നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#അലസൻനായരും_വനിതാദിനവും

അന്നൊരു വനിതാദിനത്തിലായിരുന്നു അലസൻനായർ മുഖപുസ്തകത്തിൽ ഭൂജാതനായത്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷം മുൻപുള്ള ഒരു മാർച്ച് 8ന്.
മുഖപുസ്തകം തന്നെയാണ് കൃത്യമായി അക്കമിട്ട് നിരത്തി അലസൻനായരെ ഇത് ഓർമ്മപ്പെടുത്തിയത്.
മൂന്ന് വർഷം മുൻപത്തെ താനെവിടെ കിടക്കുന്നു, ഇപ്പോഴത്തെ അലസൻ നായർ എവിടെ കിടക്കുന്നു. തെക്ക് വടക്ക് സർവ്വീസിൽ നിന്ന് വിആർഎസ് എടുത്ത് മുഖപുസ്തകത്തിലേക്ക് ചേക്കേറുമ്പോൾ കൈമുതലായുണ്ടായിരുന്നത് തോണ്ടിക്കളിക്കുന്ന ഒരു ഫോണും ഫ്രണ്ട്സ് ലിസ്റ്റിൽ പത്തിരുപത്തഞ്ച് ഫ്രണ്ട്സും.
അവിടെ നിന്നും ഈ കാണുന്ന സൗഹൃദസൗധത്തിൽ ഇനി കടന്നുകൂടാൻ ഒരീച്ചയ്ക്ക് പോലും കഴിയില്ല. എന്തെന്നാൽ ഒരാൾക്ക് കൊടുക്കാവുന്ന പരമാവധി സുഹൃത്തുക്കളെയും അലസൻനായർ കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. ലൈക്കും കമന്റും ഷെയറും ആവശ്യത്തിലധികം കൊടുത്ത് തീറ്റിപ്പോറ്റി ഉണ്ടാക്കിയെടുത്ത കൂട്ടമാണ്.
ആഴ്ചയിൽ രണ്ട് ദിവസം ഏതെങ്കിലും കൂലിപ്പണിക്ക് പോകുമെന്ന ദുസ്വഭാവമൊഴിച്ചാൽ അലസൻ നായർ മഹാമാന്യനാണ്.
അനീതിയും അക്രമവും എവിടെ കണ്ടാലും - പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ- തത്ക്ഷണം അതിനെ ശക്തമായി വിമർശിച്ച് സ്ത്രീസുരക്ഷ പോസ്റ്റുകളിടുകയും അതിനായി അഹോരാത്രം കമന്റ് പണിചെയ്തും തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യും.
വികാരപരമായ പോസ്റ്റുകൾ മോഷണമുതലാണെന്ന് മനസ്സിലാകാത്ത തരത്തിൽ സ്വന്തം നടുമുറ്റത്ത് പോസ്റ്റ് ചെയ്തും, സ്ത്രീകളുടെ ഒരു വലിയ ആരാധനാപാത്രമായി മാറിയിരുന്നു അലസൻ നായർ.
അംഗനമാർക്കെല്ലാം ശുഭചിന്തകൾ പ്രദാനം ചെയ്യുന്ന അലസൻ നായർ അവർക്ക് അലസേട്ടനും,അൽസുവും, അൽസിക്കയും മറ്റുമായിരുന്നു. വിഷാദരസം തേച്ചൊട്ടിച്ച പോസ്റ്റുമായെത്തുന്ന തരുണികൾക്ക് പോസിറ്റീവ് ചിന്തയുടെ മറുവാക്കുമായി ഇൻബോക്സിലേക്കോടിയടുക്കാറുണ്ടായിരുന്ന അലസേട്ടന്റെ സഹോദരസ്നേഹം സ്വന്തം ആങ്ങളമാർക്കു പോലും കാണില്ല എന്നാണ് സ്ത്രീകളുടെ പക്ഷം. അലസേട്ടന്റെ ഈ പോസിറ്റീവ് സോപ്പ് ഒലിപ്പീരിന്റെ ന്യൂ വേർഷനാണെന്ന് ചില പുരുഷ കേസരികൾ മുറുമുറുക്കാറുമുണ്ട്.
മഹിളകൾ മാത്രമല്ല ചില ആൺപ്രജകളും അലസേട്ടന്റെ പോസിറ്റീവ് ചിന്തയുടെ ഇരകളായിട്ടുണ്ട്. തന്റെ മക്കൾക്കായി യാതൊന്നും സമ്പാദിക്കാൻ സാധിക്കുന്നില്ല എന്ന ദുഃഖത്തിൽ മനം നൊന്ത് മുഖപുസ്തകത്തിന്റെ നടുമുറ്റത്ത് ആത്മഹത്യ പോസ്റ്റിട്ട് മുറവിളി കൂട്ടിയ കുട്ടപ്പൻ ചെറ്റക്കുടിയെ അനുനയിപ്പിച്ച് മൂന്നും ഒന്നും വയസ്സുള്ള അവന്റെ രണ്ടാൺമക്കൾക്കും മുഖപുസ്തകത്തിൽ ഓരോ അക്കൗണ്ട് ഉണ്ടാക്കി നൽകി അവരുടെ ഭാവി ഭദ്രമാക്കിക്കൊടുത്തതും അലസണ്ണനായിരുന്നു. അന്നുമുതൽ കുട്ടപ്പന്റെ കൺകണ്ട ദൈവമാണ് അലസണ്ണൻ.
അങ്ങനെ മാറ്റങ്ങളുടെ മൂന്നാം വർഷമായ വനിതാദിനത്തിൽ സ്ത്രീകളുടെ ഉയർച്ചയ്ക്ക് വേണ്ടി നല്ലൊന്നാന്തരം പോസ്റ്റുമിട്ട്
വനിതാദിനാശംസകളുടെ കമന്റാഭിഷേകവും നടത്തിക്കൊണ്ടിരുന്ന നേരത്താണ്, അയൽക്കാരിയും വിധവയും രണ്ട് പെൺമക്കളുടെ അമ്മയുമായ തെക്കേപ്പാടം ജാനകി നിലവിളിച്ചു കൊണ്ട് റോഡിലൂടെ ഓടിപ്പോകുന്നത്. സന്ധ്യാസമത്ത് ജോലി കഴിഞ്ഞു വരുകയായിരുന്ന ജാനകിയെ 'സെൽഫി പാക്കരൻ' കവലയിൽ വച്ച് സെൽഫി എടുക്കാൻ നിർബന്ധിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്നമായത്.
ജാനകിയെ ആശ്വസിപ്പിക്കാനും, പിന്തുണ പ്രഖ്യാപിക്കാനും നാട്ടുകാരെല്ലാം ഒത്തുകൂടിയ നേരത്ത് അലസൻ നായർ ഈ വിഷയത്തിലുള്ള തന്റെ അമർഷം കഠിനമായ ഭാഷയിൽ തന്നെ മുഖപുസ്തകത്തിൽ വെളിപ്പെടുത്തി ജാനകിക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു.
'ഈ വനിതാദിനത്തിൽപോലും സുരക്ഷിതരല്ലാത്ത, നമ്മുടെ സ്ത്രീഗണങ്ങൾക്ക് വേണ്ടി എന്ത് നയപ്രഖ്യാപനരേഖയും കൊണ്ടു വന്നിട്ടും കാര്യമില്ല. ഈ നരാധമൻമാരുടെ വർഗ്ഗത്തിൽപ്പെട്ടതാണ് ഞാനും എന്ന് പറയാൻ ലജ്ജയാകുന്നു. സഹോദരീ സ്ഥാനത്ത് നിൽക്കുന്ന ജാനകിചേച്ചിക്ക് പോലും സുരക്ഷയേകാൻ എനിക്ക് കഴിയാഞ്ഞതിൽ ഞാൻ അതീവദുഃഖിതനാണ്. '
അതുവരെയില്ലാത്ത റെസ്പോൺസായിരുന്നു ആ പോസ്റ്റിന് കിട്ടിയത്. അലസൻ നായരെ ആശ്വസിപ്പിക്കാനെത്തുന്നവരുടെ നീണ്ട ക്യൂ തന്നെ കമന്റിൽ നിരന്നു.
അലസേട്ടനെപ്പോലൊരാളെ ഫ്രണ്ടായി കിട്ടിയതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞായിരുന്നു സ്ത്രീപ്രജകളുടെ കമന്റ്. അലസൻ നായരുടെ പോസ്റ്റിന് മുവായിരം ലൈക് കവിഞ്ഞു.
തനിക്കും മക്കൾക്കും ചേരാനായി കരാട്ടേ ക്ലാസ് അന്വേഷിക്കുന്ന തിരക്കിലായിരുന്ന ജാനകി പക്ഷേ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല
ബിനിത

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot