Slider

ഓർമ്മയിലെ ഗന്ധരാജൻ പൂക്കൾ

0
ഓർമ്മയിലെ ഗന്ധരാജൻ പൂക്കൾ
============================
ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നു കണ്ണുതുറക്കും നേരം എന്നത്തേയും പോലെ സൂര്യനുദിച്ചു കഴിയരുതെ എന്നായിരുന്നു അന്നെന്റെ പ്രാർത്ഥന. വലിച്ചു തുറന്ന കണ്ണുകളിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചം അരിച്ചുകയറി. ഞങ്ങടെ ഒറ്റമുറി വീടിനോടു ചേർന്ന ഓലകൊണ്ടുള്ള അടുക്കളച്ചായ്പ്പിൽ അമ്മ ചോറിനു വെള്ളം വെച്ചു കഴിഞ്ഞിരുന്നു. അച്ഛനും അനിയത്തിയും എന്റെ അരികെ കട്ടിലിൽ നല്ല ഉറക്കത്തിലാണ്. ഞാൻ മെല്ലെ കട്ടിലിൽ നിന്നും ഊർന്നിറങ്ങി, അമ്മ നിലത്തു മടക്കിവെച്ച തഴപ്പായയും കടന്ന് ചായ്പ്പിലേക്കിറങ്ങി.
"ഇന്നെന്താ ഹരിക്കുട്ടാ ഇത്ര നേരത്തേ?" നിലത്തിരുന്നു തേങ്ങാ ചിരവുകയായിരുന്ന അമ്മ അത്ഭുതത്തോടെ ചോദിച്ചു.
വേനലവധിക്ക് സ്കൂൾ അടച്ചതിൽപിന്നെ ഇത്ര നേരത്തേ ഇതാദ്യമായാണ് എഴുന്നേറ്റത്.
"തെക്കേവീട്ടില് മാങ്ങ പെറുക്കാൻ പോവാ അമ്മേ..."
ചായ്പ്പിൽനിന്നും പുറത്തേക്കുള്ള വാതിൽ തുറന്നു ഞാൻ പറഞ്ഞു.
"കുറേക്കൂടി പുലർന്നിട്ടു പോവാം കുട്ടാ" എന്ന അമ്മയുടെ വാക്കുകൾ കേൾക്കാതെ ഞാൻ മുറ്റത്തേക്കിറങ്ങി. ഇനിയും പുലരാൻ നിന്നാൽ ഇന്നലെ രാത്രി തകർത്തു പെയ്ത കാറ്റിലും മഴയിലും വീണ മാമ്പഴങ്ങൾ മുഴുവൻ ആ മാത്തുക്കുട്ടി പെറുക്കികൊണ്ട് പോവും. മാങ്ങാ പെറുക്കാൻ ഞങ്ങൾ കുട്ടികൾക്കിടയിൽ ഒരു മത്സരം തന്നെ ഉണ്ട്.
മഴ നനഞ്ഞു കുതിർന്നു കിടക്കുന്ന മണ്ണിലൂടെ കൊച്ചടികൾ വെച്ച് ഞാൻ നടന്നു. രാത്രി വീശിയ കൊടുങ്കാറ്റിന്റെ ബാക്കിയെന്നപോലെ ഒരു നനുത്ത കാറ്റ് വീശുന്നുണ്ട്. മഴ എപ്പോഴോ തോർന്നെങ്കിലും മരങ്ങളും ചെടികളും ഇപ്പോഴും തുള്ളികൾ ഇറ്റിച്ചുകൊണ്ടിരിക്കുന്നു. തണുത്ത കാറ്റ് ശരീരത്തിൽ തഴുകിയപ്പോൾ എന്റെ ഓരോ രോമങ്ങളും നിവർന്നു ശരീരത്താകെ കുരുക്കൾ പോലെ തോന്നി. കൈകൊണ്ട് അമർത്തിതടവിയപ്പോൾ അവ അപ്രത്യക്ഷമായി. വീണ്ടും കാറ്റേൽക്കുമ്പോൾ അവ പ്രത്യക്ഷപ്പെട്ടു. ഞാനവയെ മായ്ക്കുന്നതിൽ വ്യാപൃഥനായി തെക്കേവീട് ലക്ഷ്യമാക്കി നടന്നു.
ഞങ്ങടെ പറമ്പിനും തെക്കേവീട്ടിന്റെ പറമ്പിനും അതിരിട്ട് നിൽക്കുന്ന ഗന്ധരാജൻ ചെടികളുടെ അടുത്തെത്തിയപ്പോൾ ഞാൻ ഒന്നു നിന്നു. വലിയ പനിനീർപ്പുഷ്പങ്ങൾ പോലെയുള്ള വെളുത്ത പൂവുകൾ സുഗന്ധം പരത്തി നിൽക്കുന്നു. ചെടിയുടെ താഴെ മണ്ണിൽ പുതഞ്ഞുകിടക്കുന്ന മഞ്ഞയും ചാരയും നിറത്തിൽ വാടിത്തുടങ്ങിയതും വാടിക്കരിഞ്ഞതുമായ പൂക്കൾ. ഒരു നിമിഷം കണ്ണടച്ചു ഞാനെന്റെ മൂക്ക്‌ വിടർത്തി ആഞ്ഞു ശ്വാസമെടുത്തു. ആ സുഗന്ധം എന്നിലൊരു പുതു ഉണർവ്വേകി. ഇനിയങ്ങോട്ട് ഈ സുഗന്ധമാണ്. കാരണം തേക്കേവീടിന്റെ അതിർത്തികളിൽ മുഴുവൻ വേലിക്കെട്ടുകൾക്ക് പകരം ഗന്ധരാജൻ ചെടികളാണ്.
തേക്കേവീടിന്റെ തെക്കുകിഴക്കേ മൂലയിലാണ് ഞങ്ങൾക്ക് മാമ്പഴങ്ങൾ കൊണ്ട് വിരുന്നൂട്ടുന്ന കൂറ്റൻ നാട്ടുമാവ് ഉള്ളത്. ചുവട്ടിൽ ഒരു ചെറു കടി കടിച്ചു ഇടുന്ന ഓട്ടയിലൂടെ മാമ്പഴച്ചാറു ഈമ്പി കുടിക്കാൻ എന്ത് രുചിയാണെന്നോ. ഞാൻ വേഗം മാവിൻചുവട്ടിലേക്ക് നടന്നു. അരണ്ട വെളിച്ചത്തിൽ ഞാൻ അവിടെ മുഴുവൻ തിരഞ്ഞെങ്കിലും എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി മൂന്നുനാലു മാമ്പഴങ്ങളെ കിട്ടിയൊള്ളൂ. നിരാശനായി ഞാൻ മാവിൻചുവട്ടിൽ കുത്തിയിരുന്നു. ഇത്ര നേരത്തെ ഇത് ആരു വന്നു കൊണ്ട് പോയി.. മാത്തുക്കുട്ടി എന്തായാലും ഇത്ര നേരത്തെ എണീൽക്കില്ല. ആലോചിച്ചു ഇരുന്നപ്പോൾ കൊലുസ്സിന്റെ കിലുക്കം കേട്ടു. ദേവൂ ആവും. എന്റെ പ്രതീക്ഷ തെറ്റിയില്ല. ഗന്ധരാജൻ ചെടികൾക്കിടയിലെ വിടവിൽക്കൂടി അവൾ പറമ്പിലേക്ക് കയറി. ചുറ്റിനും തിരഞ്ഞു മാങ്ങാ ഒന്നും കിട്ടാതെ വിഷമിച്ചു വന്നപ്പോഴാണ് മാഞ്ചുവട്ടിലിരിക്കുന്ന എന്നെ കണ്ടത്. ഞാൻ ആകെയുണ്ടായിരുന്ന നാല് മാമ്പഴത്തിൽ നിന്നും രണ്ടെണ്ണം അവൾക്കു കൊടുത്തു. അവൾ അതും വാങ്ങി എന്റെ അടുക്കലിരുന്നു.
"രാത്രി കാറ്റൊതുങ്ങിയപ്പോൾ തെക്കേവീട്ടിലെ അമ്മാമ്മയും അപ്പാപ്പനും വന്നു മാങ്ങാ പെറുക്കിയെന്നു തോന്നുന്നു. ഞാൻ രാത്രി സംസാരം കേട്ടിരുന്നു..." ദേവു വിഷണ്ണയായി പറഞ്ഞു.
"പണ്ടാരങ്ങൾ.. ഈ വയസ്സാംകാലത്ത് ഈ മാമ്പഴങ്ങൾ എല്ലാം കൂടെ ഇവർക്കെന്തിനാ..."ഞാൻ തെല്ലു ദേഷ്യത്തോടെ പറഞ്ഞു.
പ്രായമായ ഒരു അപ്പാപ്പനും അമ്മാമ്മയും ആണ് തെക്കേവീട്ടിലെ താമസക്കാർ.. രണ്ടു പെണ്മക്കൾ ഉണ്ടായിരുന്നത് കല്യാണം കഴിഞ്ഞു ഭർത്താക്കന്മാരുടെ വീട്ടിലാണ്. ഇങ്ങോട്ട് വർഷത്തിലൊരിക്കൽ ക്രിസ്തുമസ്സിനേ വരൂ. ആ വലിയ പറമ്പിലെ ഇടത്തരം വലുപ്പമുള്ള വീട്ടിൽ ആ പ്രായമായവർ ഒറ്റക്കാണ്. സ്വന്തം മക്കളൊന്നും വീട്ടിൽ ഇല്ലാത്തത് കൊണ്ട് ആ വലിയ പറമ്പ് മൊത്തം ഞങ്ങൾ കുട്ടികൾക്ക് കളിക്കാൻ വിട്ടു തന്നിരിക്കുകയാണ്. തേക്കേവീടിന്റെ മുൻപിൽ നാട്ടുവഴിയാണ്. തെക്കേ വശത്തു ദേവുവിന്റെയും മാത്തുക്കുട്ടിയുടെയും വീടുകൾ. വടക്കു വശത്ത് എന്റെ വീട്. പിൻഭാഗത്തു വിശാലമായ പാടവും. പറമ്പിന്റെ പലഭാഗത്തായി പലവിധ മരങ്ങൾ. ഞങ്ങളുടെ എല്ലാവിധ നാട്ടുകളികൾക്കും പറ്റിയ സ്ഥലം.
ദേവു ഒന്നും മിണ്ടാതെ സൂര്യൻ ഉദിച്ചുയരുന്നതും കാത്തിരിപ്പാണ്. കിഴക്ക് ചുവപ്പു കലർന്നൊരു പ്രകാശം പടർന്നുതുടങ്ങിയിട്ടുണ്ട്. ഞാൻ അവളുടെ കൊലുസ്സിന്റെ മണികളിൽ ചൂണ്ടുവിരൽകൊണ്ടു തട്ടി ശബ്‌ദം ഉണ്ടാക്കിക്കൊണ്ടേയിരുന്നു. ദേവു എന്റെ കളിക്കൂട്ടുകാരിയാണ്. ഗ്രാമത്തിലെ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഞങ്ങൾ ഒരേ തരത്തിലുമാണ് പഠിക്കുന്നത്‌. ഇതിലെല്ലാമുപരി ദേവൂന്റെ അമ്മയും അച്ഛനും എന്നെ മരുമോനെ എന്നു മാത്രമേ വിളിക്കാറൊള്ളൂ. വലുതാവുമ്പോൾ ദേവൂനെ എന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കും എന്നു പറയുമ്പോൾ എന്റെ അമ്മയും അച്ഛനും ചിരിച്ചുകൊണ്ട് തലകുലുക്കാറുണ്ട്. അത് കേൾക്കുമ്പോൾ ഞങ്ങൾക്ക് നാണം വരും. ദേവൂന്റെ കയ്യും പിടിച്ചുകൊണ്ട് ഞാൻ കൂട്ടുകാരുടെ അടുത്തേക്ക് ഓടും. ഓടുമ്പോൾ പിന്നിൽ നിന്നും പൊട്ടിച്ചിരികൾ കേൾക്കാം.
"പോവാം ഹരിക്കുട്ടാ.... മാമ്പഴങ്ങളൊന്നും മറഞ്ഞു കിടക്കുന്നില്ല.." ദേവൂന്റെ ശബ്‌ദം കേട്ട് ഞാൻ ചുറ്റിനും നോക്കി. ശരിയാണ്... ഒന്നും കാണാൻ ഇല്ല. തേക്കേവീടിന്റെ പറമ്പിലേക്ക് കയറാനും ഇറങ്ങാനും ഞങ്ങൾ കുട്ടികൾ ഗന്ധരാജൻ ചെടികൾക്കിടയിൽ പലയിടത്തായി ഉണ്ടാക്കിയ വിടവുകളിലൂടെ നൂണ്ടിറങ്ങി ഞങ്ങൾ അവരവരുടെ വീടുകളിലേക്ക് പോയി.
*********************************
"തൊണ്ണൂറ്റിയെട്ടു..... തൊണ്ണൂറ്റിയൊമ്പത്.... നൂറ്.... ഒളിക്കാനുള്ളവരൊക്കെ ഒളിച്ചോ.... ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റേ......." എന്നു ഉറക്കെ വിളിച്ചുകൂവിക്കൊണ്ടു ഞാൻ തെക്കേവീട്ടിലെ കൂറ്റൻ മാവിൻതടിമേൽ നിന്നും മുഖം തിരിച്ചു. ഇന്ന് "അക്കോ പിക്കോ വെക്കം പൊക്കോ..." എണ്ണി വന്നപ്പോൾ ഒറ്റയായത് ഞാനാണ്. ഇനി ഒളിച്ചിരിക്കുന്ന ഒമ്പതെണ്ണത്തെ കണ്ടു പിടിക്കണം.
തപ്പിച്ചെന്നപ്പോൾ ആദ്യം ദേണ്ട് തെങ്ങിന്റെ പിന്നിൽ ചാരി നിൽക്കുന്നു ദേവൂ... ഞാൻ കണ്ടെന്നു മനസിലായപ്പോൾ അവളുടെ മുഖത്തു ഒരു സങ്കടം തെളിഞ്ഞു. അവളെ ആദ്യം സാറ്റ് വെക്കാൻ എനിക്ക് തോന്നിയില്ല. കാണാത്ത പോലെ തിരിഞ്ഞു നടക്കുമ്പോഴുണ്ട് പടർന്നു നിൽക്കുന്ന ചെത്തിയുടെ താഴേ ചില്ലകൾ അനങ്ങുന്നു.. സൂക്ഷിച്ചു നോക്കി.. അഖിലും മാത്തുക്കുട്ടിയും ഒളിച്ചിരിക്കുന്നു. ആദ്യം അഖിലിനെ കണ്ടെങ്കിലും ഞാൻ മാത്തുക്കുട്ടിയുടെ പേരാണ് ആദ്യം വിളിച്ചു പറഞ്ഞത്. മാമ്പഴത്തിന്റെ പേരിൽ അവനുമായി ഞാൻ ഇടക്ക് അടികൂടാറുണ്ട്. ശേഷം ഞാൻ ദേവൂന്റെ പേര് വിളിച്ചു. അവർ മൂവരും അതിരിലെ ഗന്ധരാജൻ ചെടികളുടെ ചാരെ തണൽ പറ്റി ബാക്കിയുള്ളവരെ കണ്ടുപിടിക്കുന്നതിനായി കാത്തിരുന്നു.
സുമേഷേട്ടൻ, വിനീതേട്ടൻ, ശാലിനി ചേച്ചി, അമ്മു.... ഒരു വിധം ഞാൻ അവരെക്കൊണ്ട് സാറ്റ് വെപ്പിക്കാതെ കണ്ടെത്തി. ഇനി പ്രവീണിനെ കൂടി കണ്ടെത്തണം. മാത്തുക്കുട്ടിയുടെ അവസാന പ്രതീക്ഷയാണ് പ്രവീൺ. ഇല്ലെങ്കിൽ അവൻ എണ്ണണം. ഞാൻ തപ്പി ചെല്ലുമ്പോഴുണ്ട് കിണറിന്റെ ആൾമറക്കു പിന്നിൽ പതുങ്ങി നിൽക്കുന്നു അവൻ. ഒരു സാഹസമായ ഓട്ടപ്പാച്ചിലിലൂടെ അവനു മുൻപ് ഞാൻ മാവിൻചുവട്ടിലെത്തി മാവിൽ കൈ ചേർത്തുകൊണ്ടു വിളിച്ചു പറഞ്ഞു "സാറ്റേ....."
മാത്തുക്കുട്ടി വിഷണ്ണനായി മാവിൽ മുഖം പൊത്തി എണ്ണാൻ തുടങ്ങി.. "ഒന്ന്...രണ്ട്... മൂന്ന്...."
ഞാൻ ദേവൂന്റെ കയ്യും പിടിച്ച് പറമ്പിന്റെ പിന്നിലേക്ക് ഓടി. അവിടെ ഒരു കുടംപുളി മരം ഉണ്ട്. ഇരു വശത്തേക്കും നീണ്ട ചില്ലകൾ ഉള്ള അതിൽ ചവിട്ടി കയറാൻ എളുപ്പമാണ്. താഴത്തെ രണ്ട് ശിഖരങ്ങൾ വെട്ടികളഞ്ഞതുകൊണ്ട് ഒന്ന് എത്തിച്ചാടിയാലെ ഇപ്പോഴത്തെ ആദ്യ ശിഖരത്തിൽ പിടുത്തം കിട്ടൂ. ഞാൻ ചാടിക്കയറി... എന്നിട്ടു ദേവുവിനേയും പിടിച്ചു കയറ്റി. അവിടെ ഇരുന്നതുകൊണ്ടു ഞങ്ങളെ ആദ്യം കണ്ടുപിടിക്കാൻ പറ്റിയില്ല. പക്ഷേ ദേവൂനെ മരത്തിൽ നിന്നിറക്കാനുള്ള ബുദ്ധിമുട്ട് മൂലം സാറ്റടിക്കാനും പറ്റിയില്ല. ദേവൂനെ പിടിച്ചിറക്കുന്ന സമയം മാത്തുക്കുട്ടി കണ്ടു... ആരോ സാറ്റ് വെച്ചതുമൂലം അവൻ വീണ്ടും എണ്ണാൻ തുടങ്ങിയപ്പോൾ വിളി വന്നു..."ഉണ്ണാൻ വാടാ...."
ആ വിളിക്കു ശേഷം നിന്നാൽ വഴക്കു കിട്ടും. അതോടെ കളി ഉച്ചക്കത്തേക്ക് പിരിഞ്ഞു.
*****************************
ഊണിനു ശേഷം കളിക്കാൻ ഇറങ്ങിയപ്പോഴാണ് തെക്കേവീട്ടിലെ അമ്മാമ്മ വീട്ടിലേക്ക് വന്നത്. എന്റെ അമ്മയുമായി വലിയ കൂട്ടാണ്.
"ഇന്നാടാ ഹരി..." എന്നു പറഞ്ഞു എന്റെ നേർക്കു നീട്ടിയ പ്ലാസ്റ്റിക് കൂടിൽ മാമ്പഴങ്ങൾ കണ്ടപ്പോൾ രാവിലെ അവരെക്കുറിച്ചു ചീത്ത പറഞ്ഞതിൽ എനിക്ക് വിഷമം തോന്നി. ഒരു മാമ്പഴം കടിച്ചുകൊണ്ടു ഞാൻ വാതിൽപ്പടിയിൽ ഇരുന്നു അമ്മയുടെയും അമ്മാമ്മയുടെയും സംഭാഷണം ശ്രദ്ധിച്ചു.
"എന്തായി സുധേ സ്ഥലം നോക്കാൻ പോയിട്ട്..." അമ്മാമ്മ തുടക്കമിട്ടു.
"ഒരു വീടും സ്ഥലവും കൂടി ഒത്തുവന്നിട്ടുണ്ട്. വീട് ചെറുതാണ്. പിന്നെ എപ്പോഴെങ്കിലും ഒന്നൂടെ പൊളിച്ചു വെക്കണം. എങ്കിലും ഈ ഒറ്റമുറി വീട്ടിൽ കിടന്നു കഷ്ട്ടപ്പെടണ്ടല്ലോ. അല്ലേലും തറവാട്ടിൽ നിന്നും അവകാശം പറഞ്ഞു പണ്ടേ ഞങ്ങളെ ഈ ഒറ്റമുറിയിലേക്ക് കുടിയിറക്കിയതല്ലേ... ഇവിടെ നിന്നിട്ടെന്തിനാ..." അമ്മ വല്യച്ഛനോടുള്ള ദേഷ്യം കടിച്ചമർത്തി പറഞ്ഞു.
"അപ്പോൾ അടുത്ത വർഷം നിങ്ങൾ ഇവിടെ കാണില്ല അല്ലേ... ആ.... പോയി രക്ഷപ്പെടു.. പിള്ളേർ വളർന്നു വരുവല്ലേ....." 'അമ്മാമ്മ നെടുവീർപ്പിട്ടു.
വേറൊരു നാട്ടിലേക്ക് പോവുക എന്നു കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. ദേവൂനെയും കൂട്ടുകാരെയും പിരിയുന്ന കാര്യം ഓർക്കാൻ വയ്യ. ഞാൻ കയ്യിലിരുന്ന മാങ്ങാണ്ടി മുറ്റത്തേക്കെറിഞ്ഞിട്ടു തെക്കേപറമ്പിലേക്കു നടന്നു. അവിടെ അവരുടെ കുട്ടീം കോലും കളി പകുതി ആയിരുന്നു. ദേവൂന് കമ്പ് പറന്നു വരുന്നത് പേടിയായതുകൊണ്ടു അവൾ വേലിക്കരികെ മാറി ഇരിപ്പുണ്ട്. ഞാൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു.
"നിര കളിക്കാം ഹരിക്കുട്ടാ..." ദേവു കളം വരച്ചുകൊണ്ടു പറഞ്ഞു. കളിയിൽ ഞാൻ തോറ്റുകൊണ്ടേയിരുന്നു.
കുറേ കഴിഞ്ഞു അവർ കളി നിർത്തി ഞങ്ങളെ വിളിച്ചു. ഇനിയാണ് ഞങ്ങളുടെ വിഖ്യാതമായ വള്ളംകളി. തേക്കേവീടിന്റെ പറമ്പിന്റെ പിന്നിൽ ഗന്ധരാജൻ ചെടികൾക്കിടയിൽ പൂവരശിന്റെ മരങ്ങൾ ഉണ്ട്. പാടത്തിലേക്ക് ചാഞ്ഞുകിടക്കുന്ന അതിന്റെ കൊമ്പിൽ ഞങ്ങൾ കാലുകൾ ഇരുവശത്തുമിട്ടു ഇരിക്കും. ചേട്ടന്മാർ തുഞ്ചത്ത് നിന്നുകൊണ്ടു മുകളിലെ കൊമ്പിൽ പിടിച്ച് ഞങ്ങൾ ഇരിക്കുന്ന ശിഖരം കുലുക്കും. ഞങ്ങൾ ഒടിച്ചെടുത്ത ഇലയോടുകൂടിയ നീണ്ട ഗന്ധരാജൻ കമ്പുകൾ തുഴ പോലെ വായുവിൽ വീശി ആവേശം കൊള്ളും.
ദൂരെ നീണ്ട കേരവൃക്ഷങ്ങൾ അതിരിടുന്ന സ്വർണ്ണ നിറത്തിലെ കൊയ്ത്തു കഴിഞ്ഞ പാടം അസ്തമയ സൂര്യന്റെ അരുണിമ കലർന്ന പ്രകാശത്തിൽ ഏതോ ചിത്രകാരൻ വരച്ച മനോഹരമായ ഒരു ചിത്രം പോലെ തോന്നും. പാടത്തിലൂടെ ദൂരെയെങ്ങോ പാടം പൂട്ടിയ ശേഷം കന്നുകളുമായി വരുന്ന അന്തോണി മാപ്പിളയയേയും മക്കളെയും കാണുമ്പോൾ സുമേഷേട്ടൻ ഉച്ചത്തിൽ വിളിക്കും "സിന്ധു.... ഗംഗേ.... കാവേരി.... കന്നിന്‌ രണ്ടു കൊമ്പുണ്ടേ....." കന്നിനെ വിളിച്ച പേരുകളൊക്കെയും നദികളുടെ പേരാണെന്ന് പിന്നീടാണ് മനസ്സിലായത്. സുമേഷേട്ടൻ വിളിച്ചു ചൊല്ലിക്കഴിഞ്ഞു ഞങ്ങൾ ആർത്തു വിളിക്കും.... "സിന്ധു...ഗംഗേ....കാവേരി.... കന്നിന്‌ രണ്ടു കൊമ്പുണ്ടേ....."
****************************
"സിന്ധു.... ഗംഗേ....കാവേരി......" ഒരു കൂട്ടച്ചിരി കേട്ട് ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ ഹരിതയും മക്കളും എന്നെ നോക്കി ചിരിക്കുവാണ്.
"എന്താ പപ്പാ ഉറക്കത്തിൽ വിളിച്ചു പറഞ്ഞേ....?" ബി.കോമിന് പഠിക്കുന്ന മകൾ ഗീതു ചോദിച്ചു. പ്ലസ് റ്റൂവിൽ പഠിക്കുന്ന മകൻ ഗൗതം ചിരിയടക്കാൻ പാടുപെടുകയായിരുന്നു.
ഗീതുവിന്റെ ചോദ്യം അവഗണിച്ചു ഞാൻ ഡ്രൈവ് ചെയ്യുന്ന ശങ്കരേട്ടനോട് എവിടെത്തിയെന്നു ചോദിച്ചു.
"നമ്മളിപ്പോൾ എ സി റോഡിൽ ആണെടാ.. ഇനി കുറച്ചൂടെ പോയാൽ സ്ഥലം എത്തും. നീ എയർപോർട്ട് തൊട്ടു തുടങ്ങിയ ഉറക്കമല്ലേ..." ശങ്കരേട്ടൻ ചിരിച്ചു.
ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. എങ്കിലും മനസ്സിൽ നിറയെ തെക്കേവീടും ആ പറമ്പുമായിരുന്നു. പണ്ട് പുതിയ വീട് വാങ്ങി പോയതിൽ പിന്നെ അങ്ങോട്ടേക്ക് പോയിരുന്നില്ല. ഇടക്ക് അച്ഛമ്മയുടെ മരണം വന്നപ്പോൾ കുറച്ചു ദിവസം പോയതാണ്. ശേഷം തറവാട് വിറ്റു വല്യച്ഛൻ ടൗണിൽ താമസമാക്കി. ദേവൂനെ കുറിച്ച് എട്ടാം ക്ലാസ് വരെ ഓർക്കുമായിരുന്നു. ശേഷം കോൺവെന്റ് സ്കൂളിൽ സുന്ദരികൾ ദേവൂനെ മറവിയുടെ മാറിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ പിന്നെ ജോലിയും കുടുംബവും ആയി മുംബൈയിൽ സ്ഥിരതാമസമായി. ഈയ്യിടെ ആ പറമ്പും വീടും വിൽക്കാൻ പോവുന്നു എന്നു ശങ്കരേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ മനസ്സിലൊളിച്ചു കിടന്ന മോഹം പുറത്തു ചാടി. എനിക്ക് വാങ്ങാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോൾ തെക്കേവീട്ടിലെ അമ്മാമ്മ പിന്നെ വേറെ കച്ചവടക്കാരെ നോക്കിയില്ല. അപ്പാപ്പൻ ഇടക്കെങ്ങോ മരിച്ചു പോയി. അമ്മാമ്മ തൊണ്ണൂറ്റിയെട്ടിൽ ആണേലും ഓർമ്മയൊക്കെ കൃത്യം.
കുറച്ചു സമയം കഴിഞ്ഞപ്പോൾ വണ്ടി മെയിൻ റോഡിൽ നിന്നും ഒരു ഇടറോഡിൽ പ്രവേശിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടി. പഴയ നാട്....പഴയ നാട്ടുകാർ.. ആരെങ്കിലും തിരിച്ചറിയുമോ....
പണ്ടത്തെ നടവഴികൾ ഇപ്പോൾ ടിപ്പർലോറി പോവുന്ന വീതിയിൽ ടാറിട്ടിരിക്കുന്നു. വണ്ടി ഒരു മതിലിനോട് ചേർന്ന് നിന്നു. ഗേറ്റിനോട് ചേർന്ന് മതിലിൽ കൊത്തിവെച്ചിരിക്കുന്നു "തെക്കേവീട്".. ഗന്ധരാജൻ ചെടികളുടെ വേലി എവിടെ...? എന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ ഉണ്ടായി. വീടൊക്കെ കുറച്ചു പുതുക്കിയിട്ടുണ്ട്. ഒരു ആന്തലോടെ ഞാൻ നാട്ടുമാവ് നിന്നിരുന്ന ഭാഗത്തേക്ക് നോക്കി. ഭാഗ്യം..! അതവിടെ തന്നെയുണ്ട്. ബാക്കി മിക്ക മരങ്ങളും വെട്ടിക്കളഞ്ഞിരുന്നു. എങ്കിലും കുടംപുളി മരവും പാടത്തിനോട് ചേർന്ന പൂവരശുകളും അവിടെത്തന്നെ ഉണ്ട്. പാടത്തിന്റെ സൈഡിലെ ഗന്ധരാജൻ ചെടികളും വെട്ടിക്കളഞ്ഞ് കൽക്കെട്ടു പണിതിരിക്കുന്നു.
കൽക്കെട്ടിൽ പാടത്തേക്ക് കണ്ണുംനട്ട് നിന്ന എന്റെ തോളിൽ ഹരിതയുടെ കൈത്തലം പതിഞ്ഞപ്പോൾ എന്നിൽ നിന്നും ഒരു നേടുവീർപ്പുയർന്നു.
"ഇതെന്റെ പഴയ തെക്കേവീട് അല്ലെടോ... അതിന് ഗന്ധരാജൻ പൂക്കളുടെ മണവും പച്ചപ്പുമാ..."
"സാരംല്ല്യാ... മക്കൾ ബിഗ് വൈറ്റ് റോസ് പോലത്തെ പൂവ് കാണാൻ ആശിച്ചു വന്നതാ... കാലം എല്ലായിടത്തും മാറ്റങ്ങൾ വരുത്തും.... നമുക്ക് വെച്ചു പിടിപ്പിക്കാം... ഈ മതിലിനോട് ചേർന്ന്..... കൽക്കെട്ടിന്റെ ഓരത്ത്.... ഇത് നമുക്ക് പഴയ തെക്കേവീട് ആക്കണം..." ഹരിത എനിക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടേയിരുന്നു.
"ഉം.... നോക്കാം....." എന്നു പറഞ്ഞു ഹരിതയേയും കൂട്ടി കച്ചവടം ഉറപ്പിക്കാൻ ഞാൻ മുറ്റത്തേക്ക് നടന്നു.. ഒരു വേള തിരിഞ്ഞു നോക്കിയ ഞാൻ കണ്ടു.. സ്വർണ നിറത്തിലുള്ള പാടത്തേക്ക് ചാഞ്ഞു കിടക്കുന്ന പൂവരശിന്റെ ചുവട്ടിൽ ഒരടി പൊക്കത്തിൽ മുളച്ചു നിൽക്കുന്ന ഒരു ഗന്ധരാജൻ ചെടി. കൽക്കെട്ടിനിടയിലൂടെ പഴയ ചെടികളുടെ വേരിൽ നിന്നും പൊട്ടിമുളച്ചതാവണം.. ഞാൻ ഓടി അതിനരുകിൽ ചെന്നു അതിനെ തടവി. അപ്പോൾ എന്റെ കയ്യിൽ തടഞ്ഞു.... പച്ച നിറത്തിലെ ഒരു പൂമൊട്ട്‌.. വീശിയടിച്ച കാറ്റിൽ എവിടെ നിന്നോ ഗന്ധരാജൻ പൂവിന്റെ മണം കലർന്നിരുന്നു. അപ്പോൾ എന്റെ കാതിൽ മുഴങ്ങി "സിന്ധു...ഗംഗേ....കാവേരി.... കന്നിന്‌ രണ്ടു കൊമ്പുണ്ടേ....."
രേവതി എം ആർ
14/03/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo