പടിപ്പുര കടന്നൊരാൾ ഭാഗം - 2
-------------------------------------------------
രാത്രി ഏറെ വൈകിയിട്ടും തിരിച്ച് വീട്ടിലേക്ക് കയറാൻ തോന്നിയില്ല. ഇരുൾ മൂടിയ ആകാശത്ത് ചന്ദ്രൻ അതിന്റെ പ്രഭാവം പ്രകടമാക്കിക്കൊണ്ടിരുന്നു. നക്ഷത്രങ്ങൾ കുളത്തിലെ ജലപ്പരപ്പിൽ തെന്നിക്കളിക്കും പോലെ ഇളകിയാടി. സുഖശീതളമായ കാറ്റ് എന്നെ തഴുകി കടന്ന് പോയി. പക്ഷെ ഉള്ളിലെ കനൽ ഇതുകൊണ്ടൊന്നും കെട്ടടങ്ങിയില്ല.
-------------------------------------------------
രാത്രി ഏറെ വൈകിയിട്ടും തിരിച്ച് വീട്ടിലേക്ക് കയറാൻ തോന്നിയില്ല. ഇരുൾ മൂടിയ ആകാശത്ത് ചന്ദ്രൻ അതിന്റെ പ്രഭാവം പ്രകടമാക്കിക്കൊണ്ടിരുന്നു. നക്ഷത്രങ്ങൾ കുളത്തിലെ ജലപ്പരപ്പിൽ തെന്നിക്കളിക്കും പോലെ ഇളകിയാടി. സുഖശീതളമായ കാറ്റ് എന്നെ തഴുകി കടന്ന് പോയി. പക്ഷെ ഉള്ളിലെ കനൽ ഇതുകൊണ്ടൊന്നും കെട്ടടങ്ങിയില്ല.
മീരയുടെ വരവ് എന്നെ അത്രക്കും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവൾ വന്നതിനേക്കാൾ അവളുടെ ഭാവമാറ്റം എന്നെ കൂടുതൽ ഭയപ്പെടുത്തി. ഒരു ശല്യവുമില്ലാതെ മടങ്ങിപ്പോകും എന്നവൾ പറഞ്ഞെങ്കിലും അവളുടെ വരവിന് വളരെ പ്രധാനപ്പെട്ട എന്തോ കാരണം ഉള്ളത് പോലെ തോന്നുന്നു. അനാവശ്യമായ ഒരു ഭയം എന്നെ മൂടുന്നത് ഞാനറിഞ്ഞു.
ഞാൻ പ്രണയിച്ചിരുന്ന പെൺകുട്ടിയാണ് തേടി വന്നിരിക്കുന്നത് എന്ന് തറവാട്ടിൽ അറിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നുറപ്പാണ്. അതിന് ശക്തമായ കാരണവും ഉണ്ട്.
അച്ഛൻ മരിച്ചതിൽ പിന്നെയാണ് അമ്മയുമായി അമ്മയുടെ തറവാട്ടിൽ താമസമാക്കിയത്. അതുകൊണ്ട് തന്നെ അമ്മ അവരുടെ വാക്കിന് മുകളിൽ ഒരു അഭിപ്രായവും പറയില്ല. അതറിഞ്ഞിട്ടും അന്ന് മീരയെ ഇഷ്ടപ്പെട്ടത് അവളുടെ സൗമ്യമായ പെരുമാറ്റവും ശാലീനതയും ഒതുക്കവും ഒക്കെ തന്നെയാണ്.
പക്ഷെ ഇപ്പോൾ വന്നിരിക്കുന്നത് അങ്ങനെ ഉള്ള ഒരാളെ അല്ല. വളരെ ബോൾഡ് ആയിട്ടാണ് അവൾ സംസാരിക്കുന്നത്. വല്ലാത്തൊരു ദൃഢനിശ്ചയം ഓരോ വാക്കുകളിലും പ്രകടമാണ്. എന്തായാലും അവൾ വന്നിരിക്കുന്നത് വെറുതെയല്ല. ഗൂഢമായ ഉദ്ദേശ്യം അവൾക്കുണ്ട്. അത് നല്ലതിനോ ചീത്തക്കോ എന്ന് മാത്രം നിശ്ചയമില്ല.
******
******
ദിവസങ്ങൾ കടന്ന് പോയി. മീര വളരെ പെട്ടെന്ന് എല്ലാവരുമായി അടുത്തു. അവളുടെ പെരുമാറ്റം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. എന്തോ വലിയ അത്യാവശ്യത്തിന് വന്ന അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയത് മാത്രം കണ്ടില്ല. സദാ സമയം അവൾ തറവാട്ടിൽ കഴിച്ച് കൂട്ടി. അവളുടെ ആഗമനോദ്ദേശ്യം മനസ്സിലാകാതെ ഞാൻ കുഴങ്ങി. കൂടുതൽ സംസാരത്തിന് പോകാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചു. അവളും ഇങ്ങോട്ടൊന്നും സംസാരിക്കാൻ വന്നില്ല.
******
******
"ഏയ്... കിഷോർ..."
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഞാൻ പിൻവിളി കേട്ട് ഒന്ന് നിന്നു. തിരിഞ്ഞ് നോക്കാതെ തന്നെ അവളാണ് വിളിച്ചതെന്ന് വ്യക്തം. കിഷോർ എന്ന് വിളിക്കാൻ ഈ തറവാട്ടിൽ വേറെ ആരും ഇല്ലല്ലോ...
"പുറത്തേക്കാണെങ്കിൽ ഞാനും ഉണ്ട്."
"എന്തിന്?"
അവളോടുള്ള നീരസം അത്രയും പ്രകടമാക്കിക്കൊണ്ട് ചോദിച്ചു. അത് മനസ്സിലായിട്ടും അവൾ ചിരിയോടെ മറുപടി പറഞ്ഞു.
"ചുമ്മാ... നടക്കാൻ.."
"നീ ഒറ്റക്ക് നടന്നാൽ മതി."
"അങ്ങനെ പറയല്ലേ... നമ്മൾ ഫ്രണ്ട്സല്ലേ... എന്നെ ഈ നാട്ടിലൊക്കെ ചുറ്റികാണിക്കേണ്ടത് കിഷോറല്ലേ..."
"നിന്നേം കൊണ്ട് കറങ്ങി നടന്നാൽ എനിക്ക് വരുന്ന ചീത്തപ്പേരിന് നീ സമാധാനം പറയുമോ?"
"ചീത്തപ്പേരോ? അതെന്തിന്?"
"ഇത് ബാംഗ്ലൂർ അല്ല. നാട്ടിൻപുറം ആണ്. ഇവിടെ അത്ര സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയില്ല. നിനക്ക് ഈ നാട് കാണണം എന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ സൗമ്യയെ കൂട്ടി പൊയ്ക്കോ..."
അവളുടെ മുഖത്ത് തെല്ല് നിരാശ പടർന്നു. നാട് കാണുന്നതിനേക്കാൾ എന്റെ കൂടെ വരുന്നതാണ് അവൾക്ക് സന്തോഷം എന്ന് തോന്നി. ഉള്ളുകൊണ്ട് ഞാൻ സന്തോഷിച്ചു. പക്ഷെ ഒന്നും പ്രകടമാക്കിയില്ല.
"എന്താ രണ്ട് പേരും കൂടി...?"
ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒരേ സമയം നോക്കി. ചിരിച്ചുകൊണ്ട് വല്യമ്മാവൻ ഞങ്ങൾക്ക് നേരെ വന്നു.
"പുറത്തേക്ക് പോവാണോ...?"
"ഹ്മ്..."
ഒന്ന് മൂളിയതല്ലാതെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത് ആ നേരം സന്തോഷത്തിന്റെ പ്രകാശം വിരിയുന്നത് എനിക്ക് കാണാമായിരുന്നു. അതവളുടെ സൗന്ദര്യത്തിന് പലമടങ്ങ് മാറ്റ് കൂട്ടി.
"നന്നായി. അധികം വൈകാതെ മടങ്ങി വരണം ട്ടോ..."
"ഇല്ല വൈകില്ല."
"ശരി പോയിട്ട് വാ..."
അമ്മാവന്റെ അനുവാദം കിട്ടിയതോടെ ധൈര്യത്തോടെ ഞാൻ നടന്നു. എനിക്ക് പുറകെ അവളും. പടിപ്പുര കടന്നപ്പോൾ ഞാൻ അവളെ തിരിഞ്ഞ് നോക്കി. പതിവില്ലാത്ത ഗൗരവം ആ മുഖത്ത് പ്രകടമായിരുന്നു. എന്തോ ഗഹനമായി ചിന്തിക്കും പോലെ അവൾ മുഖം കുനിച്ച് എനിക്കൊപ്പം നടന്നു.
"മീരാ.."
ഗൗരവം വിടാതെ ഞാൻ വിളിച്ചു. അവൾ മെല്ലെ മുഖമുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു ദൈന്യ ഭാവം ആയിരുന്നു അപ്പോഴുണ്ടായിരുന്നു. അതെന്നെ അല്പമൊന്ന് നോവിച്ചു. ആ കണ്ണുകൾ ഈറനണിയുന്നത് ഞാനറിഞ്ഞു. അവൾ മെല്ലെ മുഖം എനിക്കെതിരെ തിരിച്ചു. എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും എനിക്ക് മുന്നേ അവൾ പറഞ്ഞു തുടങ്ങി.
"എനിക്ക് കിഷോറിനോട് അല്പം സംസാരിക്കാനുണ്ടായിരുന്നു. അതിനാണ് ഞാൻ കൂടെ ഇറങ്ങിയത്."
എന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. എന്തോ ഗൗരവമുള്ള വിഷയമാണ് സംസാരിക്കാൻ ഉള്ളതെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നും മിണ്ടാതെ അവൾക്ക് സംസാരിക്കാൻ വേദിയൊരുക്കി.
"കിഷോറിന് എന്നോട് ദേഷ്യമാണ് എന്നെനിക്കറിയാം. ഇഷ്ടമാണെന്നു പറഞ്ഞ് വന്നപ്പോൾ ആ സ്നേഹം നിരസിച്ചിട്ട് ഇപ്പോൾ തേടി വന്നിരിക്കുന്നത് ഗൂഢ ഉദ്ദേശ്യത്തോടു കൂടിയാണെന്ന് തോന്നുണ്ടാകും. അല്ലെ...?"
മറുപടി പറഞ്ഞ് അവളുടെ വാക്കുകളെ തടസ്സപ്പെടുത്താതെ ഞാൻ മൗനമായി നിന്നു.
"അങ്ങനൊരു ഉദ്ദേശ്യം എനിക്കില്ല കിഷോർ. ഞാൻ വന്നത് മറ്റൊരു ലക്ഷ്യത്തിനാണ്. കുറച്ച് കഴിയുമ്പോൾ വന്നതുപോലെ ഞാൻ മടങ്ങിപ്പോകും. അതിനിടയിൽ കിഷോറിനെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല."
"നീ എന്തിനാണ് വന്നത്?"
വരണ്ട ഒരു ചിരി അവൾ മറുപടിയായി നൽകി. ഞാൻ അവൾ മനസ്സ് തുറക്കുന്നതും കാത്ത് നിന്നു.
"എന്റെ ലക്ഷ്യം എന്താണെന്ന് ഇപ്പോൾ എനിക്ക് ആരോടും പറയാൻ കഴിയില്ല."
"അതെന്താ..?"
"അതങ്ങനെ ആണ് കിഷോർ.. ഒരായിരം ചോദ്യങ്ങൾ തനിക്കിപ്പോ എന്നോട് ചോദിക്കാനുണ്ടാകും. അത് തന്റെ അവകാശവുമാണ്. പക്ഷെ ഒന്നിനും ഇപ്പോൾ മറുപടിയില്ലെനിക്ക്. എല്ലാം ഞാൻ പറയാം. എനിക്ക് അല്പം കൂടി സമയം തരണം. അത് വരെ എന്നോടൊന്നും ചോദിക്കരുത്. എന്നെ ഇറക്കിവിടാൻ ശ്രമിക്കരുത്. എന്നോട് വിദ്വേഷവും കാണിക്കരുത്."
ഒരു അപേക്ഷ പോലെ ആയിരുന്നു അവളുടെ വാക്കുകൾ. അത് തള്ളിക്കളയാൻ എനിക്ക് തോന്നിയില്ല. ഓരോ തവണയും അവളോട് തോന്നുന്ന അനുകമ്പയോടെ അർത്ഥം എനിക്ക് പിടി കിട്ടിയില്ല. എങ്കിലും ഒന്ന് മാത്രം മനസ്സിലായി. എന്റെ മനസ്സ് ഇപ്പോഴും അവളെ ആഗ്രഹിക്കുന്നുണ്ട്.
"എന്നോട് ഇപ്പോഴും ദേഷ്യമാണോ കിഷോറിന്? ഞാൻ പോകണമെന്ന് തന്നെയാണോ കിഷോർ ഇപ്പോഴും ആഗ്രഹിക്കുന്നത്?"
"മീരാ.. ഞാൻ.."
"ആണെങ്കിൽ തുറന്നു പറഞ്ഞോളൂ... ഇനിയും കിഷോറിനെ വിഷമിപ്പിക്കണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നെ കാണുന്നത് അലോസരമായി തോന്നുന്നുവെങ്കിൽ ഇന്ന് തന്നെ ഞാൻ..."
"വേണ്ട..."
ധൃതിയിൽ ഞാൻ മറുപടി പറഞ്ഞു. അവൾ എന്നെ വിട്ടു പോകുമോ എന്ന ഭയമാണോ എന്നെക്കൊണ്ട് അങ്ങനെ പറയിച്ചതെന്നു എനിക്ക് നിശ്ചയമുണ്ടായില്ല.
"തന്റെ വിഷമവും ബുദ്ധിമുട്ടും ഒക്കെ എനിക്ക് മനസ്സിലാവും. ഒന്നും വേണമെന്ന് കരുതിയതല്ല. പക്ഷെ എനിക്ക് മറ്റു മാർഗ്ഗങ്ങളൊന്നും തോന്നിയില്ല. ഒന്ന് ഞാൻ പറയാം. ഞാൻ തേടി വന്നത് കിഷോറിനെയല്ല. എന്റെ ലക്ഷ്യത്തിലേക്ക് കിഷോർ അല്ലാതെ മറ്റു വഴികളും ഇല്ല."
വിസ്മയത്തോടെ ഞാൻ അവളെ നോക്കി. മീര പറഞ്ഞതിന്റെ അർത്ഥം ഒട്ടും എനിക്ക് മനസ്സിലായില്ല. എന്തൊക്കെയോ അവളുടെ ഉള്ളിൽ പുകയുന്നുണ്ട്. സംശയത്തിന്റെ കനലുകൾ എന്നിലേക്ക് പടർന്നത് ഞാൻ അറിഞ്ഞു. അവളെ ഉറ്റുനോക്കി നിന്നതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
വെയിൽ മെല്ലെ ചാഞ്ഞു തുടങ്ങിയിരുന്നു. സൂര്യന്റെ സ്വർണ നിറമാർന്ന കിരണങ്ങൾ ഭൂമിയുടെ അഴക് കൂട്ടി. മരങ്ങൾക്കിടയിലൂടെ ഒഴുകി വന്നു ഞങ്ങൾക്ക് ചുറ്റും വലം വച്ച കാറ്റിനു ഉള്ളിലെ അഗ്നിയോളം ചൂടുണ്ടായിരുന്നു.
"നീ എന്താണ് ഈ പറയുന്നത് മീരാ.. എനിക്കൊന്നും മനസ്സിലാവുന്നില്ല."
"അറിയാം കിഷോർ. ഞാൻ പറഞ്ഞല്ലോ. എല്ലാം ഞാൻ പറയാം. അല്പം കൂടി കഴിഞ്ഞോട്ടെ, അത് വരെ എന്നോടൊന്നും ചോദിക്കരുത്. മാത്രവുമല്ല ഒരു നല്ല കൂട്ടുകാരിയായി എന്നെ കാണുകയും വേണം."
അവൾ പുഞ്ചിരിയോടെ എന്നെ നോക്കി. പക്ഷെ ആ ചിരിക്ക് മുൻപത്തെ അത്ര തെളിച്ചമുണ്ടായിരുന്നില്ല. വിഷാദം നിറഞ്ഞ, പ്രതീക്ഷയോടെയുള്ള ആ നോട്ടം കണ്ടപ്പോൾ എനിക്ക് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാനും ചിരിച്ചു. എന്റെ ആ ചിരിയിൽ അവളുടെ കണ്ണുകളിൽ ആശ്വാസവും സന്തോഷവും നിറയുന്നത് ഞാൻ കണ്ടു.
"ഇനി ഞാൻ തിരിച്ച് പൊയ്ക്കോട്ടേ?"
"എന്ത് പറ്റി?"
"ഒന്നുല്യാ... കിഷോറിനോട് സംസാരിക്കാൻ വേണ്ടി മാത്രമാണ് ഇറങ്ങിയത്."
"അപ്പൊ ഇവിടെ ഒന്നും കാണണ്ടേ..?"
ആ സന്ദർഭത്തിലെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തിക്കൊണ്ട് ഞാൻ ചിരിയോടെ ചോദിച്ചു. അതിൽ അവൾക്കും ആശ്വാസമുണ്ടായി എന്ന് അവളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.
"ഞാൻ കൂടെ വന്നാൽ ബുദ്ധിമുട്ടല്ലേ..."
"അതൊക്കെ ആണ്. എന്നാലും സാരമില്ല. ഇറങ്ങിയതല്ലേ... ഇനി ഇവിടെയൊക്കെ ഒന്ന് കണ്ടിട്ട് പോകാം."
അവൾ മടിയൊന്നും കൂടാതെ എനിക്കൊപ്പം നടന്നു. ആ സമയത്ത് എനിക്ക് അവളെ ചേർത്ത് പിടിക്കാൻ തോന്നി. ആരോരുമില്ലാത്ത പെണ്ണിനെ എന്റേതാക്കാൻ വല്ലാതെ മോഹിച്ചു. അതൊരു നടക്കാത്ത സ്വപ്നമാണെന്ന തിരിച്ചറിവ് എനിക്ക് അടുത്ത നിമിഷം ഉണ്ടായി.
ഉള്ളിലെ ആശകളും പ്രതീക്ഷകളും സംശയങ്ങളും ഒന്നും പുറത്ത് കാണിക്കാതെ ആ നാട്ടു വഴിയിലൂടെ ഞങ്ങൾ മെല്ലെ നടന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക