Slider

എനിക്കിപ്പോൾ അമ്മയുമില്ല

0
പോലീസുകാരുടെ മുന്നിൽ പോലും അവൻ തെല്ലും കൂസലില്ലാതെ നിന്നപ്പോൾ മീനൂട്ടിക്കു അവനോടു പകയാണ് തോന്നിയത്.അവനെ കൊല്ലാനുള്ള പക, രണ്ടു മാസം ഗർഭിണിയായ അവളെ അഗതി മന്ദിരത്തിലേക്ക് മാറ്റാൻ തീരുമാനമായപ്പോഴും അങ്ങോട്ടുള്ള യാത്രക്കായി വാഹനത്തിൽ കയറുമ്പോളും അതേ നോട്ടം തന്നെയാണ് അവനിൽ നിന്നും കിട്ടിയത്....
അഹങ്കാരത്തോടെ .ചെയ്ത മാപ്പില്ലാത്ത തെറ്റിൽ തെല്ലും കുറ്റബോധവുമില്ലാതെ നിൽക്കുന്ന പോലീസുകാരുടെ ഇടി കൊണ്ടു വീങ്ങിയ അവന്റെ മുഖം മനസ്സിൽ നിന്നും മായ്ച്ചു കളയാൻ എത്ര ശ്രമിച്ചിട്ടും അവൾക്ക് കഴിഞ്ഞില്ല. പകരം ഉള്ളിലെ പകയുടെ വ്യാപ്തി സമുദ്രത്തോളമായി മാറുകയും ചെയ്തു...
ഒരേ അമ്മയുടെ ഗർഭപാത്രം പങ്കിട്ട...,
ഒരേ പായയിൽ ഒരുമിച്ചു കിടന്നുറങ്ങിയ..., താനിഷ്ടപ്പെടുന്നത് എന്തും എനിക്ക് വാങ്ങി നല്‍കിയ., തനിക്കു വേണ്ടി കൂട്ടുകാരോട് വഴക്കിട്ടിരുന്ന തന്റെ കൂടെപ്പിറന്നവനാണ് അവിടെ ജനങ്ങളുടെ പരിഹാസക്കണ്ണുകൾക്കും വാക്കുകൾക്കും മുന്നിൽ കൂസലില്ലാതെ നിൽക്കുന്നത്....
'കുഞ്ഞി' എന്നു മാത്രം തന്നെ വിളിച്ചിരുന്ന ഏട്ടന്റെ നാവുകൾ എങ്ങനെയാണു തന്റെ ദേഹത്തെ ഉഴിയാൻ കഴിഞ്ഞത്...??
വാത്സല്യത്തോടെ മാത്രം നോക്കിയിരുന്ന കണ്ണുകളിൽ
എന്നു മുതലാണ്‌ കാമം വന്നു നിറഞ്ഞത്...?? സഹോദരന്റെ കുഞ്ഞിനെ ഉദരത്തിലേറാൻ മാത്രം പാപിയായിപ്പോയല്ലോ ഈശ്വരാ...??
വാഹനത്തിലിരുന്നവൾ പരിസരം മറന്ന് മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
തന്നെക്കാൾ ഒൻപത് വയസ്സിനു മൂപ്പുണ്ട് കുട്ടേട്ടന് , അച്ഛൻ മരിച്ചതിൽ പിന്നെ തനിക്കച്ഛന്റെ സ്ഥാനത്തായിരുന്നു കുട്ടേട്ടന്‍. കുട്ടേട്ടന്‍ പഠനമുപേക്ഷിച്ചു ജോലിക്കു പോയി എത്ര നന്നായി അമ്മയെയും തന്നെയും നോക്കിയിരുന്നവനാണ്..?
താൻ വയസ്സറിയിച്ചതിൽ പിന്നെയാണ് ഏട്ടന് തന്നോടുള്ള സമീപനത്തിനു മാറ്റങ്ങളുണ്ടാവാൻ തുടങ്ങിയത്,സംസാരിക്കുമ്പോൾ നെല്ലിക്കയോളം മാത്രം വലിപ്പമുള്ള തന്റെ നെഞ്ചിലേക്ക് ഇടയ്ക്കിടെ നോക്കി സംസാരിക്കുവാനും, കുളിമുറിയില്ലാത്ത വീട്ടിൽ സാരിത്തുണിയുടെ മറവിൽ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കാനും തുടങ്ങിയപ്പോൾ ആദ്യമൊന്നും തനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
എന്നാലൊരിക്കൽ തന്റെ അടിവസ്ത്രങ്ങൾ എടുത്ത് ഒരു ഭ്രാന്തനെപ്പോലെ ചുംബിക്കുന്നത് കണ്ടപ്പോൾ മുതൽ ഉള്ളിൽ ഭയം മൊട്ടിട്ടു തുടങ്ങി...
ഒരു ചായ്പ്പും ഒരു മുറിയും വരാന്തയും മാത്രമുള്ള ഞങ്ങളുടെ വീട്ടിൽ വാരാന്തയിൽ കിടന്നുറങ്ങി അമ്മയെയും അനിയത്തിയേയും സംരക്ഷിക്കുന്ന അയാൾക്ക് നല്ല പേരായിരുന്നു..
സന്ദർഭം കിട്ടുമ്പോൾ പലപ്പോഴും അയാളെന്റെ സ്വകാര്യ ഭാഗങ്ങളിൽ അറിയാത്ത രീതിയിൽ സ്പർശിക്കാൻ തുടങ്ങി.ഭയത്തോടെ കൈ തട്ടി മാറ്റുമ്പോൾ ഒരു വഷളച്ചിരിയോടെ അയാൾ തിരിഞ്ഞു നടക്കും...
'ഏട്ടാ...' എന്നുള്ള എന്റെ വിളി പതിയെപ്പതിയെ മാറിത്തുടങ്ങി.അയാളോടെനിക്കുണ്ടായിരുന്ന സ്നേഹം ഒരിക്കലും മഴ പെയ്യാത്ത മണല്‍ക്കാട് പോലെ വരണ്ടു.അയാളുടെ നിഴൽ പോലും എന്നെ ഭയപ്പെടുത്താൻ തുടങ്ങി.ആ നിഴൽ പോലും എന്റെ ദേഹത്തെ സ്പർശിക്കാതിരിക്കാൻ ഞാൻ ഒഴിഞ്ഞു നടന്നു എന്നിട്ടും അന്ന് ആ പകലിൽ എനിക്കെന്നെ തന്നെ നഷ്ടമായി.അമ്മ വീട്ടിലില്ലാത്ത ആ ദിവസം ഒരു വേട്ടനായയെ പോലെ അയാളെന്റെ മേലെ ചാടി വീണു. അയാളുടെ നഖങ്ങളും പല്ലുകളും കൊണ്ടെന്റെ മാറിടത്തെ വികൃതമാക്കി ,ആ കൈക്കരുത്തിനു മുന്നിൽ തന്നെപ്പോലൊരു സ്കൂൾ കുട്ടിക്ക് ഒരിക്കലും പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല....
അതു വരെ അടക്കി വച്ചിരുന്ന കാമം മുഴുവനും അയാളെന്നിൽ ആടിത്തിമിർത്തു, അയാളുടെ ശ്വാസ നിശ്വാസങ്ങൾക്ക് കാട്ടുപന്നിയുടെ മുരൾച്ചയും അയാളുടെ മുഖം ചെന്നായയെ പോലെ ക്രൂരവുമായിരുന്നു...തളർന്നു പോയ എന്റെ ദേഹത്തു നിന്നും അയാളെഴുന്നേറ്റു വേച്ചു വേച്ചു പുറത്തേയ്ക്കു പോയി. പോകാൻ നേരം ..
" എണീറ്റു പോയി കുളിക്കെടി.. ആരോടെങ്കിലും പറഞ്ഞാൽ അറിയാല്ലോ...??"
ദേഹത്തെ മുറിവിനേക്കാൾ മനസ്സിനേറ്റ മുറിവിൽ ഞാൻ എന്റെ ജന്മത്തെ സ്വയം ശപിച്ചു,പതിയെ എണീറ്റു പുറത്തേക്കു നടന്നു ദേഹമപ്പാടെ അയാളുടെ ഉമിനീരും,എന്റെ കണ്ണുനീരും , അരക്കെട്ടിനു താഴെ കൊഴുത്ത ദ്രാവകത്തിന്റെയും രക്തത്തിന്റെയും വഴുവഴുപ്പും .ആകെകൊണ്ട് ഞാനപ്പോള്‍ ഒരു അഴുകിയ മൃതദേഹമാണെന്നു എനിക്ക് തോന്നി ...
എത്രയോ പാത്രം വെള്ളം അയാളേൽപ്പിച്ച നഖക്ഷതങ്ങളിൽ വീണൊലിച്ചു പോയിട്ടും നീറിയില്ല, അയാള്‍ കൈവച്ച ശരീരം അങ്ങ് നശിപ്പിച്ചാലോ എന്നു പോലും തോന്നി പോയി.പക്ഷെ 'അമ്മ ' അതൊരു ചോദ്യചിഹ്നമായി മുന്നിലവശേഷിച്ചു...
പിന്നെയും എത്രയോ പകലുകളും രാത്രികളും അയാൾക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു.ഒടുവിൽ പിന്നാമ്പുറത്ത് ഞാൻ ചർദ്ധിക്കുന്ന ഒച്ച 'അമ്മ 'കേൾക്കുന്നത് വരെ...!
ദഹനക്കേടാണെന്നു സമാധാനിച്ചെങ്കിലും തുടർച്ചയായ ഛർദിലിനെത്തുടർന്ന് ആശുപത്രിയിൽ ഇരിക്കുമ്പോളും, സഹോദരന്റെ തന്നെ ചോരയെ ഉദരത്തിലേറേണ്ടി വന്ന ഹതഭാഗ്യയാവുമെന്നു കരുതിയിരുന്നില്ല......
എന്നെ പരിശോധിച്ച് പുറത്തിറങ്ങിയ ഡോക്ടർ നഴ്സിനോട് അടക്കം പറയുന്നതും ഡോക്ടർ പുറത്തേക്കു പോയപ്പോൾ നഴ്സ് എന്നെ പരിഹാസത്തോടെ നോക്കി പഠിക്കാൻ വിട്ടപ്പോൾ വയറ്റിലുണ്ടാക്കി കൊണ്ട് വന്നിരിക്കുന്നുവെന്നു പറഞ്ഞതും പിന്നെ അവിടെ പലരും കൂടിയതും 'അമ്മ ' ഉച്ചത്തിൽ നിലവിളിക്കുന്നതും ഒരു യാന്ത്രിക പാവയെ പോലെ ഞാൻ കണ്ടു കൊണ്ടിരുന്നു...
ആ ഇരിപ്പ് തുടരവേ ആൾക്കൂട്ടത്തിനിടയിലൂടെ ഒരു നിഷ്കളങ്കന്റെ ഭാവത്തോടെ അയാൾ അമ്മയ്ക്കരികിലെത്തി. അയാളുടെ തോളിലേക്ക് ചാഞ്ഞുകൊണ്ടമ്മ ഉറക്കെ പറഞ്ഞു
" മഹാപാപി ചതിച്ചെടാ മോനെ... വയറ്റിലുണ്ടാക്കികൊണ്ട് വന്നേക്കുന്നു.എനിക്കിനി ജീവിക്കണ്ടാ.... "
ഇരു മുഷ്ടികളും തലയിലിടിച്ചു കൊണ്ട് 'അമ്മ ' ഉറക്കെ കരഞ്ഞു.പിന്നെ അവിടെ എന്തൊക്കെയോ നടന്നു. അതൊന്നും ഞാൻ കണ്ടില്ല ആകെ കണ്ടത് അയാളുടെ ക്രൂരമായ മുഖം മാത്രം...
ആശുപത്രിയുടെ മുന്നിൽ വന്നു നിന്ന ജീപ്പിൽ നിന്നും രണ്ടു വനിതാ പൊലീസുകാരുൾപ്പെടെ അഞ്ചു പോലീസുകാർ എന്റെ മുന്നിൽ വന്നു നിന്നു, അവരിലൊരാൾ എന്നോട് സൗമ്യമായി ചോദിച്ചു
"ആരാ മോളെ ഉപദ്രവിച്ചത്...?"
മൗനിയായി തീർന്ന എന്നോട് വീണ്ടും വീണ്ടും അവർ ചോദ്യം ആവർത്തിച്ചപ്പോൾ അമ്മയോട് ചേർന്ന് നിന്ന് കൊണ്ട് അയാളെ ചൂണ്ടി ഞാൻ പറഞ്ഞു
"ഏട്ടൻ....!
എന്റെ ഏട്ടൻ,,, അയാളാണ്... അയാളാണ്... "
സ്വയബോധം നഷ്ടമായവളെ പോലെ ഞാൻ ഉച്ചത്തിൽ പറഞ്ഞു.ഞെട്ടിത്തരിച്ചു നിന്ന ആൾക്കൂട്ടത്തെ നോക്കി ഞാൻ ഉച്ചത്തിൽ അതാവർത്തിച്ചു കൊണ്ടിരുന്നു , അയാളെയും കൊണ്ട് പോലീസ് ജീപ്പ് മുന്നോട്ടു പോയപ്പോൾ
" എന്റെ മോനങ്ങനെ ചെയ്യില്ല സാറേ...
അവൾക്ക് ഭ്രാന്താണ്...."
എന്ന് പറഞ്ഞു കൊണ്ട് അലമുറയിട്ടു അതിനു പുറകേ ഓടുന്ന അമ്മയെയും കണ്ണീരു മൂടിയ കണ്ണാൽ ഞാൻ കണ്ടു.പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് എന്നെയും കൊണ്ടു പോയി, എന്റെ മുന്നിലേക്ക് അലറിക്കൊണ്ട് വന്ന 'അമ്മ '
" എടീ സ്വന്തം സഹോദരനെത്തന്നെ നീ ഒറ്റി കൊടുത്തില്ലേ...??
കണ്ടിടം നിരങ്ങി കൊച്ചുണ്ടാക്കിയിട്ട് കളവു പറഞ്ഞു എന്റെ പൊന്നു മോനെ ജയിലിലാക്കുന്നല്ലോടി മഹാപാപി... "
എന്റെ നേർക്ക് ശാപവർഷം ചൊരിഞ്ഞു കൊണ്ടു അമ്മയെങ്ങോ പോയി...
എങ്ങോട്ടു പോയിട്ടുണ്ടാവും..?
ചോദ്യങ്ങൾ മനസ്സിനെ പിന്നെയും കുത്തി വലിക്കുന്നു, ദിവസങ്ങളോളം ഓരോ ഇടങ്ങളിലായി നിന്നിട്ടും ആരും കൂട്ടിക്കൊണ്ടു പോകാനില്ലാതെ അഗതിമന്ദിരത്തിലേക്കു പോകുവാണ് ഞാന്‍.. അയാൾക്ക് ശിക്ഷ കിട്ടുമായിരിക്കും,കഴിഞ്ഞ ദിവസങ്ങളിൽ പത്രത്തിൽ ചെറിയൊരു വാർത്തയായി ഞാനുമെത്തി ആളുകളുടെ മനസ്സിലേക്ക്.
"പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിലെന്നു... "
ഈ വാർത്ത പിന്നീട് എല്ലാവരും മറക്കും. പക്ഷെ സത്യം തുറന്നു പറഞ്ഞതിനാൽ പെറ്റമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു.എന്നെ വിശ്വസിക്കാൻ ആരുമില്ല ഭൂമിയിൽ. എല്ലാറ്റിനും കാരണം ഞാനൊരു പെണ്ണായതു കൊണ്ടാണ്....,
എന്റെയീ പെണ്ണുടലാണ്....,
ഇതിലെ മുഴുപ്പുകളാണ്....,
എനിക്കെല്ലാം നഷ്ടമാക്കിയ ഈ ശരീരം ഇനിയെന്തിനു ഞാന്‍ ചുമക്കണം ..???
ഒരിക്കൽ അമ്മയെ ഓർത്തു മാത്രം ജീവിക്കാൻ ഒരുങ്ങിയ എനിക്കിപ്പോൾ അമ്മയുമില്ല, ഇനിയീ ശരീരവും എനിക്കു വേണ്ട...
വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോറു തുറന്നവൾ റോഡിലേക്ക് ചാടി. പാഞ്ഞു വന്നൊരു ലോറി അവളുടെ ദേഹത്തിലൂടെ കയറി ഇറങ്ങി,ഓടിക്കൂടിയ ആളുകളുടെ മുന്നിൽ അവളുടെ അമ്മയുമുണ്ടായിരുന്നു....
ചോര പുരണ്ട മാംസക്കഷണങ്ങൾ നോക്കി അവർ പൊട്ടിച്ചിരിച്ചു... പിന്നെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവര്‍ നടന്നു നീങ്ങി.......

Vishnu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo