Slider

ഞാനും പിള്ളേച്ചനും ചില കണ്ടുപിടുത്തങ്ങളും(ഒരു അഡാർ തള്ള്-ഭാഗം 2).......

0
ഞാനും പിള്ളേച്ചനും ചില കണ്ടുപിടുത്തങ്ങളും(ഒരു അഡാർ തള്ള്-ഭാഗം 2).......
.....................
ഞാനും പിള്ളേച്ചനും ഒരു ദിവസം അറബി കടലിൻ്റെ തീരത്തിലൂടെ നടക്കുകയായിരുന്നു(അന്ന് അറബി കടലിന് 'അറബി കടൽ'എന്നായിരുന്നില്ല പേര്...അറബി കടൽ എന്ന പേര് എൻ്റെ സംഭാവനയായിരുന്നു..അത് വഴിയേ നിങ്ങൾക്ക് മനസ്സിലാവും)...അന്ന് പിള്ളേച്ചന് ബുദ്ധിയുറക്കാത്ത കാലം..എപ്പോഴും എന്തു കിട്ടിയാലും കഴിക്കുന്ന പ്രായം.ഒരു കുട്ടിയാനയുടെ പ്രകൃതം...അങ്ങനെ കടൽ തീരത്തുകൂടി കപ്പലണ്ടിയും കൊറിച്ച് കൊണ്ടിരിക്കുമ്പോൾ പിള്ളേച്ചൻ എന്നോട് ചോദിച്ചു
"മാഷേ...ഈ കടലിനപ്പുറം നമ്മളെ പോലെ മനുഷ്യര് താമസിക്കുന്നുണ്ടോ?"
എനിക്ക് മുമ്പേ ഇതിനെ കുറിച്ച് നല്ല അറിവുള്ളതിനാൽ ഞാൻ പറഞ്ഞു
"പിള്ളേച്ചാ...അവിടെയും ജനങ്ങൾ താമസിക്കുന്നുണ്ട്"
"എങ്കിൽ എനിക്ക് ഇപ്പോൾ അവിടെ പോണം"
ഞാൻ ആദ്യമൊന്നും സമ്മതിച്ചില്ല..പിള്ളേച്ചൻ ആ കടൽ തീരത്തേ പൂഴി മണ്ണിൽ ഉരുണ്ടു പിരണ്ടു കരഞ്ഞു...അവസാനം പിള്ളേച്ചൻ്റെ വാശിക്ക് മുമ്പിൽ ഞാൻ മുട്ടുമടക്കി.. അങ്ങനെ പിള്ളേച്ചനെയും കൊണ്ട് ഞാൻ കടലിലേക്കിറങ്ങി(അന്ന് ഇന്നത്തെ പോലെ കപ്പലോ വിമാനമോ ഒന്നും കണ്ടു പിടിച്ചിരുന്നില്ല..റൈറ്റ് സഹോദരന്മാർക്ക് ഞാൻ കണ്ടുപിടിച്ച വിമാനം കൊടുത്ത് അതിൻ്റെ ക്രെഡിറ്റ് അവർക്ക് കൊടുത്തു..ഞാൻ മുമ്പേ ധാനശീലനും പ്രശസ്തി ആഗ്രഹിക്കാത്തവനുമാണല്ലോ).
ആദ്യമേ ഞാൻ പറഞ്ഞു..പിള്ളേച്ചൻ ഒരു കുട്ടിയാനെയേ പോലെയാണെന്ന്.കടലിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ഞാൻ ഈർക്കിൽ കൊണ്ട് ഉണ്ടാക്കിയ രണ്ടുമൂന്നു ചൂല് കൈവശം വച്ചിരുന്നു.. അത് എന്തിനാണെന്നല്ലേ..എൻ്റെ ബുദ്ധി നിങ്ങൾ കാണാനിരിക്കുന്നതേയുള്ളു...അങ്ങനെ തടിമാടനായ പിള്ളേച്ചനെ പുറത്തിരുത്തി രണ്ടുമൂന്നു ചൂലുമായി ഞാൻ കടൽ നീന്താൻ തുടങ്ങി.. ഞാൻ ഒറ്റയ്ക്കാണെങ്കിൽ എനിക്ക് ആ കടൽ കടക്കാൻ ഏതാനും മണിക്കൂറുകൾ മതി...പക്ഷെ പിള്ളേച്ചൻ ഉള്ളത് കൊണ്ട് ദിവസം രണ്ടെടുത്തു..അതിനിടയിൽ രസകരമായതും ഭീകരമായതുമായ ഒരുപാട് സംഭവങ്ങൾ നടന്നു...നീന്തി കൊണ്ടിരിക്കുമ്പോൾ എൻ്റെ ദേഹത്ത് ആരോ തട്ടുന്നത് പോലെ.. ഞാൻ കരുതി പിള്ളേച്ചനായിരിക്കുമെന്ന്..പിള്ളേച്ചനെ നോക്കുമ്പോൾ മൂപ്പര് പേടിച്ച് കണ്ണടച്ചു ഇരിക്കുകയാ..ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു സ്രാവിന്റെ കുഞ്ഞ്...എൻ്റെ ഒപ്പം നീന്തൽ മത്സരത്തിന് ഞാൻ വിട്യോ..ഒരുപാട് സമയം ഞാൻ അതിനെ തോൽപ്പിച്ചു..നിങ്ങളോർക്കണം എൻ്റെ പുറത്ത് തടിയനായ പിള്ളേച്ചനുണ്ട്..എന്നിട്ടും ഞാൻ വിട്ടില്ല..അവസാനം ആ പാവത്തിന് എൻ്റെ കൂടെ നീന്തി എത്താൻ പറ്റാത്തതിനാൽ ആമയും മുയലിലേയും കഥയിലെ മുയലാവാൻ ഞാൻ തീരുമാനിച്ചു.. എന്നെ തോൽപ്പിച്ച ഗർവ്വോടെ ആ കുഞ്ഞൻ സ്രാവ് നീന്തി പോകുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി..
അങ്ങനെ കുറച്ചു സമയം നീന്തി കൊണ്ടിരിക്കുമ്പോഴാണ് ഒരു കൊലയാളി തിമിംഗലം മുന്നിൽ പെട്ടത്..പിള്ളേച്ചനെ കണ്ടപ്പോൾ തിമിംഗലത്തിന് കൊതിയടക്കാൻ പറ്റിയില്ല.. ഞാനും തിമിംഗലവും പൊരിഞ്ഞ യുദ്ധം തന്നെ നടന്നു... ഞാൻ ഒരു കൈ കൊണ്ട് നീന്തും ഒരു കൈ കൊണ്ട് തിമിംഗലത്തിനെ എതിരിടും..ഞാൻ കുറെ ക്ഷമിച്ചു..അവസാനം എനിക്ക് നല്ല ദേഷ്യം വന്നു(എനിക്ക് പൊതുവേ ദേഷ്യം വരാറില്ല, പക്ഷെ വന്നാൽ രണ്ടില്ലൊന്നറിയാതെ പിൻമാറുകയുമില്ല)....ഞാൻ കൈയിൽ കരുതിയിരുന്ന ചൂലിൽ നിന്ന് കുറച്ചു ഈർക്കിൽ എടുത്തു തിമിംഗലത്തിൻ്റെ രണ്ടു കണ്ണുങ്ങളിലും കുത്തി കയറ്റി.. അതോടെ അന്ധനായി തീർന്ന തിമിംഗലം തൊട്ടു മുന്നിലുള്ള പാറയിൽ തലയടിച്ചു മരിച്ചു... കൊലയാളി തിമിംഗലത്തിൻ്റെ ആക്രമണത്തിൽ നിന്ന് മറ്റു മത്സ്യങ്ങളെ രക്ഷിച്ച എന്നെ പിന്നെ കരയിൽ എത്തുന്നത് വരെ ഒരു മത്സ്യങ്ങളും ആക്രമിക്കാൻ വന്നില്ല...അപ്പോഴും ഇതൊന്നുമറിയാതെ പിള്ളേച്ചൻ എൻ്റെ പുറത്തു സുഖമായി ഉറങ്ങുകയായിരുന്നു...
അങ്ങനെ രണ്ടാം ദിവസം പിള്ളേച്ചനുമായി മറ്റൊരു കടൽത്തീരത്ത് ഞാൻ നീന്തി കയറി..അപ്പോൾ അവിടെ പ്രാകൃതരായ കുറച്ചു മനുഷ്യരുണ്ടായിരുന്നു..കടലിൽ നിന്ന് കയറി വരുന്ന ഞാൻ ദൈവമാണെന്ന് കരുതിയായിരിക്കണം അവരൊക്കെ എൻ്റെ കാല്കലേക്ക് വീണു..അവരാരും ഒന്നും സംസാരിക്കുന്നില്ല...ഞാൻ അവരെ ഓരോരുത്തരെയും അടുത്തേക്ക് വിളിച്ചു.. അവരുടെ പ്രശ്നങ്ങൾ എന്താണെന്ന് ആംഗ്യഭാഷയിലൂടെ ചോദിച്ചറിഞ്ഞു.. ഞാനാണ് ലോകത്തിൽ ആദ്യമായി ആംഗ്യഭാഷ കണ്ടു പിടിച്ചത്..പക്ഷെ അത് ഞാനാണെന്ന് അവർക്കറിയില്ലല്ലോ...
അവർക്ക് ജീവിക്കാൻ ഒരു മാർഗ്ഗവുമില്ല..നോക്കത്താ ദൂരത്തോളം വെറും മണൽ കാടുകൾ മാത്രം.. കുടിക്കാൻ കടൽ വെള്ളം,ഭക്ഷിക്കാൻ കടലിലെ മത്സ്യങ്ങൾ,ഇങ്ങനെ എത്ര നാൾ?..
അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് എൻ്റെ മനസ്സു പറഞ്ഞു..ഞാൻ അവിടെ കിടന്ന കുറച്ചു പൊടി മണ്ണ് എടുത്ത് മണപ്പിച്ചു.. അല്പം വായിലിട്ടു ചവച്ചു...എൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നത് അവരെ അത്ഭുതപ്പെടുത്തി..
ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു
"ഇന്ത അൽ കുഴി ഹാ"
അവർക്ക് ആർക്കും ഒന്നും മനസ്സിലായില്ല.. ഞാനൊരു പുതിയ ഭാഷ അവർക്കായി രൂപിക്കരിച്ചു..അതിനൊരു പേരുമിട്ടു..'അറബി'...ആ നാട്ടുകാർക്ക് അറബികൾ എന്നും ഞാൻ നീന്തി വന്ന കടലിനെ അറബി കടൽ എന്നും ഞാൻ വിളിച്ചു..
ഇപ്പോൾ മനസ്സിലായില്ലേ അറബി കടലിൻ്റെ പേര് എങ്ങനെയാ വന്നതെന്ന്..
അവരോട് ഞാൻ പിന്നെയും പറഞ്ഞു
"ഇന്ത അൽ കുഴി ഹാ"
എൻ്റെ ആജ്ഞ കേട്ട അറബികൾ കൈകൾ കൊണ്ടും അവിടെ കിടന്ന ഉണങ്ങിയ മരക്കമ്പുകൾ കൊണ്ടും ആ മണൽ തിട്ടയിൽ കുഴിക്കാൻ തുടങ്ങി.. ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ പിള്ളേച്ചൻ എന്നെ അതിശയത്തോടെ നോക്കി..
കുറച്ചു കഴിഞ്ഞപ്പോൾ വെള്ളം പോലെയുള്ള ഒരു ദ്രാവകം ഭൂമിക്കടിയിൽ നിന്നും ഉയർന്നു വന്നു..ഞാനത് അല്പ്പം കോരിയെടുത്ത് മണപ്പിച്ചു... അതേ കൂട്ടരെ നിങ്ങൾ കരുതും പോലെ അത് പെട്രോൾ ആയിരുന്നു... ഞാനാണ് പെട്രോൾ കണ്ടെത്തിയത് എന്ന നഗ്ന സത്യം ഇപ്പോൾ ഇതാ ഇവിടെ വെളിപ്പെട്ടിരിക്കുന്നു..അതിൻ്റെ അവകാശവാദങ്ങളൊന്നും എനിക്ക് വേണ്ട..ഞാനതിന് ഒരു നിമിത്തമായി എന്നു മാത്രം..
കിട്ടിയ പെട്രോൾ എന്തു ചെയ്യണമെന്നറിയാതെ അറബികൾ കുഴങ്ങിയപ്പോൾ അവർക്ക് വേണ്ടി ഞാനൊരു ചെറു വാഹനം നിർമ്മിച്ചു..അങ്ങനെ അതിലൂടെയായി അവരുടെ യാത്ര..അതിനും എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഫോർഡ് കാറുകൾ നിർമ്മിക്കുന്നത്...ഫോർഡ് കുറച്ചു കാലം എൻ്റെ ശിഷ്യനായിരുന്നു.. അങ്ങനെ കാർ നിർമ്മിക്കാനുള്ള വിദ്യ അവനെ പഠിപ്പിച്ചതിനു ശേഷമാണ്...ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയത്..അതിനിടയിൽ ഞാൻ റൈറ്റ് സഹോദരന്മാരെ വിളിച്ച് വിമാനം നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ പഠിപ്പിച്ചു കൊടുത്തു...
പിള്ളേച്ചനെ അറബി നാട്ടിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാനും പെട്രോളിയം സംസ്ക്കരികാൻ പഠിപ്പിച്ചതിനും ശേഷം ഞാനെന്റെ രണ്ടാം ദിഗ്‌വിജയത്തിനായി കൊളംബസിനെ(എൻ്റെ മറ്റൊരു അസിസ്റ്റന്റ്)ഞാൻ തന്നെ കണ്ടുപിടിച്ച(കടലിൽ നീന്തുമ്പോൾ തന്നെ പായ്കപ്പലിൻ്റെയും കപ്പലിൻ്റെയും നിർമ്മാണ രൂപ രേഖ എൻ്റെ മനസ്സിലുണ്ടായിരുന്നു) പായ്കപ്പലിൽ കയറ്റി വിട്ടു..അങ്ങനെ അവസാനം കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു...എൻ്റെ ബുദ്ധിയും പ്രയ്തനവുമാണ് ഇതിനൊക്കെ പിന്നില്ലെങ്കിലും..എനിക്ക് ഒരു ക്രെഡിറ്റും വേണ്ട..ഞാൻ അന്നും ഇന്നും യാതൊരു പ്രശസ്തിയും ആഗ്രഹിക്കാത്തവനാണ്...
പിള്ളേച്ചൻ എൻ്റെ കണ്ടുപിടുത്തങ്ങൾ അയാളുടെതാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്.. പിള്ളേച്ചൻ പലതും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്...മാലോകർ അങ്ങനെ വിശ്വസിക്കട്ടെ...പക്ഷെ സത്യമെന്തെന്ന് എനിക്കും പിള്ളേച്ചനും അറിയാം... ആ രഹസ്യങ്ങൾ എന്നോടു തന്നെ മണ്ണടിയട്ടെ...
മാഷിനെ ആരും തല്ലികൊന്നില്ലെങ്കിൽ പിള്ളേച്ചൻ്റെ പുതിയ കഥയുമായി ഉടനെ വരും...
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo