പടിപ്പുര കടന്നൊരാൾ ഭാഗം - 3
---------------------------------------------------
---------------------------------------------------
ദിവസങ്ങൾ പിന്നെയും നീങ്ങി. മീര സദാസമയവും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇടക്ക് പലപ്പോഴും എന്റെ കൂടെ ചില സായാഹ്ന സവാരികൾ മാത്രമുണ്ടായി. അവൾ ആരെ തേടി വന്നു, എന്തിന് വന്നു എന്ന ചോദ്യങ്ങൾ അപ്പോഴും അജ്ഞാതമായി തന്നെ അവശേഷിച്ചു. എങ്കിലും അവളുടെ സാമീപ്യം എന്നിൽ വീണ്ടും പ്രണയത്തിന്റെ വിത്തുകൾ മുളപ്പിച്ചു.
എന്തെന്നില്ലാത്ത സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു. വീണ്ടും അവളെ പിരിയുന്നതിനെക്കുറിച്ച് ഭയത്തോടെയും വേദനയുടെയും മാത്രമേ എനിക്ക് ഓർക്കാൻ കഴിഞ്ഞുള്ളു. അതിനെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവളോടുള്ള പ്രണയത്തിൽ മുങ്ങി നീരാടുകയായിരുന്നു ഞാൻ.
"മോനെ... കിച്ചൂ..."
മുറിയിലെ കട്ടിലിൽ മീരയെ സ്വപ്നം കണ്ട് കിടന്നിരുന്ന ഞാൻ അമ്മയുടെ ശബ്ദം കേട്ട് നോക്കി. അമ്മ എന്റെ അരികിലേക്ക് വന്ന് കട്ടിലിൽ ഇരുന്നു. ഗൗരവമുള്ള എന്തോ വിഷയം സംസാരിക്കാനാണ് അമ്മയുടെ വരവെന്ന് എനിക്ക് മനസ്സിലായി. ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.
"എന്താ അമ്മെ...?"
"ഒന്നൂല്യ വെറുതെ..."
"അമ്മ കാര്യം പറയൂ..."
"അല്ല... ആ കുട്ടി... വന്നിട്ട് കുറച്ചൂസം ആയില്ലേ..."
മീരയാണ് അമ്മയുടെ വിഷയം എന്ന് എനിക്ക് പെട്ടെന്ന് പിടി കിട്ടി. അമ്മക്ക് എന്ത് മറുപടി കൊടുക്കണം എന്ന് എന്റെ മനസ്സ് തേടിക്കൊണ്ടിരുന്നു.
"എന്തോ അത്യാവശ്യത്തിന് വന്നതാണ് എന്ന് പറഞ്ഞിട്ട് പുറത്തേക്കൊന്നും ഇറങ്ങുന്നില്ല. പോകാൻ ഉള്ള തയ്യാറെടുപ്പും കാണുന്നില്ല. നിന്നോട് എന്തെങ്കിലും പറഞ്ഞോ...?"
അവൾ എന്തിനാണ് വന്നിരിക്കുന്നത് എന്ന് പോലും അറിയാത്ത ഞാൻ അമ്മക്ക് എന്ത് മറുപടി കൊടുക്കണം എന്ന് ആലോചിച്ചു. പെട്ടെന്ന് ഒരുത്തരം പറയാൻ എനിക്കായില്ല
"ഒരു പെൺകുട്ടി ഇത്രേം ദിവസം തറവാട്ടിൽ താമസിക്കുന്നത് ശരിയല്ല മോനെ... നാട്ടുകാർക്ക് ഓരോന്ന് പറയാൻ അത് മതി. പിന്നെ, വല്യേട്ടൻ നിന്റെയും സൗമ്യയുടെയും കല്ല്യാണക്കാര്യം സംസാരിച്ചു. അതിനി വച്ച് നീട്ടണ്ട എന്നാ പറയണേ... അത് തന്നെയാ എന്റെയും അഭിപ്രായം."
"അമ്മെ... സൗമ്യ... അതെനിക്ക് ഇത്തിരി താല്പര്യക്കുറവുണ്ട്."
അമ്മ എന്തോ അരുതാത്തത് കേട്ട മട്ടിൽ എന്നെ നോക്കി. കുറെ നാളായി ഈ വിഷയം മുൻപിൽ വരും എന്നെനിക്ക് അറിയാമായിരുന്നു. പെട്ടെന്ന് പ്രതികരിച്ച് ഒരു പ്രശ്നം വേണ്ട എന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാഞ്ഞത്. മാത്രവുമല്ല, എന്റെ സ്വപ്നത്തിൽ മുഴുവൻ മീരയാണ് എന്നത് അതിനൊരു പ്രധാന കാരണവുമാണ്.
പക്ഷെ അതിപ്പോൾ പറയുന്നത് പന്തിയല്ല. അമ്മക്ക് അതിഷ്ടപ്പെടില്ല എന്ന് മാത്രമല്ല വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. തൽക്കാലം ഒന്നും പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
"നീ എന്താ മോനെ ഈ പറയുന്നത്? നമ്മൾ ഇത്രയും നാൾ ജീവിച്ചത് ഈ തറവാട്ടിലാ... അച്ഛൻ മരിച്ചതിൽ പിന്നെ നമ്മളുടെ എല്ലാ കാര്യങ്ങളും നോക്കിയത് എട്ടന്മാരാണെന്ന് നിനക്കറിയാലോ... ഏട്ടൻ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ട് അത് തള്ളാൻ പറ്റില്ല മോനെ..."
"ഒക്കെ ശരിയാണ്. പക്ഷെ അവളെ ഞാൻ അങ്ങനെ കണ്ടിട്ടില്ല അമ്മേ... എനിക്ക് സൗമ്യയെ വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുണ്ട്."
അമ്മ അല്പം നേരം എന്നെ സൂക്ഷിച്ച് നോക്കി. ആ നോട്ടത്തിൽ അമ്മ എന്റെ മനസ്സ് വായിച്ചെടുക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ആ മുറിയിൽ അത്ര നേരം ഉണ്ടായിരുന്ന തണുത്ത വായുവിന് പെട്ടെന്ന് ചൂട് കൂടിയത് പോലെ അനുഭവപ്പെട്ടു. ഒന്നും മിണ്ടാതെ ഞാൻ ഇരുന്നു.
"ഈ വിഷയം പിന്നെ സംസാരിക്കാം. നീ ആദ്യം ആ കുട്ടിയെ പറഞ്ഞു വിട്..."
വളരെ ഗൗരവത്തിൽ അത്രയും പറഞ്ഞ് അമ്മ മുറി വിട്ട് പോയി. എന്റെ ഉള്ളിലിരുപ്പ് അമ്മക്ക് പിടി കിട്ടിയെന്ന് എനിക്ക് തോന്നി. മീരയോട് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. എന്തായാലും അവളോടൊന്ന് സംസാരിക്കാൻ തന്നെ ഞാൻ നിശ്ചയിച്ചു.
******
മീര എനിക്ക് മുൻപിൽ വലിയൊരു ചോദ്യചിഹ്നം ആയിരിക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയി എനിക്ക്. അവളോട് ഒന്നും ചോദിക്കില്ല എന്ന് വാക്ക് കൊടുത്തു പോയി എന്നുള്ളത് കൊണ്ട് ധർമ്മസങ്കടത്തിലാവുകയാണ് ഞാൻ. വല്ലാത്തൊരു ആശങ്കയിൽ പെട്ടത് പോലെയായി.
ടെൻഷൻ കൂടി കൂടി വന്നപ്പോൾ ഒരു സിഗരറ്റ് എടുത്ത് പുകച്ചു. മീര വന്നതിന് ശേഷം കുളപ്പുരയും സിഗരറ്റ് വലിയും ഒക്കെ മറന്ന് തുടങ്ങിയതായിരുന്നു. ഇപ്പോൾ മനസ്സ് വല്ലാത്ത വൈഷമ്യത്തിലാണ്. ഒരു പുക എടുത്ത് കഴിഞ്ഞപ്പോൾ ഒരു ആശ്വാസം കിട്ടിയത് പോലെ തോന്നി. ജീവിതത്തിൽ ആദ്യമായി പുക വലിച്ചതും ഈ സ്ഥലത്ത് വച്ച് തന്നെ ആയിരുന്നു.
വല്ലാത്ത ഭയത്തോടെ ആരും കാണാതെ ഒരു സിഗരറ്റ് ചുണ്ടിൽ വച്ച് കത്തിച്ച് ധൃതിയിൽ വലിച്ചു. ആരെങ്കിലും കാണുന്നതിന് മുൻപ് വലിച്ചു തീർക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പുക ചങ്കിലേക്കെത്തിയതും ശ്വാസം മുട്ടി ചുമക്കാൻ തുടങ്ങി. അടുത്ത നിമിഷം നെറ്റിയാകെ വേദനിച്ചു. അന്ന് ആ സിഗരറ്റ് വലിക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. പക്ഷെ പിന്നീടെപ്പോഴോ ഇതെന്റെ കൂട്ടുകാരനായി. തനിച്ചിരിക്കുന്ന സമയങ്ങളിലെല്ലാം ഒരു ആത്മമിത്രത്തെ പോലെ കൂടെ ഉണ്ടായിരുന്നു. മനസ്സ് വേദനിക്കുമ്പോഴും ഒരു ആശ്വാസമായി എന്റെ കൂടെ...
"ഇവിടെ വന്നിരിക്കുകയാണോ...?"
ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി. ഈ ദുഃശീലം എനിക്കുള്ളതായി എല്ലാവർക്കും അറിയാമെങ്കിലും അതാരെങ്കിലും കാണുന്നത് എനിക്ക് ഇപ്പോഴും ഭയമാണ്. ആ ടെൻഷനിൽ തന്നെ തിരിഞ്ഞ് നോക്കി. പുഞ്ചിരിച്ച് കൊണ്ട് മീര എനിക്കടുത്തേക്ക് വന്നു.
അവളെ കണ്ട മാത്രയിൽ മനസ്സിനുള്ളിൽ ഒരു കുളിരനുഭവപ്പെട്ടു. അടുത്ത നിമിഷം അതൊരു കനൽ ചൂടായി മാറുകയും ചെയ്തു. പ്രയാസപ്പെട്ട് ഞാനൊന്ന് ചിരിച്ചു. അപ്പോഴേക്കും അവൾ എനിക്കരികിൽ ഇരുന്ന് കഴിഞ്ഞിരുന്നു.
എന്റെ മുഖത്തേക്ക് നോക്കാതെ അവൾ അല്പം നേരം കുളത്തിലേക്ക് നോക്കിയിരുന്നു. അന്നേരം അവൾ കാണുന്ന കാഴ്ചകൾ ആ കുളത്തിലെ ഓളങ്ങൾ ആയിരുന്നില്ലെന്ന് എനിക്ക് തോന്നി. ഞങ്ങൾക്ക് നേരെ വീശിയടിച്ച കാറ്റിൽ അവളുടെ മുടിയിഴകൾ പറന്ന് എന്റെ മുഖത്ത് ചിത്രം വരച്ചു. അതിലെല്ലാം ഒരു പ്രേത്യേക അനുഭൂതി അനുഭവിക്കുന്നുണ്ടായിരുന്നു ഞാൻ. അവൾ പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ മനസ്സിൽ മറ്റെന്തൊക്കെയോ നെയ്ത് കൂട്ടുകയായിരുന്നു.
"മീര..."
അവൾ എന്നെ നോക്കി. വളരെ കൃത്രിമമായ ഒരു പുഞ്ചിരി എനിക്ക് നീട്ടി. അതിൽ ഒട്ടും സൗന്ദര്യമില്ലായിരുന്നു.
"ഞാൻ കിഷോറിനെ അന്വേഷിച്ച് നടക്കുകയായിരുന്നു."
"എന്തിന്?"
"ഞാൻ... ഞാൻ തിരിച്ച് പോകാൻ ആലോചിക്കുകയായിരുന്നു."
"എന്ത് പറ്റി പെട്ടെന്ന്?"
"ഒന്നുമില്ല. വന്ന കാര്യം ഏകദേശം പൂർത്തിയായത് പോലെ. ഇനിയും നിന്നാൽ കിഷോറിന് അത് ബുദ്ധിമുട്ടാകും. അതിനും മുൻപ് എനിക്ക് പോണം."
"അമ്മ നിന്നോട് വല്ലതും പറഞ്ഞോ?"
"ഹേയ്... അതൊന്നുമല്ല കിഷോർ... കുറെ ആയില്ലേ വന്നിട്ട്. കിഷോർ പറഞ്ഞത് പോലെ ഇത് ബാംഗ്ലൂർ അല്ലല്ലോ. നാട്ടിൻപുറമല്ലേ... ഇപ്പൊ തന്നെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ആർക്കറിയാം."
"മീര... നീ ഇപ്പോഴും ഒന്നും തുറന്ന് പറയുന്നില്ല. ഞാൻ നിന്നെ കാണാൻ തന്നെ ഇരിക്കുകയായിരുന്നു. ഇനിയെങ്കിലും പറഞ്ഞുകൂടെ നിനക്ക് എന്താ നിന്റെ വരവിന്റെ ലക്ഷ്യം എന്ന്?"
അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ മെല്ലെ സജലങ്ങളായി. പിന്നെ പിന്നെ അവ ശക്തിയാർജിച്ച് പുറത്തേക്കൊഴുകി. അടുത്ത നിമിഷം അതൊരു പൊട്ടിക്കരച്ചിലായി.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴഞ്ഞു. അവൾ മെല്ലെ എന്റെ കൈകളിൽ പിടിച്ചു. അതൊരു ആശ്വാസത്തിനാണെന്ന് എനിക്ക് തോന്നി. അവൾക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ആ കണ്ണുനീരിനൊപ്പം പിടഞ്ഞു വന്ന വാക്കുകൾ എന്റെ ഉള്ളിൽ കൂരമ്പുകൾ പോലെ തറച്ചു. കേട്ടത് വിശ്വസിക്കാൻ പോലുമാകാതെ ഞാനിരുന്നു. ഒടുവിൽ പെയ്തൊഴിയും പോലെ മുഖം പൊത്തിക്കരയുന്ന അവളെ ചേർത്ത് പിടിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഒരാശ്വാസത്തിനെന്നോണം അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
(തുടരും)
-ശാമിനി ഗിരീഷ്-
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക