Slider

* കറുത്ത ഇരട്ട : 2 *

0
* കറുത്ത ഇരട്ട : 2 *

കുഞ്ഞുവാവകളെ വീട്ടിൽ കൊണ്ട് വന്നു. നേരത്തെ കണ്ടു വെച്ചിരുന്ന പോലെ ആൻസിയെന്നും നാൻസിയെന്നും കുഞ്ഞുങ്ങൾക്ക് പേരിട്ടു. ആദ്യത്തെ കുറച്ചു ദിവസം രണ്ടു പേരുടെയും വിശപ്പു മാറ്റാൻ മാത്രം മുലപ്പാൽ ഇല്ലായിരുന്നെങ്കിലും കുടിക്കുന്നതിനനുസരിച്ച് പാലുണ്ടാകുന്നതു കൊണ്ട് പിന്നീട് കുഴപ്പമില്ലാതെ പോയി.കഴിയുന്നതും മുലപ്പാൽ മാത്രം നൽകാനായിരുന്നു ഡോക്ടറുടെ ഉപദേശം.
സൂസനെ വെള്ളം കുടിപ്പിച്ചത് രണ്ടു പേരുടെയും ഉറക്കത്തിന്റെ സമയമായിരുന്നു..ഒരാൾ പകലുറങ്ങും മറ്റേയാൾ രാത്രിയിലും.. ജേക്കബും കുറച്ചു ദിവസം അവധി എടുത്തു കുഞ്ഞുങ്ങളെ പരിചരിക്കാൻ സഹായിച്ചു..
ജോലിക്കായി ഒരു സ്ത്രീ വന്നിരുന്നു എങ്കിലും ഒരേ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളേയും അമ്മയേയും പരിചരിക്കാൻ അവർക്കാകുന്നുണ്ടായിരുന്നില്ല.. രണ്ടു പേരും മൂലപ്പാൽ കുടിക്കുന്നതും ശരിയായ ഉറക്കമില്ലായ്മയും മൂലം ബുദ്ധിമുട്ടിയ സൂസനു ശരിക്കും ഒരു അനുഗ്രഹം ആയിരുന്നു ജേക്കബിന്റെ സാമിപ്യം.
ആദ്യമൊക്കെ പാലു കുടിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങളുടെ വയറ്റിലെ ഗ്യാസ് കളയൽ ആണ് ഏറ്റവും വലിയ പരീക്ഷണമായി ജേക്കബിനു തോന്നിയത്… പിന്നീട് അക്കാര്യത്തിൽ അയാൾ നിപുണനായി മാറി..
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രണ്ടു പേർക്കും കുറേശ്ശെ മുടി വന്നു തുടങ്ങി.. നാൻസിയുടേത് കുറച്ചു ബ്രൗൺ നിറവും ആൻസിയുടേത് കറുപ്പും..
“ മോളൂ…പ്പേടെ തക്കുടൂ…”
“ എടീ.. ദേ ഇവളു ചിരിക്കുന്നു..”
“അല്ല..ഇച്ചായാ.. നമുക്കിവരുടെ മാമോദീസ നടത്തണ്ടേ..”
“ അതിന് തലതൊട്ടമ്മമാരൊക്കെ അങ്ങ് നാട്ടിലല്ലേ…”
“ആ.. അതും ശരിയാ.. അപ്പൊ നമ്മളെപ്പഴാ നടത്തുന്നേ…?”
“ഇനി നാട്ടിൽ പോകുമ്പോ..”
“ അതെനിക്ക് മനസിലായി.. എന്നാണെന്നാ ചോദിച്ചേ…”
“ ആദ്യം..ഈ ലീവു കഴിഞ്ഞു ജോലിക്ക് കയറട്ടെ… ഇപ്പൊ ഇത്രേം ലീവെടുത്തോണ്ട് ഇനി ഒരു ആറേഴു മാസം കഴിയാതെ ലീവു നോക്കണ്ട..”
“ അയ്യോ.. അത്രേം ഒക്കെ ആവണോ…മാമോദീസ അധികം വൈകിക്കാത്തതാരുന്നു നല്ലത്..”
“ ഓ.. അതിലൊന്നും വലിയ കാര്യമില്ലെന്നേ… അത്രയും നാളു കൂടി അവരു മനുഷ്യക്കൊച്ചുങ്ങളായി ഇരുന്നോട്ടെ..”
“ ദേ.. ഇച്ചായാ…വെറുതെ വേണ്ടാത്തത് പറയല്ലേ.. മാമോദീസ കഴിഞ്ഞാലെന്താ മനുഷ്യൻമാരല്ലാണ്ടാവോ…”
സൂസനു ദേഷ്യം വന്നു..
“ ഓ.. ഞാനൊന്നും പറഞ്ഞില്ലേ.. എന്റെ പൊന്നു മോളിനി ഇതിന് ദേഷ്യം പിടിച്ച് മൂക്ക് ചുവപ്പിക്കണ്ട.. പക്ഷേ.. ലീവെന്തായാലും ഇപ്പോഴൊന്നും കിട്ടത്തില്ല..”
മാമോദീസ നടത്താനെന്താണു വഴിയെന്നാലോചിച്ചാണ് അവളന്നുറങ്ങിയത്.
സ്കോട്ട്‌ലൻഡിൽ വസന്തമായിത്തുടങ്ങി.. പുറത്തിറങ്ങിയാൽ നയനമനോഹരമായ കാഴ്ചകൾ മാത്രം.. കുറേ നാളുകളായി വീടിന്നുള്ളിൽ തന്നെ ആയിരുന്ന സൂസനേയും കൂഞ്ഞുങ്ങളേയും കൂട്ടി ജേക്കബ് പാർക്കിൽ പോയി.. കുഞ്ഞുങ്ങളും സൂസനും പുറത്തെ അന്തരീക്ഷം ശരിക്കും ആസ്വദിച്ചു.
രണ്ടു കുഞ്ഞുങ്ങളുടെയും കരച്ചിൽ കേട്ടാണ് പിറ്റേന്ന് നേരം വെളുത്തത് .. രണ്ടുപേരുടേയും മുഖം ചുവന്നു തുടുത്തിരിക്കുന്നു.. ചുണ്ടുകൾ ചുവന്നു വീർത്തിരിക്കുന്നു…കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളമൊഴുകിക്കൊണ്ടിരിക്കുന്നു.. ഏതു കഠോരഹൃദനേയും ഒന്നുലക്കും വിധം നിർത്താതെയുള്ള കരച്ചിലും…കുഞ്ഞുങ്ങളേയും വാരിയെടുത്തു അവർ ആശുപത്രിയിലേക്ക് പറന്നു. വഴിയിലുടനീളം കുഞ്ഞുങ്ങൾ മാത്രമല്ല സൂസനും ജേക്കബും കരയുകയായിരുന്നു.
അലറികരയുന്ന രണ്ടു കുഞ്ഞുങ്ങളേയും കൊണ്ട് കരഞ്ഞു കൊണ്ട് ഓടി വരുന്ന സൂസൻറേയും ജേക്കബിൻറേയും മുന്നിൽ മറ്റുള്ള രോഗികൾ വഴി മാറി.
ഡോക്ടർ കുഞ്ഞുങ്ങളെ പരിശോധിച്ചു.
കുഞ്ഞുങ്ങൾക്ക് ഏതോ പൂമ്പൊടി അലർജി ആയതാണ ത്രെ.. കാറ്റിലൂടെ വരുന്ന ഇവ മുതിർന്നവർ ക്ക് വലിയ പ്രശ്നമാവാറില്ലെങ്കിലും കുഞ്ഞുങ്ങളെ ചിലപ്പോൾ സാരമായി ബാധിക്കും.. തൽക്കാലം ഇവിടെ നിന്ന് ഒന്ന് മാറി നിൽക്കുന്നതാണ് നല്ലത് എന്ന ഡോക്ടറുടെ അഭിപ്രായം അവരെ വലിയ ചിന്താക്കുഴപ്പത്തിലാക്കി.. കൂട്ടലും കുറക്കലും ഹരിക്കലും ഗുണിക്കലുമെല്ലാം തകൃതിയായി നടന്നു. ചിന്തകളെല്ലാം അവസാനം കുഞ്ഞുങ്ങളിലെത്തി നിന്നപ്പോൾ തിരിച്ചു നാട്ടിലേക്ക് എന്ന തീരുമാനം ഉറച്ചു.
കുഞ്ഞുങ്ങൾ കുറച്ചു വലുതാകും വരെ സൂസന്റെ വീട്ടിൽ നിൽക്കാം എന്നായിരുന്നു തീരുമാനം.. ജേക്കബ് നാട്ടിൽ തന്നെ ജോലി അന്വേഷിക്കാൻ തുടങ്ങി. സി എ കാരനായ അയാൾക്ക് നല്ലൊരു ജോലി കിട്ടാൻ അധികം കഷ്ടപ്പെടേണ്ടി വന്നില്ല.
സൂസൻറെ അമ്മ മാർത്ത ഒരു ആംഗ്ളൊ ഇന്ത്യക്കാരി ആയിരുന്നു. സൂസനേക്കാൾ വെളുത്ത നിറമായിരുന്നു അവർക്ക്.. “ഇതെന്താ പേപ്പറു പോലിരിക്കണെ” എന്ന് ചോദിച്ചു ജേക്കബ് ഇടക്കവരെ കളിയാക്കും. നീല കണ്ണുകളായിരുന്നു മാർത്തക്ക്. മുടിയിപ്പോൾ ബ്രൗൺ നിറവും വെള്ളനിറവും ഇടക്കു കുറച്ചു സ്വർണനിറവുമായി നല്ല ഭംഗിയാണ്.” മമ്മാടെ മുടിയാലാരോ പെയിന്റ് കോരിയൊഴിച്ചതാ..” ജേക്കബ് കളിയാക്കും..ജേക്കബ് മാർത്തക്ക് “മോളേക്കാൾ സ്നേഹമുള്ള മരുമകൻ” ആയിരുന്നു.
സൂസൻ മാർത്തയുടെ ഒറ്റ മകൾ ആയിരുന്നു. പപ്പ അവളുടെ നാലാം വയസ്സിൽ മരിച്ചു പോയി. വകയിലൊരു കസിൻ ജാൻസിയാണ് അവരുടെ കൂടെയുള്ളത്. ജാൻസിക്കു വേറെയാരുമില്ല.അച്ഛനുമമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട അവർ കല്ല്യാണം കഴിച്ചിട്ടില്ല. ആഴ്ച്ചകൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ അവരുടെ പ്രാണനായി മാറാൻ അധികം വൈകിയില്ല.
വീട്ടിൽ അമ്മയും ജാൻസിയും ഉള്ളത് കൊണ്ട് സൂസനു പഴയ കഷ്ടപ്പാടൊന്നുമില്ലായിരുന്നു.
ജേക്കബിൻറെ വീട്ടിൽ നിന്നും അപ്പച്ചനും അമ്മയും ജേക്കബിന്റെ സഹോദരൻ ജെയിംസും സഹോദരി റോസിലിയും മൂന്നു വയസുകാരൻ കിച്ചൂട്ടനെന്ന ക്റിസ്ററിയും കുഞ്ഞുങ്ങളെ കാണാൻവന്നു.കാറിൽ നിന്നിറങ്ങിയ അന്നാമ്മ ഓടുകയായിരുന്നു കുഞ്ഞുങ്ങളെ കാണാൻ.
അന്നാമ്മ ആദ്യമായിട്ടാണ് ഇരട്ട കുട്ടികളെ കാണുന്നത്. മുറിയിലെ ഇരട്ട കട്ടിലിൽ രണ്ടു കുഞ്ഞു കിടക്കകളിൽ കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടതും അവർ കരയാൻ തുടങ്ങി. മറ്റുള്ളവർ തമ്മിൽ തമ്മിൽ നോക്കി
“അമ്മേ…”
ജേക്കബ് വിളിച്ചു.
“ സന്തോഷം കൊണ്ടാടാ..”
കൂടി നിന്നവരുടെ ആശങ്ക ഒരു പുഞ്ചിരിക്ക് വഴി മാറി. പതിവില്ലാതെ കുഞ്ഞുങ്ങൾ രണ്ടു പേരും ഉറങ്ങുകയായിരുന്നു.
“ അമ്മേ…അവരുറങ്ങുവല്ലേ..അമ്മ വന്നു വല്ലതും കഴിക്ക്.. രാവിലെ ഇറങ്ങിയതല്ലേ..” ജേക്കബ് പറഞ്ഞു
“ അവളിന്നലെ മുതലേ ഒന്നും കഴിച്ചിട്ടില്ല.. രാത്രി ശരിക്ക് ഉറങ്ങിയിട്ടുമില്ല.. എന്റെ അന്നാമ്മേ.. ഇനിയെങ്കിലും ഒന്ന് ശ്വാസം വിട്..” ജേക്കബിന്റെ അപ്പച്ചൻ തോമസ് ഭാര്യയുടെ തോളിൽ തട്ടി.
ഇതൊന്നും കേട്ട ഭാവം ഇല്ലാതെ അന്നാമ്മ കുഞ്ഞുങ്ങളെ നോക്കി നിന്നു.കുഞ്ഞു ബെഡിലെ കൊതുകുവലക്കുള്ളിൽ രണ്ടു കുഞ്ഞു മാലാഖമാർ..അവരെയൊന്നു തൊടാൻ അവർക്ക് കൊതിയായി.. കുഞ്ഞു ശരീരങ്ങൾ ശ്വാസോച്ഛ്വാസത്തിനനുസരിച്ച് ഉയരുന്നതിനും താഴുന്നതിനും അനുസരിച്ചായി അന്നാമ്മയുടെ ഹൃദയമിടിപ്പ്.
“ നീ വരുന്നില്ലേൽ വേണ്ട.. എനിക്ക് വിശന്നിട്ട് വയ്യ.. രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതാ.. വഴിയിൽ നിർത്തി എന്തേലും കഴിക്കാമെന്നു വെച്ചാൽ സമ്മതിക്കണ്ടേ.. ഇവിടെ എത്താൻ താമസിക്കുവെന്നും പറഞ്ഞ്..” തോമാച്ചൻ പുറത്തേക്ക് നടന്നു.. “ മോളേ.. ഷുഗറിന്റെ ഗുളിക കഴിക്കുന്നതാ.. എനിക്ക് വിറക്കാൻ തുടങ്ങി..”
സൂസൻ വേഗം തോമാച്ചനെ ഡൈനിങ് റൂമിലെ കസേരയിൽ ഇരുത്തി. ജാൻസി അപ്പോഴേക്കും അപ്പവും കറിയുമായി എത്തിയിരുന്നു.
സൂസൻ ഒരു പാത്രത്തിൽ ഭക്ഷണമെടുത്ത് കുഞ്ഞുങ്ങളെ കിടത്തിയ റൂമിലെത്തി.
“ അമ്മ ഇത് കഴിക്ക്.. കൊച്ചുങ്ങളെണീക്കുമ്പൊ അല്ലെങ്കി എടുക്കാൻ കഴിയുകേല..”
അന്നാമ്മ സൂസനെ നോക്കി
“ എന്റെ വെശപ്പൊക്കെ പോയി മോളേ.. എന്തായാലും ഇവിടിരുന്നു കഴിക്കുന്നില്ല..” അന്നാമ്മ പാത്രവുമായി ഡൈനിങ് റൂമിലേക്ക് പോയി.
“ കിച്ചൂട്ടാ..കുഞ്ഞാവേനെ കണ്ടോ…?”
“ ഉം…”
“ എങ്ങനെയുണ്ട് കുഞ്ഞാവകൾ..? ഇഷ്ടായോ..?”
“ റൊച്ചാപ്പൂപോല്ണ്ട്…”
കൂട്ടച്ചിരി മുഴങ്ങി
“ അതവൻ ജെയിംസ് പറയുന്ന കേട്ട് പറഞ്ഞതാ..” റോസിലി പറഞ്ഞു
എല്ലാവരും അവനെ നോക്കി ചിരിക്കുന്നത് കണ്ട് കിച്ചൂട്ടന് നാണം വന്നു..അവൻ പതുക്കെ റോസിലിയുടെ ചുരിദാറിന്റെ പുറകിലൊളിച്ചു.
“ അയ്യോടാ.. എന്റെ കൊച്ചിന് നാണായോ…” ജേക്കബിന്റെ ചോദ്യം അടുത്ത കൂട്ടച്ചിരി ഉയർത്തിയതോടെ അവൻ മുഴുവനായും അപ്രത്യക്ഷമായി.
സൂസൻ വന്നവനെ എടുത്തു
“ കിച്ചൂട്ടൻറെ കുഞ്ഞാവകളാ ട്ടോ… കിച്ചൂട്ടനിപ്പൊ ചേട്ടായിയല്ലേ.. കുഞ്ഞാവകൾടെ ചേട്ടായി.. അപ്പൊ നാണിക്കുവൊന്നും വേണ്ട..”
“ സൂസീ..നീയവനെ താഴെ വയ്ക്ക്.. പ്രസവിച്ചു കിടക്കുന്ന പെണ്ണാ.. എടീ നിനക്ക് വെയ്റ്റ് എടുക്കാനൊന്നും ആയില്ല..”
റോസിലി അവനെ താഴെ നിർത്തി.
“പിന്നേ..അവളാണോ പ്രസവിച്ചു കിടക്കുന്നേ…അവള് കിടക്കുവല്ല ഓടുവാ..” മാർത്ത സൂസനെ നോക്കി.
എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ എഴുന്നേറ്റില്ല.
“അല്ലെങ്കിൽ ഉറക്കമില്ലാത്ത പിള്ളേരാ.. ഇപ്പൊ എല്ലാരും കാത്തു നിക്കുമ്പൊ എന്തൊരുറക്കവാ..” മാർത്ത അത്ഭുതപ്പെട്ടു.
പറഞ്ഞു തീരേണ്ട താമസം നാൻസി കയ്യും കാലും അനക്കാൻ തുടങ്ങി.. എല്ലാവരും നോക്കി നിൽക്കെ കുഞ്ഞിക്കണ്ണുകൾ തുറന്നു…
“ ഹായ്..പാവകുട്ട്യേ പോലിണ്ട്…”
കിച്ചൂട്ടൻറേതായിരുന്നു ആദ്യ കമന്റ്. ശബ്ദം കേട്ടിടത്തേക്ക് കുഞ്ഞു നാൻസി നോക്കി. പതുക്കെ കുഞ്ഞു മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
“ ദേ..കുഞ്ഞാവ ചിരിക്ക്ണൂ….” കിച്ചൂട്ടന് സന്താഷമായി
“ ആ..ചേട്ടായിയെ ഇഷ്ടായല്ലോ... കുഞ്ഞാവക്ക്..“
ശബ്ദം കേട്ടിട്ടോ എന്തോ…ആൻസി പെട്ടെന്ന് കണ്ണു തുറന്നു. കൂടി നിന്നവരെ മൈൻഡ് ചെയ്യാതെ അവൾ കുഞ്ഞിക്കൈയും കാലും അന്തരീക്ഷത്തിലേക്കെറിഞ്ഞ് കളിക്കാൻ തുടങ്ങി.
“ഓ.. ഇവള് വല്ല്യ സീരിയസാ…”
“ ഹി..ഹി..ഹി..നല്ല രസണ്ട് കുഞ്ഞാവേടെ ഡാൻസ്…” കിച്ചൂന് ചിരി വന്നു.
ജെയിംസ് എന്തോ ഓർത്തത് പോലെ പെട്ടെന്ന് മൊബൈലെടുത്ത് വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി.
“ ഞാനടുത്തയാഴ്ച്ച പോയാ പിന്നെ ഇവരെ എപ്പഴാണാവോ കാണുന്നെ..” ജെയിംസ് ബാംഗ്ലൂരിൽ എംബിഎ ക്ക് പഠിക്കുകയാണ്.
“ നീ അടുത്ത ആഴ്ച്ച പോകുവോ…” ജേക്കബിന്റെ ചോദ്യം
“ ചേട്ടായിയോട് ഞാൻ പറഞ്ഞാരുന്നല്ലോ.. “
“ പറഞ്ഞാരുന്നോ.. എപ്പോ…?”
“ഉം…. നല്ല ഓർമശക്തി..”
“ നൂറു കൂട്ടം കാര്യങ്ങളല്ലേടാ തലേല്…എല്ലാം കൂടി ഓർമ നിക്കണ്ടേ..”
“ മാമോദീസേടെ കാര്യം ചോദിച്ചപ്പൊ ഞാൻ പറഞ്ഞില്ലേ.. അടുത്ത ആഴ്ച പോയാ പിന്നെ എനിക്ക് ആറു മാസം കഴിഞ്ഞേ വരാനൊക്കൂ..”
“ ശ്ശെടാ… ഇതൊക്കെ നീയെന്നോട് ശരിക്കും പറഞ്ഞാരുന്നോ…!!” ജേക്കബ് അന്തം വിട്ടു.
“ അപ്പൊ മാമോദീസ എപ്പഴത്തേക്കു വെക്കാനാനാ പരിപാടി..?” തോമാച്ചൻറെ ചോദ്യം അടുത്ത ചർച്ചക്ക് വഴിയൊരുക്കി.
“ പത്തു ദിവസത്തിനുള്ളിൽ വെച്ചാലേ എനിക്ക് കൂടാനൊക്കൂ..”
“ പത്തു ദിവസോ..അതിന്റുള്ളിലെങ്ങനാ..?”
“ അതിനിപ്പോ എന്നാ..? അധികം ആളുകളെയൊന്നും വിളിക്കണ്ട.. നമ്മുടെ അടുത്ത ബന്ധുക്കൾ മാത്രം മതി..” തോമാച്ചന്റെ അഭിപ്രായം.
“ അമ്മയെന്നാ പറയുന്നേ…? “ ജേക്കബ് മാർത്തയോട് ചോദിച്ചു.
“ അന്നാമ്മക്കെന്നാ അഭിപ്രായം…? “ മാർത്ത ചോദ്യം അന്നാമ്മക്ക് കൈമാറി.
“ ഓ..നിങ്ങളെന്നതേലും തീരുമാനിക്ക്..ഞാനിവരെയോന്നെടുക്കട്ടെ…”
അന്നാമ്മ ആൻസിയെ എടുക്കാനാഞ്ഞതും ശ്ർർ…എന്നൊരൊച്ചയോടു കൂടി അവൾ മൂത്രമൊഴിച്ചു.. അകമ്പടിയായി അപ്പിയും..
( നീളം കുറച്ചു കൂടി പോയെന്ന് തോന്നുന്നു. തുടർകഥ വായനയുടെ രസം കളയുമെന്നറിയാം ഭാഗങ്ങളുടെ എണ്ണം കുറക്കാൻ ശ്രമിക്കുന്നുണ്ട്.ഫ്റണ്ട് ലിസ്റ്റിൽ ഇല്ലാത്തവരെ മെൻഷൻ ചെയ്യാൻ പറ്റാത്തത് കൊണ്ട് എല്ലാ പോസ്റ്റിലും കമൻറസിനു റിപ്ളൈ ആയും അടുത്ത ലിങ്ക് ചേർക്കുന്നു. സഹകരണത്തിന് നന്ദി)
- അനിഷ സെൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo