നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തണൽ

ലൈക്കോ, കമന്റോ
ആവശ്യമില്ല പ്രിയരേ..
വായിക്കുക, കഴിയുമെങ്കിൽ ഒരു തണലിന് കാരണമാകുക..!😊
*
അന്നേരം കാറ്റൊന്നുമില്ലായിരുന്നു,
എങ്കിലും ,കണ്ണൊന്നിരുത്തി നോക്കിയാലറിയാം ആ മരം വിറയ്ക്കുന്നുണ്ട്..!
മരം ചാരി നിന്നൊരു മഴു വിശ്രമിക്കുന്നു, ഉയർന്ന് താഴ്ന്ന്
മുറിവേൽപ്പിക്കും മുൻപൊരു വിശ്രമം. മഴുവിനോട് ചേർന്ന് ചുരുണ്ട് കൂടി കിടന്നിരുന്ന വടത്തിനു മുകളിലിരുന്ന് അയാൾ പ്ലാസ്റ്റിക് കവർ തുറന്നൊരു വെറ്റിലയെടുത്ത് തുമ്പ് നുള്ളി ചെന്നിയിൽ വച്ച് ചുണ്ണാമ്പ് തേച്ചു, കഷണമാക്കിയ അടയ്ക്ക കടപ്പല്ലില്ലേയ്ക്കെറിഞ്ഞ് കടിച്ചു പൊട്ടിച്ചു കൊണ്ട് ചുണ്ണാമ്പ് തേച്ച വെറ്റില മടക്കി , ഒരു കഷണം പുകയിലയും നുള്ളി അയാൾ എഴുന്നേറ്റു..
ആറടിപൊക്കം, ഇരു വശവും കഷണ്ടി കാർന്ന എണ്ണമയമുള്ള നെറ്റി, മുൻപൊരു മരം മുറിക്കവേ മരച്ചീള് കൊണ്ട് മരം കാറിത്തുപ്പിക്കീറിയ മുറിപ്പാട്, മൂന്നിഞ്ചോളം നീളത്തിൽ ആ മുറിപ്പാട് അയാളുടെ മുഖത്തിനെ പരുക്കനാക്കി, ദിനവും മദ്യം മോന്തവേ ഗ്ലാസിലേയ്ക്കിറങി നീരാടാറുള്ള മേൽച്ചുണ്ട് മറച്ച കപ്പടാമീശക്ക് ലഹരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് തോന്നും ആ
നിൽപ്പ് കണ്ടാൽ..,
മീശ മുറുക്കി നിക്കുന്ന ആ മീശക്കാരൻ അയാളുടെ മുറുക്കാൻ ചവയ്ക്കൊത്ത് ഉലയുന്നുണ്ട്...
അയാളുടെ മേൽച്ചുണ്ടൊരു ആനയാണെങ്കിൽ ആനപ്പുറത്തിരിക്കുന്ന
പാപ്പാനാണ് മീശ..! ...
അയാളുടെ വലത് കണ്ണിൽ കൃഷ്ണമണിയില്ല ,
നേർത്തൊരു കറുത്ത പൊട്ട് ചുറ്റും വെള്ളമൂടിക്കിടന്നിരുന്നു...!
പ്ലാസ്റ്റിക് കവറുമായി അയാൾ എഴുന്നേറ്റ് തൊട്ട് മാറി നിന്ന ബദാം മരത്തിനടുത്തേയ്ക്ക് നടന്നു,
നടത്തയ്ക്കിടയിൽ ഉടുപ്പിന്റെ കുടുക്കുകൾ ഓരോന്നായ് വിടുവിക്കുന്നുണ്ട്..,
പ്ലാസ്റ്റിക് കവർ അയാൾ ബദാമിന്റെ ശിഖരത്തിൽ തൂക്കി. , ഷർട്ടഴിച്ച് കവറിനു മുകലിലായിട്ട് , ദേഹത്തോട് ഒട്ടിക്കിടന്ന പുതിയ പച്ചബനിയനിൽ കുനിഞ്ഞൊന്ന് നോക്കി , കറുത്ത ലുങ്കി മാടിക്കുത്തി, മഴു ചാരിയ മരത്തിനടുത്തേയ്ക്ക്
നടന്നു. വടമെടുത്ത് ചുരുളഴിച്ച് തുമ്പ് കടിച്ചു പിടിച്ചു കൊണ്ടയാൾ അതി വേഗം മരത്തിലേയ്ക്കോടിക്കയറി , ബലത്തൊരു ശിഖരത്തിൽ കുടുക്കിട്ടു, ശേഷം താഴെയിറങി മറ്റൊരു മരത്തിൽ വടം നീട്ടിക്കെട്ടി..!
ഇലത്തുമ്പിൽ തുടിച്ചു നിന്ന മഞ്ഞുകണങളെ മരം പൊഴിച്ച് നിലത്തിടുന്നുണ്ടായിരുന്നു... മരമിറങി വന്ന ഉറുമ്പ് നിരയിലെ ഒന്നാമൻ മഴുകണ്ട് തിരിഞ്ഞോടി, പെട്ടെന്ന് ഉറുമ്പിൻ നിര ചിതറി പരക്കം പാഞ്ഞു..! ഇലയിൽ കൂടുക്കൂട്ടിയ നിറമേറെവാരിച്ചൂടിയ ഒരഴകിപ്പുഴു
ഉറുമ്പിൻ കലമ്പൽ കേട്ട് ഭയന്ന് ഇലയിൽ നിന്നടർന്ന് താഴേവീണിഴഞ്ഞകന്നു.. ഓരോ മരത്തിലും ഒരു ലോകമുണ്ട്,..
ആ ലോകം ഇന്നവസാനിക്കാൻ പോകുന്നുവെന്ന് ആ മരനിവാസികളായ പ്രാണികളെല്ലാം വേദനയോടെയറിഞ്ഞു...മന്ദമായ് തഴുകിയ വീശിയ കാറ്റിനോട് ചുറ്റും നിന്ന മരങളൊന്നും പ്രതികരിച്ചില്ല,...
കാറ്റ് കണ്ടിട്ടുണ്ടാകും മഴു,..പതിയെ കാറ്റും തല കുമ്പിട്ട് ശാന്തനായി..!
"പ്ടക്ക്...!!...."
മൂക്കിലൂടെ ശ്വാസം ആഞ്ഞ്‌ചീറ്റിക്കൊണ്ട് അയാൾ ആദ്യ വെട്ട് വെട്ടി..മഴുവിന്റെ തുമ്പിൽ നിന്നും തെറിച്ചത് മഞ്ഞുതുള്ളിയാണോ...???
അമർത്തിപ്പിടിച്ച നിലവിളിയോടെ, നിറയാത്ത മിഴികളോടെ മരം ആദ്യ വെട്ടിനെ ഏറ്റു വാങി.. തെറ്റ് ചെയ്ത കുട്ടി ടീച്ചറിൽ നിന്നും ഏറ്റു വാങുന്ന ചൂരൽ പ്രഹരം പോലെ, രണ്ടാമത്തെ തല്ലിനായ് മരം കൈ നീട്ടി നിന്നു..
തെറ്റ്...!!എന്താണ് മരം ചെയ്ത തെറ്റ്...?
തണൽ കൊടുത്തുവെന്ന മഹാപരാധം..!! ഈ ഒഴിഞ്ഞ കോണിൽ ആർക്കും ഒരു ശല്ല്യവുമില്ലാതെ നിന്ന എന്നെ വെട്ടിവീഴ്ത്താൻ നിനക്ക് കരാറ് തന്നവന് നല്ലത് വരട്ടെ...എന്നെ വെട്ടിയൊരുക്കി അവൻ പണിതീർക്കുന്നതെന്തായാലും അത് പത്തരമാറ്റോടെ അവന്റെ വീടിനലങ്കാരമാകട്ടെ‌‌.!
നീ നിന്റെ ജോലി ചെയ്താലും മരം വെട്ടുകാരാ..!! പോറ്റി വളർത്തിയവനില്ലാത്ത കനിവും ദയവും എനിക്ക് നിന്നിൽ നിന്ന് വേണ്ട..!!
ഒരു കരണത്ത് തൊഴി കിട്ടിയപ്പോൾ മറുകരണം കാട്ടിയ ഗാന്ധിയെ പോലെ മരം നിന്നു... വെട്ടെടാ...!!!
എത്രയെത്ര മഹാത്മാഗാന്ധി ചേർന്നതാകും ഒരു മരം..!!??
"പ്ട്ക്ക്...പ്ടക്ക്...പ്ട്ക്ക്...."
ഓരോ വെട്ടുകളെയും ചുറ്റുമുള്ള മരങൾ ഹൃദയം കൊണ്ടേറ്റു വാങിപ്പിടഞ്ഞു.. അവയോർത്തു, അത് കഴിഞ്ഞാൽ ഇനി അടുത്തത് ആരാകും... ഈ പറമ്പിലിന്ന് ഞങളുടെ കൂട്ടക്കുരുതി നടത്താനാണോ ഉടമസ്ഥൻ നിനക്ക് കരാർ തന്നത്..??.. മരം വെട്ടുകാരാ..പറഞ്ഞാലും..!!!
കൂടുകൂട്ടാൻ കണ്ടു വച്ചിരുന്ന മരം വെട്ടേറ്റ് പിടയുന്നത് കണ്ട് ചകിരി നാരുമായ് വന്നൊരു പക്ഷി മറുമരം തേടിപ്പറന്നു ..! ഇലയിൽ നിന്നും നില തെറ്റിയൊരു ഉറുമ്പ് അയാളുടെ ഉച്ചിയിൽ വീണു ...
പാതിയിലേറെ മരം മുറിഞ്ഞിരിക്കുന്നു,..കരിയിലകൾ ഞെരിയുന്നു.. ആരൊക്കെയോ വരുന്നുണ്ട്, ഇനി വടമൊന്ന് ആഞ്ഞ് വലിക്കേണ്ട താമസം മരം രണ്ടാകും..
ചുവട് വേറെ …ഉടൽ വേറെ..!!
**
വെള്ളമൊഴിക്കാതെ അകത്താക്കിയ വിലകുറഞ്ഞ കട്ടറമ്മിന്റെ ലഹരിയിൽ‌
ബീഡി ആഞ്ഞു വലിച്ചു കൊണ്ടയാൾ വീട്ടിലേയ്ക്കുള്ള വളവ് തിരിഞ്ഞു.
തോളിൽ വടവും , വടത്തിനു മുകളിലായ് മഴുവും കൊരുത്തിപ്പിടിച്ചിട്ടുണ്ട്‌..ഷർട്ടിന്റെ കുടുക്കൾ പാതിയും ഇട്ടിരുന്നില്ല..
തുപ്പലോട് കൂടി ബീഡി നീട്ടിത്തുപ്പിക്കൊണ്ട് വീട്ടുമുറ്റത്തെ മാവിൻ ചുവട്ടിൽ അയാൾ വടമിട്ടു, മഴു മരത്തിൽ ചാരി, അവിടെ കിടന്ന കയർ വരിഞ്ഞ കട്ടിലിലേയ്ക്കിരുന്നു,
ഷർട്ടിന്റെ കുടുക്ക് പൊട്ടിച്ച് കട്ടിലിന്റെ കാലിലേയ്ക്കിട്ടു.
പതിയെ എണ്ണമയം വീണ് മെഴുകിക്കറുത്ത തലയിണയിലേയ്ക്ക് ചരിഞ്ഞു,.. കണ്മുന്നിലെ ഓടിട്ട, അഴികളുള്ള വീട്ടിലേയ്ക്കയാൾ നോക്കി...അഴികൾക്കിടയിലൂടെ ചുവരിലെ ചില്ലിട്ട ചിത്രം നിലാ വെളിച്ചത്തിന്റെ കനിവിൽ കാണാം..
വെളിയിൽ തൂക്കിയിട്ടിരിക്കുന്ന ബൾബ് ,വെളിച്ചം കൊതിച്ച് അയാളെ നോക്കി നിന്നു, വീടിനെപ്പോലെ..!..
അയാളുടെ വലതു കണ്ണിലെ വെള്ളി വെളിച്ചം വല്ലാതെ തിളങി,
കണ്ണുകൾ മെല്ലെ അടയാൻ തുടങി...!
**
കാറ്റ് ആഞ്ഞ് വീശി, ചൂട്കാറ്റ്..!!
കാറ്റിൻ കൈകളിലേറി വന്ന ചുട്ടു പൊള്ളുന്ന മണൽത്തരികൾ വായ തുറന്ന് വച്ച് കിടക്കുന്ന അയാളുടെ വായിലേയ്ക്ക് വീണു പൊള്ളിച്ചു...
പെട്ടെന്നയാൾ ഞെട്ടിയുണർന്നു..
മണൽത്തരി കണ്ണിലും വന്നു മൂടി...അയാൾ വായിലെ മണൽതുപ്പിക്കൊണ്ട് ചാടിയെഴുന്നേറ്റു...അയഞ്ഞ് വീണ ലുങ്കി കാറ്റിൽ പറന്ന് പോയി..
നിറം മങി അറ്റംചുരുണ്ട ട്രൗസർ
കാറ്റിലിളകി..!
അയാൾ കണ്ണ് തുരുമ്മിക്കൊണ്ട് പതിയെ തുറന്നു..
ഞെട്ടിപ്പോയി.....!!!
ചുറ്റും മരുഭൂമി..., !!!നാലു ദിക്കിലും അയാൾ കറങി നോക്കി.... ചുറ്റും നിറയെ മരക്കുറ്റികൾ നിരന്നു നിൽക്കുന്നത് അയാൾ കണ്ടു...
ആരോ അറുത്തു മാറ്റിയ തണലിന്റെ ബാക്കിപത്രം....
അയാൾക്കൊന്നും മനസ്സിലായില്ല...
എന്റെ വീടെവിടെ,...ഞാനെങെനെ ഇവിടെ ...??? സ്വപ്നമാണോ ഇത്..??
അയാൾ മുന്നോട്ട് നടന്നു...
ഒരു കിലുക്കം...
അയാൾ താഴേയ്ക്ക് നോക്കി, തന്റെ കാലിൽ ചങലയിട്ട് മരക്കുറ്റിയിൽ ബന്ധിച്ചിരിക്കുന്നു...
അയാൾ വല്ലാതെ വിറച്ചു പോയി...
കണ്ണുകളിൽ ഭയം പിടച്ചു.. ചങല കുനിഞ്ഞെടുത്തെങ്കിലും പിടി വിട്ടുകളഞ്ഞു...പൊള്ളുന്ന ചൂട്...
അതെ.‌‌.കാലും പൊള്ളുന്നു .
ചങലയുടെ പഴുത്ത കണ്ണികൾ പൊള്ളിത്തിളയ്ക്കുന്നു....
"ഓാാാായ്.......
ചങലവലിച്ച് പൊട്ടിക്കാൻ പാഴ്ശ്രമം നടത്തിക്കൊണ്ട് അയാൾ നില വിളിച്ചു കൊണ്ട് നാലു ചുറ്റും ഓടി..
"യ്യോ.....യ്....."
മരക്കുറ്റിയിൽ ചങലയുടെ ചുറ്റുകൾ വീണു കൊണ്ടിരുന്നു...
അവസാന ചുറ്റും വീഴവേ അയാളും മരക്കുറ്റിയുടെ അരികിലെത്തി...
കാലുകൾ ചുട്ട് പൊള്ളുന്നു.
അയാൾ മരക്കുറ്റിക്ക് മുകളിൽ കയറി കുന്തിച്ചിരുന്നു.....
പെട്ടെന്ന്....
"അതാ ചുറ്റിലും മരങൾ...തണലുകൾ..."
അയാളുടെ നിറഞ്ഞമിഴികൾ വല്ലാതെ ചിരിച്ചു... തിരക്കില്പ്പെട്ട കുട്ടി അലച്ചിലിനൊടുവിൽ പെട്ടെന്ന് അമ്മയെ കണ്ട പോലെ.....!!!..
പെട്ടെന്ന്,...
"പ്ടക്ക്...പ്ടക്ക്....."....മരത്തിൽ
മഴുവീഴുന്ന ശബ്ദം ഇരമ്പിയാർത്ത് അയാളുടെ കാതുകളിലേയ്ക്ക് തുളഞ്ഞ് കയറി....
"ക്‌‌...ർ‌...ർ...ർ..!"
മരം വീഴുന്ന നിലവിളിക്കൊപ്പം അയാൾ ചെവിപൊത്തി അലറി ...
മുന്നിലെ മരങൾ അപ്രത്യക്ഷമായി....മരത്തിന്റെ നിലവിളികൾ നിറഞ്ഞ അവിടം കലാപ ഭൂമിയെപ്പോലെ തോന്നിപ്പിച്ചു..
തിളച്ചു മറിയുന്ന സൂര്യനു താഴെ
അയാൾ മുട്ടുകൾക്കിടയിൽ തല പൂഴ്ത്തി , .... ഒരിത്തിരി തണൽ കൊതിച്ചു പോയയാൾ...!ഒരില കൊഴിഞ്ഞെന്റെ ദേഹത്ത് വീണെങ്കിൽ...!!!!
മൂക്കിൻ തുമ്പിലേയ്ക്ക് ഒരു വിയർപ്പു തുള്ളി ഒഴുകി വന്നു...
പതിയെ നിലത്തെയ്ക്ക് പിടി വിട്ടു...
ആ വിയർപ്പു തുള്ളിക്കൊപ്പം അയാളും ബോധം കെട്ട് നിലത്തേയ്ക്ക് മറിഞ്ഞു..!
*
കണ്ണിലൊരു മഞ്ഞു തുള്ളി വീണ് അയാൾ ഞെട്ടിത്തുറന്നു...
അതാ മുകളിൽ, ഇളകിയാടുന്ന മരച്ചില്ലകൾ....ഇലകൾ കാറ്റുമായി തൊട്ടുരുമ്മി ചിണുങുന്നു....
അയാൾ പെട്ടെന്ന് ചാടിയെഴുന്നേൽക്കാൻ തുടങിയതും
ആ കാഴ്ച്ച ഇല്ലാതായി‌...
വന്നും ,അകന്നും‌ തണൽ കൊതിപ്പിക്കുന്നു..!!
മരം മുറിഞ്ഞ് വീഴുന്ന നിലവിളികൾ വീണ്ടും ആർത്ത് വന്നു..
അയാൾ മരക്കുറ്റിയിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഉടൽ മുറിച്ചു മാറ്റിയ താൻ ബന്ധനസ്ഥനായിക്കിടക്കുന്ന മരക്കുറ്റിയുടെ മുറിവിൽ അയാൾ തലോടി..
പതിയെ മുകളിലേയ്ക്ക് നോക്കി....
ഇതിനു മുകളിലൊരു തണലുണ്ടായിരുന്നു...!!...
അയാൾ ആ തണലിനെ മനസ്സിലേയ്ക്ക് നിറച്ചു....മിഴികൾ നിറഞ്ഞൊഴുകി മരക്കുറ്റിയുടെ മുകളിൽ വീണു.... അയാൾക്ക് വല്ലാതെ ദാഹിച്ചു.... വറ്റിയില്ലാതാകുന്ന കണ്ണീർത്തുള്ളിയെ അയാൾ കൊതിയോടെ വരണ്ട ചുണ്ട് വിടർത്തി നോക്കി...!
മരച്ചുവട്ടിൽ ഒരു പട്ടിയെ പോലെ അയാൾ ചുരുണ്ട് കൂടി....ദേഹം ചൂടേറ്റ് പൊള്ളിയടരുന്നത് അയാൾ ശ്രദ്ധിച്ചതേയില്ല...ഒരു കൈയ്യാൽ മരക്കുറ്റിയിൽ ചുറ്റിപ്പിടിച്ച് കിടന്നു...
അയാളുടെ നോട്ടത്തിലേയ്ക്ക് ഒരുറുമ്പ്
കടന്നു വന്നു...
തളർന്ന മിഴികൾ വിടർത്തി അയാൾ അതിനൊപ്പം സഞ്ചരിച്ചു, ഉറുമ്പ് മരക്കുറ്റിക്ക് മുകളിലേയ്ക്ക് നടന്നു നീങി....അയാളുടെ മിഴികളും...!.
ഉറുമ്പ് മരക്കുറ്റിക്ക് മുകളിലെത്തി !!!.
പെട്ടെന്ന് അയാൾ ചാടിയെഴുന്നേറ്റു...മരക്കുറ്റിക്ക് മുകളിൽ ഉറുമ്പ് കൈകൾ കൂട്ടിത്തിരുമ്മി നിന്നു...അവിടാകെ ചുറ്റിത്തിരിയാൻ തുടങി..!!
അയാൾ ചുറ്റ് വീണ ചങല തിരിച്ചഴിച്ചു
കൊണ്ട് ഓടി...
ഇടയ്ക്ക് ഇടറി വീണെങ്കിലും വീണ്ടും എഴുന്നേറ്റോടി...ഒടുവിൽ ചങലയുടെ അവസാന ചുറ്റും അഴിച്ച അയാൾ കണ്ടു...
ചങല മരക്കുറ്റിയിൽ അയഞ്ഞ് ബന്ധിച്ചിരിക്കുകയാണ് ...!!!!...
തന്റെ കാലിലെ ചുറ്റ് മാത്രമാണ് ഇറുകെ പൂട്ടിയിട്ടുള്ളത്...!!
മരക്കുറ്റിയിലെ ചങലച്ചുറ്റിന് മുകളിലേയ്ക്ക് ഊരിയെടുക്കാൻ പാകത്തിൽ വിടവുണ്ട്...!!!
അയാൾ മുട്ടുകുത്തിയിരുന്നു കൊണ്ട് ചങല മുകളിലേയ്ക്കുയർത്തി....
അനായാസമായി അത് മുകളിലേയ്ക്ക് ഊർന്ന് വന്നു...
ഉറുമ്പ് കയറി വന്ന പോലെ....!!!!
ഊരിയെടുത്ത ചങല നിലത്തിട്ട്...
നിറകണ്ണോടെ അയാൾ ചിരിച്ചു.
മരക്കുറ്റിയുടെ മുകളിൽ തലോടി...
ആ തിളയ്ക്കുന്ന പരപ്പിൽ ചുണ്ട് ചേർത്തു..എല്ലാത്തിനും സാക്ഷിയായി ആ ഉറുമ്പ് അപ്പോഴും അവിടെ ഓടി നടക്കുന്നുണ്ടായിരുന്നു...!
അയാൾ ചുറ്റും നോക്കി...പതിയെ നടന്നു...എങോട്ടെന്നില്ലാതെ ..
കുറച്ച് തണൽ കിട്ടിയെങ്കിൽ..!!!.
അതാ ദൂരെയൊരു മരമല്ലേ കാണുന്നത്...!!!...
അതെ...അതെ....!!
അയാൾ ഓടി......
ആ ഓട്ടം...!!
വർഷങളായ് ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ മനുഷ്യൻ ,
അവിടെ നിന്നും രക്ഷപെട്ട് തന്റെ കുടുംബത്തെ കാണുമ്പോൾ അവർക്ക് നേരേ വികാരവായ്പ്പോടെ
ഓടി വരുന്ന പോലെ തോന്നിച്ചു.!
പെട്ടെന്ന് കാലിൽ ബന്ധിച്ചിരുന്ന, നിലത്തിഴഞ്ഞിരുന്ന ചങ്ങല ഒരു മരക്കുറ്റിയിലുടക്കി അയാൾ മുഖമടച്ച് മണലിൽ വീണു...!
**
ആ വീഴ്ച്ചയുടെ ആഘാതത്തിൽ‌ അയാൾ ഞെട്ടിയുണർന്നു.
വീടിനു മുന്നിൽ.....!!
താൻ കിടന്ന മാവിൻ ചുവട്ടിലെ കയർവരിഞ്ഞ കട്ടിലിൽ നിന്ന്....!!
അയാൾ ചുറ്റും നോക്കി...!!!!..
തന്റെ വീട്...നാട്.....!!
മരുവില്ല..!!!!? ചുറ്റും മരക്കുറ്റികളില്ല, മരത്തിന്റെ നിലവിളികളില്ല!!!
അയാൾ മുകളിലേയ്ക്ക് നോക്കി..
തലയാട്ടിനിൽക്കുന്ന മാവില വിടവിലൂടെ നിലാവരിച്ചിറങുന്നു...
ഒരു പഴുത്ത മാവില കൊഴിഞ്ഞ്
അയാളുടെ മുഖത്ത് വീണു..!
അയാൾ തന്റെ മുകളിലെ തണലിനെ കൊതിയോടെ മിഴികൾ വിടർത്തി നോക്കി...വർഷങളായ് കാണുന്ന ആ മാവിനെ ആദ്യമായ് കാണുന്ന പോലെ
തോന്നി അയാൾക്ക് .!
പതിയെ കൈ നീട്ടി മാവിനെ തൊട്ടു....കെട്ടിപ്പിടിച്ചു കൊണ്ട് ഏങലടിച്ചു കരഞ്ഞു...!!..
മാഞ്ചുവട്ടിലെ മഴുവിലെ ഇരുമ്പ് മുഴുവൻ അലിഞ്ഞ് മണ്ണിൽ ചേർന്നിരിക്കുന്നു....
മെല്ലെയൊരു കാറ്റ് വന്ന് ചാരി വച്ച മഴുവിലെ പിടിയെ തൊട്ടു...അത് നിലത്ത് വീണുരുണ്ട് ഇരുട്ടിൽ മറഞ്ഞു..!
* മരമല്ല മനുഷ്യാ...
നീ മുറിക്കുന്നതെത്രയോ തണൽ..*

Shyam Varkala

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot