Slider

ട്രാൻസ്ജെൻഡർ

0
ട്രാൻസ്ജെൻഡർ
******************* 
" എനിക്കു വയ്യ ,ഇനിയും ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ എന്നെക്കൊണ്ട് പറ്റില്ല.'' മുഖം കൈത്തലപ്പിൽ അമർത്തി റിയാസ് വിങ്ങിക്കരഞ്ഞു. ആഞ്ഞു വന്നൊരു തേങ്ങലിൽ അയാളുടെ ശരീരം ശക്തിയായി ഉലഞ്ഞു. 
കോലായിൽ ഇരിക്കുന്നവർ ഈർഷ്യയോടെ പരസ്പരം നോക്കി. പള്ളിക്കമ്മറ്റിയിലെ പ്രമുഖനായ അബ്ദുറഹ്മാൻ ഹാജി തോളത്തിട്ട തോർത്തെടുത്ത് കുടഞ്ഞ് അല്പം ശബ്ദമുയർത്തിപ്പറഞ്ഞു. 
" അനക്ക് ആളോള് ബിശ്വസിക്കണ ഒരു കാരണം പറഞ്ഞുടടോ ,ഇത് ഒരു മാതിരി.. "
എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ തലയും താഴ്ത്തിയിരിക്കുകയാണ് റിയാസിന്റെ ഉപ്പ .ഇതിപ്പോ എത്രാമത്തെ തവണയാണ് പള്ളിയിലും വീട്ടിലുമായി ഇങ്ങനെ ഒത്തുതീർപ്പിന് ആളുകൾ കൂടുന്നത് ! എല്ലായ്പ്പോഴും റിയാസിന് പറയാൻ ഒരേ കാര്യമേ ഉള്ളൂ. അതു കൊണ്ട് തന്നെ ചർച്ചകൾ എങ്ങുമെത്താതെ ഓരോരുത്തരും എഴുന്നേറ്റു പോകും. 
ഒരു കൗൺസിലർ എന്ന നിലയിൽ ഞാൻ റിയാസിനോടും ഭാര്യ ഷഹ് നയോടും വീട്ടുകാരോടുമെല്ലാം കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തതാണ്. ഇരു വീട്ടുകാരും ഇതുവരെ അതൊന്നും അംഗീകരിക്കാൻ കൂട്ടാക്കുന്നുമില്ല. 
" ഉപ്പച്ചീ, നമ്മളിന്ന് ഉമ്മിവീട്ടിൽ പൂവ്വാ, ല്ലേ... ഇനി ക്ക് ഉപ്പച്ചി മുടി കെട്ടിത്തന്നാ മതി." റിയാസിന്റെ മൂന്നര വയസ്സുകാരി മകൾ ഹയ ഒരു ഹെയർബാൻഡുമായി വന്ന് അവനെ മുട്ടിയുരുമ്മി നിന്നു.
ദൂരേക്ക് തറഞ്ഞു നിന്ന മിഴികൾ വലിച്ചെടുത്ത് റിയാസ് മകളെ ആർദ്രമായി നോക്കി. അവളെ എടുക്കാനായി കുനിഞ്ഞതും അവന്റെ കൈ തട്ടിമാറ്റി അളിയൻ ഷാഹുൽ കുഞ്ഞിനെയുമെടുത്ത് മുറ്റത്തേക്കിറങ്ങി. അതിഷ്ടപ്പെടാത്ത മട്ടിൽ കുഞ്ഞു ഹയചിണുങ്ങിക്കൊണ്ടിരുന്നു.
" ഈ കള്ള ഹിമാറ് ഈ പൈതലിന്റെ വാപ്പയല്ലാന്ന് തെളിയിക്കാൻ പറ്റ്വോ.. ങ്ങക്ക്! ങ്ങള് പറഞ്ഞം പ്രകാരം ആന്നെങ്കില് ഓനെ ങ്ങനാ ഇത് പോലെ കുഞ്ഞുണ്ടായത്?"
റിയാസ് ശരീരം കൊണ്ട് പുരുഷനും മനസ്സുകൊണ്ട് സ്ത്രീയുമായ ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് ഇനിയുമെങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കാനാണ് എന്നറിയാതെ എന്നിലെ കൗൺസിലർ കുഴങ്ങി. 
റിയാസിന്റേത് അല്പം കോംപ്ലിക്കേറ്റഡ് ആയ പ്രശ്നം തന്നെയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ റിയാസിന് തന്റെ ശരീരത്തിലും മനസ്സിലും എന്തോ വ്യത്യാസം അനുഭവപ്പെടുന്നതായി തോന്നിയിട്ടുണ്ട്.കൂട്ടുകാരുമായി അവനത് പങ്കുവച്ചതുമാണ്. സ്ത്രീകളെ കാണുമ്പോൾ തനിക്ക് മറ്റുള്ളവരെപ്പോലെ യാതൊരു വികാരവും തോന്നുന്നില്ലെന്ന് പറഞ്ഞപ്പോൾ അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു; ഒരു കല്യാണം കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് . 
വീട്ടുകാരുടെ നിർബ്ബന്ധത്തിന് വഴങ്ങി അഞ്ച് വർഷം മുമ്പ് കല്യാണം കഴിക്കേണ്ടി വന്നു. അപ്പോഴൊക്കെയും വല്ലാത്തൊരു മാനസീകാവസ്ഥയിലൂടെയായിരുന്നു റിയാസിന്റെ സഞ്ചാരം. ഉപ്പയെ ഭയന്ന് വീട്ടിലാരോടും ഇക്കാര്യം പറഞ്ഞതുമില്ല. മെഡിക്കൽ കോളേജിൽ കൗൺസിലറായി ജോലി ചെയ്യുന്ന സമയത്താണ് റിയാസ് എന്നെ കാണാനെത്തുന്നത്. നല്ലൊരു കേൾവിക്കാരനായി ഞാനിരുന്നത് കൊണ്ടാവണം റിയാസ് എന്റെയടുത്ത് മനസ്സു തുറന്നു. കണ്ണാടിയിൽ തന്നെ ഒരു സ്ത്രീയായാണ് റിയാസ് കാണുന്നത്, അതുപോലെ നടക്കാനാണിഷ്ടം. ഒരു പുരുഷശരീരം തനിക്ക് ഭാരമാണെന്നും ,ദാമ്പത്യ ജീവിതത്തിൽ ഭാര്യയെ പലപ്പോഴും ഒരു ആണായി സങ്കൽപ്പിച്ചാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്നും ,ഓപ്പറേഷന് വേണ്ടി വരുന്ന തുക കയ്യിലില്ലാത്തതിനാലാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാത്തതെന്നും പറഞ്ഞ് റിയാസ് കുറേ കരഞ്ഞു. ഇനിയും ഇങ്ങനെ ജീവിക്കാനാവില്ലെന്നും ഈ ബന്ധം ഒഴിവാക്കാൻ സഹായിക്കണമെന്നും പറഞ്ഞപ്പോൾ മുതൽ രണ്ടു വീട്ടുകാരെയും കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
" റിയാസിന്റെ ഭാഗത്തും തെറ്റുണ്ട്." ഞാൻ പറഞ്ഞു. ഇത്രയും നാളും ഒരാൾ ട്രാൻസ്ജെൻഡറാകുന്നത് അയാളുടെ കുഴപ്പം കൊണ്ടല്ലെന്നു പറഞ്ഞിരുന്ന ഞാൻ പെട്ടെന്ന് ഇങ്ങനെ പറഞ്ഞപ്പോൾ കേൾവിക്കാർ എല്ലാവരും ഒരു നിമിഷം നിശ്ശബ്ദരായി.ഞാൻ തുടർന്നു,
" റിയാസ് ഒരു ട്രാൻസ്ജെൻഡറാണെന്ന് സ്വയം ബോധ്യപ്പെടാൻ 28 വർഷമെടുത്തു. അത് തെറ്റു തന്നെയാണ്.അതു കൊണ്ടാണ് ഒരു പെൺകുട്ടി കൂടി കഷ്ടപ്പെടാൻ ഇടയായത്. പക്ഷേ ഇനി ഒരിക്കലും അയാൾക്ക് സാധാരണ ദാമ്പത്യം തുടരാൻ കഴിയില്ല. ഒരു പുരുഷനെ ഇണയായി കിട്ടാനാണ് അയാളാഗ്രഹിക്കുന്നത്. അത് കൊണ്ട് നിങ്ങളുടെ മകളുടെ ജീവിതം കൂടുതൽ കഷ്ടത്തിലാകുന്നതിന് മുമ്പ് വിവാഹമോചനത്തിന് തയ്യാറാകണമെന്നാണ് എനിക്ക് പറയാനുള്ളത്. " ഇത്രയും പറഞ്ഞ് ഞാൻ എല്ലാവരേയും നോക്കി.
"ഈ രണ്ടും കെട്ടവന്റെയടുത്തു നിന്നും എനിക്കെന്റെ മോളെ രക്ഷപ്പെടുത്തണം, ഹാ ജ്യാരേ ." ഷഹ് നയുടെ ഉപ്പ ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു.
മുറ്റത്ത് നിർത്തിയിട്ട കാറിൽ തട്ടം കൊണ്ടു മറച്ച ശിരസ്സുമായി ഷഹ്ന വേഗത്തിൽ കയറിയിരുന്നു. ഉപ്പച്ചിയെക്കൂടാതെ എങ്ങോട്ടുമില്ലെന്ന് നിലവിളിക്കുന്ന ഹയ മോളെയുമെടുത്ത് ഷാഹുലും മറ്റുള്ളവരും കയറിയതോടെ ഒരു മുരൾച്ചയോടെ കാർ ഗേറ്റും കടന്നു പോയി. എല്ലാം നോക്കിക്കണ്ട് നിറഞ്ഞു തുളുമ്പുന്ന രണ്ട് കണ്ണുകൾ വരാന്തയിലപ്പോഴും....!

Sreeja
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo