Slider

പോക്കറ്റടിക്കാരൻ വാസുവിന്റെ ചിക്കൻ ബിരിയാണി

0
ഈ കഥ തികച്ചും സാങ്കല്പികമാണ്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
പോക്കറ്റടിക്കാരൻ വാസുവിന്റെ ചിക്കൻ ബിരിയാണി
********************************
'' എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടണം? ഇല്ലേൽ ശരിയാവില്ല. ഇങ്ങനെ മുറിയിൽ ഇരുന്നാൽ ഭ്രാന്തു പിടിച്ചു പോകും. തോട്ടത്തിൽ പോയി കിളച്ച്, വാഴയൊക്കെ നട്ട് , നനച്ച് വരുമ്പോഴേക്കും നടു ഏതാണ്ട് ഒരു മാതിരി ആയിട്ടുണ്ടാകും . നിസാര കൂലിയേ കിട്ടുന്നുള്ളൂ.... മര്യാദയ്ക്ക് ചിക്കൻ ബിരിയാണി തിന്ന കാലം മറന്നു.
ഭക്ഷണത്തിന്റെ സമയമാകുമ്പോൾ സൂപ്രണ്ടിന്റെ അടുത്ത് ചെന്ന്...
'സാറേ..... എനിക്ക് ചിക്കൻ ബിരിയാണി മതി ' എന്നു പറഞ്ഞാൽ , സൂപ്രണ്ട് എന്റെ അക്കൗണ്ടിൽ എത്ര നീക്കിയിരുപ്പ് ഉണ്ട് എന്ന് നോക്കിയിട്ട്, പിന്നെ പുച്ഛത്തോടെ പറയും 'ചിക്കനില്ലാ... ' എന്ന്. ചിക്കനില്ലാത്ത, വെറും ബിരിയാണിച്ചോറ് കഴിച്ചു മടുത്തു. ഇതിൽ നിന്നെല്ലാത്തിനും മോചനം വേണം. ഡെയ്ലി മിനിമം 500 രൂപ എക്സ്ട്രാ ഉണ്ടാക്കണം. പക്ഷേ എങ്ങനെ..?.....''
സെല്ലിലിരുന്ന് തല പുകഞ്ഞ് ആലോചിക്കുകയാണ് വാസു.
വാസു വെറും വാസു അല്ല ഇരട്ടപ്പേര് ഉണ്ട് അവന് ..'പോക്കറ്റ് വാസു'... പോക്കറ്റടി കലയിൽ വെല്ലാൻ വാസുവിനെ കഴിഞ്ഞേയുള്ളൂ ആരും.
പല തവണ ജയിൽ വാസമനുഭവിച്ചിട്ടുണ്ട് വാസു. പക്ഷേ അന്നൊന്നും ഇത്രയും ബുദ്ധിമുട്ട് വാസുവിന് അനുഭവിക്കേണ്ടി വന്നിട്ടില്ല.
ഓരോ തവണയും പിടിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന അന്ന് തന്നെ, വാഴൂർ വക്കീൽ വരും, വാസുവിനെ ഇറക്കാൻ . വാഴൂർ വക്കീൽ വിചാരിക്കുന്ന വക്കീൽ ഫീസ് നേരാംവണ്ണം കിട്ടാത്തതു കാരണം ഇപ്പോൾ വാസുവിനെ 'മൈൻഡ്' ചെയ്യുന്നതേയില്ല. അതുകൊണ്ട് തന്നെ, പോക്കറ്റടി കേസിലെ ഇതു വരെയുള്ള കൂട്ട പരാതികൾക്ക് ശിക്ഷയായി നാലു വർഷത്തെ തടവു ശിക്ഷ ബഹുമാനപ്പെട്ട കോടതി ഉത്തരവാക്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജയിലിൽ വേറെ കക്ഷികളെ കാണാൻ വരുന്ന വാഴൂർ വക്കീലിനെ , വാസു തന്റെ കേസിന്റെ കാര്യം പറയും.
ഓ'... എനിക്ക് ഭയങ്കര തിരക്കാണ്, വേറെ ആളിനെ നോക്കിക്കോളിൻ എന്നു പറഞ്ഞ് ജാഡ കാണിച്ചേച്ച് പോകും.
എന്തു ചെയ്യാം..? ഓസിന് കിട്ടിയ വക്കീലായിരുന്നു വാഴൂർ. തനിക്കു വേണ്ടി വക്കീലിനെ വയ്ക്കാൻ നയാ പൈസയുമില്ല. ബന്ധുക്കളെന്നു പറയാൻ ആരുമില്ല.
പോലീസ് തന്നെ പോക്കറ്റടിക്കേസിൽ പിടിച്ചപ്പോൾ തന്നെ, കണ്ണിൽച്ചോര യില്ലാത്ത / അനീമിയ ബാധിച്ച വീട്ടുകാർ തന്നെ വീട്ടിൽ നിന്നും പുറത്താക്കി യിരുന്നു.
ഇപ്പോൾ സ്വന്തം, ..സ്വന്തം എന്നു പറയുന്നത് വകയിലുള്ള അകന്ന ബന്ധുവും, ഉറ്റ സുഹൃത്തുമായ 'കിട്ടുണ്ണി ' എന്നു വിളിപ്പേരുള്ള 'സന്തോഷ് ' ആണ് ഉള്ളത്.
ഇങ്ങനെ അന്തോം കുന്തോമില്ലാതെ ചിന്തിച്ചു കൂട്ടി വിഷണ്ണനായിരിക്കുന്ന നേരത്താണ് , തലയിൽ നൂറായിരം വോൾട്ടിന്റെ ബൾബുകൾ ഒന്നിച്ചു മിന്നിയത്.
അതെ ! അതു തന്നെ മാർഗ്ഗം, എന്നു സ്വയം പിറുപിറുത്തു കൊണ്ട്, സെല്ലിന്റെ മൂലയിൽ വച്ചിരിക്കുന്ന സോപ്പ് പെട്ടിയെടുത്ത്, സോപ്പ് സാമാന്യം വണ്ണത്തിൽ തന്നെ ഉണ്ടോന്ന് ഉറപ്പാക്കി.
രാവിലെ ജയിൽ വളപ്പിലെ പണിക്ക് പോകാനായിട്ട്, ജയിൽ വാർഡൻ വന്നു, സെല്ല് തുറന്നു. അപ്പോൾ വാസു, ജയിൽ വാർഡനോട് ഒരു 'ഗുഡ് മോർണിംഗ് ' എന്നു ആശംസിച്ചു.
പോകിനെടാ..... എന്നു പറഞ്ഞ് ജയിൽ വാർഡൻ അടുത്ത സെൽ തുറക്കാൻ പോയി.
പ്രഭാത ഭക്ഷണം കഴിഞ്ഞ്, തൂമ്പായുമെടുത്ത് ജയിൽ വളപ്പിലെ വാഴത്തോട്ടത്തിൽ പണി ചെയ്യാൻ പോയി. ജയിൽ മതിലിന്റെ ഒരു ഭാഗത്ത് ഗേറ്റ് ഉണ്ട്. സദാ സമയം അത് പൂട്ടിക്കിടക്കും. വാസു ആ ഭാഗത്ത് വാഴയ്ക്ക് തടയിടാനെന്ന വ്യാജേന ചുമ്മാ തൂമ്പായെടുത്ത് അവിടേം ഇവിടേം കിളച്ച് , ഗേറ്റിനെക്കുറിച്ചും, അവിടെ കാവൽ നില്ക്കുന്നവരെ ക്കുറിച്ചും, മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
രണ്ടു മൂന്നു ദിവസം കൊണ്ട് ആ ഭാഗത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കി എടുത്തു .
അടുത്തതായി ഗേറ്റ് തുറക്കാനുള്ള മാർഗ്ഗം ആയിരുന്നു വേണ്ടത്. തന്റെ മനസ്സിൽ പൊട്ടി മുളച്ച, വാഴയെ പോലെ വളർന്നു കൊണ്ടിരുന്ന ആ ആശയം നടപ്പിലാക്കാൻ സമയം വരുന്നതുവരെ കാത്തിരുന്നു.
ഒരു ദിവസം വൈകുന്നേരം പണി കഴിഞ്ഞ്, കുളിച്ച് വ്യത്തിയായി തിരിച്ച് സെല്ലിൽ വരുന്നതിനു മുമ്പ്, അവിടത്തെ അന്തേവാസികളും, ജയിൽ അധികൃതരും ചായ കുടിക്കുന്ന പതിവുണ്ട്.
ജയിൽ സൂപ്രണ്ടിനുള്ള ചായ കൊണ്ടു കൊടുക്കുന്നതിനായി , അവിടത്തെ അന്തേവാസിയായ ഗോപൻ വന്നപ്പോൾ , വാസു പറഞ്ഞു, ... ഗോപാ ഞാൻ കൊണ്ടുപോയി കൊടുത്തോളാം....
ങ്ഹാ.... ന്നാ ... നീ കൊട്... എന്നു പറഞ്ഞു ചായ കപ്പ് വാസുവിന്റെ കൈയ്യിൽ കൊടുത്തു.
വാസു, ആ കപ്പ് വാങ്ങി, സൂപ്രണ്ടിന് കൊടുക്കാനായി , സൂപ്രണ്ടിന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴി തന്റെ സെല്ലിൽ കയറി നീളമുള്ള അലക്കുസോപ്പു എടുത്ത് അരയിൽ മുണ്ടിന്റെ ഇടയിൽ തിരുകി വച്ചു. എന്നിട്ട് ചായയും കൊണ്ട് വീണ്ടും നടന്നു.
സൂപ്രണ്ടിന്റെ മുറിയിൽ കടന്നപ്പോൾ സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നു.
'സാർ ചായ .. '
ങ്ഹാ... അവിടെ വച്ചോളൂ.... സൂപ്രണ്ട് പറഞ്ഞു.
ചായ വയ്ക്കുന്നതിനിടയിൽ, വാസു മന:പൂർവ്വം ചായ തട്ടിയിട്ടു. കുറച്ചു ചായ സൂപ്രണ്ടിന്റെ യൂണിഫോമിലേക്ക് വീണു.
ച്ചേ ... നീ എന്താടാ കാണിച്ചെ ...? പിന്നെ പോലീസുകാരുടെ തനി ഭാഷ പുറത്തെടുത്തു. വാസുവിന് ചെവി പൊത്തണം എന്നുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം?
എത്രയും വേഗം നീ ഇവിടം ക്ലീനാക്കണം... എന്നു പറഞ്ഞു യൂണിഫോമിലെ കറ കഴുകി ക്കളയാനായി സൂപ്രണ്ട് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ആ തക്കം നോക്കിയിരിക്കുകയായിരുന്ന വാസു പെട്ടെന്ന് തന്റെ അരയിൽ നിന്ന് സോപ്പ് ബാർ എടുത്ത്, ചുവരിൽ തൂക്കിയിട്ടിരിക്കുന്ന താക്കോലുകൾ എടുത്ത് സോപ്പ് ബാറിൽ പതിപ്പിച്ചു.
അതിനു ശേഷം, തിരികെ അരയിൽ ഒളിപ്പിച്ച് വച്ച്, മേശയും,തറയും വൃത്തിയാക്കാൻ തുടങ്ങി.
വാസുവിനെ കാണാൻ സന്തോഷ് ജയിലിൽ വന്നപ്പോൾ, സോപ്പ് എടുത്ത് സന്തോഷിന്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു,
കിട്ടുണ്ണീ... നീ രഹസ്യമായി ഡ്യു പ്ലിക്കേറ്റ് കീ ഉണ്ടാക്കി കൊണ്ടുവരണം. ഒരു ഈച്ച പോലും അറിയരുത്.
പറഞ്ഞപ്രകാരം താക്കോലുകൾ ഉണ്ടാക്കി സന്തോഷ് വാസുവിന് കൊടുത്തു. വാസുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
പിറ്റേന്ന് പതിവുപോലെ, വാഴത്തോട്ട ത്തിൽ പണി ചെയ്യാൻ തൂമ്പായുമെടുത്ത്, പോയി. നല്ല വെയിൽ വരുന്ന സമയത്ത്, ഗേറ്റിൽ കാവൽക്കാരൻ ഉണ്ടാവില്ല എന്ന് മനസ്സിലാക്കി വച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത്, തന്റെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ എടുത്ത് , ആ ചെറിയ ഗേറ്റിന്റെ താക്കോൽ ഏതാണെന്ന് നോക്കി കൊണ്ടിരുന്നു. അതിനിടയിൽ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കി...
ഒടുവിൽ ഏതോ ഒരു താക്കോൽ ഗേറ്റിന്റെ പൂട്ട് തുറന്നു. പെട്ടെന്ന് തന്നെ അത് പൂട്ടി. ആ താക്കോലിന് പ്രത്യേകം അടയാളം വച്ചു. എന്നിട്ട് അവിടെ ത്തന്നെ ഒരു കുഴിയുണ്ടാക്കി താക്കോൽക്കൂട്ടം ഭദ്രമായി സൂക്ഷിച്ചു. അന്നത്തെ ജോലികളെല്ലാം തീർത്ത് സെല്ലിലേക്ക് തിരികെ വന്നു.
പിറ്റേന്ന് പതിവുപോലെ , വീണ്ടും വാഴത്തോട്ടത്തിൽ പോയി. വെയിലു വന്നപ്പോഴേക്കും, കാവൽക്കാരൻ പോയി. ആ തക്കം നോക്കി കുഴിച്ചിട്ടുരുന്ന പ്രത്യേകം അടയാളം പതിപ്പിച്ച താക്കോൽ എടുത്ത് ഗേറ്റ് തുറന്ന് , പുറത്തേക്ക് കടന്ന് ഗേറ്റ് പൂട്ടി, വാസു പോയി.
നേരത്തെ നിശ്ചയിച്ച പ്രകാരം, തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ സന്തോഷ് കാത്തു നില്ക്കുന്നു ണ്ടായിരുന്നു. സന്തോഷിന്റെ കൈയ്യിലുള്ള സഞ്ചിയിൽ നിന്നും വസ്ത്രങ്ങളെടുത്ത് ധരിച്ച്, ഇട്ടിരുന്ന ജയിൽ വസ്ത്രങ്ങൾ സഞ്ചിയിൽ തന്നെ വച്ച് , ആ ആളൊഴിഞ്ഞ പറമ്പിൽ തന്നെ ഭദ്രമായി സൂക്ഷിച്ചു. പിന്നെ അവർ രണ്ടു പേരും ബസിൽ കയറി.
ബസിൽ നല്ല തിരക്കായിരുന്നു. പോക്കറ്റ് വീർത്തിരിക്കുന്ന ഒരു മനുഷ്യന്റെ അടുത്ത് ഇരുവരും ചുറ്റിപ്പറ്റി നിന്നു.
അതിനിടയിൽ സന്തോഷ് ഒരു കോയിൻ എടുത്ത് താഴെയിട്ടു. എന്നിട്ട് ആ മനുഷ്യനോട്
' ദേ..... നിങ്ങളുടെ പൈസ താഴെക്കിടക്കുന്നു.'
അപ്പോൾ ആ മനുഷ്യൻ തിരക്കിനിടയിൽ കുനിയുന്ന നേരത്ത് , വാസു ആ മനുഷ്യന്റെ പോക്കറ്റിൽ നിന്നും പേഴ്സെ ടുത്ത്, രണ്ട് അഞ്ഞൂറിന്റെ നോട്ട് എടുത്ത് പെട്ടെന്നു തന്നെ തന്റെ പോക്കറ്റിലോട്ട് ഇട്ടു. അപ്പോഴേക്കും, കോയിൻ തപ്പിപ്പിടിച്ചെടുത്ത് ആ മനുഷ്യൻ നിവർന്നു നിന്നു. അന്നേരം വാസു ആ പേഴ്സ് ആ മനുഷ്യനു തന്നെ കൊടുത്തിട്ട് ഇപ്രകാരം പറഞ്ഞു,
'ആ ഒരു രൂപ കോയിൻ പോട്ടെ എന്നു വച്ചൂടെ... ഈ പേഴ്സ് തന്റെ പോക്കറ്റിൽ നിന്നും വീഴാൻ തുടങ്ങിയതാ... കള്ളന്മാരുടെ കാലമാണ്, പ്രത്യേകിച്ചും തിരക്കുള്ള ബസുകളിൽ . ഞാൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. ഇനി സൂക്ഷിക്കണം കേട്ടോ .... '
ഇതു കേട്ട് ആ മനുഷ്യൻ വളരെ സന്തോഷത്തോടു കൂടി പേഴ്സിൽ നിന്നും അമ്പതു രൂപ നോട്ടെടുത്ത്, വാസുവിന് കൊടുക്കാൻ നീട്ടി, ഇത് കൈയ്യിൽ വച്ചോളൂ.... എന്ന് പറഞ്ഞ്.
'ഓ.... വേണ്ട.. കൈയ്യിൽ തന്നെ വച്ചോ .... ഞാൻ എന്റെ കടമ ചെയ്തു എന്നേയുള്ളൂ.'... വാസു പറഞ്ഞു.
അവർ അടുത്ത സറ്റോപ്പിൽ ഇറങ്ങി.
അപ്പോൾ സന്തോഷ് , വാസുവിനോട് ചോദിച്ചു, ചേട്ടാ ... ആ പേഴ്സിൽ നിന്ന് കുറേക്കൂടെ രൂപ എടുക്കാന്മേലാ യിരുന്നോ...?
എടാ.... സന്തോഷേ.... അത്യാർത്തി അപകടം ക്ഷണിച്ചു വരുത്തും എന്ന് കേട്ടിട്ടില്ലേ... അത് മുഴുവൻ എടുത്താൽ പിന്നെ ഇതുപോലെ ഇടയ്ക്കിടയ്ക്ക് പുറം ലോകം കാണാൻ പറ്റില്ല. മാത്രമല്ല അയാൾ എന്നെ തിരിച്ചറിഞ്ഞാൽ പിന്നെ ഈ പാടുപെട്ടതു വെറുതെയാകും...
പിന്നീട്, തിരിച്ച് ജയിലിലേക്ക് വരാൻ വേണ്ടി, ബസിൽ കയറാൻ ബസ് സ്റ്റോപ്പിൽ കാത്തു നില്ക്കുന്നതിനിടയിൽ, പോക്കറ്റിൽ നിന്ന് ആയിരം രൂപ എടുത്ത് സന്തോഷിന് കൊടുത്തിട്ടു പറഞ്ഞു,
'പകുതി നീയെടുത്തോ, പിന്നെ, ആ അഞ്ഞൂറു രൂപ ജയിലിൽ എന്റെ അക്കൗണ്ടിൽ വരുവയ്ക്കണം. ഇങ്ങനെ എല്ലാ ദിവസവും ഇതുപോലെ നമുക്ക് സമ്പാദിക്കാം. '
അപ്പോഴേക്കും ബസ് വന്നു. ബസിൽ കയറി ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തിയപ്പോൾ, അവർ ഇറങ്ങി, ആ ആളൊഴിഞ്ഞ പറമ്പിൽ കയറി, ധരിച്ചിരുന്ന വസ്ത്രം മാറ്റി, ജയിൽ വേഷമണിഞ്ഞു, പിന്നെ ഗേറ്റു തുറന്നു, പഴയതുപോലെ താക്കോലിട്ടു പൂട്ടി, പിന്നെ പതിവു പോലെ തൂമ്പായെടുത്ത് കിളയ്ക്കാൻ തുടങ്ങി.
പിന്നെ പിന്നെ വാസുവിന് എല്ലാ ദിവസവും ചിക്കൻ ബിരിയാണി ലഭിച്ചു തുടങ്ങി.
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo