Slider

സുഭദ്രേട്ടത്തി

1
" സുഭദ്രേട്ടത്തിയെ ഇങ്ങോട്ടു കൊണ്ടു വരൂ...
അവർക്ക് കാണണമെങ്കിൽ കാണട്ടെ,ദേഹം കൊണ്ടു പോകാൻ സമയമായിട്ടുണ്ട്...."
ആരോ ഉച്ചത്തിൽ പറയുന്നത് അകത്തളത്തിൽ നിന്നും അവർ കേട്ടു
"എനിക്ക് കാണണ്ട...എടുക്കാൻ പറഞ്ഞോളൂ.. " അടുത്തിരുന്ന ആരോടോ അവർ പറഞ്ഞു ....
"ശരി അപ്പോൾ എടുക്കുകയാണ് ഇനിയാരും കാണേണ്ടവർ ഇല്ലല്ലോ...??"
ചോദിച്ചത് ഉണ്ണി മാഷിന്റെ സഹോദരീ പുത്രൻ ജയൻ ആയിരുന്നു.ഉണ്ണി മാഷ് നിലത്തു വാഴയിലയിൽ വെള്ളത്തുണി പുതച്ചു നിലവിളക്കിനു കീഴിൽ തിരിയേക്കാൾ പ്രകാശമുള്ള മുഖവുമായി ശാന്തനായി ഉറങ്ങുകയാണ്.....,
മാഷെ എടുത്തു എന്ന് നിലവിളികൾ ഉയർന്നപ്പോൾ സുഭദ്രയ്ക്ക് മനസ്സിലായി.പക്ഷെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീര്‍ പൊഴിഞ്ഞില്ല. ജനലോരം ചേർത്തിട്ട കട്ടിലിൽ ചാരി അലസമായി മുടിയഴിച്ചു സിന്ദൂര ചുവപ്പില്ലാത്ത നെറ്റിത്തടവുമായി മാഷിനെക്കൊണ്ടു പോകുന്നതും മാഷിന്റെ ചിത കത്തിയമരുന്നതും നോക്കി ഒരേ ഇരിപ്പവർ മണിക്കൂറുകളോളം ഇരുന്നു.
ചിത ചൂടാറും മുന്‍പേ അടുത്ത ബന്ധുക്കൾ ഒന്നോ രണ്ടോ പേരൊഴികെ ബാക്കി എല്ലാവരും പിരിഞ്ഞു പോയി. ,
"സുഭദ്രേടത്തീ എന്തെങ്കിലും കുടിക്ക് ഇന്നലെ മുതൽ ഒരേ ഇരുപ്പല്ലേ.... "
ആരോ ചോദിച്ചതിന് വേണ്ടാ എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ട് അവർ പതിയെ എണീറ്റ് തങ്ങളുടെ കിടപ്പു മുറിയിലേക്ക് നടന്നു...
നാല്‍പ്പത്തിയഞ്ചു കൊല്ലം ഒരേ ആത്മാവായി കഴിഞ്ഞ ഒരാളുടെ ദേഹം എരിഞ്ഞമരുമ്പോള്‍ ഞാന്‍ എങ്ങനെയാണ് വെള്ളമിറങ്ങുക....??.
വീട് മുഴുവൻ ഇന്ന് കുന്തിരിക്കത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു എങ്കിലും തങ്ങളുടെ മുറിയില്‍ മാത്രം മാഷിന്റെ വിയർപ്പിന്റെ ഗന്ധം തന്നെയാണ്,മാഷില്ലാത്ത വീട്ടിൽ,മാഷില്ലാത്ത മുറിയിൽ ഇനി ഞാന്‍ ഒറ്റയ്ക്ക്....
ദേഹമുണ്ടെങ്കിലും.....,
ആത്മാവ് നഷ്ടപ്പെട്ടവളാണ് ഞാന്‍......!
മുറിയ്ക്കുള്ളിലേക്ക് കയറി പതിയെ വാതിൽ ചാരി മാഷിരിക്കാറുള്ള ചൂരൽ കസേരയിൽ ആദ്യമായി അവരിരുന്നു .കസേരയ്ക്കഭിമുഖമായി ഇരുന്ന മേശമേൽ മാഷിന്റെ കറുത്ത കട്ടിക്കണ്ണട ഇരിക്കുന്നു. അരികിലായി ഫൗണ്ടൻ പേനയും. മാഷിനെ കാണാൻ തുടങ്ങിയ നാൾമുതൽ സന്തത സഹചാരിയായിരുന്ന സ്വര്‍ണ്ണനിറത്തിൽ അടപ്പുള്ള മഷിപ്പേന അവർ പതിയെ കയ്യിലെടുത്തു അതിൽ മാഷിന്റെ കൈച്ചൂടുള്ളതായി അവർക്ക് തോന്നി ..
മുറിയിൽ മാഷിന്റെ നീളൻ കയ്യുള്ള വെള്ള ജുബ്ബ തൂക്കിയിട്ടിരിക്കുന്നു അടുത്ത് തന്നെ ഊന്നുവടിയും. അവർ പതിയെ കസേരയിൽ നിന്നും എഴുന്നേറ്റു ആ ജുബ്ബ എടുത്തു നെഞ്ചോടമർത്തി.മാഷിന്റെ വിയർപ്പിന്റെ ഗന്ധം.. അവർ അത് പിന്നെയും പിന്നെയും ശ്വസിച്ചു കൊണ്ടേയിരുന്നു...
തിരിഞ്ഞു കട്ടിലിൽ വന്നിരുന്നപ്പോൾ മുന്നിലെ ചൂരൽ കസേരയിൽ മാഷ് കിടക്കുന്നതായി അവർക്ക് തോന്നി. അവിടെ കിടന്നാണ്‌ മാഷ് തന്നോട് അധികവും സംസാരിച്ചിട്ടുള്ളത്.സ്കൂൾ മാഷായിരുന്നു ഉണ്ണിയേട്ടന്‍.അദ്ദേഹത്തെ ഞാനും മാഷെ എന്നാണ് വിളിച്ചിരുന്നത്.തങ്ങളുടെ ദാമ്പത്യം എന്ന പൂവാടിയിൽ കുഞ്ഞുങ്ങളെന്ന പൂവുകൾ മൊട്ടിടാതായപ്പോൾ വര്‍ഷങ്ങള്‍ക്കു ശേഷം മാഷൊരിക്കൽ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മരണത്തിൽ പങ്കെടുക്കാൻ പോയി വന്ന ശേഷം
എന്നോട് ചോദിച്ചിരുന്നു
" എടോ തനിക്ക് വിഷമമുണ്ടോ നമുക്ക് കുട്ടികൾ ഇല്ലാഞ്ഞിട്ട്...?? "
ഹൃദയം പൊട്ടുന്ന വേദന ഉള്ളിൽ ഒളിപ്പിച്ചു മാഷത് ചോദിക്കുമ്പോൾ
"ഇല്ലല്ലോ മാഷെ... ദൈവഹിതം ഇതാവും,എനിക്ക് മാഷുണ്ടല്ലോ, ഉണ്ടായിട്ടും ഉപകരിക്കാത്ത മക്കളെ കൊണ്ട് എത്രപേരാ ദുരിതം അനുഭവിക്കുന്നത്.."
ഞാനത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ ആശ്വാസത്തിന്റെ നിലാവ് പടർന്നിരുന്നു....
"നമ്മളിൽ ഒരാൾ ഇല്ലാതായാൽ ശേഷിക്കുന്ന ആളെന്ത് ചെയ്യും....???
അദ്ദേഹമൊരിക്കൽ തമാശരൂപേണ ചോദിച്ച ചോദ്യത്തിന് "ഞാനും കൂടെ വരും "എന്ന് വാക്കു കൊടുത്തിട്ടും തനിക്ക് പോകാൻ കഴിഞ്ഞില്ലല്ലോ..? ആശ്രയമറ്റവളെ പോലെ ആ പ്രായത്തിലും അവർ തേങ്ങിക്കരഞ്ഞു.പതിയെ ഒരു ഉറക്കം കണ്ണിൽ ബാധിച്ചു സുഭദ്ര കട്ടിലിലേക്ക് ചരിഞ്ഞു ...
ഏറെ നേരം കഴിഞ്ഞിട്ടും സുഭദ്രയെ കാണാത്തതിനാൽ അന്വേഷിച്ചു വന്ന ബന്ധുവിന് കാണാൻ കഴിഞ്ഞത് മാഷിന്റെ ജുബ്ബയും പുണർന്നു വിളിച്ചിട്ടും ഉണരാത്ത ഉറക്കത്തിലേക്കു വീണ സുഭദ്രയെയാണ്..
സുഭദ്ര അപ്പോൾ മാഷിന്റെ കൈയും പിടിച്ചു മേഘത്തേരിൽ സ്വർഗത്തിലേക്കുള്ള യാത്രയിലായിരുന്നു....
ഇനിയും സ്നേഹിച്ചു മതിവരാത്തവരായി അവര്‍ ഒരുമിച്ചു യാത്ര തുടര്‍ന്നൂ ....!!

Vishnu
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo