Slider

അവൾ

1

ബെഡ്റൂമിൽ ഇരുന്നു വാട്സാപ്പിലൂടെ വിരലോടിക്കുമ്പോഴായിരുന്നു ഒരു സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ണിൽ പെട്ടത് ...സംഭവം ഹോക്കിങ്സിന്റെ വരികളുടെ പരിഭാഷയാണ് .."ഈ പ്രപഞ്ചത്തിൽ തന്നെ ഇപ്പോഴും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നത് സ്ത്രീകളാണ്...പ്രപഞ്ചത്തിൽ ഇനിയും ചുരുളഴിയാത്ത വലിയൊരു രഹസ്യങ്ങളുടെ..നിഗൂഢതകളുടെ ഭാഗമാണ് സ്ത്രീകൾ...പ്രപഞ്ചത്തിൽ സ്ത്രീകളുടെ രഹസ്യം ഒരിക്കലും മനസിലാക്കാൻ ആവില്ലെന്നും അദ്ദേഹം പറയുന്നു"
ഇത്രയും വായിച്ചപ്പോൾ ഞാൻ ഒന്ന് ഇരുത്തി ആലോചിച്ചു...നാളെ രാവിലെപ്രഭാത ഭക്ഷണത്തിനു പുട്ടു വേണോ ദോശ വേണോ അതിനു എന്ത് കറി വേണം എന്ന് ചിന്തിക്കുന്നതിനേക്കാൾ എന്ത് പ്രപഞ്ചരഹസ്യമാണ് ഒരു സാധരണ സ്ത്രീ ഒളിപ്പിക്കുന്നത്...എന്തോ വലിയൊരു കോമഡി പറഞ്ഞ ഭാവത്തിൽ ഞാൻ സ്വയം ഒന്ന് ചിരിച്ചു...
പെട്ടന്ന് അവൾ മുറിയിൽ കേറി വന്നു..അലക്കുവാനുള്ള വസ്ത്രം എടുക്കുന്നതിനിടയിൽ ഇത് അവളെ വായിച്ച് കേൾപ്പിക്കാനും അതിനോടുള്ള എന്റെ അഭിപ്രായം രേഖപ്പെടുത്താനും ഞാൻ മറന്നില്ല...ഒക്കെ കേട്ട് ഒരു പതിഞ്ഞ പുഞ്ചിരിയോടെ അവൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി .
ഞാൻ വീണ്ടും പതിയെ ബെഡിലേക്ക് മലർന്ന് കിടന്ന് പിന്നെയും ഫേസ്ബുക്കിൽ കേറി പോസ്റ്റുകളിലേക്ക് മുഴുകി....അതിൽ ഒരു ഗ്രൂപ്പിൽ ഏതോ പണിയില്ലാത്തവന്റെ പോസ്റ്റുകണ്ടു..ഏറ്റവും അധികം ജീവിതത്തെ സ്വാധീനിച്ച സ്ത്രീയെപറ്റി എഴുതാൻ...തല്ക്കാലം ഒരു പണിയും ഇല്ലാത്തതിനാൽ ഒരു കൈ നോക്കാൻ ഞാനും തീരുമാനിച്ചു..അത് അവളെപറ്റി തന്നെ ആവട്ടെ എന്നും കരുതി ഞാൻ തുടങ്ങി..
പ്രവാസി ജീവിതത്തിന്റെ ഒരു ഇടവേളയിൽ നാട്ടിൽ വന്നപ്പോൾ ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കാൻ വയ്യല്ലോ എന്ന തോന്നലിൽ നിന്നാണ് അവിടേക്കുള്ള എന്റെ സന്ദർശനം ആരംഭിച്ചത്.മൂന്നോ നാലോ കമ്പ്യൂട്ടർ ഉള്ള ഒരു ഇന്റർനെറ്റ് കഫേ..ഗൾഫുകാരന്റെ പ്രൗഢിയോടെ അവിടെപോയിരുന്നു ഓർക്കുട്ടോ ഈമെയിലോ തുറന്നു കുറച്ചുനേരം ഇരുന്നില്ലേൽ ന്തോ ഒരു "ഉഷാറ്" കുറവ്...അങ്ങനെ അവിടുത്തെ രജിസ്റ്റർ ബുക്കിൽ ഞാൻ ദിവസവും കേറിപ്പറ്റി .
വരുന്നവരോടൊക്കെ കലപില സംസാരിക്കുന്ന എന്നാൽ ചെയ്യുന്ന ജോലി ഭംഗിയായി തീർക്കുന്ന കിലുക്കത്തിലെ രേവതിയെ പോലെ ഉള്ള അവൾ എന്റെ ശ്രദ്ധയിൽ പെടാൻ ഒരു ദിവസം ധാരാളം ആയിരുന്നു.ആദ്യമൊക്കെ ഞാൻ മൈൻഡ് ചെയ്തില്ല..അല്ലെ ഇപ്പോൾ ഒരു എഞ്ചിനീയറിംഗ് ബിരുദധാരി ആയ ഞാൻ ഒരു കഫെയിൽ ജോലി ചെയ്യുന്ന, പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത അവളോട് എങ്ങനെ സംസാരിക്കും ..നല്ല കഥയായി...
പക്ഷെ പോകെ പോകെ ഞാനും അവളുടെ കലപില ശബ്ദത്തിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി..അവളെപ്പറ്റി ഞാൻ മനസിലാക്കിയതൊക്കെ തെറ്റായിരുന്നു..അവൾ ഒരു ഡിഗ്രി കയ്യിൽ ഉള്ളവളാണ്..അതും എന്നെപോലെ ഇന്നും 5 സപ്ലി കയ്യിൽ വച്ചിട്ടല്ല.. റാങ്കോടെ പാസ്സായവൾ..എന്നിട്ടും എന്തേ ഇവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ ചിരിച്ചതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല..ദിവസവും പോയി ഓർക്കുട്ടും തുറന്നുവെച്ച് അവളോട് സംസാരിക്കുന്നത് ഞാൻ ഒരു പതിവ്വ് ശീലമാക്കി.. നാട്ടിൽ നിന്ന് തിരിച്ച പോവാനുള്ള ദിവസം അടുത്തപ്പോൾ എന്റെ ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു നിന്റെ മനസ്സിന് അവളോട് പ്രണയം ആണെന്ന്..കേട്ടപാതി കേൾക്കാത്തപാതി നേരെപോയി ഞാൻ അവളോട് കാര്യം പറഞ്ഞു..എന്തൊക്കെയോ പറഞ്ഞവൾ ഒഴിഞ്ഞു മാറാൻ നോക്കി.ഞാനും വിട്ടില്ല.അവസാനം നല്ല അസ്സൽ "തേപ്പ്" കിട്ടിയ ഒരു കഥയും പറഞ്ഞു തന്നു..അതൊന്നും പ്രശ്നമില്ലെന്ന് പറഞ്ഞ ഞാൻ അവളെ എന്റേതാവാൻ നിർബന്ധിച്ചു..ഇഷ്ടക്കുറവ് ആയിരുന്നില്ല അർഹതക്കുറവ് ആയിരുന്നു അവളുടെ പേടി...ഒന്നും പേടിക്കേണ്ടെന്നും...നിനക്ക് ഞാൻ ഉണ്ടെന്നും പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ വിമാനം കേറി.
ഒന്നൊന്നര വർഷമൊക്കെ സംഭവം നന്നായിപ്പോയി.ഒരു ദിവസം അവൾ വിളിച്ചു പറഞ്ഞു വീട്ടിൽ കല്യാണ ആലോചന തുടങ്ങി എന്ന്..അവളുടെ കരച്ചിലും സംസാരവും ഒക്കെ കേട്ടപ്പോ സംഭവം ഇച്ചിരി സീരിയസ് ആണെന്ന് എനിക്കും തോന്നി.ഞാൻ ഫോൺ കട്ട് ചെയ്ത വീട്ടിലേക്ക് വിളിച്ചു.അല്പം ഒന്ന് പരുങ്ങിയ ശേഷം ഞാൻ അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞു..ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ എന്ന് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞ ശേഷം അച്ഛൻ ഫോൺ കട്ട് ചെയ്തു..
..പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ഫോണിൽ അച്ഛന്റെ 6 മിസ്ഡ് കോൾ..അപ്പോൾ തന്നെ ങ്ങോട്ട് വിളിച്ചു.. എടുത്തപാടെ അമ്മയുടെ കരച്ചിൽ..ഞാൻ ആണേൽ അന്തം വിട്ട് ഫോണും പിടിച്ച് ഇരിപ്പാണ്..ഇനി ഇന്നലത്തെ ഇടിക്കും മഴക്കും ടി വി എങ്ങാനും അടിച്ചുപോയികാണുമോ..അമ്മക്ക് കരയാൻ അതൊക്കെ ധാരാളം..."നിനക്ക് മറ്റാരെയും കിട്ടിയില്ലേടാ "അടുത്ത് നില്പുണ്ടെൽ തെറിച്ച് പോയേനെ ഞാൻ.".എന്താ അമ്മേ...." ഞാൻ വളരെ വിനീതനായി ചോദിച്ചു.."വേറൊരുത്തന്റെ തോളിൽ കേറി നടന്നതാ ആ പെണ്ണ് കുറെ..അവളയെ നിനക്ക് കിട്ടിയുള്ളോ കെട്ടാൻ...ഞങ്ങൾ ജീവിച്ചിരിക്കുമ്പോ ഇത് നടക്കില്ല"എന്നും പറഞ്ഞു 'അമ്മ ഫോൺ കട്ട് ആക്കി.,ഞാൻ തലക്കിട്ട് അടികിട്ടിയപോലെ ഇരിപ്പാണ്.....നാട്ടുകാർ തെണ്ടികൾ...ഒന്നും വിടാതെ വിളമ്പി കൊടുത്തിട്ടുണ്ട്...അവളെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ "ഒന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് കുറെ കരഞ്ഞു...
അങ്ങനെ പിടിക്കാവുന്ന കാലൊക്കെ പിടിച്ച്.....കൊടുക്കാവുന്ന കൈക്കൂലി ഒക്കെ കൊടുത്ത് അച്ഛനെയും അമ്മയെയും കൊണ്ട് സമ്മതിപ്പിച്ചു..
ഒരുപാടു യുദ്ധങ്ങൾക്ക് ഒടുവിൽ ഒരു മീനച്ചൂടിൽ ഞാനവളെ കെട്ടി..
നിലവിളക്കുമായി എന്റെ വീട്ടിൽ വലതുകാൽ വച്ച കയറുമ്പോൾ ഉള്ളിന്റെ ഉള്ളിൽ എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു..ഇവൾ എന്റെ വീടിനു ചേർന്ന് പോവുമോ എന്ന്..കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ അയൽ വീട്ടുകാർക്ക് അവളെ പറ്റി 'അമ്മ ഔട്ട് സ്റ്റാന്റിംഗ് മരുമകൾ സർട്ടിഫിക്കറ്റ് നൽകുന്നത് ഒളിഞ്ഞു നിന്ന് കേൾക്കുമ്പോഴും...ഒമ്പതാം മാസത്തിൽ പ്രാണൻ പോവുന്നവേദനയിലും ചിരിച്ചുകൊണ്ട് എനിക്കൊരു പൊന്നിൻ കുടത്തെ സമ്മാനിച്ചപ്പോഴും..വിവാഹത്തിന് മുൻപുള്ള ആർഭാടത്തിൽ ഹൌസിങ് ലോൺ അടക്കാൻ മറന്ന് അതിന്റെ പലിശ തലയ്ക്കു മുകളിൽ കേറി നിൽക്കുമ്പോൾ കഴുത്തിലെ ഞാൻ കെട്ടിയ താലി ഒഴികെ സകല പൊന്നിൻ തരികളും ഊരി തന്നപ്പോഴും..പിന്നീട് പ്രവാസി ജീവിതത്തിൽ പകർച്ച വ്യാധിപിടിപെട്ടു നാട്ടിൽ വന്ന് കിടന്നപ്പോൾ കണ്ണിമ വെട്ടാതെ കൂടെ കിടന്ന് പരിചരിച്ചപ്പോഴും അവൾ ഞാൻ ചോദിക്കാതെയും അവൾ പറയാതെയും എനിക്ക് ഉത്തരം തരികയായിരുന്നു...അവളോളം ചേരുന്ന മറ്റൊന്നും ഈ ലോകത്ത് എനിക്കില്ലെന്നു...
അവളെന്റെ ഭാര്യ പദവിയിൽ വന്നിട്ട് ഇപ്പോൾ പത്ത് വര്ഷം...ഇരുപത്തിനാലാം വയസിൽ അവൾ എടുത്തണിഞ്ഞ മാതൃത്വം ഇന്നും അവൾ ഒരു ആഭരണം പോലെ കൊണ്ടുനടക്കുന്നു..എന്റെ മക്കൾക്ക് മാത്രമല്ല..17 വർഷത്തെ പ്രവാസി ജീവിതത്തിൽ ഒരു 100 തവണ അമ്മയുടെ തലോടൽ കൊതിച്ച എനിക്ക്....വാർദ്ധക്യത്തിന്റെ വയ്യായ്മകളിൽ ഒരു ബാല്യം കുടി പിന്നിടുന്ന എന്റെ മാതാപിതാക്കൾക്ക്...അവളെക്കാൾ മൂത്തതെങ്കിലും ഭർത്താവുമായി പിണങ്ങി വന്നാൽ അനുനയിപ്പിച്ചു കൂടെ പറഞ്ഞു വിടാൻ എന്റെ പെങ്ങൾക്ക്...അവളൊന്ന് മാറി നിന്നാൽ അടുക്കും ചിട്ടയും നഷ്ടമാവുന്ന ഈ വീടിന്...അങ്ങനെ.... അങ്ങനെ...ഹോക്കിങ്സ് പറഞ്ഞത് ശരിയാണ്..സ്ത്രീ ഒരു പ്രപഞ്ച രഹസ്യമാണ്..ഒരു പതിഞ്ഞ ചിരിയിൽ എല്ലാം ഒളിപ്പിക്കുന്നവൾ...അതിനപ്പുറം സ്നേഹമെന്ന ആയുധം കൊണ്ട് എവിടെയും വിജയം നേടുന്നവൾ

Neehara
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo