വനിതാദിന ചിന്തകള്‍.
വനിത, സ്ത്രീ, പെണ്ണ്, എന്നൊക്കെ പറയുമ്പോള്‍ പറയുന്ന വാക്കിനനുസരിച്ച് നമ്മുടെ (പുരുഷന്മാരുടെ ) മനസ്സില്‍ തെളിഞ്ഞുവരുന്ന ചിത്രവും മാറും.തെളിയുന്ന ചിത്രം ഏതായാലും അത് മിക്കവാറും ഒരു മദ്ധ്യവയസ്സിലെത്താത്ത സ്ത്രീയുടെതാവാനാണ് സാദ്ധ്യത. (സ്ത്രീകളുടെ മനസ്സില്‍ ഉരുത്തിരിയുന്ന ചിത്രം എന്താവുമെന്നെനിക്കറിയില്ല. അത് അവര്‍ തന്നെ പറയട്ടെ. )ഈ ചിത്രങ്ങളിലും ഗര്‍ഭിണിയായവളോ, മുലയൂട്ടുന്നവളോ ഉണ്ടാവില്ല. വേണ്ടത്ര മുഴുപ്പ് മുഴച്ചു കാണുന്ന , കാമിനിയാവാന്‍ യോഗ്യതയുള്ള,സമൃദ്ധമായ പെണ്ണുടല്‍ തന്നെയാണ് നമ്മുടെ മനസ്സിലെ വനിത.
നാം ഏറെ വികാരഭരിതരാവുകയും കൊട്ടിയാഘോഷിക്കുകയും ചെയ്യുന്ന അമ്മമാരും മുത്തശ്ശിമാരും വനിത എന്ന പൊതുധാരണയില്‍നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. മുലയൂട്ടലിലെ 'മുല'തന്നെയാണ് നമുക്കൊക്കെ പ്രിയം. ഈ അര്‍ത്ഥത്തില്‍ പ്രസവിക്കാത്ത ഒരു സ്ത്രീ കുട്ടിക്കു മുലകൊടുക്കുന്ന ചിത്രം വെെറലായത് മുലയോടുള്ള നമ്മുടെ അഭിനിവേശം കൊണ്ടു മാത്രമാണെന്നു വേണം കരുതാന്‍.
പിഴച്ച പെണ്ണു പെറ്റാല്‍ അവളുടെ മാതൃത്വം അവഹേളിക്കപ്പെടുന്നത് സ്ത്രീ എങ്ങനെയുള്ളവളാവണമെന്ന പുരുഷന്റെ നിര്‍വചനത്തിന് ഉത്തമ ഉദാഹരണമാണ്.. പിഴപ്പിച്ച പുരുഷനെ അടയാളപ്പെടുത്താന്‍ പ്രത്യക്ഷത്തില്‍ മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ പിഴച്ചയവളെ സ്മാര്‍ത്തവിചാരം ചെയ്യാനെളുപ്പമാണ്. താത്രിക്കുട്ടിയെപ്പറ്റി വാചാലരാലുന്നവരെല്ലാം നമ്പൂതിരിസമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ അപലപിക്കുകമാത്രമെ ചെയ്യാറുള്ളു. പുരുഷാധിപത്യത്തിന്റെ കീഴില്‍ നടക്കുന്ന സ്ത്രീപിഡനത്തിന്റെ ഒരു നേര്‍ക്കാഴ്ചയായി അതിനെ കാണാന്‍ നാം വിസമ്മതിക്കുന്നു. ജാതിഭേദമന്യേ പലരും താത്രിക്കുട്ടിയെ പീഡിപ്പിച്ചുവെന്ന വാസ്തവം നാം കാണാന്‍ വിസമ്മതിക്കുന്നു. അവളെ പീഡിപ്പിച്ച നമ്പൂതിരിമാരെ ജാതിഭ്രഷ്ട് കല്‍പ്പിച്ചു ശിക്ഷിച്ചുവെങ്കിലും അന്യജാതി പുരുഷന്മാരെ ശിക്ഷ കാര്യമായി ബാധിച്ചില്ല.
വനിതയെക്കുറിച്ച് പുരുഷന്മാരുടെ മനസ്സിരിപ്പ് എന്തെന്നെറിയാനുള്ള ഒരു അന്വേഷണത്തിന്റെ ഭാഗം മാത്രമാണ് ഈ കുറിപ്പ്. നമുക്കു വേണ്ടത് സുന്ദരി, സുശീല, സുചരിത, ....അതിനപ്പുറത്തേയ്ക്ക് തള്ളിമാറ്റപ്പട്ടവള്‍ ഫെമിനിച്ചികളോ, ചാരിത്ര്യസംശയം പ്രാപിച്ചവളോ ആണ്.അവള്‍ക്ക് പുരുഷനിര്‍വചനത്തിലും അയാളുടെ മനസ്സിലെ ചിത്രങ്ങളിലും ഇടം ഇല്ല. എന്തിന്, അമ്മയ്ക്കും മുത്തശ്ശിയ്ക്കും പോലും നമ്മുടെ വനിതാസങ്കല്‍പ്പത്തില്‍ ഇടമില്ല. നമ്മുടെ മനസ്സിലുള്ളത് പെണ്ണുടലിന്റെ സമൃദ്ധിയുള്ള കാമിനി മാത്രം.
Paduthol
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക