Slider

കോപ്പി

0
കോപ്പി.
...........
എത്ര ആലോചിച്ചിട്ടും ഈ പേപ്പർ എങ്ങനെ പാസ് ആവുമെന്ന് എനിക്ക് യാതൊരു സൂത്രവും കിട്ടിയില്ല. നല്ല സ്വഭാവം കാരണം ഇൻടേണൽ മാർക്കിന്റെ കാര്യം ഒരു വഹയാണ് .അതും കൂടി ഈ മെയിൻ എക്സാമിന് വാങ്ങിച്ചാൽ പാസ് ആവാം.. ഇല്ലേൽ ഗോപി വരച്ച് സപ്ലി അടിക്കാം..
എന്റെ ഒരു ബുദ്ധിയുടെ ലെവൽ വെച്ച് നോക്കുകയാണെങ്കിൽ പരീക്ഷയുടെ തലേ ദിവസം നോക്കുന്നത് മാത്രമാണ് ഓർമ്മയിൽ വരിക. പതിവില്ലാതെ കുന്തം മറിഞ്ഞ് പഠിക്കുന്നത് കണ്ടപ്പോൾ ഉമ്മ ഇടക്ക് വന്നൊന്ന് നോക്കിയിട്ട് പോയി.. സ്നേഹ നിധിയായ മാതാവ് പിന്നീട് തിരിച്ച് വന്നത് ഒരു ഗ്ലാസ് കട്ടൻ ചായയുമായിട്ടാണ്.. ഇത്താത്തമാർ പഠിക്കുമ്പോൾ ഹോർലിക്സ്.. നമ്മക്ക് കട്ടൻ.. മനസ്സിൽ തോന്നിയത് പുറത്ത് കാണിക്കാതെ കട്ടനും മോന്തി ഞാൻ ഇലക്ട്രിക്കൽ മെഷീൻ ബുക്കിലേക്ക് ആണ്ടിറങ്ങി...
ഇലക്ട്രിക്കൽ ജനറേറ്ററിനെ കുറിച്ചൊക്കെ ചെറിയ ക്ലാസുകളിൽ പഠിക്കാൻ എന്ത് രസമായിരുന്നു.. എഞ്ചിനീയറിംഗ് എത്തിയപ്പോൾ ഈ സംഭവത്തിന്റെ വെക്ടർ അനാലിസിസ് കണ്ടപ്പോഴാണ് കിളി പോയത്.. പഠിപ്പിക്കാനാണേൽ HOD തന്നെ വന്നപ്പോൾ ഉഷാറായി.. അതാണിപ്പോൾ നാളെ യൂണിവേർസിറ്റി എക്സാമിന്റ രൂപത്തിൽ.
നട്ടപ്പാതിരയായപ്പോൾ എനിക്കൊരു കാര്യം മനസിലായി.. ഇത് നടക്കൂല.. പല സാധനോം ഓർമ്മയിൽ നിൽക്കുന്നില്ല.. ഇടക്കുള്ള ചില കുരുത്തം കെട്ട ഇക്വേഷൻസ് എങ്ങനേലും കിട്ടിയാൽ ബാക്കി തട്ടി വിടാം... പക്ഷേ.... തുണ്ട് എടുക്കാന്ന് വെച്ചാൽ എക്സാം ഹാളിലെ ക്യാമറ ഒരു വില്ലനാണ്.പിന്നൊന്നും നോക്കിയില്ല ബൈക്കെടുത്ത് നേരെ ഹോസ്റ്റലിലേക്ക് വിട്ടു.. മന:സമാധാനം എങ്കിലും കിട്ടുമല്ലോ..
ഹോസ്റ്റൽ എത്തിയപ്പോൾ പള്ളിപ്പെരുന്നാൾ പോലെ ലൈറ്റുണ്ട്... അവിടിന്ന് ഉറക്കമൊന്നുമില്ല.. അന്തം വിട്ട് പഠിക്കുന്നവരും.. ഒന്നും നോക്കാതെ കത്തിയടിക്കുന്നവരും.. ക്യാമറയെ വരെ തോൽപിക്കാൻ കഴിയുന്ന മിടുക്കരായ തുണ്ടെഴുത്തുകാരും എല്ലാം ഉണ്ട്.. ഞാൻ നേരെ ഉണ്ണീടെ റൂമിലേക്ക് പോയി.. ആ തെണ്ടി മൊബൈലിൽ കാര്യമായി സിനിമ കാണുകയാണ്.. ഡാ. ..നാളത്തെ എക്സാം.. ഞാൻ അവനോട് ദയനീയമായി പറഞ്ഞു.. ഉണ്ണി തന്റെ കുംഭ ചെറുതായി തടവി എന്നെ നോക്കി പുച്ഛ ഭാവത്തിൽ ഒന്ന് ചിരിച്ചു..
ഉണ്ണി നമ്മുടെ ആത്മാർഥ സുഹൃത്താണ്.. നല്ല തടീം വലിപ്പോം ഉള്ളൊരുത്തൻ.. ഇത്തിരി കുംഭ ഉള്ളോണ്ട് കുംഭ എന്നൊരു ഇരട്ട പേരുണ്ട്.. എല്ലാ കാര്യത്തിലും ആൾ ഉഷാറാണ്.. അന്നേതായാലും ഉണ്ണിക്കുംഭ എനിക്ക് മഹത്തായൊരു വിദ്യ പഠിപ്പിച്ചു തന്നു.. ഫേബർ കാസ്റ്റലിന്റെ 15 cm വരുന്ന ചെറിയ സ്കെയിലും O.5 mm മുനയുള്ള ലെഡ് പെൻസിലും പിന്നൊരു ബ്ലേയ്ഡുമാണ് വേണ്ട ഉപകരണങ്ങൾ.
സ്കെയിൽ ഈ ബ്രാൻഡ് തിരഞ്ഞെടുക്കാൻ കാരണമുണ്ട്. സാധാരണ വാങ്ങുന്ന നട്രാജ് സ്കെയിലിനേക്കാൾ അൽപം വീതി കൂടുതലാണ് ഇവന്.. ഇനി വിദ്യ പറയാം .ബ്ലെയിഡ് ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ സ്കെയിലിലെ എല്ലാ മാർക്കിംഗുകളും ചുരണ്ടിക്കളയണം.. സ്ക്രാച്ച് വീഴാതെ കൈ തഴക്കത്തോടെ ചുരണ്ടി സുതാര്യമാക്കിയ സ്കെയിൽ ഉണ്ണി അങ്ങ് കാണിച്ചു തന്നു.. ഇനി വേണ്ടത് ലെഡ് പെൻസിൽ ഉപയോഗിച്ച് കമനീയമായി നമുക്ക് വേണ്ടതൊക്കെ അങ്ങ് എഴുതി വെക്കുക എന്നതാണ്. മിടുക്കനുസരിച്ച് മൂന്നാല് സ്കെയിലുണ്ടേൽ ഒരു പേപ്പറിൽ അത്യാവശ്യം തടി രക്ഷിക്കാം!
ഇതിന്റെ പ്രധാന ഗുണം എന്തെന്ന് വെച്ചാൽ വെള്ള പേപ്പറിൽ വെച്ചാലേ എഴുത്ത് കാണുകയുള്ളൂ.. അല്ലാത്തപ്പോൾ വെറുമൊരു സ്കെയിൽ മാത്രം! ഇലക്ട്രിക്കൽ മെഷീൻ ,പവർ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ് എന്നിങ്ങനെ പല ജാതി സ്കെയിലുകളുടെ ശേഖരം ഉണ്ണി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി.. കിംഗ് ഫിഷർ രാഗത്തിൽ ഗുരു ദക്ഷിണയും വെച്ച് ഞാനും പണിയങ്ങ് തുടങ്ങി... സ്കെയിലോംകി സിന്തഗി പിന്നേതാണ്ടൊക്കെ കബി ഗദം..
പിറ്റേന്ന് ഇലക്ട്രിക്കൽ മെഷീൻ എക്സാം കഴിഞ്ഞപ്പോൾ ഞാൻ മാരക കോൺഫിഡൻസിലായിരുന്നു.. ബാച്ചിലെ കാണാൻ കൊള്ളാവുന്ന ഒരു പഠിപ്പി പെൺകുട്ടിയോട് ചോദ്യ പേപ്പർ വെച്ച് ചർച്ച വരെ നടത്തിക്കളഞ്ഞു.. അങ്ങനെ ഒരു മൂളിപ്പാട്ടും പാടി ക്യാന്റീനിലേക്ക് നടന്നപ്പോൾ ഉണ്ണിയുണ്ട് വിഷണ്ണനായി കുത്തിയിരിക്കുന്നു.. അവനായി സ്പെഷ്യൽ ഒരു ഉണ്ടം പൊരീം ചായേം വാങ്ങിച്ച് വളരെ സ്നേഹത്തോടെ എന്ത് പറ്റിയെന്ന് അന്വേഷിച്ചു.. ഒന്നും പറയണ്ട അളിയാ.. സ്കെയിലെടുത്തത് മാറിപ്പോയി.. ഇലക്ട്രിക്കൽ സ്കെയിലിനു പകരം പവർ ഇലക്ട്രോണിക്സ് സ്കെയിലായി പോയി! എനിക്ക് ഉള്ളിലൊരു ചിരി വല്ലാതെ മുട്ടി വന്നെങ്കിലും വളരെ വേദന മുഖത്ത് വരുത്തി അവനെ ആശ്വസിപ്പിച്ചു.. സപ്ലിയില്ലാത്ത ബി.ടെക്ക് ഉപ്പില്ലാത്ത കഞ്ഞി പോലാണളിയാ... ആ പരിസരത്തൊക്കെ ചുറ്റി നടക്കണ ഒരു അലവലാതിപ്പൂച്ച ഇത് കേട്ടിട്ടാവാം മ്യാവൂ.. മ്യാവൂ എന്ന് ചുമ്മാ കിടന്ന് കരഞ്ഞ് പണ്ടാരമടക്കുന്നുണ്ടായിരുന്നു..
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo