Slider

സേതുവിന്റ ഓർമ്മകൾ

സേതുവിന്റ ഓർമ്മകൾ
--------------------------------------
ഭയങ്കരമായ കൂർക്കം വലിയുടെ ശബ്ദം കെട്ടുകൊണ്ടാണ് ചെറു മയക്കത്തിൽ നിന്നും അവൾ ഉണർന്നത്. വല്ലാത്ത അസ്വസ്ഥത തോന്നി അവൾക്ക്. അസഹ്യമായ കൂർക്കം വലി ശബ്ദം അവളെ വല്ലാതെ അലോസരപ്പെടുത്തി. ഇയാളുടെ ഭാര്യ എങ്ങിനെ ഇയാളെ സഹിക്കുന്നു. എങ്ങനെ ഇയാളുടെ കൂടെ ഉറങ്ങുന്നു. വല്ലായ്മയോടെ അവൾ ചിന്തിച്ചു.
ജനലിനപ്പുറത്ത് നിലാവുദിച്ച ആകാശം കാണാം. പതിയെ അവളെഴുന്നേറ്റു വസ്ത്രം ധരിച്ചു. ബാൽക്കണിയിലേക്ക് ഇറങ്ങി നിന്ന് അവൾ ആ ആകാശത്തേക്ക് നോക്കി. പലവിധ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി. ചിന്തകൾ മനസ്സിനെ കലുഷിതമാക്കുന്നു. അവൾ വീണ്ടും മുറിയിലേക്ക് വന്നു. ഇന്നലെ കഴിച്ചതിന്റെ ബാക്കി മദ്യത്തിൽ നിന്നും ഒരു പെഗ് പകർന്ന് വായിലാക്കി. ഒരിക്കൽ കൂടി അവൾ കട്ടിലിലേക്ക് നോക്കി. ശരീരം പാതി മറച്ച അവസ്ഥയിൽ തളർന്നുറങ്ങുകയാണയാൾ. രാത്രിയിൽ ഏറെ അദ്ധ്വാനിച്ചിരിക്കുന്നു. പുച്ഛത്തോടെ അയാളെ ഒന്ന് നോക്കിയിട്ട് അവൾ വീണ്ടും ബാൽക്കണിയിലേക്കിറങ്ങി. ചന്ദ്രബിംബത്തിന്റെ പ്രഭാവലയത്തിൽ കുളിച്ചുനിൽക്കുകയാണ് ആകാശം. അകലങ്ങളിലേക്ക് നോക്കി നിർവികാരതയോടെ നിൽക്കുമ്പോൾ ഓർമ്മകളിൽ നിന്നും ആ വിളി അവൾ കേട്ടു.
സേതു....
പിൻവിളി കേട്ട അവൾ തിരിഞ്ഞു നോക്കി. കസവുമുണ്ടുടുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ. ആ മുഖം കണ്ടപ്പോൾ സേതുവിന്റെ മനസ്സിൽ കുളിരുകോരിയിട്ടു. അറിയാതെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞു. അടുത്ത നിമിഷം അവളതിനെ മറച്ചു. മനപ്പൂർവ്വം വീർപ്പിച്ച് കെട്ടിയ മുഖവുമായി അവൾ നിന്നു. അവൻ പതിയെ നടന്നടുത്തു.
എന്താ പെണ്ണെ... എന്നോടിപ്പോളും പിണക്കമാണോ?
പ്രണയം തുളുമ്പുന്ന നോട്ടത്തോടെ കുസൃതി കലർന്ന പുഞ്ചിരിയോടെ അവൻ സേതുവിനെ നോക്കി. കപട ദേഷ്യത്തിൽ സേതു തിരിച്ചും.
എന്താ എന്റെ സേതുലക്ഷ്മിക്കുട്ടിയെ നീ ഇങ്ങനെ പിണങ്ങി നടക്കല്ലേ... എനിക്ക് നീ ഇങ്ങനെ പിണങ്ങുമ്പോ...
പിണങ്ങുമ്പോ...?
നിന്റെ മൂക്ക് ചെത്തിയെടുക്കാൻ തോന്നും...
ജയൻ പൊട്ടിച്ചിരിച്ചു. സേതുലക്ഷ്മി ദേഷ്യംകൊണ്ട് ചുവന്നു. ജയനെ കനപ്പിച്ചൊന്നു നോക്കിയിട്ട് ചവിട്ടികുലുക്കി അവൾ നടന്നു പോയി.
ജയനും സേതുവും ഒരേ നാട്ടുകാരാണ്. അവർ തമ്മിൽ ഇഷ്ടത്തിലായിട്ട് നാളുകൾ ഏറെയായി. ജയന് സേതുവിന് ജീവനാണ്. സേതുവിനും അങ്ങനെ തന്നെ. ഗൾഫിൽ ജോലിക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് വിസക്ക് വേണ്ടി കാത്തിരിക്കുകയാണ് ജയൻ. ജോലിയിൽ കയറിയിട്ട് വേണം സേതുവിന്റെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിയ്ക്കാൻ. സാമ്പത്തികമായി സേതുവിനെക്കാൾ താഴ്ന്ന നിലയിലാണ് ജയന്റെ കുടുംബം. അത്കൊണ്ട് ഒരു ജോലിയില്ലാതെ ഈ ബന്ധം വിവാഹത്തിൽ കലാശിക്കില്ല.
സേതു... എന്റെ സേതൂട്ട്യേ...
ജയന്റെ ആ വിളിയിൽ അവൾ പ്രണയത്തിൽ പൂത്തുലയും. എങ്കിലും കാർമേഘം നിഴൽ വിരിച്ച മുഖമായാണ് അവൾ മിക്കപ്പോഴും അവനെ എതിരേൽക്കുക. പിണങ്ങി നിൽക്കുന്ന തന്റെ നായികയെ ഇണക്കത്തിലാക്കാൻ അവൻ പറയുന്ന ഓരോ വാക്കും കേൾക്കാൻ അവൾക്ക് വലിയ ഇഷ്ടമാണ്. പിണക്കത്തിനൊടുക്കം ഇണങ്ങാനും ആ സ്നേഹ മഴയിൽ നനഞ്ഞലിയാനും അവളേറെ കൊതിച്ചു.
എവിടെയോ ഒരു വാഹനത്തിന്റെ ഇരമ്പം കേൾക്കുന്നു. ഓർമ്മകളിൽ നിന്നും അവൾ സ്ഥലകാലബോധത്തിലേക്ക് വന്നു. മദ്യത്തിന്റെ മത്ത് തലക്ക് പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ശരീരം കുഴയുന്നു. പതിയെ അവൾ കസേരയിലേക്ക് ഇരുന്നു. ഒന്നുകൂടി അവൾ അകത്തേക്ക് നോക്കി. അയാൾ നല്ല ഉറക്കമാണ്. സമയം എത്രയെന്ന് അറിയുന്നില്ല. പാതിരാത്രി കഴിഞ്ഞിട്ടുണ്ടാവണം. ശരീരം വല്ലാതെ തളരുന്നു. വയ്യ... ഒന്നിനും വയ്യ... പക്ഷെ ഓർമ്മകൾ ശരീരത്തിനെപ്പോലെ അല്ല, അത് പൂർവ്വാധികം ശക്തിയിൽ തിരിച്ച് വരുന്നു. എത്ര ശ്രമിച്ചിട്ടും അതിൽ നിന്നും ഓടിയൊളിക്കാൻ അവൾക്കായില്ല.
സേതു...
നിന്നെ എനിക്കത്ര ഇഷ്ടമാണെന്നോ. ഓരോ നിമിഷവും ഞാൻ ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയാണെന്ന് തോന്നി പോകുകയാണ്. നിന്റെ അടുത്തിരിക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാൻ ഞാനാണെന്ന് തോന്നി പോകുവാ...
ജയന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോളും സേതുലക്ഷ്മിയുടെ ഉള്ളിൽ അലയടങ്ങാത്ത സന്തോഷമായിരുന്നു. അവന്റെ പ്രേമത്തിൽ അവൾ അടിമുടി പൂത്തുലഞ്ഞു നിന്നു.
ജയേട്ടാ... എത്രേം വേഗം എന്നെ കെട്ടികൊണ്ടു പോ... എനിക്ക് വയ്യ ഇങ്ങനെ കാത്തിരിക്കാൻ.
തിരക്ക് പിടിക്കാതെടി പെണ്ണെ... ഒരു ജോലി കിട്ടട്ടെ. സ്വന്തം കാലിൽ നില്കാനായിട്ടെ നിന്റെ കഴുത്തിൽ താലി കെട്ടൂ.
സേതുവിനപ്പോഴും ക്ഷമ ഉണ്ടായിരുന്നില്ല. അവളും അത്രമേൽ സ്നേഹിച്ചിരുന്നു അവനെ. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നാകുമെന്ന് തന്നെ അവർ രണ്ടുപേരും വിശ്വസിച്ചു.
ഗൾഫിൽ ജോലിക്കുള്ള വിസ വന്ന അന്ന് തന്നെ ജയൻ സേതുവിനെ കണ്ടു വിവരം അറിയിച്ചു. ആദ്യം സന്തോഷം തോന്നിയെങ്കിലും പതിയെ അവളുടെ മുഖം മങ്ങി. കണ്ണുകളിൽ നീർ പടരുന്നത് അവനറിയാതിരിക്കാൻ അവൾ മുഖം താഴ്ത്തി. അവളുടെ ചെറിയ ചെറിയ ഭാവവ്യത്യാസങ്ങൾ പോലും തിരിച്ചറിയുന്ന ജയന് സേതുവിന്റെ വേദന തിരിച്ചറിയാൻ അധികം നേരം വേണ്ടി വന്നില്ല.
അവൻ പതിയെ അവളുടെ മുഖം പിടിച്ചുയർത്തി
എന്തിനാ പെണ്ണെ വിഷമിക്കുന്നെ...
ഞാൻ പോയിട്ട് ഇങ്ങു വരില്ലേ...
മിഴിനീർ നിറഞ്ഞൊഴുകുന്നത് അവരറിയുന്നുണ്ടായിരുന്നു.
ജയേട്ടാ...
വിളിച്ചു തീരും മുന്നേ അവൾ പൊട്ടി കരഞ്ഞു. ആ കണ്ണീർ അവന്റെ ചങ്കിൽ വീണു പൊള്ളി. അവളെ നെഞ്ചോട് ചേർത്ത് നിൽക്കുമ്പോഴും അവന്റെ മനസ്സ് പ്രാർത്ഥിക്കുകയായിരുന്നു; ഈ പെണ്ണിനെ എന്നും ഇങ്ങനെ എന്റെ നെഞ്ചിൽ തന്നെ ചേർത്തേക്കണെ...
അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് അൽപനേരം ആ കണ്ണുകളിലേക്ക് നോക്കി നിന്നു. ഒരായിരം സങ്കടങ്ങൾ പറയാതെ പറയുകയായിരുന്നു രണ്ടു പേരും. അവൻ അല്പം കൂടി ചേർന്ന് നിന്നു. പതിയെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ചേർത്ത് വച്ചു. ഗാഢമായ ചുംബനത്തിൽ മുഴുകുമ്പോഴും ആത്മാവ് പരസ്പരം വെച്ച് മാറുന്നപോലെ തോന്നി അവർക്ക്. ഇറുകിപുണർന്ന് നിൽക്കുമ്പോളും ഉള്ളിലെ നീറ്റൽ അറിയുന്നുണ്ടായിരുന്നു. പിരിയാൻ നേരം കണ്ണുകൾ കൊണ്ട് യാത്ര പറയുമ്പോൾ കാത്തിരിക്കാം എന്നൊരു വാഗ്‌ദാനം കൂടി പറയുന്നുണ്ടായിരുന്നു. ജീവൻ പറിഞ്ഞു പോകുന്ന വേദനയുണ്ടായിരുന്നു അവർക്ക്.
മൊബൈലിൽ അലാറം അടിക്കുന്ന ശബ്ദം കേട്ട് അവളൊന്നു ഞെട്ടി. വേഗം അതെടുത്ത് ഓഫ് ചെയ്തു. അയാളെ നോക്കി. ഉറക്കത്തിന് അലോസരം ഉണ്ടായതിൽ അസ്വസ്ഥമാകുന്നുണ്ട്. പക്ഷെ ഉണർന്നില്ല. തിരിഞ്ഞു കിടന്ന് വീണ്ടും ഗാഢ നിദ്രയിലേക്ക് വീണു. സുഖമായി ഉറങ്ങാൻ കഴിയുന്ന അയാളെ നോക്കി അവൾ അസൂയ പൂണ്ടു.
ബാത്‌റൂമിൽ കയറി ഷവർ തുറന്നു. തണുത്ത വെള്ളം ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്നു. പക്ഷെ അതിനിത്തിരിപ്പോലും മനസ്സിനെ കുളിരണിയിക്കാനായില്ല. അവിടവിടെ നീറുന്നു. ഇന്നലത്തെ കാമകേളികളുടെ ബാക്കി പത്രങ്ങൾ. പുച്ഛം തോന്നി അവൾക്ക്. കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് അവൾ തന്നെ തന്നെ നോക്കി നിന്നു.
നാണമില്ലേ നിനക്ക്..?
അവൾ തന്നോട് തന്നെ മൗനമായി ചോദിച്ചു.
നീ ഒരു വേശ്യ ആയിരിക്കുന്നു. അഭിമാനം എന്നൊന്നില്ല നിനക്ക്. ഓരോ ദിവസവും ഓരോ പുരുഷന്മാരുടെ വിയർപ്പും ഉമിനീരും കലർന്ന ഗന്ധത്തിലും രുചിയിലും ജീവിക്കുന്നു. അവർ തരുന്ന പ്രതിഫലങ്ങളിലും സമ്മാനങ്ങളിലും സന്തോഷം കണ്ടെത്തുന്നു.
ഛേ...
എന്ന് മുതലാണ് നീ ഇങ്ങനെ വേശ്യയെപ്പോലെ ചിന്തിക്കാൻ തുടങ്ങിയത്? ഇപ്പോൾ നീ മനസ്സുകൊണ്ടും വേശ്യയായി മാറിയിരിക്കുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ്.
മനസ്സും ആത്മാവും തമ്മിൽ സംവാദം നടക്കുന്നു. ആത്മാവിന്റെ ചോദ്യങ്ങൾക്ക് മനസ്സിന് ഉത്തരം നല്കാനായില്ല. വേദനയോടെ തന്റെ പ്രതിബിംബത്തിൽ നോക്കി നിന്നതല്ലാതെ.
അതെ. താൻ വേശ്യയായിരിക്കുന്നു. ഒരു പെണ്ണും ആഗ്രഹിക്കില്ല അങ്ങനെ ആയിത്തീരാൻ. ശരീരംകൊണ്ട് പിഴച്ചു പോയെങ്കിലും മനസ്സുകൊണ്ട് നല്ലവളെന്ന് സ്വയം വിശ്വസിച്ചിരുന്നു. ഓരോ പുരുഷന്മാരെ തന്നിലേക്ക് സ്വീകരിക്കുമ്പോളും തെറ്റ് ചെയ്യുന്നു എന്ന തോന്നൽ ഇല്ലായിരുന്നു. എല്ലാവരെയും താൻ പ്രണയിക്കുകയായിരുന്നു. എല്ലാവരിലും തന്റെ കാമുകനെ കണ്ടിരുന്നു. അങ്ങനെ തന്നെ വിശ്വസിച്ചിരുന്നു. ഇല്ല, ഇപ്പോളറിയുന്നു. താൻ ആരെയും സ്നേഹിക്കുന്നില്ല. ശരീരസുഖം മാത്രമാണ് തനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. പ്രണയമെന്ന് കരുതിയിരുന്നത് യഥാർത്ഥത്തിൽ കാമമായിരുന്നു. അതെ താനൊരു വേശ്യ തന്നെ.
മനസ്സ് കണ്ടെത്തിയ യുക്തിയിൽ ആത്മാവ് പുച്ഛിച്ചു ചിരിച്ചു. അവളതിനെ അവഗണിച്ചു. വസ്ത്രങ്ങൾ ധരിച്ച് തിരികെ ബാൽക്കണിയിൽ വന്നു നിന്നു.
കിളികളുടെ ആരവങ്ങൾ കേൾക്കാം. ഉന്മേഷഭരിതരായി അവ പറന്നുയരുന്നു. ഉദയ കിരണങ്ങൾ തന്നിലും പതിക്കുന്നു. എല്ലാ ദുഖങ്ങളും മറന്ന്, ഇന്നലെകളെ മറന്ന് പുതിയ പ്രഭാതത്തിലേക്ക്, പുതിയ ദിവസത്തിലേക്ക്, പുതിയ തുടക്കത്തിലേക്ക്. ഇല്ലാ... തനിക്കങ്ങനെ കഴിയില്ല. പഴയതൊന്നും അത്ര പെട്ടെന്ന് മറക്കാൻ തനിക്കാവില്ല. എല്ലാം മറന്നതായി അഭിനയിക്കുകയായിരുന്നു. ഒന്നും മറന്നില്ല. ഒന്നും...
അന്ന് ആ യാത്ര പറച്ചിലിലാണ് സേതുവും ജയനും പരസ്പരം അവസാനമായി കാണുന്നത്. പിറ്റേന്ന് മുതൽ അവൾ ആകെ മൂകയായിരുന്നു. ജയന്റെ വേർപാട് അവളെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചു. എല്ലാ ഉന്മേഷവും നഷ്ടപ്പെട്ടവളെ പോലെ അവൾ ഓരോ ദിവസവും തള്ളി നീക്കി. ജയന്റെ വിവരങ്ങൾ എന്തെങ്കിലും അറിയാതെ അവൾ വല്ലാതെ വിഷമിച്ചു. പക്ഷെ, ഈ സമയം വീട്ടിൽ തനിക്കെതിരെ പടയൊരുക്കം നടക്കുന്നത് അവളറിഞ്ഞില്ല.
അന്നത്തെ യാത്ര പറച്ചിലും ആലിംഗനവും ചുംബനവുമെല്ലാം മൂന്നാമതൊരാൾ കൂടി കാണുന്നുണ്ടായിരുന്നു. സേതുവിൻറെ സഹോദരൻ സിദ്ധാർത്ഥൻ. എല്ലാം കണ്ടു നിന്നിട്ടും ഒരക്ഷരം പോലും അവൻ അവളോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ല. നേരെ വീട്ടിലറിയിച്ചു. തറവാടിന്റെ മാനം രക്ഷിക്കാൻ അവർ ഒരു യുദ്ധത്തിന് തയ്യാറെടുത്തു. എല്ലാം രഹസ്യമായി അവർ നടത്തിയെടുക്കുകയായിരുന്നെന്ന് സേതു അറിഞ്ഞില്ല. അവൾ ജയന്റെ മാത്രം ഓർമ്മകളിൽ ജീവിച്ചു. ഒന്നും അറിയാൻ അവൾ ശ്രമിച്ചില്ല.
പെട്ടെന്നൊരു ദിവസം തന്നെ അമ്മായിയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കിയത് എന്തിനാണെന്ന് വ്യക്തമായില്ലെങ്കിലും ജയന്റെ ഓർമ്മകളിൽ വിങ്ങുന്ന തനിക്ക് ഒരു മാറ്റം നല്ലതാണെന്ന് അവൾ വിശ്വസിച്ചു. പക്ഷെ അതൊരു ചതിക്കുഴിയാണെന്ന് മനസ്സിലാക്കാൻ ഏറെ വൈകിപ്പോയിരുന്നു. രണ്ടു ദിവസത്തിനപ്പുറം തന്റെ വിവാഹമാണെന്ന തിരിച്ചറിവ് അവളെ വിഷ്‌മത്തിലാഴ്ത്തി. സർവ്വശക്തിയുമെടുത്ത് പ്രതികരിച്ചു നോക്കിയെങ്കിലും അവർ എല്ലാത്തിലും മുകളിൽ പദ്ധതികൾ തയ്യാറാക്കിയിരുന്നത്കൊണ്ട് തോറ്റു കൊടുക്കുകയെ നിർവാഹമുണ്ടായുള്ളൂ. താലികെട്ടിന്റെ അന്നാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഒരക്ഷരം പോലും മിണ്ടാതെ എല്ലാത്തിനും സമ്മതിച്ചു നിന്നു അവൾ. തന്റെ കഴുത്തിൽ താലി ചാർത്തിയ ആളിന്റെ മുഖം പോലും അവൾ നോക്കിയില്ല. ആദ്യരാത്രിയിൽ തന്നെ ബലമായി കീഴ്‌പ്പെടുത്തിയ സന്തോഷത്തിൽ അയാൾ സുഖങ്ങളിലേക്ക് നീങ്ങുമ്പോൾ മുതൽ താൻ കരുതുന്നതാണ് ഇതൊരന്യപുരുഷനല്ല എന്ന്. അന്ന് മുതൽ തന്നിലേക്ക് വന്നു ചേർന്ന എല്ലാ പുരുഷന്മാരിലും ജയേട്ടന്റെ മുഖം തിരയുകയായിരുന്നു. അത് ജയേട്ടൻ തന്നെ എന്ന് സങ്കല്പിക്കുകയായിരുന്നു. ഇന്നാദ്യമായി തിരിച്ചറിയുകയാണ്. താൻ പല പുരുഷന്മാരുടെ കൂടെ കഴിഞ്ഞവളാണെന്ന്. ഒരു അഭിസാരികയുടെ വേഷം തനിക്ക് നന്നായി ചേരുന്നുണ്ടെന്ന്.
ഭർത്തവെന്ന ആളിന്റെ കൂടെ വീടിന്റെ പടിയിറങ്ങി അന്യ നാട്ടിലേക്ക് ചേക്കേറുമ്പോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല. ആരോടും യാത്ര ചോദിക്കുകയോ ഒരിറ്റ് കണ്ണീർ പൊഴിക്കുകയോ ചെയ്തില്ല. സ്വാർത്ഥലാഭത്തിനായി അയാൾ പലരുടെയും മുന്നിൽ തന്നെ കാഴ്ച്ചവച്ചപ്പോളും കരയുകയോ പ്രതികരിക്കുകയോ ചെയ്തില്ല. എല്ലാം വ്യർത്ഥമെന്ന് മനസ്സാൽ ഉൾക്കൊണ്ടിരുന്നു. ഒടുവിൽ ഒരു അപകടത്തിൽ വിധവയാകുമ്പോളും ഭയം തെല്ലും തന്നെ തീണ്ടിയില്ല. ജീവിക്കാൻ പുതിയ വഴി കാണിച്ചു തന്ന ഭർത്താവിനെ നന്ദിയോടെ അല്ലാതെ നോക്കുന്നതെങ്ങനെ? അവൾ പരിഹസിച്ചൊന്നു ചിരിച്ചു.
തന്റെ ജീവിതം തെല്ലും സങ്കടമില്ലാതെ കടന്നു പോകുന്നതിനിടക്കാണ് ആ സംഭവം. ഏതോ ഒരുവന്റെ ഫ്ലാറ്റിൽ അവന്റെ കാമകേളികളിൽ രസിച്ചു കിടക്കുമ്പോൾ ആരോ വാതിലിൽ മുട്ടിവിളിക്കുന്നു. അയാൾ എഴുന്നേറ്റ് ചെന്നു. വന്നയാളെ സ്വീകരിച്ചിരുത്തുന്നു. അവരുടെ സംസാരം നീണ്ടു പോകുന്നതിൽ അലോസരം തോന്നി. നഗ്നമായി ഏറെ നേരം കിടക്കുന്നതിൽ അതൃപ്തി തോന്നിയത് കൊണ്ട് എഴുന്നേറ്റു ചെന്ന് വാതിൽ പഴുതിലൂടെ നോക്കി. തലയിൽ കൂടം കൊണ്ടടിച്ച പോലെയായിരുന്നു ആദ്യം തോന്നിയത്. ആ മുഖം തനിക്കൊരിക്കലും മറക്കാനാവില്ലല്ലോ. അത്രമേൽ ഹൃദയത്തിൽ പതിഞ്ഞിരുന്നു.
ജയേട്ടൻ...
അറിയാതെ തന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു. പക്ഷെ ശബ്ദം പുറത്ത് വന്നില്ല. ജയേട്ടൻ അബദ്ധത്തിൽ പോലും തന്നെ കാണാതിരിക്കാൻ ബാത്‌റൂമിൽ കയറി ഒളിച്ചിരുന്നു. അയാൾ വന്നു വിളിച്ചപ്പോൾ വികൃതമായ പുഞ്ചിരിയോടെ ചെന്നു. പിന്നീട് അയാളുടെ കാമപൂർത്തീകരണത്തിന് വേണ്ടി കിടന്നു കൊടുക്കുമ്പോളും മനസ്സ് മുഴുവൻ അൽപനേരം മുൻപ് കണ്ട രൂപത്തിലായിരുന്നു. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പ്രായത്തിന്റെ മാറ്റങ്ങൾ അല്ലാതെ മറ്റൊന്നും മാറിയിട്ടില്ല. ഓർമ്മകൾ കൂടും തോറും മനസ്സ് നിയന്ത്രണം വിടുമെന്ന ഭയം അവളെ പുതഞ്ഞു.
ഒടുവിൽ അയാൾ തന്റെ ആണത്തം മുഴുവൻ തന്നിലേക്കൊഴുക്കി തളർന്നു കിടക്കുമ്പോൾ തന്ത്രത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു. ജയേട്ടന്റെ ആരെങ്കിലും ആണ് താനെന്ന ഒരു സംശയവും ഉണ്ടാക്കാതെ തികച്ചും അപരിചിതയെപ്പോലെ ഓരോന്നും ചോദിച്ചറിഞ്ഞു. കിട്ടിയ വിവരങ്ങളത്രയും തന്നെ കനലിൽ എരിയും വിധം പൊള്ളിക്കുന്നതായിരുന്നു. ഒന്നും മിണ്ടാതെ വീണ്ടും ബാത്‌റൂമിൽ പോയി നിന്ന് ശബ്ദമില്ലാതെ കരഞ്ഞു തീർത്തു. അവിടെ നിന്നും ഇറങ്ങുമ്പോളേക്കും മനസ്സ് ആകെ നിർവികാരമായിത്തീർന്നിരുന്നു.
തന്റെ ജയേട്ടൻ ഇപ്പോളും തന്നെ ഓർത്തു കഴിയുകയാണ്. അവിവാഹിതനായി. ആരോ ഒരു പെൺകുട്ടിയുടെ മാഹാത്മ്യം അയാൾ പറയുമ്പോൾ സ്വയം അറപ്പ് തോന്നുകയായിരുന്നു. ജയന്റെ സേതു എവിടെയോ അവനെ കാത്തിരിക്കുന്നു പോലും. ആ വിശ്വാസത്തിൽ ജീവിക്കുന്ന ജയൻ എന്ന സുഹൃത്തിനെയും അവന്റെ പെണ്ണിനേയും അയാൾ വാനോളം പുകഴ്ത്തി. അവരുടെ നിസ്വാർത്ഥമായ പ്രണയത്തിൽ ഊറ്റം കൊണ്ടു. അന്നാദ്യമായി അവൾക്ക് തന്നോട് തന്നെ അറപ്പ് തോന്നി. സ്വയം പരിഹസിച്ചതല്ലാതെ ഒന്നും ചെയ്യാൻ അവൾക്കായില്ല.
ലേഖ...
പിന്നിൽ നിന്നും വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി. ഉറക്കത്തിൽ നിന്നും ഉണർന്നിരിക്കുന്നു. പുഞ്ചിരിയോടെ അവൾ അയാളെ സ്വാഗതം ചെയ്തു. ഇന്നലത്തെ തന്റെ പ്രവൃത്തിയിൽ അയാൾ ഏറെ സംതൃപ്തനെന്ന് അയാളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.
എനിക്ക് പോകാൻ സമയമായി.
ഒരിക്കൽ കൂടി പുഞ്ചിരിച്ചിട്ട് ഒരു പിടി നോട്ടുകൾ പേഴ്‌സിൽ നിന്നും എടുത്തു നൽകി. എണ്ണി നോക്കാതെ അത് അവൾ ബാഗിൽ തിരുകി. ഒരിക്കൽ കൂടി അയാളെ നോക്കി പുഞ്ചിരിച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. പെട്ടെന്നവളുടെ ഫോൺ ചിലച്ചു. അവളത് ചെവിയോട് ചേർത്തു.
അതെ റോസിലിൻ ആണ്. ഇന്ന് രാത്രി അല്ലെ?. ശരി. ഞാൻ വരാം. ഹോട്ടൽ ഡയമണ്ട്. ഓക്കേ.
അവൾ യാത്ര തുടർന്നു. പുതിയ പേരുകളിൽ പുതിയ പുരുഷന്മാരിലേക്ക്....
-ശാമിനി ഗിരീഷ്-
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo