Slider

സങ്കടേ മധുസൂദനം

0
സങ്കടേ മധുസൂദനം
*********************************
നെഞ്ചിലൂടെ നൂറു പഴുതാരകള്‍ ഇഴഞ്ഞ് പോകുന്നത്പോലെ വേദന തുടങ്ങിയപ്പോഴാണ് ദേവകിയമ്മ ഉണര്‍ന്നത്. ഉണങ്ങിയ ഓലപ്പനമ്പുകള്‍ കാറ്റില്‍ ഉരസുന്ന സ്വരം കേട്ടു കുറെനേരം അവര്‍ കിടന്നു.നേരം പുലര്‍ച്ചെ മൂന്നുമണിയായിരിക്കുന്നു.പനയോല കൊണ്ട് മെടഞ്ഞ കൂരയിലെ ഓലപ്പഴുതുകള്‍ കടന്നു കാറ്റിന്റെ തണുപ്പ് അവരുടെ ദേഹത്ത് തൊട്ടു.പഴകിയ പായയുടെ പൊട്ടിയ ഇഴകള്‍ മുള്ള് കൊള്ളൂന്നത് പോലെ പുറത്തുക്കൂടി ഉരയുന്നു.ഇന്ന് ആശുപത്രിയില്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്ന ദിവസമാണ്.പകല്‍ കൊടുംചൂടാണ്.തീപോലത്തെ വെയിലില്‍ ഈ വേദനയും വച്ച് നടക്കാന്‍ വയ്യ.എത്രയും നേരത്തെ മീന്‍ വിറ്റതിന് ശേഷം ആശുപത്രിയിലേക്ക് പോകണം.
ദേവകിയമ്മ മെല്ലെ എഴുന്നേറ്റു.പായയില്‍ നിന്ന് എഴുന്നേറ്റിട്ടും നെഞ്ചില്‍ മുള്ള് കൊള്ളുന്ന വേദന.ഒരുമാസം മുന്‍പ് ഇടത്തേ മുലയില്‍ ഒരു ചെറിയ തടിപ്പ് പ്രത്യക്ഷപ്പെട്ടതാണ്.പിന്നെ വേദനയും തുടങ്ങി.തീ പോലെ പൊള്ളിപ്പുഴുങ്ങുന്ന വെയിലില്‍ തലയില്‍ മീന്‍ ചരുവം ചുമന്നു വീട് വീടാന്തരം കയറി ഇറങ്ങുന്നതിനിടയില്‍ ആ തടിപ്പില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന സൂചിമുന കൊള്ളുന്ന വേദന അവര്‍ ശ്രദ്ധിച്ചില്ല.ആ തടിപ്പ് മെല്ലെ വളര്‍ന്നു മുഴയായി.ഒപ്പം വേദനയും.
ഒരു ചായ്പ്പും അടുക്കളയും മാത്രമുള്ള ഓലപ്പുരയില്‍ അറുപതുവാട്ടിന്റെ രണ്ടു ബള്‍ബുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവര്‍ എഴുന്നേറ്റ് ബള്‍ബ് തെളിച്ചു.മഞ്ഞവെളിച്ചത്തില്‍ ചായ്പ് മുങ്ങി.ചാണകം മെഴുകിയ തറയുടെ മൂലയിലേക്ക് ദേവകിയമ്മ പായ ചുരുട്ടിവച്ചു..ഒരു സ്റ്റൂളും കൊച്ചുമേശയും മാത്രമേ ചായ്പില്‍ ഉണ്ടായിരുന്നുള്ളൂ. മേശയില്‍ മകളുടെ ഒന്ന് രണ്ടു പഴയ നോട്ട്ബുക്കുകള്‍ ഇരിപ്പുണ്ട്.ഓലഭിത്തിയിലെ അലകുവാരികളുടെ ഇടയില്‍ ശ്രീകൃഷണന്റെ പഴയ ചിത്രം.അതില്‍ ഒന്ന് തൊട്ടുതൊഴുതതിനു ശേഷം അതിനരികിലിരുന്ന മകളുടെ ചെറിയ ഫോട്ടോ അവര്‍ എടുത്തുനോക്കി. അനിതയുടെ തിളങ്ങുന്ന കണ്ണുകള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.മകളുടെ ചിത്രത്തിലേക്ക് നോക്കി കുറച്ചുനേരം ദേവകിയമ്മ ആ കണ്ണുകള്‍ എന്താണു പറയാന്‍ ശ്രമിക്കുന്നതെന്ന് ആലോചിച്ചു.ചിലപ്പോള്‍ കുറ്റബോധം,ചിലപ്പോള്‍ സങ്കടം,ചിലപ്പോ ദേഷ്യം.ഓരോ തവണ നോക്കുമ്പോഴും അനിതയുടെ മുഖത്തിന്‌ ഓരോ ഭാവമാണ്.ചായ്പിലെ അയയില്‍ തൂങ്ങിക്കിടക്കുന്ന മുഷിഞ്ഞസാരികള്‍ക്കൊപ്പം അനിതയുടെ ഒരു പഴയ ചുരിദാര്‍ കണ്ണുനീര്‍തുള്ളിപോലെ തൂങ്ങിക്കിടപ്പുണ്ട്.ദേവകി തന്റെ മെലിഞ്ഞ എല്ലുകള്‍ ഉന്തിത്തുടങ്ങിയ മുഖം അതിനോട് മെല്ലെചേര്‍ത്തു കണ്ണടച്ചു.അതില്‍ അപ്പോഴും അനിതയുടെ ഗന്ധം ഉണ്ടായിരുന്നു.നേരം വൈകുന്നത് ഓര്‍മ്മവന്നപ്പോള്‍ അവര്‍ അടുക്കളയിലേക്ക് കടന്നു.
അടുപ്പ് പാതകത്തിന്റെ മൂലയില്‍ വച്ച കരിയുടെ കറുപ്പ് പടര്‍ന്ന മണ്ണെണ്ണ വിളക്ക് അവര്‍ തീപ്പെട്ടിയുരച്ചു കത്തിച്ചു.വൈദ്യുതകണക്ഷന്‍ ലഭിക്കുന്നതിനു മുന്‍പ് അനിത പഠിച്ചുകൊണ്ടിരുന്നത് ആ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു.ദേവകിയമ്മ ആതുരമായി ആ വിളക്കിനെ തലോടി.അവരുടെ ചുളിവുകള്‍ വീണുതുടങ്ങിയ വിരല്‍ത്തുമ്പില്‍ , വിളക്കിന്റെ കരി പറ്റിപ്പിടിച്ചു.
അനിതയുടെ ഓര്‍മ്മ പോലെ.
അടുപ്പില്‍ തീകൂട്ടി കാപ്പിക്കുള്ള വെള്ളം വച്ചിട്ട് അവര്‍ അടുക്കളയുടെ മണ്‍ഭിത്തിയിലെ ചെറിയ ജനാലയുടെ പാളികള്‍ തുറന്നു പുറത്തേക്ക് നോക്കി.ഏഴുസെന്റ്‌ ഭൂമിയുടെ തെക്കേമൂലയില്‍ തന്റെ മാറിടത്തിലെ മുഴപോലെ മകളുടെ ശവക്കൂന ഉയര്‍ന്നുനില്‍ക്കുന്നത് ദേവകിയമ്മ കണ്ടു.അതിനരികില്‍നിന്ന കശുമാവിന്റെ ചില്ലകള്‍ കാറ്റില്‍ ചലിച്ചു.പുലരിനിലാവില്‍ ആ ചില്ലകളുടെ നിഴലുകള്‍ ശവക്കൂനയുടെ മേല്‍ കറുത്ത ചിത്രങ്ങള്‍ വരച്ചു.ദേവകിയമ്മക്ക് തണുത്തു.
നെഞ്ചില്‍ വീണ്ടും വേദനയുടെ പുഴുക്കള്‍ ഇഴയാന്‍ തുടങ്ങിയിരിക്കുന്നു.കട്ടന്‍ തിളപ്പിച്ച്‌ കുടിച്ചതിനു ശേഷം അവര്‍ നൂറ്റിയെട്ട് എന്ന് എഴുതിയ തന്റെ മീന്‍ചരുവം കഴുകിവൃത്തിയാക്കവാന്‍ തുടങി.ഓരോ തവണ ശരീരം ചലിക്കുമ്പോഴും നെഞ്ചില്‍ നൂറു സൂചിമുനകള്‍ കുത്തിയിറങ്ങുകയാണ്.ചരുവം വേഗം കഴുകിയതിനു ശേഷം അവര്‍ പുറത്തെ മറപ്പുരയിലേക്ക് കയറി.തണുത്തവെള്ളം ദേഹത്തു വീണപ്പോള്‍ വേദന അല്‍പ്പം കുറഞ്ഞത്‌ പോലെ.നെറുക തണുത്തപ്പോള്‍ അവര്‍ ഒന്ന് കണ്ണടച്ചു.പിന്നെ മേല്‍ക്കൂരയില്ലാത്ത മറപ്പുരയുടെ മുകളിലെ ആകാശത്തിലേക്ക് കണ്ണുകള്‍ തുറന്നു.ചത്തമീനിന്റെ നിര്‍വികാരമായ കണ്ണ് പോലെ മേഘക്കീറില്‍ ഒളിക്കുവാന്‍ തുടങ്ങുന്ന വിളറിയ ചന്ദ്രന്‍. ആരെയോ തിരയുന്നത് പോലെ ദേവകിയമ്മയുടെ കണ്ണുകള്‍ അവശേഷിച്ച നക്ഷത്രങ്ങളിലൂടെ ഓടിനടന്നു.ഒറ്റപ്പെട്ടു നില്‍ക്കുന്ന ആ നക്ഷത്രത്തില്‍ അവരുടെ കണ്ണുകള്‍ ഉടക്കിനിന്നു.
“ഇന്നമ്മ ടൗണില്‍ പോകുമ്പോള്‍ അത് ഏര്‍പ്പാടാക്കും മോളെ..”
“അമ്മ ഒന്നും അന്വേഷിക്കണ്ട.ആദ്യം അമ്മ ആശുപത്രി പോ.വെറുതെ കയ്യില്‍ ഇരിക്കുന്ന പൈസ കളയണ്ട.”
“ഓ എനിക്ക് വയസ്സ് പത്തറുപത്തഞ്ചായി നീ .ജീവിച്ചിരുന്നപ്പോള്‍ നിനക്ക് ഒരു നല്ല ചുരിദാര്‍ പോലും മേടിച്ചു തരാന്‍ എന്നെക്കൊണ്ട് പറ്റിയില്ല.ഇതെങ്കിലും എന്നെക്കൊണ്ട് ചെയ്യാവോ എന്ന് ഞാന്‍ നോക്കട്ടെ.”
ദൂരെനിന്ന് ഒരു കോഴികൂവുന്ന ശബ്ദം കേട്ടപ്പോള്‍ മകളുമായുള്ള നിശബ്ദസംഭാഷണം നിര്‍ത്തി അവര്‍ തലതുവര്‍ത്തി.ഇന്ന് തനിക്ക് ഒട്ടും താമസിച്ചുകൂടാ.പുലര്‍ച്ചെ നാലരക്ക് മീന്‍ ചന്ത തുടങ്ങും.ബ്ലൗസ് ഇടുമ്പോള്‍ വീണ്ടും വേദനയുടെ മിന്നലുകള്‍.വേദന മറക്കാന്‍ എന്നവണ്ണം ദേവകിയമ്മ ബ്ലൗസിന് മുകളിലേക്ക് വെളുത്ത തോര്‍ത്തിട്ട് തന്റെ ശുഷ്ക്കമായ നെഞ്ചു മൂടി.അയയില്‍ കിടന്ന പഴകിപ്പിഞ്ചി തുടങ്ങിയ ഒരു സാരി ഉടുത്തതിനു ശേഷം അവര്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.പിന്നെ അടുക്കളയിലെ അടുപ്പ്പാതകത്തിന് കീഴില്‍ ചുള്ളിവിറകുകള്‍ അടുക്കിവച്ച ചെറിയ അറയുടെ മൂലയില്‍ നിന്ന് ഒളിപ്പിച്ചുവച്ച ഒരു പഴയ ഓയില്‍ടിന്‍ പുറത്തെടുത്തു.അതില്‍ നിന്ന് ഒരു കടലാസ് കെട്ടു തപ്പിയെടുത്തു തുറന്നു.ചുരുട്ടിവച്ചിരുന്ന നോട്ടുകള്‍ അവര്‍ ഒരിക്കല്‍ക്കൂടി എണ്ണി.പതിനേഴായിരത്തി നാല്‍പ്പത്തിനാല് രൂപ.ഇനി തന്റെ സമ്പാദ്യത്തില്‍ മിച്ചമുള്ള തുക.
കാശ് എളിയില്‍വച്ച് ചരുവവും എടുത്തു ദേവകിയമ്മ ബസ് സ്റ്റോപ്പിലെക്ക് നടന്നു.ഇരുട് കട്ടപിടിച്ച റബ്ബര്‍തോട്ടങ്ങളുടെ നടുവിലെ ചെറിയ ഇടവഴിയിലൂടെ കുന്നിറങ്ങുന്നതിനിടയില്‍ അവര്‍ ഒന്ന് നിന്നു.വിജനമായ തോട്ടത്തില്‍ ,കറുത്ത ആട്ടിന്‍കുട്ടികളെ പോലെ, ചെറിയ പാറകള്‍ വിളറിയ നിലാവില്‍ ഉറങ്ങിക്കിടക്കുന്നു.പാറകളുടെ നടുവില്‍ ഒരു പ്ലാവും ആഞ്ഞിലിയും നില്‍പ്പുണ്ട്.പകല്‍ ഇവിടെ നല്ല തണുപ്പും തണലുമുണ്ട്.
അനിത ആ പാറകളുടെ ഇടയിലിരുന്നാണ് പകല്‍ സമയം പഠിച്ചുകൊണ്ടിരുന്നത്.
ആ പ്ലാവിന്‍ചുവട്ടിലെ പാറയുടെ മടിയിലാണ് അവള്‍ കുറച്ചുനാള്‍മുന്‍പ് വിഷം കഴിച്ചുമരിച്ചു കിടന്നത്.
മരിച്ചില്ലായിരുന്നെങ്കില്‍ അവള്‍ ഇപ്പോള്‍ ഡിഗ്രി പൂര്‍ത്തിയാക്കിയേനെ.ഉറപ്പായും അവള്‍ക്ക് ജോലി കിട്ടിയേനെ.എങ്കില്‍ എളിയില്‍ പൊതിഞ്ഞുവച്ച കടലാസ് കെട്ടിലെ കാശ് കൊണ്ട് ദേവകിയമ്മ ഒറ്റ മകള്‍ക്ക് വേണ്ടി ഒരു തുണ്ട് സ്വര്‍ണ്ണം വാങ്ങിക്കുമായിരുന്നു.
ഓര്‍മ്മകളുടെ വിഷം കൊത്തിയെടുക്കാനെന്നവണ്ണം വേദനയുടെ സര്‍പ്പങ്ങള്‍ നെഞ്ചിലെ മുഴയിലെക്ക് വരിഞ്ഞുകയറി.വേദനകൊണ്ട് അവര്‍ ചരുവം താഴ്ത്തിവച്ച് നെഞ്ചു ഒന്ന് തടവി.കുറച്ചുനേരം ഇരിക്കണം എന്ന് തോന്നിയെങ്കിലും ദേവകിയമ്മ പതുക്കെ നടന്നു.നടക്കുന്നതിനിടയില്‍ ചെറിയ ശബ്ദത്തില്‍ അവര്‍ വിഷ്ണുമന്ത്രം ഉരുവിട്ട് കൊണ്ടിരുന്നു.
“ദു:സ്വപ്നേ സ്മര ഗോവിന്ദം , സങ്കടേ മധുസൂദനം”
ആവര്‍ത്തിച്ചു ചൊല്ലിയാല്‍ വേദന കുറയുമെന്ന് പറഞ്ഞു തന്നത് കല്യാണിയമ്മയാണ്.വേദന മൂക്കുമ്പോള്‍ മരിച്ചുപോയ മകളുടെ പഴയ നോട്ടുബുക്കുകളുടെ എഴുതാത്ത താളുകളില്‍ ദേവകിയമ്മ ആ മന്ത്രം എഴുതിനിറച്ചു.കുറെ എഴുതുമ്പോള്‍ വേദന മറക്കും.
തന്റെയും സരസ്വതിയുടെയും കൂടെ മീന്‍ വില്‍ക്കുവാന്‍ മൂന്നു മാസം മുന്‍പ് വരെ കല്യാണിയമ്മയും ഉണ്ടായിരുന്നു.സമപ്രായക്കാരായ ആ മൂന്നു സ്ത്രീകളും ,ഇടയ്ക്കിടെ പരസ്പരം പിണങ്ങുമെങ്കിലും ജീവിതത്തില്‍ ഉടനീളം കൂട്ടുകാരായിരുന്നു.
കല്യാണിയമ്മക്ക് ഒരു മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തലച്ചുമടില്‍ മീന്‍ വിറ്റ്‌ അവര്‍ അവനെ പഠിപ്പിച്ചു.അവന്‍ പഠിച്ചു വലുതായി നല്ല ജോലി നേടി.പിന്നെ ഒരു വലിയവീട്ടിലെ പെണ്ണിനെ കെട്ടി.മകന്റെ ഭാര്യക്ക് മീന്‍ വിറ്റ്‌ നടക്കുന്ന അമ്മായിയമ്മയെ ഇഷ്ടമല്ലായിരുന്നു.അവര്‍ നഗരത്തില്‍ വീട് വാങ്ങി അങ്ങോട്ട്‌ മാറി.മകനെ കാണാതെ ആ വൃദ്ധ ശരിക്കും വിഷമിച്ചു.ഒടുവില്‍ വിജനമായ ഒരു വഴിവക്കില്‍ ,തീപിടിച്ച ഒരു ഉച്ചനേരത്ത് ,കല്യാണിയമ്മ കുഴഞ്ഞുവീണു മരിച്ചു.ചരുവത്തില്‍ നിന്ന് ചിതറിവീണ മത്സ്യങ്ങള്‍ക്കിടയില്‍ ജീവിതം നീന്തിത്തളര്‍ന്ന മറ്റൊരു മത്സ്യമായി അവര്‍ കിടന്നു.മരിക്കുമ്പോള്‍ ആരും അവരുടെ അരികിലില്ലായിരുന്നു.
‘ദുസ്വപ്നം കണ്ടു പേടിക്കുമ്പോള്‍ ഗോവിന്ദനായും ,സങ്കടം വരുമ്പോള്‍ മധുസൂദനനായും ഭഗവാന്‍ വരണം.അതാ ആ മന്ത്രത്തിന്റെ അര്‍ത്ഥം.”
കല്യാണിയമ്മയുടെ സ്വരം കാതില്‍ മുഴങ്ങുന്നു.മരണസമയത്ത് അവര്‍ എന്തായിരുന്നിരിക്കും പ്രാര്‍ഥിച്ചത് ?
സ്റ്റോപ്പില്‍ എത്തിയയുടനെ നാലിന്റെ കെ.എസ്.ആര്‍.റ്റി.സി ബസ് വന്നു.ബസ്സില്‍ സരസ്വതിയുമുണ്ടായിരുന്നു.അര മണിക്കൂര്‍ കൊണ്ട് ജോനകപുരത്തു എത്താം.
സരസ്വതിയുടെ ചരുവത്തിനു മുകളില്‍ തന്റെ ചരുവം വച്ചതിനു ശേഷം ദേവകിയമ്മ അവരുടെ അരികിലിരുന്നു.
“എടിയേ സരസൂ,എനിക്കിന്നാശുപത്രീ പോണം.ഒറ്റക്ക് പോകാന്‍ വയ്യ.നീ കൂടെ വരണം.”
സരസ്വതി ഒന്നും മിണ്ടിയില്ല.അവരുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.ദേവകിക്ക് മെല്ലിച്ച ശരീരമാണെങ്കില്‍ സരസ്വതിക്ക് നല്ല തടിച്ചിട്ടാണ്‌.കള്ളി മുണ്ടും ബ്ലൌസുമാണ് വേഷം.സ്ഥിരമായി മുറുക്കും.ആകാരം പോലെ നല്ല തന്റേടവും.പറയാനുള്ളത് മുഖത്തുനോക്കി പറയും.
“നീയെന്താ ഒന്നും മിണ്ടാത്തെ.ഒന്നാമത് എന്റെ നെഞ്ചത്ത് ആയിരം സൂചി കുത്തുന്ന വേദനയാ.എന്തെലുമോണ്ടേ വാ തുറന്നു പറ സരസു.”ദേവകി പറഞ്ഞു.
“എടീ നിന്റെ മോളെ പ്രേമിച്ചു വശത്താക്കിയേച്ചു അവളുടെ വയറ്റിലുണ്ടാക്കി കൊടുത്തവന്റെ കല്യാണവാ ഇന്ന് തങ്കശേരി പള്ളീ വച്ച്.കള്ളിക്കാട് പാപ്പച്ചന്‍ മുതലാളിയുടെ മകന്‍ ജോഫ്രിയുടെ.”
സരസു പറഞ്ഞു.അവരുടെ കണ്ണുകള്‍ കത്തുന്നുണ്ടായിരുന്നു.
“ഞാന്‍..ഞാനിപ്പോ എന്താ ചെയ്യാ..എന്റെ മോള് പോയില്ലേ..”ദേവകിയമ്മ വിക്കി.
“അല്ലേ നീയിതുവരെ എന്ത് കോപ്പാ ചെയ്തിട്ടുള്ളത് ?നിന്റെ കെട്ടിയോന്‍ വല്ലവള്‍ടെയും കൂടെ പൊറുക്കാന്‍ പോയപ്പോ നീയെന്തെലും ചെയ്തോ?.നിന്റെ മോള് കരെലെ മുഴുത്ത മൊതലാളിടെ മോന്റെ കൂടെ പ്രേമിക്കാന്‍ തുടങ്ങിയപ്പോ നീ വെലക്കിയോ?എല്ലാത്തവണയും നീ പട്ടി മോങ്ങുന്നത് പോലെ കിടന്നു കാറി.നിന്റെ മോള് വെഷം കഴിച്ചു ചത്തപ്പോഴും.”
സരസു അവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ മുറുമ്മി.അവരുടെ വെറ്റില മുറുക്കി ചുവപ്പ് വീണ പല്ലുകള്‍ ഞെരിഞ്ഞു.
“ആ പട്ടിയെ കൊല്ലുകയാ വേണ്ടത്.”സരസു പറഞ്ഞു.
ദേവകിയമ്മ ഒന്നും മിണ്ടിയില്ല.എന്തും നേരിടാന്‍ കല്ല്‌ പോലെ പാകമായ ഒരു മനസ്സാണ് മീന്‍കാരികളുടെ.തര്‍ക്കങ്ങളും വഴക്കും തെറിവിളിയും നിലനില്‍പ്പിന്റെ ഭാഗമാണ്..പുലര്‍ച്ചെ മീന്‍ചന്തകളില്‍ നിന്ന് ഇടനിലക്കാരുടെ കയ്യില്‍ നിന്ന് വിലപേശി മീന്‍ വാങ്ങണം.അതുമായി മഴയത്തും വെയിലത്തും തലച്ചുമടായി വീടുകളില്‍ കൊണ്ട് നടന്നു വില്‍ക്കണം.അതിരാവിലെ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു ,മറ്റുള്ളവരുടെ പ്രഭാതങ്ങളില്‍ അവര്‍ മീനുമായി ചെന്ന് കയറുന്നു.വീണ്ടും വിലപേശല്‍ തുടരുന്നു.അവരുടെ കൂട്ടത്തില്‍ പാവങ്ങളില്ല.എന്നാല്‍ ,താന്‍ ,ദേവകി ഒരു പാവമായിപ്പോയി.സമ്പത്തും സ്വാധീനവുമുള്ളവര്‍ക്കെതിരെ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും ?
ബസ് ജോനകപുരത്ത് എത്തി.
അവരെത്തിയപ്പോഴേക്കും മീന്‍ചന്തയില്‍ തിരക്ക് തുടങ്ങിയിരുന്നു.നിരന്നു കിടക്കുന്ന മീന്‍വണ്ടികള്‍.നമ്പര്‍ എഴുതി നിരത്തിവച്ചിരിക്കുന്ന മീന്‍പെട്ടികളും ചരുവങ്ങളും.ബള്‍ബുകളുടെ വെളിച്ചത്തില്‍ വലിയ മീന്‍ലോറികളില്‍ നിന്ന് കുട്ടകളില്‍ മീന്‍ കോരിനിറക്കുന്നു.വില പറഞ്ഞുറപ്പിച്ച മീന്‍, ചെറുകച്ചവടക്കാര്‍ അവരുടെ വാഹനങ്ങളിലേക്ക് കയറ്റുന്നു.ചന്തയുടെ അരികില്‍ മേശയും സ്റ്റൂളുമിട്ട് കണക്കെഴുതുന്ന ഏജന്റുമാര്‍.അവരുടെ ചുറ്റും നിന്ന് വിലപേശുന്ന മറ്റു കച്ചവടക്കാര്‍.വില പറഞ്ഞുറപ്പിക്കുമ്പോള്‍ ചരുവത്തിന്റെയോ പെട്ടിയുടെയോ നമ്പര്‍ എജന്റ്റ് ഉറക്കെ പറയും.അതില്‍ അവരുടെ പണിക്കാര്‍ മീന്‍ അളന്നിടും.ചെറുകിട കച്ചവക്കാര്‍ മിക്കപ്പോഴും കടമായിട്ടാണ് മീന്‍ വാങ്ങുന്നത്.പകല്‍ മീന്‍ വിറ്റതിനു ശേഷം വൈകുന്നേരം കണക്ക് തീര്‍ക്കും .ചരുവങ്ങള്‍ മീന്‍വണ്ടികളുടെ അടുത്ത് വച്ചിട്ട് സരസുവും ദേവകിയമ്മയും അങ്ങോട്ട്‌ നീങ്ങി.
“നമ്മുക്ക് സ്റ്റീഫന്റെ അടുത്തുനിന്ന് അയല മേടിക്കാം.അവനാകുമ്പോ കാശിന്റെ കാര്യത്തി കൊറച്ചു പൊറുതിയുണ്ട്.”
വില പറഞ്ഞുറപ്പിച്ചപ്പോള്‍ സ്റ്റീഫന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
“നൂറ്റിയെട്ടില്‍ ഇരുപതു കിലോ..”
കാശ് എണ്ണിവാങ്ങുമ്പോള്‍ സ്റ്റീഫന്‍ പറഞ്ഞു.
“ചേച്ചീ ,ഇന്ന് ജോഫ്രീടെ കല്യാണമാ.” കള്ളിക്കാട് പാപ്പച്ചന്‍ എന്ന മീന്‍ മുതലാളിയുടെ മകന്‍ ജോഫ്രി മൂലം ആത്മഹത്യ ചെയ്ത അനിതയുടെ കഥ അറിയാത്തവരായി ആരുമില്ല.ചന്തയില്‍ നിരന്നു കിടക്കുന്ന മീന്‍വണ്ടികള്‍ പലതും അയാളുടെയാണ്.സമ്പന്നനായ മുതലാളിയുടെ മകന് കൂടെ പഠിച്ച മീന്‍കാരിയുടെ മകളുമായുള്ള പ്രേമം വെറുമൊരു തമാശ മാത്രമായിരുന്നുവെന്ന കാര്യം നാട്ടുകാര്‍ എല്ലാവരും അറിഞ്ഞിരിക്കുന്നു.
“ആ നാറീടെ കാര്യം നിന്നോട് ഞങ്ങള്‍ ചോദിച്ചോ സ്റ്റീഫാ..”സരസ്വതിക്ക് ചൊറിഞ്ഞു വന്നു.
സ്റ്റീഫന്റെ വായടഞ്ഞു.
ദേവകിയമ്മ ആ സംഭാഷണം ശ്രദ്ധിച്ചില്ല.അവര്‍ മീന്‍ ലോറിയില്‍ കുന്നുകൂട്ടിയിട്ട ചുവന്ന ചെമ്പല്ലി മീന്‍ ആദ്യം കാണുന്നപോലെ നോക്കുകയായിരുന്നു.അനിതക്ക് ചെമ്പല്ലി വലിയ ഇഷ്ടമായിരുന്നു.എന്നും മീന്‍ വില്‍ക്കുമെങ്കിലും അത്തരം വിലയേറിയ മത്സ്യങ്ങള്‍ കഴിക്കുവാനുള്ള യോഗം അവര്‍ക്കില്ല.അതൊക്കെ വലിയ വീടുകളില്‍ താമസിക്കുന്നവര്‍ക്കാണ്.വലിയ ഗേറ്റും മതില്‍ക്കെട്ടും ടൈലുപാകിയ മുറ്റവുമുള്ള ഇരുനിലവീടുകളിലെ സമ്പന്നര്‍ വിലകൂടിയ മത്സ്യങ്ങള്‍ ഭക്ഷിക്കുന്നു.
നന്മീനും വിളയും പൂമീനും കരീമീനും ഒക്കെ അവര്‍ക്കുള്ളതാണ്.
അടുങ്ങിക്കിടക്കുന്ന തിളങ്ങുന്ന ചുവന്ന ചെമ്പല്ലി മത്സ്യങ്ങള്‍.അവയുടെ ദു:ഖം നിറഞ്ഞ ചത്ത കണ്ണുകള്‍.
“എടിയേ നമ്മുക്കൊരോ കടുംകാപ്പി കുടിക്കാം.എന്നേച്ചു പോകാം.ഉച്ച ആകുമ്പോ ഞാന്‍ ആശുപത്രിടെയവിടെ വരാം.” സരസ്വതി പറഞ്ഞു.
നേരം വെളുത്തുതുടങ്ങി.മീന്‍വണ്ടികള്‍ ചെറുപട്ടണങ്ങളും കവലകളും ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.രണ്ടു സ്ത്രീകളും മീന്‍ചന്തയുടെ സമീപത്തെ ചായക്കടയില്‍ കയറി.ഇനി മീന്‍ വിറ്റ്‌ തീരുന്നത് വളരെ വെറും വയറില്‍ കത്തിക്കാളുന്ന,ഭാരമുള്ള ചരിവം ചുമന്നു വെയിലില്‍ നടക്കണം.കടുംകാപ്പിക്കൊപ്പം ചൂട് പൊറോട്ടയും ഉള്ളിച്ചാറുംകഴിച്ചതിനു ശേഷം അവര്‍ പിരിഞ്ഞു.
മുക്കാല്‍ മണിക്കൂര്‍ യാത്രക്ക് ശേഷം ദേവകി പുളിങ്കുടിയെന്ന കവലയില്‍ ഇറങ്ങി.പണ്ട് കല്യാണിയായിരുന്നു ഈ റൂട്ടില്‍ മീന്‍വിറ്റ്‌ കൊണ്ടിരുന്നത്.
ഞെരിഞ്ഞില്‍ക്കമ്പുകള്‍ കൊണ്ട് വേലികെട്ടിയ ഇടവഴികള്‍.ഇടയ്ക്കിടെ പൂത്തുനില്‍ക്കുന്ന ചെമ്പരത്തിക്കാടുകള്‍.ഓടിട്ടതും വാര്‍ത്തതുമായി ഇടത്തരം വീടുകള്‍.എല്ലാ വീട്ടിലും തിരക്കാണ്.കുട്ടികളെ സ്കൂളില്‍വിടാനുള്ള തിരക്ക് .ജോലിക്ക് പോകാനുള്ള തിരക്ക്.രാവിലത്തെ മീന്‍വില്‍പ്പന ഈ തിരക്കിനിടയിലാണ്.
ഉത്സാഹപൂര്‍വം ദേവകി വീടുകള്‍ കയറിയിറങ്ങി മീന്‍ വിറ്റു.ശോഷിച്ച ദേഹവും വിഷാദം പൂണ്ട മുഖവുമുള്ള വൃദ്ധയുടെ കയ്യില്‍നിന്ന് സഹതാപം കൊണ്ടാവും മീന്‍വാങ്ങുന്നതെന്ന് ചിലപ്പോള്‍ ദേവകിയമ്മക്ക് തോന്നാറുണ്ട്.
ഒരിടവഴി കടന്നപ്പോള്‍ ഒരു വെള്ളപ്പൂച്ച അവരുടെ പുറകെ ഓടിവന്നു.ആ വഴി വരുബോള്‍ ആ പൂച്ച ദേവകി വരുവാന്‍ കാത്തുനിന്നത് പോലെ എവിടെനിന്നെങ്കിലും ഓടിവരും.കുറെനടക്കുമ്പോള്‍ ദേവകി ഒരു മീന്‍ ഇട്ടുകൊടുക്കും.പൂച്ചക്ക് സന്തോഷമാകും.അത് തിന്നാലും പൂച്ച ആ വൃദ്ധയുടെ കൂടെ അവര്‍ തിരികെപോകുന്നത് വരെ നടക്കും.
നേരം ഉച്ചയായി.പൊള്ളുന്ന വെയിലില്‍ നെഞ്ചിലെ മുഴയില്‍ നിന്ന് വേദന പടരാന്‍ തുടങ്ങി.അവര്‍ ചരുവം താഴ്ത്തിവച്ച് ഒരു തെങ്ങിന്റെ തണലില്‍ ഇരുന്നു .മുഖത്തെ വിയര്‍പ്പ് തോര്‍ത്ത്‌ കൊണ്ട് തുടച്ചു.പൂച്ച അവരുടെ കാലില്‍ മുഖം കൊണ്ടുരുമ്മുകയാണ്.
പെട്ടെന്ന് ഇടവഴിയുടെ അങ്ങേയറ്റത്ത്‌ ഒരു പട്ടി പ്രത്യക്ഷപ്പെട്ടു.അത് പൂച്ചയുടെ നേര്‍ക്ക് നോക്കി ഉറക്കെ കുരച്ചു.പൂച്ച ആദ്യം ഒന്ന് പേടിച്ചു ദേവകിയമ്മയുടെ പുറകില്‍ പതുങ്ങിയെങ്കിലും പിന്നെ പതുക്കെ മുന്‍പോട്ടു വന്നു.പട്ടി പിന്നെയും കുരച്ചു.പിന്‍കാലുകള്‍ പതുക്കി തല മുന്‍പോട്ടു നീക്കി പൂച്ച പട്ടിയെനോക്കി മുറുമ്മി.അതിന്റെ ഭാവമാറ്റം കണ്ടിട്ട് ദേവകിയമ്മക്ക് പോലും പേടി തോന്നി.അതിവികൃതമായ ,ക്രൂരത നിറഞ ഒരു ശബ്ദമായിരുന്നു ആ മുറുമ്മല്‍.ഒന്ന് രണ്ടു പ്രാവശ്യം കൂടി പൂച്ചയെ നോക്കി കുരച്ചതിനു ശേഷം പട്ടി പിന്‍വാങ്ങി.
ഉച്ചയായപ്പോള്‍ ദേവകിയമ്മ നഗരത്തിലെ പ്രൈവറ്റ് ആശുപത്രിക്ക് മുന്‍പിലെത്തി.സരസ്വതി അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു.ആശുപത്രിക്ക് പുറത്തെ മുറുക്കാന്‍കടയുടെ അരികില്‍ മീന്‍ചരുവങ്ങള്‍ വച്ചതിനുശേഷം അവര്‍ അകത്തു കയറി.ദേവകിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മാത്യുവിന്റെ വീട്ടില്‍ വര്‍ഷങ്ങളായി മീന്‍ എത്തിക്കുന്നത് സരസ്വതിയാണ്.രണ്ടു പേരും അല്‍പ്പനേരം കാത്തുനിന്നതിനു ശേഷം ഡോക്ടറുടെ ക്യാബിനില്‍ ചെന്നു.
ഡോക്ടര്‍ ദേവകിയുടെ ഫയല്‍ വരുത്തിച്ചു.
“മുടിഞ്ഞ വേദനയാ ഡോക്ടറെ.ഒന്ന് ചത്താല്‍ മതി.അത് വരെ വേദനക്കുള്ള ഗുളിക വല്ലോം താ.” ദേവകിയമ്മ പറഞ്ഞു.
“മുഴയുടെ സാമ്പിള്‍ പരിശോധിച്ച റിസള്‍ട്ട് വന്നിട്ടുണ്ട്.”ഡോക്ടര്‍ അവരോടു പറഞ്ഞു.
“എങ്ങിനെയുണ്ട്.?”ദേവകിയമ്മയുടെ സ്വരത്തില്‍ താല്‍പ്പര്യമില്ലായ്മയും തിടുക്കവുമുണ്ടായിരുന്നു.അവര്‍ക്ക് മകള്‍ക്ക് വേണ്ടി മറ്റൊരു കടയില്‍ കൂടി ഇന്ന് പോകണം.അവരുടെ ഇന്നത്തെ പ്രധാന ലക്ഷ്യം അത് മാത്രമാണ്.
“കുഴപ്പമില്ല.പേടിക്കാന്‍ ഒന്നുമില്ല.കുറച്ചുകൂടി ചികിത്സ വേണ്ടിവരും.നമ്മുക്ക് ശരിയാക്കാം.വേദനക്ക് മരുന്ന് എഴുതാം..”ഡോക്ടര്‍ പറഞ്ഞു.
രണ്ടുപേരും ക്യാബിനില്‍ നിന്നിറങ്ങി.നഴ്സ് സരസ്വതിയമ്മയെ അകത്തേക്ക് വീണ്ടും വിളിച്ചു.ദേവകിയമ്മ പുറത്തിറങ്ങി കാത്തുനിന്നു.
സരസ്വതിയമ്മ ഇറങ്ങിവന്നപ്പോള്‍ രണ്ടു പേരും കൂടി മുറുക്കാന്‍കടയിലേക്ക് പോയി.ദേവകിയമ്മ ഒരു നാരങ്ങാവെള്ളം വാങ്ങി.അവര്‍ തളര്‍ന്നിരുന്നു.
“ഡോക്ടര്‍ എന്നാ പറഞ്ഞു.?”ദേവകിയമ്മ ചോദിച്ചു.
മുറുക്കാന്‍കടയില്‍ മുന്‍പില്‍ തൂക്കിയിട്ടിരിക്കുന്ന വനിതാമാസികയുടെ മുഖചിത്രത്തിലെ മുല കൊടുക്കുന്ന യുവതിയുടെ ചിത്രത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് മുറുക്കുകയായിരുന്നു സരസു.
“കാന്‍സറാ.ഓപ്രെഷം ചെയ്തു മുറിച്ചു കളയണംന്നാ ഡോക്ടറു പറഞ്ഞേ.”
വലിഞ്ഞുമുറുകിയ മുഖത്തോടെ റോഡരികിലേക്ക് മുറുക്കിത്തുപ്പിക്കൊണ്ട് അവര്‍ പറഞ്ഞു.ഉണങ്ങിവരണ്ടുനില്‍ക്കുന്ന പുല്‍ത്തുമ്പുകളില്‍ മുറുക്കാന്റെ രക്തചുവപ്പ് പുരണ്ടു.
“ഞാനത് പ്രതിക്ഷിച്ചാരുന്നു.”നിര്‍വികാരതയുടെ ചെതുമ്പല്‍ പറ്റിപിടിച്ച ചിരിയോടെ ദേവകി പറഞ്ഞു.
സരസു ദേവകിയെ നോക്കി എന്താ പറയാന്‍ തുടങ്ങി.പിന്നെ നിര്‍ത്തി.
“എടിയേ എനിക്കൊരു കടവരെ പോണം.പിന്നെ കാണാം.”അതും പറഞ്ഞു ചരുവം എടുത്തു ദേവകി വേഗം നടന്നുനീങ്ങി.
തന്റെ കൂട്ടുകാരി നഗരത്തിന്റെ വെയില്‍ തിളയ്ക്കുന്ന തിരക്കിലേക്ക് ഒരു പൊട്ടുപോലെ മറയുന്നത് സരസു നിസ്സഹായതോടെ നോക്കിയിരുന്നു .
ദേവകിയമ്മ പോയത് ശവക്കല്ലറകളുടെ മുകളില്‍ ഇടുന്ന ഗ്രാനൈറ്റ് സ്ലാബ് നിര്‍മ്മിക്കുന്ന കടയിലേക്കായിരുന്നു.ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മനോഹരമായ കല്ലറകള്‍ അവര്‍ കണ്ടിട്ടുണ്ടായിരുന്നു.തന്റെ മകളുടെ ശവക്കൂനയുടെ സ്ഥാനത്ത് സ്ലാബ് കെട്ടിയ അത്തരം ഒരു കല്ലറ നിര്‍മ്മിക്കണം എന്ന ആഗ്രഹം കഴിഞ്ഞ കുറെനാളുകളായി അവരുടെ മനസ്സില്‍ കിടന്നു എരിയുകയായിരുന്നു.തന്റെ മകള്‍ക്ക് താന്‍ മരിച്ചുപോയാലും നല്ലയൊരു വിശ്രമസ്ഥലം.മരണമടുത്ത അമ്മക്ക് തന്റെ മരണപ്പെട്ട മകള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം.
കടയുടെ സമീപം പണിപൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന സ്ലാബുകള്‍ നിരന്നു കിടപ്പുണ്ടായിരുന്നു.ദേവകിയമ്മ പരേതരുടെ പേരുകള്‍ നോക്കിക്കൊണ്ടിരിക്കെ അകത്തുനിന്ന് ആ ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. അവന്റെ മുഖത്ത് ഒരു വെട്ടേറ്റ പാടുണ്ടായിരുന്നു.ഒരു കൊട്ടേഷന്‍ കൊലക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തുവന്നതാണ് അവനെന്ന് ദേവകിക്ക് അറിയാമാരുന്നു.
തനിക്ക് ലഭിച്ച അന്നത്തെ ലാഭവും എളിയിലെ കടലാസ് കെട്ടിലെ പണവും ചേര്‍ത്ത് പതിനെണ്ണായിരം രൂപ അവന്റെ കയ്യില്‍ അവര്‍ എണ്ണിക്കൊടുത്തു.മിച്ചമുള്ള നൂറ്റിനാല്‍പ്പതു രൂപ ചുരുട്ടി ബ്ലൌസിനിടയില്‍ തിരകി.കടലാസിന്റെ കിരുകിരുപ്പ്‌ നെഞ്ചിലെ മുഴയില്‍ തട്ടിയെങ്കിലും അപ്പോള്‍ അവര്‍ക്ക് വേദനിച്ചില്ല.
“നല്ലപോലെ പണിയണം.”വൃദ്ധ ചെറുപ്പക്കാരനോട്‌ പറഞ്ഞു.
“പണിയുന്നേനു മുന്‍പ് അതിന്റെ അളവൊക്കെ എടുക്കണം.ചേച്ചിയുടെ വീട്ടിലോട്ടുള്ള വഴിയൊന്നു പറഞ്ഞെ ?.”
ദേവകിയമ്മ വഴി പറഞ്ഞുകൊടുത്തു.പിന്നെ കല്ലറയില്‍ എഴുതണ്ട മകളുടെ വിവരങ്ങളും.
“ഇവിടുന്നു നൂറുമീറ്റര്‍ പോയാല്‍ പള്ളിയാ.അവിടുത്തെ സെമിത്തേരിയില്‍ ചെന്ന് നോക്കിയാല്‍ ഡിസൈന്‍ ഒക്കെ കാണാം.എങ്ങിനെയുള്ളത് വേണമെന്ന് ഞാന്‍ വരുബോള്‍ പറഞ്ഞാല്‍ മതി.”
ദേവകി തലകുലുക്കി.തിരികെനടക്കാന്‍ നേരം അവര്‍ ഒരു നിമിഷം നിന്നു. പിന്നെ ചോദിച്ചു.
“ഒരാളെ കൊല്ലാന്‍ ഒത്തിരി രൂപയാകുമോ ?”ചിലമ്പുന്ന സ്വരത്തില്‍ അവര്‍ ചോദിച്ചു.
അവന്റെ മുഖം ഇരുണ്ടു.
“കല്ലറ പണിയുന്നേലും കാശാകും അമ്മച്ചി.ഏതായാലും ഞാനിപ്പോ കൊല നിര്‍ത്തി.ഇപ്പൊ കല്ലറ മാത്രമേ പണിയൂ.”
പൊടുന്നനെ നെഞ്ചിലെ മുഴയില്‍നിന്ന് വേദനയുടെ ഒരു പൂത്തിരി പൊട്ടിച്ചിതറി ദേഹമാകെ പടരുന്നത്‌ ദേവകിയമ്മ അറിഞ്ഞു.താന്‍ എന്തിനു അങ്ങിനെ ചോദിച്ചുവെന്ന് പോലും ആ വേദനയില്‍ അവര്‍ മറന്നുപോയി.
വേച്ചുവേച്ചു ആ വൃദ്ധ നടന്നു പോകുന്നത് ചെറുപ്പക്കാരന്‍ നോക്കിനിന്നു.
ദേവകിയമ്മ പള്ളിയുടെ മുന്‍പിലെത്തി.പള്ളിയുടെ മുന്‍വശത്തു നിറയെ ആളുകളും വാഹനങ്ങളുമാണ്.ഇത്രയും തിരക്കിനിടയിലൂടെ ചരിവവും ചുമന്നു സെമിത്തേരിയിലേക്ക് പോകാന്‍ അവര്‍ക്ക് തോന്നിയില്ല.പിന്‍തിരിഞ്ഞു പോകാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ അത് കണ്ടത്.
പള്ളിയുടെ ആനവാതില്‍ക്കല്‍ നിന്ന് ഒരു തിളങ്ങുന്ന ചുവന്ന കുടയും ചൂടി നടന്നുവരുന്ന നവവധുവും വരനും.കറുത്ത പാന്‍സും കോട്ടും അണിഞ്ഞ വെളുത്ത സുന്ദരമുഖമുള്ള കല്യാണച്ചെക്കനേ ദേവകിയമ്മ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു.
കള്ളിക്കാട് പാപ്പച്ചന്റെ മകന്‍ ജോഫ്രി.
ചെറുക്കന്റെ പിറകില്‍ കയറുപിരിയന്‍ സ്വര്‍ണ്ണമാലയും കൊമ്പന്‍മീശയുമായി പാപ്പച്ചന്‍ നില്‍ക്കുന്നത് അവര്‍ കണ്ടു.
നഗരത്തിലെ ഏറ്റവും ധനാഢ്യന്റെ മകന്‍ സ്വര്‍ണാഭരണത്തില്‍ മുങ്ങിയ അവന്റെ പെണ്ണുമായി കല്യാണഹാളിലേക്ക് നടക്കുകയാണ്.അതുകാണാന്‍ തിരക്ക് കൂട്ടുന്ന ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.ആരോ അവന്റെ കയ്യില്‍ ചുവന്ന റോസാപ്പൂക്കളുടെ ബൊക്കെ കൊടുക്കുന്നു.അവന്‍ അത് വാങ്ങി ചിരിക്കുന്നു.ആ ചിരിയൊപ്പുന്ന ക്യാമറയുടെ മിന്നലുകള്‍.തന്റെ മകളെ കൊന്ന ചിരി.
ഉള്ളില്‍ അത് വരെ പേടിച്ചൊളിച്ച ഒരു പൂച്ച മുറുമ്മിക്കൊണ്ട് മുന്നോട്ടുപായാന്‍ ഒരുങ്ങുന്നത് ദേവകിയമ്മ പോലും അറിഞ്ഞില്ല.
തലയില്‍ നിന്നു മീന്‍ ചരുവം എടുത്ത് അവര്‍ നിലത്താഞ്ഞടിച്ചു.
ശബ്ദം കേട്ട് ആളുകള്‍ ഒരു നിമിഷം തിരിഞ്ഞുനോക്കി.എല്ലാം നിശ്ചലമായി.ദേവകിയമ്മ ചരുവം എളിയില്‍വച്ച്കൊണ്ട് കല്യാണച്ചെക്കന്റെ അടുത്തേക്ക് നടന്നു വന്നു .ആളുകള്‍ അവരെക്കണ്ട് വഴിമാറി.
മെലിഞ്ഞ ക്ഷീണിച്ച ശരീരമുള്ള വൃദ്ധയെക്കണ്ട്‌ ജോഫ്രിയുടെ മുഖം വിളറിവെളുത്തു.അവന്റെ ഫേഷ്യല്‍ ചെയ്തു സുന്ദരമാക്കിയ മുഖത്തെ പുഞ്ചിരി മാഞ്ഞു.
ദേവകിയമ്മ അവന്റെ മുന്‍പില്‍ ഒരു നിമിഷം നിന്നു.ആര്‍ക്കും തടയാന്‍ കഴിയുന്നതിനു മുന്‍പ് തഴമ്പ് വീണ മെല്ലിച്ച കൈപ്പത്തി നിവര്‍ത്തി അവര്‍ അവന്റെ വെളുത്ത മുഖത്ത് ആഞ്ഞടിച്ചു.അടികൊണ്ട് അവന്‍ വേച്ച് പോയി.തീ കത്തുന്ന കണ്ണുകള്‍ കൊണ്ട് ദേവകിയമ്മ അപ്പനെയും മകനെയും ഒരുനിമിഷം നോക്കി.പിന്നെ പള്ളിമുറ്റത്തേക്ക് കാര്‍ക്കിച്ചു തുപ്പി.
അതിനുശേഷം സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയുടെ നടുവിലൂടെ ആ മീന്‍കാരി തിരിച്ചു നടന്നു.
തിരികെ നടക്കുമ്പോള്‍ ദേവകിയമ്മക്ക് ഒരു ഭാരം ഇറക്കി വച്ചത് പോലെ തോന്നി.നെഞ്ചിലെ വേദന മാഞ്ഞത് പോലെ.അങ്ങാടിയില്‍ നിന്ന് അവര്‍ ഒരു മുടി കയര്‍ വാങ്ങി.
വെയില്‍ താഴ്ന്നിരിക്കുന്നു.ചൂട് കുറഞ്ഞിരിക്കുന്നു.
മിച്ചമുള്ള പൈസയില്‍ നിന്ന് ബസുകൂലി മാറ്റിവച്ച് അവര്‍ എണ്ണിനോക്കി.അതുമായി ഒരു ചായക്കടയില്‍ കയറി.വെയിലേറ്റ് കരുവാളിച്ച മുഖം കഴുകിയ ശേഷം അവര്‍ ഒരു ചായയും ബോണ്ടയും കഴിച്ചു.പിന്നെ ബസ്സില്‍ കയറി മടങ്ങി.
തിരികെ എത്തിയതിനു ശേഷം അവര്‍ കുറെനേരം മകളുടെ ശവക്കൂനയുടെ അരികില്‍ നിന്നു.അത് കഴിഞ്ഞു പുരയില്‍ കയറി മകളുടെ ഫോട്ടോ എടുത്തുനോക്കി.നെഞ്ചില്‍,പിന്നെ ശിരസ്സില്‍ വേദനയുടെ ഒരു ചുവന്ന താമരപ്പൂ വിരിയുവാന്‍ തുടങ്ങുന്നു.മേശയില്‍ ഇരുന്ന മകളുടെ പഴയ നോട്ട്ബുക്കുകള്‍ അവര്‍ മറിച്ചുനോക്കി.വെളുത്ത താളുകള്‍ “സങ്കടേ മധുസൂദനം”കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇനി എഴുതാന്‍ താളുകള്‍ അവശേഷിക്കുന്നില്ല.
ദേവകിയമ്മ പുരയിലെ ഏറ്റവും ബലമുള്ള കഴുക്കോലില്‍ കയര്‍ കുടുക്കിട്ടു.പിന്നെ സ്റ്റൂളില്‍ കയറി നിന്നു.
“ചാകാന്‍ തുടങ്ങുവാണോ.?”പുറത്തു നിന്നൊരു ശബ്ദം കേട്ടു ദേവകിയമ്മ ഞെട്ടി.
അത് ആ ഗ്രാനൈറ്റ് കടയിലെ ചെറുപ്പക്കാരനായിരുന്നു.അവന്‍ അകത്തു കയറി വന്നു അവരെ സ്റ്റൂളില്‍ നിന്ന് ഇറക്കി.പിന്നെ കയര്‍ അഴിച്ചു മാറ്റി.
“നേരം സന്ധ്യയായല്ലോ.നിനക്ക് പകല്‍ അളവെടുക്കാന്‍ വന്നാല്‍ പോരാരുന്നോ.?”അവര്‍ ദേഷ്യത്തില്‍ ചോദിച്ചു.
അവര്‍ മുറ്റത്തിറങ്ങി നിന്നു.സന്ധ്യ കഴിഞ്ഞിരിക്കുന്നു.
“ഞാനാ കൊട്ടേഷന്റെ കാര്യംകൂടി അറിയാന്‍ വന്നതാ.സ്ലാബ് പണി മടുത്തു.”അവന്‍ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.
“കൊട്ടേഷനൊക്കെ ഞാന്‍ വേണ്ടെന്നു വച്ചു.”അവര്‍ പറഞ്ഞു.
“ ഒറ്റക്ക് താമസിച്ചാ നിങ്ങള്‍ക്ക് പിന്നേം ഇത് പോലെ കെട്ടിത്തൂങ്ങാന്‍ തോന്നും.”അവന്‍ പറഞ്ഞു.
“അത് നിനക്കെങ്ങിനെ അറിയാം.?”
“ജയിലീന്നിറങ്ങിയിട്ടു കുറച്ചു പ്രാവശ്യം ഞാനും തൂങ്ങാന്‍ നോക്കിയതാ.ധൈര്യം വന്നില്ല.ഒരു കാര്യം ചെയ്യ്‌ .എന്റെ കൂടെ വന്നു താമസിക്ക്.ഒരു അമ്മേനെയൊക്കെ നോക്കാന്‍ എനിക്ക് പറ്റും.”
ദേവകിയമ്മ അതിനു മറുപടി പറഞ്ഞില്ല.അവര്‍ ആകാശത്തേക്ക് നോക്കുകയായിരുന്നു.
ഇന്ന് ചന്ദ്രന്‍ വലുതായിരിക്കുന്നു.വലയില്‍ നിന്ന് രക്ഷപെട്ട ഒരു സ്വര്‍ണ്ണമത്സ്യത്തിന്റെ ജീവന്‍ തുടിക്കുന്ന കണ്ണ്പോലെ അത് മേഘങ്ങള്‍ക്കിടയില്‍ തിളങ്ങി.അതിനരികില്‍ നിന്ന് ഒരു ഒറ്റനക്ഷത്രം അത് വരെ അനാഥരായിരുന്ന തന്റെ അമ്മയെയും ആ ചെറുപ്പക്കാരനെയും നോക്കി പുഞ്ചിരിച്ചു.
(അവസാനിച്ചു)

Anish
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo