട് പിടഞ്ഞ കണ്ണുകൾ കൊണ്ട് അയാൾ മകനെ നോക്കി..
ആശ്വാസത്തോടെ...ഈ കിടപ്പിനവസാനമായിരിക്കുന്നു...!!
"ധർമ്മാ...
നിനക്കിനി പേന നിന്റെ ചൂണ്ട് വിരലാണ്, രക്തം തുടിക്കുന്ന വിരലാൽ നീ ആവോളമെഴുത്...ഈ മഷികുടിച്ച് നിന്റെ അക്ഷരങൾ തിളങട്ടെ...
എഴുത്...ഈ മുറിയാകെ നിന്റെ അക്ഷര‌ങൾ എഴുതി നിറയ്ക്ക്...അത് വായിച്ച് വേണം അച്ഛനീ മുറിയോട് യാത്ര പറയാൻ‌..."...
ധർമ്മൻ പേന കൈ വിട്ടു...കട്ടിലിനു പുറത്തേയ്ക്ക് നീണ്ടു കിടന്ന അച്ഛന്റെ കൈഞരമ്പുകളിൽ നിന്നൊഴുകുന്ന രക്തത്തിൽ തൊട്ട് അവൻ എഴുതാൻ തുടങി....ആർത്തിയോടെ...
കടലാസ് തീർന്നപ്പോൾ...മേശപ്പുറത്ത്...
കതകിൽ...ചുവരിൽ ...അവൻ എഴുതിക്കൊണ്ടേയിരുന്നു.....!
അലറി വിളിച്ച് ആഹ്ലാദത്തോടെ അവൻ മുറിയാകെ ഓടി നടന്നു...
മകന്റെ സന്തോഷം കണ്ട് കൊണ്ട് കിടന്ന അയാളുടെ മിഴികൾ തളർന്ന് തുടങിയിന്നു..മുറിയാകെ രക്തം പരന്നു കിടന്നു...രക്തം മണക്കുന്ന അക്ഷരങൾ വിരിഞ്ഞു നിന്ന പൂന്തോട്ടമായിത്തീർന്നു ആ മുറി..
ഒടുവിൽ അക്ഷരങ്ങൾക്ക് താഴെ ശുഭം എന്നെഴുതി ധർമ്മൻ അടി വരയിട്ടു....
മനസ്സ് നിറഞ്ഞ്‌ ധർമ്മൻ ചിരിച്ചു...പൊട്ടി പൊട്ടിച്ചിരിച്ചു...!
ഞരമ്പിൽ നിന്നും ഒലിച്ചിറങിയ ഒടുവിലത്തെ തുള്ളി രക്തം ആ അച്ഛന്റെ വിരൽത്തുമ്പിൽ തുടിച്ചു നിന്നു ...!
അഴിച്ചു വിട്ട നായയുടെ ചങലക്കിലുക്കം അടുത്തടുത്ത് വരുന്നത് ധർമ്മൻ
കാതോർത്ത് ചിരിച്ചു...
ചിരിച്ചു കൊണ്ടെയിരുന്നു.....!!!

Shyam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo