"അന്നു പതിവിലും നേരത്തെ ഞാൻ എഴുന്നേറ്റു. പുലർച്ചക്കോഴി കൂവിയ നേരത്തു തന്നെ.ഇന്നലെ രാത്രിയിലൊരുപോള കണ്ണടച്ചിരുന്നില്ല.ഇമകളിൽ പുളിപ്പ് അനുഭവപ്പെടുന്നത് ഞാനറിഞ്ഞെങ്കിലും അറിയാത്ത ഭാവം നടിച്ചു.....
നിദ്രയുടെ ആലസ്യത്തിൽ മിഴികൾ പൂട്ടിയുറങ്ങുന്ന പ്രിയതമന്റെ നെറ്റിയിൽ മൃദുചുംബനങ്ങൾ അർപ്പിച്ചു. പകലന്തിയോളം കൂലിപ്പണിയെടുത്തു തളർന്നുറങ്ങുന്ന മനുഷ്യനെ ഞാനാദ്യമായി സ്നേഹമൂറൂന്നു നനവിലൊന്നു നോക്കി...
ഇഷ്ടമായിരുന്നില്ല ഈ മനുഷ്യനെ.കറുത്ത് നീളം കുറുകിയ മനുഷ്യൻ പെണ്ണുകാണാനെത്തിയപ്പോൾ അവജ്ഞയായിരുന്നെന്റെ മനസിൽ.സ്നേഹം കോരിച്ചൊരിഞ്ഞ പ്രിയകാമുകൻ പതിവു ശൈലിയിൽ വിടചൊല്ലിയപ്പോളാദ്യമായി പുരുഷ വർഗ്ഗത്തോടെനിക്കു വെറുപ്പ് തോന്നി.ഇനിയൊരു പുരുഷൻ ജീവിതത്തിലേക്കില്ലെന്നു ശപഥമെടുത്തെങ്കിലും വീട്ടുകാരുടെ ആത്മഹത്യാ ഭീക്ഷണിക്കു മുമ്പിൽ പതറിപ്പോയി....
പത്താം ക്ലാസ് വിദ്യാഭ്യാസമുള്ളവൻ ബിരുദാനന്തര ബിരുദക്കാരിയെ താലിചാർത്തിയത് ആരാധനഭാവത്തിലായിരുന്നെങ്കിൽ താഴ്ന്ന പഠിത്തമുള്ളവനോടെനിക്ക് പുച്ഛഭാവവും....
ആദ്യരാത്രിയിലെ മണിയറയിൽ വിറയലോടെ സ്പർശിച്ചയാ കുറുകിയ കൈകൾ ഞാൻ വെറുപ്പാൽ തട്ടിമാറ്റി.ദയനീയമായ അവന്റെ കണ്ണുകളിൽ ദീനഭാവം നിറയുമ്പോളെന്റെയുള്ളിൽ പരിഹാസമുയർന്നു....
ഒരു ബെഡ്ഡിന്റെ ഇരുകോണുകളിൽ അന്യരെപ്പോലെ ഞങ്ങൾ കഴിഞ്ഞു. പകലുമുഴുവൻ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ പ്രണയജോഡികളായി ഞങ്ങൾ ജീവിച്ചു...
"അവളെക്കിട്ടിയത് അവന്റെ ഭാഗ്യമാണെന്ന്" എല്ലാവരും അടക്കം പറഞ്ഞതു കേട്ട് ഞാൻ സന്തോഷിച്ചു.
"അവനെ കിട്ടിയത് നിന്റെ പുണ്യമാണ് മോളെ" എന്നു പറഞ്ഞയെന്റെ അമ്മയെ ഞാൻ കോപത്തോടെ നോക്കി.പിന്നെയും എല്ലാവർക്കും മുമ്പിൽ ഞങ്ങൾ നാടകം തുടർന്നു....
ഒരിക്കൽപ്പോലും ഞാനാ മനുഷ്യനെ സ്നേഹിച്ചിരുന്നില്ല.പക്ഷേ അദ്ദേഹമൊരിക്കലും എന്നെ മനസിലാക്കാതിരുന്നില്ല....
മാസങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വിശേഷമൊന്നും ആയില്ലെ എന്നു ചോദിച്ചവർക്ക് "ആദ്യം ഞങ്ങൾ പൂർണ്ണമായും സ്നേഹിച്ചു കൊതി തീർന്നിട്ട് മതിയെന്നായിരുന്നു ആ മനുഷ്യന്റെ മറുപടി....
അന്നാദ്യമായി അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ സ്പർശിച്ചു.പിന്നെയും ഞാനറിഞ്ഞു എന്നെ താലികെട്ടിയവന്റെ കരുതലും സ്നേഹവും...
കാൽക്കുഴ് തെറ്റി കാലിൽ പ്ലാസ്റ്ററിട്ട് വീണു കിടന്നയെന്നെ അദ്ദേഹം ഒരു കുഞ്ഞിനെപ്പോലെ പരിചരിച്ചു.നാവിൽ ദാഹമനുഭവപ്പെട്ടപ്പോൾ ഞാൻ പറയാതെ തന്നെയെന്റെ നാവിൻ തുമ്പിലേക്കദ്ദേഹം ദാഹജലം ഇറ്റിറ്റു വീഴ്ത്തി.ചോറുരുട്ടി ആദ്യത്തെ ഉരുള വായിലേക്കു വെച്ചു തന്നപ്പോളാ സ്നേഹത്തിന്റെ മാധുര്യം ഞാൻ നുകർന്നു....
എന്നെക്കൊണ്ട് അത്യവശ്യമുള്ളത് ചെയ്യാൻ കഴിയുമായിരുന്നെങ്കിലും ആ സ്നേഹനിധിയെന്നെ ഒന്നിനും സമ്മതിച്ചില്ല.കുളിമുറിയിൽ കൊണ്ട് ചെന്ന് ഒരു പൂവിനെ സംരക്ഷിക്കുന്ന കരുതലിൽ എന്റെയുടലിൽ വെള്ളമൊഴിച്ചു കുളിപ്പിച്ചു.ഇടതൂർന്നയെന്റെ കാർകൂന്തലിൽ നിന്നും ജലത്തുള്ളികൾ വെള്ളതോർത്താലൊപ്പിയെടുത്തു....
അഴിച്ചിട്ട മുടികൾ ഫാനിന്റെ കാറ്റിൽ ഉണക്കിയെടുത്ത് നെറുകയിൽ രാസ്നാദി പകർന്നു മുടിചീകി വാർമുടിത്തുമ്പിന്റെ അഗ്രഭാഗം കെട്ടിവെച്ചു.ഒരു തുളസിക്കതിർ ഇറുത്തെടുത്ത് മുടിച്ചുരുളിൽ ആഴ്ത്തിവെച്ചു....
ജോലിക്കു പോകാതിരുന്ന മനുഷ്യൻ എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീയിതുകൂട്ട് എന്നെ പരിചരിക്കണ്ടല്ലെയെന്ന് പറഞ്ഞു എന്റെ വായടപ്പിച്ചു.
ആഴ്ചകൾക്കൊടുവിൽ ആ മനുഷ്യന്റെ വെണ്മയാർന്ന മനസിന്റെ നിറം ഞാൻ തിരിച്ചറിഞ്ഞു.അദ്ദേഹത്തെ വേദനിപ്പിച്ചതിൽ ആദ്യമായി സങ്കടപ്പെട്ടന്റെ മിഴികൾ ജലസമൃദ്ധിയായി.കുറ്റബോധത്താൽ ഞാനകം പുറമെരിഞ്ഞു.വിദ്യാഭ്യാസമല്ല പരസ്പരം സ്നേഹിക്കാനുള്ളൊരു മനസാണാദ്യം വേണ്ടതെന്ന് ഞാൻ തിരിച്ചറിഞ്ഞു....
അദ്ദേഹത്തെ പൂർണ്ണമായും മനസിലാക്കിയ ആ രാത്രി ഞാനുറങ്ങിയില്ല.ജീവിതത്തിൽ സ്നേഹവും ക്ഷമയും വിശ്വാസവുമെന്തെന്ന് അദ്ദേഹം പഠിപ്പിച്ചു തന്നു.നിറത്തിലല്ല മനസിന്റെ പരിശുദ്ധിയെന്നും വെളുപ്പിലല്ല സൗന്ദര്യമെന്നും ഞാനറിഞ്ഞു....
നിദ്രാവിഹീനമായ ആ രാത്രിയുടെ പുലർച്ചയിൽ വെളുപ്പിനെയെഴുന്നേറ്റ് കുളിച്ചീറനണിഞ്ഞു. കേഭാരത്തെ വെളളതോർത്തിനാൽ കെട്ടിവെച്ചു.പ്രിയതമന്റെ ഇരുകാലുകളിലും തൊട്ട് കൈകൾ ഞാൻ നെറ്റിയിലും ചുണ്ടോടും ചേർത്തു...
മനസിൽ നൂറായിരം തവണ മാപ്പുചൊല്ലി.പാപഭാരം നീർമണിത്തുളളികളായി പുറത്തേക്കു പ്രവഹിച്ചു ആ കാൽപ്പാദങ്ങളെ നനച്ചു.അടുക്കളയിൽ കയറി ആദ്യമായി ഞങ്ങൾക്കായി ചായയിട്ടു അദ്ദേഹത്തെ വിളിച്ചുണർത്തി സ്നേഹമെന്ന വികാരത്തോടെ നൽകി.പിന്നെയെനിക്ക് അങ്ങോട്ട് അദ്ദേഹത്തെ സ്നേഹിക്കാൻ മനസ്സ് വല്ലാതെ കൊതിച്ചു.പതിയെ ഞാനാകെ മാറി പ്രിയതമന്റെ പ്രിയ പത്നിയായി....
"എനിക്കു മനസിലാകുമായിരുന്നു നിന്നെ.അതിനായി ക്ഷമയോടെ ഞാൻ കാത്തിരുന്നു.ഭാര്യയെന്ന അവകാശത്തിൽ എനിക്ക് എന്തും സാധിക്കുമായിരുന്നാലും ബലമായി പിടിച്ചെടുക്കുന്നതിലും നല്ലത് സ്വയം മനസ്സിലാക്കി നൽകുന്ന സ്നേഹത്തിന്റെ മാധുര്യവും നന്മയും മറ്റൊന്നിനും നൽകാനാവിലെന്ന് എനിക്കറിയാമായിരുന്നു....
അദ്ദേഹത്തിന്റെ മറുപടിക്കായി ഞാൻ നൽകിയത് എന്റെ കണ്ണുനീരായിരുന്നു...
" ഇനിയും ഈ മിഴികൾ നിറയരുതേ.കരയാൻ കുറച്ചു കണ്ണുനീർ നീ ബാക്കിവെക്കണം.സ്നേഹിച്ചു കൊതി തീരും മുമ്പെ ഞാൻ നിന്നിൽ നിന്ന് അകലങ്ങളിലേക്ക് പറക്കുമ്പോൾ ഒരുതുള്ളിയെന്റെ കുഴിമാടത്തിൽ അർപ്പിക്കുവാനായി...."
പറഞ്ഞു തീരുമുമ്പേ ഞാനാ ചൊടികളിൽ അമർത്തിപ്പിടിച്ചു...
"ഇല്ല ഒരുമരണത്തിനും ഞാൻ വിട്ടു നൽകില്ലെന്റെ പ്രിയനേ.മക്കളും കൊച്ചുമക്കളുമായി കൊതിതീരും വരെ നിന്റെ ചാരത്തണയണമെനിക്ക്.അതിനായി ഭഗവാനു മുന്നിൽ സ്വയം ബലിതർപ്പണം ചെയ്യാൻ ഞാനൊരുക്കമാണ്....
ആദ്യമായിട്ടന്ന് എന്നെ താലിചാർത്തിയവന്റെ നേത്രങ്ങൾ കണ്ണുനീരിൽ കുതിർന്നപ്പോൾ പിടക്കുന്നുന്ന കരിമഷിയണിഞ്ഞ കണ്ണുകളോളെ ആ മിഴികളിലെ സ്നേഹത്തിന്റെ ചുടുനീരന്റെ ചുണ്ടുകൾ ഒപ്പിയെടുത്തു കൊണ്ടിരുന്നു...."
A story by സുധീ മുട്ടം
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക