Slider

ഇപ്പോഴതിന്‍മാതിരിയൊന്നുമില്ല....

0
ഇപ്പോഴതിന്‍മാതിരിയൊന്നുമില്ല....
കഥ
''അതൊക്കെ അന്നത്തെ കാലം ! അച്ഛന്‍ന്ന് പറഞ്ഞാ ശരിക്ക് നീണ്ടുനിവര്‍ന്ന് ആറടിപൊക്കത്തില്‍ വിറപ്പിക്കുന്നയാള്‍. പുറം കഠോരമാണെങ്കിലും ഉള്ള് മൃദുസ്വാദുരസാനുവിദ്ധം.
അമ്മ വെളൂത്തുമെലിഞ്ഞ ദേവസ്ത്രീ.ഈശ്വരനാമം ഭാഷയാക്കിയവള്‍. അമൃതൂട്ടുന്നവള്‍.അന്നപൂര്‍ണ്ണേശ്വരിയുടെ അവതാരം.
പിന്നെ പള്ളിക്കൂടം. അന്നത്തെ പള്ളിക്കൂടമെവിടെ ഇന്നത്തെ സ്കൂളെവിടെ !അമ്പത്തൊന്നക്ഷരം ആദ്യം മണലിലെഴുതി പഠിക്കണം,വിരല്‍ത്തുമ്പില്‍ ചോരപൊടിയണം. അക്ഷരം ചോക്കണം.
പിന്നെ സ്ലേയ്റ്റിലെഴുതി പഠിക്കണം. വിരലുകള്‍ കടഞ്ഞു നോവണം.മായ്ക്കണം, വീണ്ടുമെഴുതണം. മാച്ചാലും മായതെ ഉള്ളില്‍ പതിയുന്നതുവരെ എഴുതണം. ''ഹരിഃ ശ്രീ...അ, ആ..ഹരിഃ ''മനസ്സിലായോ, അതാണ് അക്ഷരമാല. രണ്ടറ്റത്തും ഹരിഃ എന്ന കൊളുത്തുള്ള മാല..
കഴിഞ്ഞില്ല.കടലാസിലെ രണ്ടു വരകള്‍ക്കിടയില്‍ ഒതുക്കിമുട്ടിച്ച് അമ്മ, ആന, ഇല,ഈച്ച, എഴുതണം.മാലയിലെ മുത്തുകള്‍ പോലെ അക്ഷരങ്ങള്‍ ഉരുളണം.
മലയാളപാഠാവലിയിലെ പദ്യങ്ങള്‍ പകര്‍ത്തിയെഴുതണം. നാരു തരാം, ചകിരി തരാം. കൂടുണ്ടാക്കാന്‍ കൂടെവരൂ.
തലയില്‍ പെരുക്കം വരുന്നതുവരെ പെരുക്കപ്പട്ടിക ഉരുവിടണം. ഒരു പതിമൂന്ന് പതിമൂന്ന്, ഇരുപതിമൂന്നിരുപത്തേഴ്‌...വാരരുമാഷൊരു മാരാരാവും .
വാരരുമാഷ് . ആപാദചൂഡം ഖദറുടുത്തയാള്‍.കണ്ണടയ്ക്കിടയിലൂടെ കണ്ണു കൂര്‍പ്പിച്ച് നോവിക്കുന്നയാള്‍. പതിമൂന്നുകൊണ്ട് പെരുക്കണം, ഹരിക്കണം. ശിഷ്ടമില്ലാത്തിടത്തു ശിഷ്ടം വന്നാല്‍ ബഞ്ചില്‍ കയറിനില്‍ക്കണം.
ലക്ഷ്മിടീച്ചര്‍ കാവിലമ്മ. വെളിച്ചപ്പെട്ടു കല്‍പ്പിക്കും. പുയ്പം അല്ല, പുഷ്പം.
ഒരക്ഷരം തെറ്റിയാല്‍ അമ്പത്തൊന്നക്ഷരം അമ്പത്തൊന്നു വട്ടം എഴുതിക്കും. വെറുതെ എഴുതിയാല്‍ പോരാ. ഉറക്കെ പറഞ്ഞെഴുതണം. പുഷ്പം, ഷ്‌, ഷ്, ..
ഇപ്പോഴത്തെ കുട്ടികളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഡാഡി,മമ്മി,മേം, മ്മേ, മ്മേ. മണലില്ല,സ്ലേയ്റ്റില്ല, ചോരപൊടിയാത്ത എഴുത്ത്.അക്ഷരം ഇല്ല, അക്ഷരശുദ്ധിയില്ല.പാവകള്‍, യന്ത്രങ്ങള്‍. പാവകള്‍ പോലെ പീ ,പീ,പേ, പേ.''
മുത്തശ്ശന്റെ പരാതികേട്ട് കൊച്ചുമക്കള്‍ക്ക് ചിരിച്ചുചിരിച്ചു ശ്വാസംമുട്ടി.''ഞങ്ങളെന്തിനാ മുത്തശ്ശാ, അക്ഷരം പഠിക്കണത് ? രണ്ടക്കങ്ങളുകൊണ്ട് ലോകം ഭരിക്കും ഞങ്ങള്. 0,1. അത്രമതി.
അല്ലെങ്കിലും നിങ്ങളൊക്കെ അക്ഷരം പഠിച്ചിട്ടെന്താ ചെയ്തത് ? കുറെ കവിതകളെഴുതി ,കരഞ്ഞു, ആക്രോശിച്ചു, അട്ടഹസിച്ചു. ഇപ്പോള്‍ , ദാ, നഷ്ടപ്പെട്ട അക്ഷരങ്ങളെ പറ്റി കരയുണു. ''
കൊച്ചുമക്കളുടെ മൊബെെല്‍ ബീപ് ബീപ്, ബീ്പ്ഡ്. മുത്തശ്ശനെ കരയാന്‍ വിട്ടുകൊണ്ട് അവരു പോയി. ബീപ്, ബീപ്, മുത്തശ്ശന്‍ കാതോര്‍ത്തു. വീടുമുഴുവന്‍ ഒരു ശബ്ദം മാത്രം .ബീപ്, ബീപ്. 0,1;0,1 ശബ്ദിക്കുന്നു. മുത്തശ്ശന്റെ ഹൃത്തില്‍ അക്ഷരങ്ങള്‍ മരവിക്കുന്നു.

paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo