Slider

അമ്മയുടെ അവസാനത്തെ ആഗ്രഹം

0
അമ്മയുടെ അവസാനത്തെ ആഗ്രഹം
മിനിക്കഥ
മോനെ...
അമ്മയുടെ വിളി കേൾക്കാൻ അവിടെ ആരുമില്ല. അവർ സീരിയൽ കാണുന്ന തിരക്കിൽ. 
കൊറച്ചു വെള്ളം വേണം..
അമ്മ കട്ടിലിൽ നിന്നും തൊട്ടടുത്തുള്ള മേശയിലേക്കു കൈ നീട്ടിയെങ്കിലും എത്തിയില്ല.
മരുന്ന് കഴിക്കണം. കാലത്തു കുടിച്ചതാ. ഉച്ചക്ക് എടുത്തു തരാൻ ആളില്ലാത്തതു കൊണ്ടു മുടങ്ങി. ആരോട് പറയാൻ..
മൂത്രം ഒഴിക്കണം. അതും കിടപ്പിൽ. നനഞ്ഞു നാറിയിട്ടു കിടക്കാൻ മേല. ഇനി എപ്പോഴാണെന്നറിയില്ല മരണം എത്തുന്നത്. കിടന്നു പുറത്തെ തൊലി ഇളകി തുടങ്ങിയിരിക്കുന്നു. വിട ചൊല്ലാൻ ആകുന്നതിന്റ ലക്ഷണം.
എല്ലാം വിധി...
മോനെ..
ആ വിളിയിൽ എന്തോ പന്തികേടുണ്ടെന്നു ഭാര്യയോടൊപ്പം സീരിയൽ കണ്ടിരിക്കുന്ന മകന് തോന്നി. അയാൾ എഴുന്നേറ്റു.
ഒന്ന് ചുമ്മാ കിടന്നാട്ടെ. ചാകാൻ പൊന്നാള് മോനെ.. മോനെ ന്ന് വിളിച്ചു കൂവുന്നു.
അയാൾ ശപിച്ചു കൊണ്ടു അമ്മയുടെ അടുത്തെത്തി. അമ്മയുടെ കൈകൾ മകന്റെ നേരെ നീണ്ടു. അവൻ ആ കൈ പിടിച്ചു. അമ്മ മകന്റെ വിരലുകൾ ചുംബിച്ചു.
എനിക്ക് ഒന്ന് പറയാനുണ്ട്...
അമ്മയുടെ കണ്ണുകൾ നനഞ്ഞു.
ഒന്ന് പറഞ്ഞു തുലക്ക്.
മകൻ ചൂടായി .
മോനെ മരിക്കുന്നതിന് മുമ്പ് എന്നെ പോലെ നീ സ്വത്തുക്കൾ മക്കളുടെ പേരിൽ എഴുതരുതേ.... ഈ അമ്മയുടെ ആത്മാവിന് എന്റെ മോൻ അവസാന കാലം എന്നെ പോലെ നരകിക്കുന്നത് കാണാനുള്ള കരുത്തു ഉണ്ടാവില്ല...
പിന്നെ ആ കൈകൾ അയഞ്ഞു.
അമ്മേ...
അയാളുടെ സ്നേഹത്തോടെയുള്ള വിളി കേൾക്കും മുമ്പേ ആ കണ്ണുകൾ അടഞ്ഞിരുന്നു. എന്നെന്നേക്കുമായി.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo