നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആഗ്രഹം

തലേന്ന് മീൻക്കറിവെച്ച മൺചട്ടിയിൽ ചോറുണ്ണുന്ന ചേട്ടനെ, അനിയത്തി എപ്പോഴും കളിയാക്കുമായിരുന്നു. ആണുങ്ങളു അടുക്കളയിൽ വന്നിരിന്നു ചട്ടിയിൽ ചോറുണ്ണാൻ നാണമില്ലേന്ന്. അപ്പോഴും ഏട്ടൻ ചിരിക്കും.
കിണറിന്റെ അരികിലുള്ള മുരിങ്ങയിൽ നിന്നു, മുരിങ്ങക്കായ മുളംതോട്ടി വെച്ചു കുത്തിയിട്ടു ഉണക്കകൊഞ്ചും ചേർത്തു കറിവെയ്ക്കുമ്പോൾ അമ്മ പറയും നിനക്കു എന്നും ഈ പൊതിച്ചോറു തിന്നുമ്പോൾ മടുക്കില്ലേ മോനെ. ഒരു നേരമെങ്കിലും പുറത്തു ഹോട്ടലിൽ നിന്നും വാങ്ങി കഴിച്ചൂടെയെന്ന്. ഒരു കോഴിയുള്ളതു രണ്ടാഴ്ചയായി മുട്ടയിടുന്നില്ല. അടയിരിക്കാനാണന്നു തോന്നുന്നു. അല്ലെങ്കിൽ ഇതിന്റെ കൂടെ ഒരു മുട്ടക്കൂടി പൊരിച്ചു വെയ്ക്കാമായിരുന്നു. അപ്പോഴും ഒരു ചിരിയോടെ ഏട്ടൻ പറയുമായിരുന്നു. ഹോട്ടലിൽ നിന്നു കഴിക്കുന്ന കാശുണ്ടെങ്കിൽ ഇവൾക്കൊരു ഗ്രാമിന്റെ മോതിരം വാങ്ങി കൊടുക്കാമെന്ന്.
രാവിലത്തെ തണുപ്പിൽ സ്റ്റാർട്ടാവാൻ മടിപ്പിടിച്ചിരിക്കുന്ന പഴയ ഹീറോ ഹോണ്ട ബൈക്കിന്റെ ക്വിക്കറിൽ മൂന്നാല് തവണ അടിയ്ക്കുമ്പോൾ, വല്ലപ്പോഴും പെട്രോൾ പമ്പിന്റെ അരികിലൂടെ പോകണമെന്നു പറഞ്ഞു ഒരു ചിരിയോടെ അനിയത്തി ഒരു കൈയ്യിൽ വർക്ക്ഷോപ്പിലെ കരി ഓയിൽ പുരണ്ട ഷർട്ടും, മുണ്ടും മറുകൈയ്യിൽ ചോറു പൊതിയുമായി വരുമ്പോൾ പറയുമായിരുന്നു.
ഈ പഴഞ്ചൻ ബൈക്ക് മാറ്റിയിട്ടു, ലോണെടുത്തു നിനക്കൊരു പുതിയ ബൈക്ക് വാങ്ങിക്കൂടേയെന്ന് അച്ഛൻ പറയുമ്പോൾ, ആ കാശുകൊണ്ട് അടുത്ത മഴക്കാലത്തിനു മുമ്പ് വീടിന്റെ മേൽക്കൂര പണിഞ്ഞു പൊട്ടിയ ഓടുകൾ മാറ്റിയിടാമെന്നു പറയും.
ആഴ്ചയിലെ അവസാന ദിവസം രാവിലെ ജോലിയ്ക്കു പോകുന്നതിനു മുമ്പു അടുക്കളയിലെ അരിക്കലം മുതൽ കടുക് പാത്രം വരെ നോക്കിയിട്ടായിരിക്കും പോകുന്നത്. വൈകുന്നേരം തിരികെ വരുമ്പോൾ രണ്ടു കൈയ്യിലും പലചരക്കു സാധനങ്ങൾ നിറഞ്ഞ സഞ്ചികൾ കാണാമായിരുന്നു. അമ്മയുടെ കൈയ്യിലേക്കു സാധങ്ങൾ കൊടുക്കുമ്പോൾ, ഇതവൾക്കു കൊടുത്തേക്ക്. അവൾക്കെന്തെങ്കിലുമൊക്കെ വാങ്ങാൻ കാണുമെന്നു പറഞ്ഞു അമ്മയുടെ കൈയ്യിൽ കുറച്ചു പണവും ഏൽപ്പിക്കുമായിരുന്നു.
ബാങ്കു ബാലൻസില്ലാത്ത ഏട്ടന്റെ മേശവലിപ്പിൽ ആഴ്ച ചിട്ടികളുടെയും, മാസ ചിട്ടികളുടെയും കണക്കെഴുതുന്ന ചെറിയ ബുക്കുകൾ മാത്രമായിരുന്നുള്ളത്.
ഒരിക്കൽ അമ്മയോട് ചേട്ടൻ പറയുന്നതു കേൾക്കാമായിരുന്നു, ചിട്ടിയെല്ലാം പിടിച്ചിട്ടു വേണം അടുത്ത ഓണത്തിനു മുമ്പെങ്കിലും ഇവളെ ഒരാളുടെ കൈയ്യിൽ പിടിച്ചേൽപ്പിക്കണമെന്ന്.
ആണൊരുത്തൻ അളിയനായി വരുന്നത് ഏട്ടന്റെ സ്വപ്നമായിരുന്നു. കൂലിപ്പണിയാണെങ്കിലും വേണ്ടില്ല, എന്റെ മോളെ മനസ്സറിഞ്ഞു സ്നേഹിക്കുന്നൊരാള് മതിയെന്നു മാത്രമായിരുന്നു ഏട്ടന്റെ സങ്കല്പം.
അല്ലെങ്കിലും വേറൊരുത്തന്റെ പണമോ, പ്രതാപമൊന്നും ഏട്ടൻ ആഗ്രഹിച്ചിരുന്നില്ല.
കൈ പിടിച്ചു കൂടെ കൂട്ടുന്നവൻ ഒരിക്കലും പെങ്ങളുടെ കണ്ണു നിറയ്ക്കരുതെന്നു മാത്രമായിരുന്നു ആഗ്രഹം..... !
രചന: ഷെഫി സുബൈർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot