Slider

ഭൂമിയിലെ മാലാഖ… സ്വർഗ്ഗത്തിലെയും

0
ഭൂമിയിലെ മാലാഖ… സ്വർഗ്ഗത്തിലെയും
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
‘ഷൈനി.. എന്നത്തേക്കാ നീന്റെ ലീവ് സാങ്ഷൻ ആയെ’
‘ഈ മാസം പതിനഞ്ചിന്… വൈകിട്ട് അഞ്ചു മണിക്കത്തേക്ക് ടിക്കറ്റും റെഡി ആയിട്ടുണ്ട് ചേച്ചി..’
‘ഓഹോ.. അപ്പൊ ഇനി രണ്ടാഴ്ചയെയുള്ളല്ലോ… ചെല്ലു ചെല്ല്… അച്ചായൻ നോക്കിയിരിക്കുവാരിക്കും.. പെണ്ണിന്റെ മുഖം ചുവന്നല്ലോ..’
‘ഒന്നു പോ ചേച്ചി.. മോൻ എന്റടുത്ത് അടുക്കുമോന്നാ.. ഇപ്രവശ്യമെങ്കിലും രണ്ടുപേരേം ഇങ്ങു കൊണ്ടുപോരാനുള്ള വഴി നോക്കണം..’
‘’നീ തന്നെയല്ലേ പറഞ്ഞെ നിന്റെ അച്ചായന്റെ അമ്മക്ക് തീരെ വയ്യെന്ന്..ഒരു കാര്യം ചെയ്യ്.. പുള്ളിക്കെന്തേലും ജോലി ശരിയാക്കിയിട്ട് നീ നാട്ടിൽപോയി നിക്ക്.. കുഞ്ഞിനിപ്പോ അമ്മേടെ സാമീപ്യമല്ലേ വേണ്ടത്.. നീ ആറു മാസത്തിൽ ഇട്ടിട്ടുപോന്നതല്ലേ.. ഇപ്പൊ ഒന്നര വയസ്സായില്ലേ.. ഇങ്ങനെ നെഞ്ചുരുക്കി പണിയെടുത്തിട്ട് എന്താ കാര്യം.. പൈസ മാത്രമല്ലല്ലോ.. കാര്യം..’
‘ചേച്ചിക്കെല്ലാം അറിയാവുന്നതല്ലേ.. അച്ചായന് എന്റത്രേം നല്ല ശമ്പളം കിട്ടത്തില്ല.. വീട് പണിതതിൻറെ ലോൺ എന്റെ ഈ ശമ്പളത്തിൽ മാത്രമേ അടച്ചു തീർക്കാൻ പറ്റൂ.. പകുതിയായി.. പിന്നെ എന്റെ വീട്ടിലും മമ്മിക്കും പപ്പക്കും ഞാൻ ഒറ്റ മോളല്ലേ.. അവർക്കും എന്തേലും കൊടുക്കണ്ടേ… അതിന് അച്ചയാനോട് കാലുപിടിക്കണ്ടല്ലോ.. ലോൺ തീർന്നാൽ ഞാൻ നാട്ടിൽ ജോലി നോക്കി സെറ്റിൽ ആകത്തേയുള്ളൂ…
അല്ലപ്പ ആരാ എന്നെ ഉപദേശിക്കാൻ വരുന്നേ.. അനിയത്തിമാരെ ഒക്കെ കെട്ടിച്ചു.. അനിയനേം പഠിപ്പിച്ച് ജോലിക്കാരനാക്കി.. ഇനി എന്തു നോക്കിയിരിക്കുവാ.. രുഗ്മിണീടെ കണ്ണേട്ടന്റെ വല്ല സത്യഭാമേം കണ്ടുപിടിച്ചു ആ വഴിക്കങ്ങു പോകുമെ.. പറഞ്ഞില്ലെന്നു വേണ്ട..’
‘അയ്യടി മോളെ.. ഈ രുക്കുവിന്റെ കണ്ണേട്ടൻ അങ്ങനെ ഒരിടത്തും പോകില്ല.. അങ്ങാനാണേൽ ഇത്ര കാത്തിരിക്കണ്ടല്ലോ.. അനിയത്തീടെ കല്യാണമാ രണ്ടുമാസത്തിനകം. പിന്നെ നീ പോയി വന്നിട്ട് ഞാൻ ലീവ് എടുത്തൊരു പോക്കുണ്ട്.. കണ്ണേട്ടന് ഒരു ജോലിടെ കാര്യം ഞാൻ സെയ്ദുക്കാക്കയോട് പറഞ്ഞിട്ടുണ്ട്.. അത് നല്ല ജോലിയാണെങ്കിൽ ഞാൻ എന്റെ ജോലി നിർത്തും. എന്നിട്ട് എന്റെ കണ്ണേട്ടന്റെ കൂടെ നല്ല കുടുംബിനിയായി കഴിയും…’
‘ഇപ്പൊ വേറൊരാളുടെ മുഖം ചുവന്നല്ലോ..’
രണ്ടു പേരും ചിരിച്ചു.. രുഗ്മിണി പത്തുവർഷമായി ഇതേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.. ഷൈനി അഞ്ചു വർഷമായി.. നാട്ടിൽ അടുത്തടുത്ത ജില്ലയിലാണ് രണ്ടുപേരും.. സുഹൃത് ബന്ധത്തിനപ്പുറം കൂടപ്പിറപ്പു പോലെയാണ് പരസ്പരം കാണുന്നത്
***********
രണ്ടാഴ്ച്ച.. സമയം കിട്ടുമ്പോഴെല്ലാം ഷൈനി ഷോപ്പിംഗിനു പോകും.. കുഞ്ഞിന് കളിപ്പാട്ടങ്ങളും ഉടുപ്പുകളും അച്ചായന് ടി ഷർട്ടും പെർഫ്യൂമും അല്ലറ ചില്ലറ സാധനങ്ങളും.. പിന്നെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ചെറിയ സമ്മാനങ്ങളും ഒക്കെ വാങ്ങി.. പക്ഷെ സ്വന്തമായി എന്തേലും വാങ്ങാൻ അവൾ മറന്നു..
***********
അങ്ങനെ ആ ദിവസം വന്നെത്തി.. എയർപോർട്ടിൽ നിന്നിറങ്ങുമ്പോഴേ കണ്ടു അമ്മേടെ നെഞ്ചിൽ പട്ടിച്ചേർന്നിരിക്കുന്ന കുഞ്ഞിനെ.. അവൾ ലഗേജ് ഒക്കെ അച്ചായനെ എൽപിപ്പിച്ച് കുഞ്ഞിനെ വാങ്ങി. കുഞ്ഞു അവൾടെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു… അമ്മച്ചിയുടെ കയ്യിലിലേക്ക് വലിയ വായിൽ കരഞ്ഞു ചാടി ചെന്നു.. ഷൈനി വല്ലാതെയായി..
‘അവൻ ഉറങ്ങുവാരുന്നെടി അതിന്റെയാ.. കുറച്ചു കഴിയുമ്പോ മാറും.. നിന്റടുത്ത് തന്നെ അവൻ വന്നപ്പോളും….’
ഓരോരോ കഥകൾ പറഞ്ഞ് അവർ വീട്ടിലെത്തി.. അന്ന് കുഞ്ഞ് ഷൈനിയോട് അടുത്തില്ല.. അവൾക് ആകെ വിഷമമായി.. അവൻ അമ്മച്ചീടെ കൂടെയാണ് കിടന്നത്..
രാത്രി അച്ചായന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോ അവള് പറഞ്ഞു..
‘എനിക്ക് മടുത്തു അച്ചായാ.. ഒറ്റക്ക്.. കണ്ടോ നമ്മുടെ മോന് എന്നെ മനസ്സിലാകുന്നുകൂടിയില്ല… ഇനി ഞാൻ തിരികെ പോണില്ല.. ‘
‘നീ പോകാണമെന്നാരുപറഞ്ഞു.. എല്ലാം നിന്റെ നിർബന്ധമല്ലേ.. ഇപ്പൊ വീട് വെക്കണ്ടാണ് ഞാൻ പറഞ്ഞതല്ലേ.. അതുകൊണ്ടല്ലേ കടം വന്നേ.. അല്ലെങ്കിൽ എന്റെ ശമ്പളത്തിൽ നമുക്കിവിടെ സുഖമായി ജീവിക്കാമാരുന്നു..’
‘അതുപിന്നെ അച്ചായാ.. എന്നും എന്നും വാടക വീട്ടിൽ കിടക്കണോ.. അതു സാരമില്ല.. ഒന്നര വർഷം കഴിയുമ്പോ അതു തീരുമല്ലോ.. പിന്നെ ഞാനിങ്ങു പോരും..’
‘എല്ലാം നീ തന്നെയാ പറയുന്നേ.. പിന്നെ നമ്മുടെ മോൻ.. അവൻ നിന്നോട് അടുക്കാത്തതെ.. വേറൊന്നും കൊണ്ടല്ല.. അവനറിയാം അവന്റെ പപ്പക്ക് ഇന്ന് മമ്മിയെ ഒറ്റയ്ക്ക് വേണമെന്ന് അതാ.. അല്ലേൽ നോക്കിക്കോ.. നാളെ അവൻ നിന്നോട് കൂട്ടാകും…’
‘ഈ അച്ചായന്റെയൊരുകാര്യം.. ഞാൻ ലൈറ്റ് കെടുത്തട്ടെന്നേ..’
**********
പിറ്റേദിവസം അച്ചായൻ പറഞ്ഞതുപോലെ മോൻ ഷൈനിയോട് അടുത്തു… അവൾ അച്ചായനെ ഏറുകണ്ണിട്ടു നോക്കി.. അവൻ അവളെ കുസൃതിയോടെ കണ്ണിറുക്കി കാണിച്ചു..
ദിവസങ്ങൾ നിമിഷങ്ങൾപോലെ കടന്നുപോയി.. മോനിപ്പോ ഷൈനിയുടെ കയ്യില്നിന്നും മാറാതെയായി.. പോകാനുള്ള ദിവസം അടുക്കും തോറും അവളുടെ ഹൃദയവേദന കൂടിക്കൂടി വന്നു.. എന്നും രാത്രി അച്ചായന്റെ നെഞ്ചിൽ ചേർന്നു കരയും.. ഇനി പോകണ്ടാണ് അച്ചായൻ പറയുമ്പോൾ അവൾ തന്നെ പോകാനുള്ള ന്യായങ്ങൾ നിരത്തും.. കടം എങ്ങനെയെങ്കിലും വീട്ടണമല്ലോ..
പേടിച്ച ദിവസം വന്നെത്തി.. ഷൈനിക്ക് തിരിച്ചു പോകാനുള്ള ദിവസം.. അവളുടെ കയ്യിൽ നിന്നും എടുക്കുമ്പോൾ കരയുന്ന കുഞ്ഞിനെ ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ ഒന്നു നോക്കിയിട്ട് ഷൈനി അകത്തേക്ക് നടന്നു..
******
രുക്കുചേച്ചി പോകാനുള്ള ഒരുക്കത്തിലാണ്.. കുറച്ചു സ്വർണവും കല്യാണം കഴിഞ്ഞിടാനുള്ള ഡ്രെസ്സും ചെരുപ്പും ഓക്കെ വാങ്ങി.. എല്ലാവരോടും യാത്ര പറഞ്ഞു … രുഗ്മിണി ചേച്ചി ഇറങ്ങി.. എന്തോ ഈ പ്രാവശ്യം ഷൈനിയുടെ കണ്ണുകൾ നിറഞ്ഞു.. വിവാഹം കഴിഞ്ഞ് ചേച്ചി വരില്ല എന്നോർത്താകും..
ചേച്ചി പോയി രണ്ടാഴ്ച്ച കഴിഞ്ഞു.. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഷൈനി.. പെട്ടെന്ന് കട്ടിലിലാരോ ഇരുന്നു.. അവൾ കണ്ണു തുറന്നപ്പോൾ രുഗ്മിണി.. കഴുത്തിൽ താലി സീമന്തരേഖയിൽ സിന്ദൂരം..
‘ചേച്ചി.. ഇതെന്നാ… റീസൈൻ വച്ചിട്ട്.. ചേട്ടന് ജോലിയായോ.. ചെന്നിട്ട് ഒരു പ്രാവശ്യം പോലും വിളിച്ചില്ലല്ലോ.. എന്താ ഒന്നും മിണ്ടാത്തെ പറയ് വിശേഷം..’
‘എന്തു പറയാൻ.. എല്ലാരും എന്നെ ഉപയോഗിക്കുവാരുന്നു.. ഒരു കറവപ്പശുവിനെപ്പോലെ.. ഇളയ അനിയത്തീടെ കെട്ടിയോന് സ്മാർട് ഫോൺ ഇല്ലത്രേ.. ഞാൻ ചെന്ന അന്നുതന്നെ അവൻ അതു മേടിച്ചെടുത്തു.. പിന്നെ മൂത്തവൾക്ക് വളയുടെ ഫാഷൻ ഇഷ്ടപ്പെട്ടെന്നു പറഞ്ഞ് അതും എടുത്തു.. അനിയനാണെങ്കിൽ ചേച്ചി ഗൾഫിൽ നഴ്‌സ് ആണെന്ന് പറയാൻ കുറച്ചില്… പക്ഷെ അമ്മ… അമ്മയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലടീ.. ‘
‘എന്താ ചേച്ചി കരയാതെ കാര്യം പറയ്..’
‘എന്നോട് ചോദിക്കുവാ വല്ല നാട്ടിലും പോയിക്കിടന്ന നിന്നെ ഇനി ആര് കൈയേൽക്കുമെന്ന്.. കണ്ണേട്ടന്റെ വീട്ടുകാർക്ക് എന്നെ വേണ്ടാന്നു പറഞ്ഞെന്ന്.. കണ്ണേട്ടന്റെ വിവാഹം വേറെ ഉറപ്പിച്ചെന്ന്..
ഞാൻ ഞങ്ങൾ എന്നും കാണാറുള്ള പുഴക്കരയിൽ പോയി.. വീടിനടുത്തുള്ള കണ്ണേട്ടന്റെ കൂട്ടുകാരനെ പറഞ്ഞു വിട്ടു.. കണ്ണേട്ടൻ വന്നു…
ഞാൻ ചോദിച്ചു ഞാൻ എന്ത് തെറ്റാ ചെയ്തതെന്ന്.. അപ്പൊ കണ്ണേട്ടൻ പറഞ്ഞ വാക്കുകൾ ഞെട്ടിക്കുന്നതായിരുന്നു.. എന്നെ പെണ്ണുചോദിച്ചു ചെന്ന കണ്ണേട്ടന്റെ കുടുംബത്തെ എന്റെ വീട്ടുകാർ അപമാനിച്ചു വിട്ടു എന്ന്.. പെങ്ങളുടെ വിവാഹത്തിന്റെ കൂടെ അവളുടെ ചെറുക്കന്റെ പെങ്ങളുമായി കണ്ണേട്ടനറിയാതെ അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു.. ഞാൻ അവിടെ ഇല്ലാത്തതുകൊണ്ട് കണ്ണേട്ടന് എന്നെ വിളിച്ചിറക്കാനും പറ്റില്ലല്ലോ.. ഇനിയിപ്പോ വിവാഹത്തിൽ നിന്നും പിന്മാറിയാൽ പെങ്ങളുടെ ജീവിതവും പോകില്ലേ.. അതുകാരണം കണ്ണേട്ടനും സമ്മതിച്ചു..’
വിശ്വാസം വരാതെ ഷൈനി രുക്കുവിന്റെ നോക്കി..
‘അപ്പൊ ഈ താലി .. സിന്ദൂരം .. ‘
‘അത് കണ്ണേട്ടൻ ഇട്ടു തന്നതാ.. പോരുന്നേന് മുൻപ്..… ഇന്നാരുന്നു കണ്ണേട്ടന്റെ കല്യാണം… അതു കാണാൻ വയ്യാരുന്നു.. ആ നാട്ടിൽ നിക്കാൻ പറ്റില്ല ഇനി.. ‘
*********
ഫോൺ ബെല്ല് കേട്ടാണ് ഷൈനി ഉണർന്നത്.. അച്ചായൻ… പതിവില്ലാതെ എന്താ ഈ പതിരാത്രിക്ക്..
‘ഹലോ അച്ചായാ..’
അവിടെ എന്തൊക്കെയോ ബഹളം കേൾക്കാം
‘എടി നീ വിഷമിക്കരുത്.. നിന്റെ രുക്കുചേച്ചി ഇന്ന് വിഷം കഴിച്ചു മരിച്ചു.. കുറച്ചുമുമ്പേ അവളുടെ അനിയനാ എന്നെ വിളിച്ചു പറഞ്ഞേ.. ഞാൻ അപ്പൊ തന്നെ ഇവിടെ വന്നു..‘
‘ഒന്നു പോ അച്ചായാ.. ഇത്ര നേരം ചേച്ചി എന്റടുത്ത് ഉണ്ടായിരുന്നു..’
‘മോളെ.. നീ ഉറക്കത്തിൽ പിച്ചും പേയും പറയുവാണോ.. അവൾ സ്നേഹിച്ച പയ്യന്റെ കല്യാണമാരുന്നു ഇന്ന്… അവൻ കുറച്ചു മുന്നേ വന്ന് അവൾക്ക് വേണ്ടി വച്ച താലിമാല അണിയിച്ചു.. നിറുകയിൽ സിന്ദൂരവും ഇട്ടു.. പാവം അവൻ കരഞ്ഞു തളർന്നു.. അവന്റെ പെണ്ണും കൂടെയുണ്ടായിരുന്നു.. അതും കരയുവാരുന്നു.. അതുങ്ങടെ ജീവിതം എന്താകുമെന്ന് ആർക്കറിയാം.. ‘
ഷൈനി ഫോൺ കട്ടുചെയ്തു.. എന്താണ് നടന്നതെന്നറിയാതെ അവൾ വിയർത്തു.. കുറെ വെള്ളം കുടിച്ചു.. കിടന്നിട്ട് ഉറക്കം വരുന്നില്ല.. എവിടെയും ചേച്ചിയുടെ മുഖം..എന്തുകൊണ്ടോ അവൾക്ക് പേടിതോന്നിയില്ല. അവൾ കരഞ്ഞു നേരം വെളുക്കുന്നിടം വരെ കരഞ്ഞു.. ഒരു കൂടപ്പിറപ്പ് പോയ സങ്കടത്തോടെ..
***********
അതേ സമയം രുഗ്മിണി യാത്രയിലായിരുന്നു.. ഒരാളോടെങ്കിലും സത്യം തുറന്നു പറഞ്ഞല്ലോ എന്ന ചാരിതാർഥ്യത്തോടെ സ്വർഗത്തിലേക്കുള്ള യാത്രയിൽ.. ഭൂമിയിലെ മാലാഖ സ്വർഗത്തിലെ മാലാഖമാരുടെ ഒപ്പം വെളുത്തചിറകുകൾ വിടർത്തി പറന്നു അനന്ത വിഹായസ്സിലേക്ക്….
**********
ദീപാ ഷാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo