Slider

കഥകളിയും കല്പണിയും

0
കഥകളിയും കല്പണിയും
കളി അറിയുമോ?" നമ്പൂതിരി ചോദിച്ചു.
"എന്ത് കളിയാണ്? എനിക്ക് ആകെയറിയാവുന്നത് ഗോലികളിയാണ്!!!.
"കഥകളി. നല്ല അറിവുള്ളവർക്കേ മനസ്സിലാകൂ" തിരുമേനി പണ്ഡിതനായി.
എന്തിൽ അറിവുള്ളവർക്കാണ് എന്ന് എനിക്ക് മനസ്സിലായില്ല. എങ്കിലും ഞാൻ ഒട്ടും കുറച്ചില്ല.
"അറിയാം നന്നായി അറിയാം".
"ഭ്രാന്ത് ഉണ്ടോ? കളി ഭ്രാന്ത് ? തിരുമേനി ചിരിച്ചു. നാണത്തോടെ ഞാൻ പറഞ്ഞു "ലേശം"
"എങ്കിൽ എന്റെകൂടെ അമ്പലത്തിൽ വരിക. സോമനാശാന്റെ കീചകനെത്തും. സമർത്ഥനാണ് ചെണ്ട…!!!
ഞാൻ നമ്പൂതിരിയെ പിന്തുടർന്നു. അമ്പലത്തിൽ അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരുന്നു. ചുറ്റിനും നോക്കിയ ഞാൻ കണ്ടത് ഗൗരവത്തിൽ തലക്കനത്തോടെയിരിക്കുന്ന ആളുകളെയാണ്. എല്ലാവരും നല്ല അറിവുള്ളവർ തന്നെ. ഞാൻ മനസ്സിലോർത്തു.
ചെണ്ടകൊട്ടും, പാട്ടും, കർട്ടൻ പിടിത്തവും എല്ലാം സ്റ്റേജിൽ തുടങ്ങി. എനിക്കാണെങ്കിൽ വിശക്കുവാനും തുടങ്ങി. നമ്പൂതിരി ഇടക്കിടക്ക് 'ഭേഷ്" എന്ന് പറയുമ്പോൾ ഞാനും ഭേഷ് എന്ന് പറഞ്ഞു. അദ്ദേഹം ചിരിച്ചപ്പോൾ ഞാനും ചിരിച്ചു. ഇടക്ക് ആവേശം മൂത്ത് അദ്ദേഹം എന്റെ തോളിൽ രണ്ടു പ്രാവശ്യം അടിച്ചു. നന്നായി വേദനിച്ചെങ്കിലും ഞാൻ സഹിച്ചു. പ്രതികരിച്ചാൽ വിവരമില്ലാത്തവനാണെന്ന് പറഞ്ഞാലോ? ഉറക്കം കൺപോളകളിൽ ഊഞ്ഞാൽ കെട്ടി ആടുവാൻ തുടങ്ങിയിട്ടും ഒരു വിധം ഞാൻ പിടിച്ചു നിന്നു.
"കീചകൻ ഗംഭീരമായി" നമ്പൂതിരി മുറുക്കിത്തുപ്പിക്കൊണ്ട് പറഞ്ഞു. തുപ്പൽ കുറച്ച് എന്റെ ദേഹത്ത് തെറിച്ചു. ഒന്നും മിണ്ടിയില്ല. വിവരമില്ലാത്തവനാണെന്ന് പറഞ്ഞാലോ ?
"ഗംഭീരം. ഗംഭീരം .." ഞാനും പറഞ്ഞു.
"ആട്ടെ പുറപ്പാടിനെക്കുറിച്ച്‌ എന്താണ് നിന്റെ അഭിപ്രായം?
കുഴപ്പം ആയെല്ലോ!! എന്താണ് ആ സാധനം???. ഞാൻ ആലോചിച്ചു. ലൈഫ് ലൈൻ, ഫോൺ എ ഫ്രണ്ട് ഒന്നുമില്ല. തിരുമേനിയാണെങ്കിൽ സുരേഷ് ഗോപിയായി നിൽക്കുകയാണ്. എങ്കിലും രണ്ടും കല്പിച്ച് ഞാൻ പറഞ്ഞു.
"ഗഭീരം ആയില്ല "
"ഭേഷ്… സമർത്ഥൻ. തെറ്റ് കൃത്യമായി കണ്ടുപിടിച്ചു!!!."
എന്റെ മനസ്സ് നിറഞ്ഞു. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം????
നമ്പൂതിരി പിന്നെയും എന്റെ പുറത്ത് തല്ലി. സഹിക്കുക തന്നെ.
പുറത്തിറങ്ങിയപ്പോൾ കണ്ടവരോടൊക്കെ പറഞ്ഞു " കീചകൻ ഗംഭീരമായി. പുറപ്പാട് മോശമായി”. ആളുകൾ എന്നെ ശ്രദ്ധിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നി. നമ്പൂതിരിയോട് ബഹുമാനവും കടപ്പാടും വർദ്ധിച്ചു. കുറേക്കാലം മുൻപേ നമ്പൂതിരിയെ പരിചയപ്പെടേണ്ടതായിരുന്നു. ഞാൻ മനസ്സിലോര്ത്തു.
"ഇനി എവിടെയാണ് കളി”? ഞാൻ ചോദിച്ചു.
"കോട്ടക്കൽ ഞായറാഴ്ച്ച നളചരിതം ഉണ്ട്. സാമിയണ്ണന്റെ നളൻ ആണ് . ഗംഭീരം ആകും… എനിക്കുറപ്പാ. എന്താ തനിക്ക് വരണംന്നുണ്ടോ?".
കോട്ടക്കൽ പോയാൽ എന്റെ മൂന്നു ദിവസത്തെ ഗോലി കളി മുടങ്ങും. സാരമില്ല ഞാൻ പറഞ്ഞു.
എന്താ സംശയം? ഗംഭീരല്ലേ? ..അത് .. ഞാൻ വരണു".എന്റെ ഭാഷയിൽ വരെ മാറ്റം വന്നിരിക്കുന്നു !!!
അദ്ദേഹത്തിന് സന്തോഷമായി. കോട്ടക്കൽ പോകുവാൻ കഥകളി അറിയാവുന്ന ഒരാൾ കൂട്ടിനായെല്ലോ. കഥകളി കഴിഞ്ഞ് ഉറക്കപ്പി ച്ചോടുകൂടി ഒരു ഇടവഴിയിൽക്കൂടി ഞങ്ങൾ നടന്നു. തിരുമേനി പറഞ്ഞതെല്ലാം ഞാൻ തലകുലുക്കി സമ്മതിച്ചുകൊണ്ടിരുന്നു. ഇടക്കിടക്ക്‌ 'ഗംഭീരം' എന്ന വാക്ക് ഉപയോഗിക്കുവാൻ തെല്ലും മടിച്ചില്ല.. ഇടവഴിയുടെ നടുക്കെത്തിയപ്പോൾ ഞങ്ങളുടെ മുന്നിൽ കറുത്ത് തടിച്ച ഒരു രൂപം പ്രത്യക്ഷപ്പെട്ടു.
"തനിക്ക് അറിയില്ലേ ഇയാളെ??. ഇയാളാണ് പുറപ്പാട് ശിവൻ. ഇന്നലെ കളിയിൽ വേഷം ചെയ്തിരുന്നു!!" തിരുമേനി പറഞ്ഞു. കളിയിൽ ഇയാളെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. കണ്ടതെല്ലാം നല്ല സുന്ദരൻമാരെയും സുന്ദരിമാരെയും ആയിരുന്നല്ലോ???? അയാളുടെ മുഖം ദർശിച്ചപ്പോൾ എന്തോ പന്തികേട് ഞാൻ മണത്തു.
"നിങ്ങളാണോ അമ്പലത്തിൽ പുറപ്പാട് മോശമായെന്ന് പറഞ്ഞു നടന്നത്?" അയാൾ ചോദിച്ചു.
"ഞാനല്ല ഇയാളാണ്" തിരുമേനി എന്നെ ചൂണ്ടി പറഞ്ഞു. ‘വഞ്ചകൻ’ ഞാൻ മനസ്സിലോർത്തു.
അയാൾ പെട്ടെന്നുതന്നെ എന്റെ കരണം നോക്കി " പടെ.. പടെ" എന്ന് രണ്ടടി. “നീ കാരണം അഞ്ച് സ്റ്റേജാണ് എനിക്ക് നഷ്ടമാകുന്നത് കഥകളികൊണ്ടും ജീവിക്കുവാൻ അനുവദിക്കുകയില്ല അല്ലെ???" തിരുമേനി ഓടിയ ഭാഗത്ത് ഇനി പുല്ലുപോലും കിളിർക്കില്ല....!!!
"ഇനി എന്നെപ്പറ്റി മോശമായി പറഞ്ഞാൽ നിന്റെ മുട്ട് ഞാൻ തല്ലിയൊടിക്കും." അയാൾ ചവിട്ടിത്തുള്ളി നടന്നുപോയി.
പിറ്റേദിവസം നമ്പൂതിരി ചോദിച്ചു " ശാസ്ത്രീയ സംഗീതം അറിയാമോ?
"ഇല്ല. അറിയില്ല കുറച്ചുപോലും അറിയില്ല" കവിൾ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.
"വിവരദോഷിയാണ് അല്ലെ?"
അപ്പോൾ രോക്ഷാകുലനായി ഞാൻ ചോദിച്ചു "തനിക്ക് കൽപ്പണി അറിയാമോ??"
"ഇല്ല. നമുക്കറിയില്ല. താൻ അല്ലേ അതിൽ കേമൻ!!!"
"എന്നിട്ട് തന്നെ ഞാൻ വിവരദോഷിയെന്ന് വിളിച്ചോ????” ഞാൻ തിരുമേനിയോടടുത്തു... തിരുമേനി ദൂരേക്ക്‌ മാറിനിന്നു. അയാൾ വായിൽ കിടന്ന മുറുക്കാൻ നീട്ടി തുപ്പി. എന്നിട്ട് എന്നെ നോക്കി പറഞ്ഞു "അപ്പൊ ശ്ശി മെന്റലും ഉണ്ട് അല്ലെ???? വിവരദോഷി!!!".
കഥകളിക്കുപോയപ്പോൾ കേട്ട തരത്തിലുള്ള ഒരു പാട്ടുംപാടി തല കുലിക്കി തിരുമേനി എന്റെ ദൃഷ്ടിയിൽ നിന്നും നടന്നു മറഞ്ഞു.
അനിൽ കോനാട്ട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo