Slider

എവിടെവെച്ചാണ് ഞാൻ തിരിച്ചുനടന്നത്

0
Image may contain: 2 people, people smiling, selfie and closeup

എത്ര വിചിത്രമായാണ്
മത്സ്യങ്ങളോട് യാതൊരടുപ്പവുമില്ലാത്ത
നിങ്ങളുടെ മനസിനെ,
വയലിന് നടുവിലെ വഴിയുടെ അരികിലെ
പുല്ലുകൾ ഒഴിഞ്ഞുനിൽക്കുന്ന
ചെറിയ വെള്ളക്കെട്ടിലെ
മീൻകുഞ്ഞ് പിടിച്ചുനിർത്തുന്നത്.
അതുവരെ യാതൊരു ലക്ഷ്യവുമില്ലാതെ നീന്തുകയായിരുന്ന മീൻകുഞ്ഞിന്
നിങ്ങളൊരു നേരമ്പോക്കാവുന്നത്.
വയലിനുമേലെ പടർന്ന പുല്ലിനടിയിലെ
തണുത്ത വെള്ളത്തിലൂടെ
എത്രവേണമെങ്കിലും നീന്താമായിരുന്നിട്ടും,
അതെന്തിനാണ് വീണ്ടും വീണ്ടും
നിങ്ങൾക്ക് മുന്നിലേയ്ക്ക് കടന്നുവരുന്നത്.
അത് കാണാൻ നിങ്ങളെന്തിനാണ് വെയിലുകൊള്ളുന്നത്.
പുല്ലിനുള്ളിലേയ്ക്ക് നീന്തിക്കയറിയ മീൻകുഞ്ഞിനെ ഒരല്പനേരം കാണാതാവുമ്പോൾ
നിങ്ങളെന്തിനാണ് പരിഭ്രമിക്കുന്നത്
ഇത്തിരി ഒളിച്ചിരുന്നശേഷം
വീണ്ടുമത് വെയിലത്തിറങ്ങുമ്പോൾ
നിങ്ങളെന്തിനാണ് ആശ്വാസത്തോടെ സന്തോഷിക്കുന്നത്.
അല്പനേരത്തെ പരിചയത്തിൽ
ഉള്ളംകൈകളെ ചേർത്തുപിടിച്ച്
നിങ്ങളെന്തിനാണ് വെള്ളത്തിലിറങ്ങുന്നത്.
കാലടികൾക്കടിയിൽനിന്നും
പുകപോലെ പടരുന്ന ചളിവെള്ളത്തിനുള്ളിലൂടെ
മീൻകുഞ്ഞെന്തിനാണ്
നിങ്ങളുടെ കയ്യിലേയ്ക്ക് നീന്തിക്കയറുന്നത്.
കൈകൾ ഒന്നുയർത്തിയിരുന്നെങ്കിൽ
മീൻകുഞ്ഞെന്ന കൗതുകത്തെ സ്വന്തമാക്കാമായിരുന്നിട്ടും
എന്തുകൊണ്ടാണ് നിങ്ങളത് ചെയ്യാതിരിക്കുന്നത്.
എപ്പോഴത്തെയുമെന്നപോലെ
പുല്ലുകൾക്കിടയിലേയ്ക്ക് നീന്തിക്കയറിയ മീൻകുഞ്ഞ്
പിന്നെയെന്താണ് തിരിച്ചുവരാത്തത്.
എപ്പോഴാണതിന് കൗതുകം നഷ്ടമായത് !

BY Sarath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo