* മരിച്ചുപോകുന്ന വീടുകൾ *
ഞാനൊരു ഇരുനില വീടാണ്. ആൾപ്പാർപ്പില്ലാത്ത വീട്. മതിൽ എന്നെ മൂടിയിരിക്കുന്നു. വാതിലുകൾ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. പൂച്ചയും നായയും കയറുന്നില്ല. പ്രാവുകൾ കുറുകുന്നില്ല. വല്ലപ്പോഴും മതിലിനു മുകളിൽ തലനീട്ടി വരുന്ന പച്ചത്തലപ്പുകൾ പോലും പേടിച്ചു വേഗം പിൻവാങ്ങുന്നു.
ഞാൻ മരിച്ചു പോയൊരു വീടാണ്.
മതിലിനപ്പുറത്ത് എന്നെപ്പോലെ വേറൊരു ഇരുനില വീടുണ്ട്. എന്‍റെ ആത്മാവ് അവിടെയൊന്ന് പാളി നോക്കി. ആകെയുള്ള ആറു കിടപ്പു മുറികളിൽ വെളിച്ചമുള്ളത് ഒരു മുറിയില്‍ മാത്രം. നല്ല ഉയരമുള്ള, ദൃഡ പേശിയുള്ള ഒരു ചെറുപ്പക്കാരന്‍ ലാപ് ടോപ്പിന് മുന്നില്‍ തലകുനിച്ചിരിക്കുകയാണ്. പകുതിയായ മദ്യം ഗ്ലാസില്‍ ഉറക്കം നടിക്കുന്നു, പാതി വെന്ത സിഗരറ്റ് അടുത്ത ചുടു ചുംബനത്തിനായി വീണ്ടും എരിയുന്നു. തൊട്ടടുത്ത മുറിയില്‍ നൈറ്റ് ലാമ്പിന്റെ നെടുവീര്‍പ്പില്‍ ഒരു യുവതി കുഞ്ഞിനെ മാറോടു ചേർത്തു ഉറങ്ങുകയാണ്. ..താഴത്തൊരു മുറിയിലും ആളുണ്ട്. മരുന്നിന്റെയും മരണത്തിന്റെയും മണം ചുമക്കുന്ന ഒരു വൃദ്ധ. അടച്ചിട്ട ബാക്കിയുള്ള മൂന്നു കിടപ്പ് മുറികളില്‍ ഒന്നിന് ഉണങ്ങിയ ചോരയുടെ മണം, രണ്ടാമത്തേതിന് മൂത്രത്തിന്റെയും മലത്തിന്റെയും ചൂര്. മൂന്നാമത്തെതിനു പേറ്റുനോവിന്റെ ഗന്ധം ..
വീടുകള്‍ക്ക് മരിച്ചാലും ഗന്ധങ്ങള്‍ അനുഭവിക്കാന്‍ കഴിയും. അത് വലിയൊരു അലോസരപ്പെടുത്തലാണ് പലപ്പോഴും.
ഞാന്‍ (അതെ, എന്റെ ആത്മാവ്) വീണ്ടും അലഞ്ഞു. നിശബ്ദ വിലാപമല്ല എനിക്കിപ്പോൾ ആവശ്യം..ഒരു ചിരിപ്പടക്കം, ഒരു കളിയൊച്ച, ഒരു നീട്ടി വിളി, ഒരു ചിണുങ്ങൽ, അടക്കിപ്പറയുന്ന ഒരു പ്രണയ മന്ത്രം...എവിടെ? ചുറ്റും പല നിലകളുള്ള, നിറങ്ങളുള്ള, നിശബ്ദത നിറഞ്ഞ വീടുകളുടെ ആത്മാക്കൾ വിറളി പൂണ്ട് ഒരു ശബ്ദത്തിനായ്, അല്ലെങ്കിൽ ഇരുളിൻറെ ഉള്ളിൽ നിന്നും വരുന്ന ഒരു നിലവിളിക്കായ് കാതോർത്തു നിന്നു.
മിനുസമുള്ള റോഡിൽ നിന്ന് ഞാൻ ഇടുങ്ങിയ ഗല്ലിയിൽ എത്തി. കുട്ടികളുടെ കളിയൊച്ചകൾ, പെൺകുട്ടികളുടെ കുപ്പിവളച്ചിരികൾ, ഇണകളുടെ സല്ലാപങ്ങൾ, പല്ലില്ലാത്തവരുടെ സ്വാന്തന ചേഷ്ടകൾ എല്ലാം ആകെ രണ്ടു മുറികളുള്ള ആ വീട്ടിൽ...
മുറ്റമില്ലാത്ത വീട്... മറയില്ലാത്ത വീട്... വെടിപ്പില്ലാത്ത വീട്..പക്ഷെ ജീവനുള്ള വീട് !
ഞാൻ ആ കുട്ടികളെ വിളിക്കാൻ ശ്രമിച്ചു - മിനുത്ത കല്ലുകൾ പാവിയ വിശാലമായ എന്റെ മുറ്റത്ത് ഒരിക്കലെങ്കിലും ഓടിത്തിമർത്ത് കളിക്കുന്നതൊന്നു കാണാന്‍. അപ്പോൾ അവരുടെ മുത്തശ്ശി ദുഃഖം വെറുതെ പെയ്തിറങ്ങി മനസ്സ് മരവിച്ച രാജാവിന് "ഹാപ്പി മാന്റെ കുപ്പായം" അന്വേഷിച്ചു നാടുനീളെ അലയുന്ന രാജകിങ്കരന്മാരുടെ കഥ പറഞ്ഞു കൊടുക്കാൻ തുടങ്ങുകയായിരുന്നു.
ഒരജ്ഞാത കവിയുടെ വരികൾ അന്നേരം എന്‍റെ മനസ്സിലേക്ക് വന്നു :
" A house is made of bricks and beams, but a home is made of hearts and hopes"
കല്ലുകൾ അടുക്കി വെച്ചൊരു കെട്ടിടം പണിയാം...പക്ഷെ ഹൃദയങ്ങൾ പകുത്തു നൽകിയാൽ , പ്രതീക്ഷകൾ ബാക്കി വെച്ചാൽ മാത്രമേ അതൊരു വീടായി മാറ്റപ്പെടുകയുള്ളൂ....
" A house is made of bricks and beams, but a home is made of hearts and hopes"
കല്ലുകൾ അടുക്കി വെച്ചൊരു കെട്ടിടം പണിയാം...പക്ഷെ ഹൃദയങ്ങൾ പകുത്തു നൽകിയാൽ , പ്രതീക്ഷകൾ ബാക്കി വെച്ചാൽ മാത്രമേ അതൊരു വീടായി മാറ്റപ്പെടുകയുള്ളൂ....
ഒരു നിലവിളി കേട്ടപ്പോൾ ഞാൻ റോഡരികിലേക്ക് വീണ്ടും ഒഴുകി വന്നു. ആൾക്കൂട്ടമുള്ളൊരു വീട്...മനോഹരമായ വീട്. പുത്തന്‍ ചായം തേച്ച ചുറുചുറുക്ക് മാറിയിട്ടില്ലാത്ത വീട്... വെള്ളത്തുണിയില്‍ പൊതിഞ്ഞു കൊണ്ടു വരുന്നത് അയാളെയാണ് - ഈ വീടിന്‍റെ യജമാനനെ. പ്രവാസിയാണ് അയാള്‍. അഞ്ചു വര്ഷം അവധിയെടുക്കാതെ അധ്വാനിച്ചു ആദ്യമായി വീട് കൂടാൻ വന്ന അയാളെ ആളുകൾ വേദനിപ്പിക്കാതെ നടുക്കളത്തിൽ കിടത്തി. എല്ലാവരും കരയുന്നത് അയാള്‍ക്ക് വേണ്ടിയാണ്. മരിച്ച മനുഷ്യന്‍ ഭാഗ്യവാന്‍. അയാള്‍ക്കായി അവര്‍ കുഴിമാടം പെട്ടെന്ന് വെട്ടി. പതുക്കെ മണ്ണിലേക്ക് അയാള്‍ ആഴ്ന്നുപോയി. എന്നാല്‍ മരിച്ച വീടുകളെ ക്കുറിച്ച് ആരും കണ്ണീര്‍ തൂകാറില്ല. അവരെ മറമാടാന്‍ ആരും വരാറുമില്ല.
മനുഷ്യൻ മരിക്കുന്നതിന് മുൻപ് തന്നെ പല വീടുകളും മരിച്ചുപോകുന്നു. മരിച്ച വീട് എന്നത് പലപ്പോഴും മരിച്ചുപോയ വീടുകൾ കൂടിയാണ് - ചിരികൾ മാഞ്ഞുപോയ, കളികൾ മറന്ന, നിലാവ് കടക്കാത്ത, നിഴലുകൾ നിശബ്ദ നൃത്തം ചെയ്യാൻ ഓടിവരുന്ന വീടുകൾ.
ഞാൻ ആഗ്രഹിച്ചുപോവുകയാണ് അടച്ചിട്ട വാതിൽ പഴുതിലൂടെ ഒരു മഴച്ചീന്ത് വെറുതെ ഉള്ളിൽ വന്നെങ്കിൽ എന്ന്. ശിശിരവും വസന്തവും ശൈത്യവും എന്റെ ഹൃദയം അറിഞ്ഞിരുന്നില്ല.. ഞാൻ മരിച്ചതല്ല, എന്നെ അവർ കൊന്നതാണ്.
ഞാൻ അറിയാതെ വീണ്ടും ആ ഇടവഴിയിലെ ഇരുമുറി വീട്ടിൽ എത്തി. എന്റെ മരിച്ചുപോയ ഹൃദയം അവിടെയെവിടെയോ കളഞ്ഞുപോയിട്ടുണ്ട്. കളഞ്ഞുപോയ ഹൃദയം തേടി പോകുമ്പോഴാണ് മനുഷ്യൻ ഏറ്റവും ക്രൂരനും സ്വാർത്ഥനുമാവുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വീടുകളും അങ്ങിനെത്തന്നെ. എനിക്കാ കുട്ടികളെയെങ്കിലും കൂടെ കിട്ടണം. അവരെ എന്റെ എല്ലിൻകൂടുകൾക്കുള്ളിൽ വരിഞ്ഞു കെട്ടണം, പിന്നെ മൃദുവായി ചുംബിച്ചു കൊല്ലണം.
ഞാൻ ആ കുട്ടികളെ വീണ്ടും വിളിച്ചു :
"വരൂ ...എന്റെ മനോഹരമായ മട്ടുപ്പാവിലേക്ക്, ചില്ലു ജാലകങ്ങളിലേക്ക്, കൊത്തുപണിയുള്ള വാതിൽ പാളികളിലേക്ക്, മിനുമിനുത്ത പുറം ചുമരുകളിലേക്ക്..കല്ലുകൾ പെറുക്കി നിങ്ങൾ ഒന്നെറിയൂ.. എന്റെ മരിച്ചുപോയ ഹൃദയം ഉലയട്ടെ. ഉണങ്ങിയ കണ്ണീർ ഗ്രന്ഥികൾ ഇളകട്ടെ!
വീണ്ടും എറിയൂ....
ഞാൻ ഒന്ന് പൊട്ടിക്കരയട്ടെ. ഒരിക്കലെങ്കിലും. “
(ഹാരിസ്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക