നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തടിച്ചിയമ്മ

"ദേ ... തടിച്ചിയമ്മ വന്നൂ ......"
എന്ന് ഉറക്കെയുള്ള മുത്തിന്റെ വിളി കേട്ടുകൊണ്ടാണ് നേഹ അന്നത്തെ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വന്നത്.
നേഹയുടെ മകളാണ് അഞ്ചു വയസ്സുകാരി 'മുത്ത് ' എന്ന് വിളിക്കുന്ന തപസ്യ .
തന്നെക്കുറിച്ചുള്ള ആ വിശേഷണത്തിൽ വിഷമം തോന്നിയെങ്കിലും, അവൾ അത് കാണിക്കാതെ , മോളുടെ ചെവിയിൽ അവളെ വേദനിപ്പിക്കാത്ത തരത്തിൽ ഒന്നു നുള്ളിക്കൊണ്ട് കൃത്രിമ ഗൗരവത്തോടെ നേഹ ചോദിച്ചു,
ഉവ്വോടീ.... അമ്മയ്ക്ക് തടി കൂടുതലാണോ ടീ.....
ആ... അമ്മേ... എന്റെ ഫ്രണ്ട്സ് എപ്പഴും പറയും, നിന്റെ അമ്മ തടിച്ചിയാണല്ലോ എന്ന്..
നേഹ ഒന്നും മിണ്ടിയില്ല. അവൾ മുറിയിലേക്ക് കയറി അലമാരയിലെ കണ്ണാടിയുടെ മുമ്പിൽ അല്പനേരം നിന്നു. അതിലെ തന്റെ പ്രതിബിംബത്തെ കണ്ട്, അവൾ ആലോചിച്ചു, മോൾ പറഞ്ഞ പോലെ, ശരിക്കും തടി കൂടുന്നുണ്ടോ തനിക്ക് .
ധരിക്കുന്ന വസ്ത്രങ്ങൾക്ക് ചെറിയ തോതിൽ ഇറുക്കം അനുഭവപ്പെടാറു ണ്ടെങ്കിലും, തന്നെ തടിച്ചീ... എന്നു വിളിക്കാനുള്ള വണ്ണം ഒന്നുമില്ല എന്ന് അവൾ സ്വയം സമാധാനിപ്പിച്ചു.
തന്റെ ഭർത്താവ് മനുവിന്റെ വാക്കുകൾ ഓർത്തു, പറഞ്ഞത് തമാശ രൂപേണയാണെങ്കിലും..,
ദേ ... തനിക്ക് ഈയിടെയായിട്ട് തടി കൂടുന്നുണ്ട്... കേട്ടോ.... എത്രയും വേഗം തടി കുറയ്ക്കാൻ നോക്കിക്കോ.. ഇല്ലേൽ, ഞാൻ തന്നെ ഉപേക്ഷിച്ച് വേറൊരു സുന്ദരിപ്പെണ്ണിനെ കെട്ടുമേ....
അപ്പോഴൊക്കെ അവൾ മുഖം കറുപ്പിക്കുമെങ്കിലും , മനുവിന്റെ വാക്കുകൾ കാര്യമായിട്ട് എടുത്തില്ല.
ഇനി എന്തു ചെയ്യും..? എങ്ങനെ തന്റെ തടി കുറയ്ക്കും? തടി കുറയ്ക്കുന്ന തിനെപ്പറ്റി, മാസികകളിൽ വന്നതും, ടിവിയിൽ വന്നതും എല്ലാം അവൾ ഓർത്തു നോക്കി.
പിന്നെ അവൾ തീരുമാനിച്ചു ...കുറച്ചു നേരം നടക്കാം എന്ന്. പക്ഷേ എങ്ങനെ?
രാവിലെ വീട്ടുജോലിയും , ഓഫീസ് ജോലിയും , വൈകുന്നേരം വീണ്ടും വീട്ടുജോലിയും തീർത്ത്, ഒന്നുകിടക്കു മ്പോഴേക്കും ഒരു നേരമാകും .
രാവിലെ നടക്കാം എന്നു വച്ചാൽ യു.കെ.ജിയിൽ പഠിക്കുന്ന മകൾക്ക് ഏഴു മണിക്ക് സ്കൂളിൽ പോകണം. അതിനു വേണ്ടി നേരത്തെ എഴുന്നേറ്റു, ഭക്ഷണം ഉണ്ടാക്കണം. കൊടുത്തു വിടാനുള്ളത് വേറേം വേണം.
അവളെ ഭക്ഷണം കഴിപ്പിച്ച് ഏഴു മണിയോടു കൂടി പറഞ്ഞു വിട്ടാൽ , പിന്നാലെ മനുവിന് ജോലിയ്ക്ക് പോകേണ്ട സമയമാകും. ഒന്നു കുളിച്ചെന്നു വരുത്തി, വേഗം വേഷം മാറി ഒരുങ്ങി വരുമ്പോഴേക്കും , തനിക്കു പോകേണ്ട സമയവും ആകും.
അതിനിടയിൽ എവിടെയാ നടക്കാൻ സമയം ...? എന്തായാലും അവൾ ഒരു തീരുമാനമെടുത്തു.
നാളെ ഓഫീസിലേക്ക് പോകുന്ന വഴി, ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്നും, രണ്ടു സ്റ്റോപ്പ് പുറകിൽ ഇറങ്ങുക എന്നുള്ളത്.
പിറ്റേന്ന് , വീടിനുള്ളിലെ പതിവുള്ള ഓട്ടപ്പാച്ചിലിനു ശേഷം, നേഹ സ്ഥിരം കയറുന്ന ബസിൽ കയറി , ഇറങ്ങേണ്ട സ്റ്റോപ്പിനു, രണ്ടു സ്റ്റോപ്പ് മുമ്പ് അവൾ ഇറങ്ങി. പിന്നെ അവൾ ഓഫീസിലേക്ക് വേഗത്തിൽ നടക്കാൻ തുടങ്ങി.
നടക്കുമ്പോൾ അവൾ ചിന്തിച്ചു, എന്തൊരു തിരക്കാണ് റോഡിൽ . വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതു കണ്ടാൽ , ജീവൻ കൈയ്യിൽ പിടിച്ച് എങ്ങനെ നടക്കും? പോരാത്തതിന് അവ ഉയർത്തുന്ന പൊടിശല്യം ഭീകരം തന്നെ. ഇങ്ങനെ പോയാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വല്ല ശ്വാസകോശ രോഗവും പിടിക്കും.
ഇങ്ങനെ ഓരോന്നോർത്തു ചിന്തിക്കുന്നതിനിടയിൽ അവൾ നടത്തത്തിന്റെ വേഗത കൂട്ടി. അപ്പോൾ എവിടെ നിന്നോ ഒരു കിളിയുടെ ശബ്ദം കേട്ടു . സാധാരണ ശബ്ദം പോലെയല്ല. തുടർച്ചയായിട്ടുള്ള ശബ്ദമാണ് കേൾക്കുന്നത്. ഒരു കരച്ചിൽ പോലെ . അവൾ നടത്തം നിർത്തി, ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
ഒരു ചെറിയ പൊന്തക്കാട്ടിനുള്ളിൽ നിന്നാണ് ശബ്ദം കേൾക്കുന്നത്. നേഹ അവിടമാകെ നോക്കിയപ്പോൾ ഒരു ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ ഒരു കിളിക്കുഞ്ഞ് ചിറകുകളടിച്ച് പറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവൾ ചെന്ന് ആ കിളിക്കുഞ്ഞിനെ കൈയ്യിലെടുത്തു. അപ്പോഴും അത് ചിറകുകളടിച്ചു കൊണ്ടിരുന്നു. അവൾ അതിനെ ശ്രദ്ധാപൂർവ്വം ചിറകുകൾ മാടിയൊതുക്കിപ്പിടിച്ചു. ഇതിനെ എങ്ങനെ സംരക്ഷിക്കും എന്നതായി നേഹയുടെ പിന്നത്തെ ചിന്ത. അവൾക്ക് ആ കിളിക്കുഞ്ഞിനെ കൈവിടാൻ തോന്നിയില്ല.
അതിനെ സൂക്ഷിക്കുന്നതിനായി, കിളിക്കൂട് വാങ്ങാൻ തീരുമാനിച്ചു. കിളിക്കൂട് വില്ക്കുന്ന കടകൾ അന്വേഷിച്ച് അവൾ കുറച്ചു ദൂരം നടന്നു. ഒരു കടയ്ക്കു മുമ്പിൽ പല തരത്തിലുള്ള കൂടുകൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടു.
അവൾ ആ കടയിൽ കയറി, ഒരു ചെറിയ കിളിക്കൂട് വാങ്ങിച്ചു. അതിൽ ഒരു കടലാസ് വിരിച്ച ശേഷം , കിളിക്കുഞ്ഞിനെ അതിലേക്ക് ശ്രദ്ധാപൂർവ്വം വച്ചു. അന്നേരം അത് കൊക്കുകൾ വിടർത്തിക്കാണിച്ചു. അപ്പോൾ നേഹയ്ക്കു മനസ്സിലായി അതിന് വിശക്കുന്നുണ്ടെന്ന്.
ആ കടക്കാരനോട് , കിളിയുടെ പരിചരണം എങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കി. അടുത്തു കണ്ട പഴക്കടയിൽ നിന്നും ഞാലിപ്പഴം വാങ്ങി, അതിൽ നിന്നും അവൾ ഒരു പഴമെടുത്ത് ഒരു നുള്ള് എടുത്ത് ഞെരടി , കിളിക്ക് കൊടുക്കാനായി കൂടു തുറന്നു. അപ്പോൾ കിളി അതിന്റെ കുഞ്ഞികൊക്കു വിടർത്തി, അവൾ ഞെരടിയ പഴം എടുത്ത് അതിന്റെ വായിൽ വച്ചു കൊടുത്തു. അപ്പോൾത്തന്നെ കുഞ്ഞിക്കിളി അത് അകത്താക്കി. വീണ്ടും കൊക്കു വിടർത്തി. നേഹ വീണ്ടും പഴം കൊടുത്തു.
അന്നേരമാണ് അവൾ ഓഫീസിൽ പോകുന്ന കാര്യം ചിന്തിച്ചത്. ഏതായാലും സമയം കടന്നു പോയി. മാത്രമല്ല കിളിക്കൂടും പിടിച്ച് ഓഫീസ് വരെ നടക്കാൻ വയ്യ. അവൾ അതിലേപ്പോയ ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. വണ്ടി നിറുത്തിയപ്പോൾ ഇറങ്ങേണ്ട സ്ഥലം പറഞ്ഞിട്ട് ആ കിളിക്കൂടും കൈയ്യിൽ പിടിച്ച് ഓട്ടോറിക്ഷയിൽ കയറി.
ഓഫീസിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. മാനേജരും സഹപ്രവർത്തകരും, നേരം വൈകിയതിനെക്കുറിച്ച് നേഹയോട് ചോദിച്ചപ്പോൾ, വഴിയിൽ കിളിയെ കണ്ടതു മുതലുള്ള കാര്യങ്ങളെല്ലാം അവൾ പറഞ്ഞു.
നേഹ.. ഇതിനെ വളർത്താൻ പോകുകയാണോ..? എന്നു മാനേജരും, സഹപ്രവർത്തകരും ചോദിച്ചപ്പോൾ 'അതെ ' എന്ന മറുപടി അവൾ നല്കി.
വൈകുന്നേരം അവൾ കിളിയേയും കൂട്ടി വീട്ടിലേക്ക് വന്നപ്പോൾ, മോൾക്ക് ഭയങ്കര കൗതുകമായി . അവൾ പാവയെ കൈയ്യിപ്പിടിച്ച് കൊഞ്ചിക്കുന്നതുപ്പോലെ , കിളിയെ കൊഞ്ചിക്കാനും, വർത്തമാനം പറയാനും തുടങ്ങി.
അതിനിടയിൽ കളിക്കുഞ്ഞിന് വിശക്കുമ്പോൾ അത് പ്രത്യേക ശബ്ദമുണ്ടാക്കാനും, അതു മനസ്സിലാക്കി അതിന് തീറ്റ കൊടുക്കാനും നേഹ ശ്രദ്ധിച്ചു.
രാത്രി മനു വന്നപ്പോൾ കിളിയെ കണ്ട വിശേഷങ്ങൾ മനുവിനോട് നേഹ പങ്കുവച്ചു.
മനു പറഞ്ഞു, ' കിളിയെ നോക്കുന്നതു കൊള്ളാം. പക്ഷേ എന്റെ സഹായം നോക്കണ്ട കേട്ടോ ' എന്ന്.
നേഹ ഒന്നും മിണ്ടിയില്ല. തുടർന്നുള്ള ദിവസങ്ങളിൽ അവൾ ആ കിളിക്കുഞ്ഞിനെ പരിചരിച്ചു പോന്നു.
ആരും കാണാതെ അവൾ ആ കിളിയെ കൊഞ്ചിക്കാനും, അതിനോട് തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും, കൂടു തുറന്ന് തന്റെ വിരലുപയോഗിച്ച് അതിന്റെ തലയിൽ തലോടാനും സമയം കണ്ടെത്തി.
അങ്ങനെ ചെയ്യുന്നതിലൂടെ അവളുടെ മനസ്സിന്റെ ഭാരങ്ങളും, വേദനകളും മറക്കാൻ അവൾ മന: പൂർവ്വം ശ്രമിച്ചു . ഒരു പരിധി വരെ അവൾ അതിൽ വിജയിച്ചു. മാത്രമല്ല, തന്റെ ജീവിതത്തിലേയ്ക്ക് കിളി കൂടുകൂട്ടിയതോടു കൂടി, തന്റെ തടിയെക്കുറിച്ചും, നടത്തത്തെ കുറിച്ചുമുള്ള അവളുടെ ചിന്തകളെല്ലാം മാറി.
ഇടയ്ക്കിടയ്ക്കുള്ള 'തടിച്ചിയമ്മേ'... എന്ന മുത്തിന്റെ വിളിയും അവൾ കേട്ടില്ലെന്നു നടിച്ചു.
കുറച്ചു കാലം കഴിഞ്ഞതോടുകൂടി, ആ കിളിക്കുഞ്ഞിന്, കൂട്ടിലെ പാത്രത്തിൽ നിന്നും തന്നെത്താനേ തീറ്റ കൊത്തിത്തിന്നാനും, കൂട്ടിനുള്ളിൽ പറക്കാനും തുടങ്ങിയിരുന്നു.
പതിവുപോലെ നേഹ കിളിയോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ, കിളി ചിറകുകളടിച്ച് , ഒരു പ്രത്യേക ശബ്ദമുണ്ടാക്കി, കൂട്ടിനുള്ളിൽ പറക്കാനാരംഭിച്ചു. അത് കുറച്ചു നേരം പറന്നതിനു ശേഷം , കൂടിന്റെ ഒരു ഭാഗത്ത് ഇരിപ്പുറപ്പിച്ചു. നേഹ വീണ്ടും സംസാരിക്കാനാഞ്ഞപ്പോൾ , കിളി വീണ്ടും പറക്കുകയും, പഴയ സ്ഥലത്ത് ഇരുപ്പുറപ്പിക്കുകയും ചെയ്തു .
നേഹയ്ക്കു വിഷമം തോന്നി. എന്തേ .. കിളി ഇങ്ങനെ? പിന്നെ അവൾക്ക് മനസ്സിലായി, ആ കിളി പുറത്തേക്ക് പറക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, അതിനെ തുറന്നു വിടാൻ വേണ്ടി അത് തന്നെ കാണിക്കുന്ന അടയാളമാണെന്നും .
അവൾ ചിന്തിച്ചു, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ താനും കൂട്ടിലെ കിളി തന്നെയല്ലേ...
പിന്നെ ഒരു നെടുവീർപ്പോടുകൂടി, അവൾ കൂടു തുറന്നു, ആ കിളിയെ കൈയിലെടുത്തിട്ട്, ആ കിളിയുടെ തല തന്റെ ചുണ്ടോട് ചേർത്തിട്ട് പറഞ്ഞു,
" കിളിക്കുഞ്ഞേ ... നീ ഇപ്പോൾ സ്വതന്ത്രയാണ്. നിനക്ക് എവിടെയും പറക്കാൻ കഴിയട്ടെ. എന്നെ കാണണമെന്ന് നിനക്ക് തോന്നുമ്പോൾ ഞാൻ ഇവിടെയുണ്ടാകും, അദ്യശ്യമായ കൂട്ടിലെ ഒരു കിളിയായിട്ട്.. '' .
ശേഷം അവൾ അതിനെ ആകാശത്തിലേയ്ക്ക് പറപ്പിച്ചു വിട്ടു. അത് ദൂരേയ്ക്ക് പറന്നു പോയി.
പിറ്റേന്ന് മുതൽ, അവൾ രണ്ടു ബസ് സ്റ്റോപ്പ് പുറകിലായി ഇറങ്ങി, ഓഫീസിലേക്ക് അവൾ നടക്കാനാരംഭിച്ചു.
സുമി ആൽഫസ്
****************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot