"ഇല്ല സൂര്യേട്ടാ എനിക്കിതെല്ലാം ഒരുശീലമായി കഴിഞ്ഞു. അമ്മയുടെ വഴക്ക്.അച്ഛന്റെ ശകാരങ്ങളെല്ലാം..."
താമരയുടെ ശബ്ദം വല്ലാതെ ഇടറിയിരിക്കുന്നത് സൂര്യനറിഞ്ഞു.
ശരിയാണ് താമര പറഞ്ഞത്.അവളെ വിവാഹം കഴിച്ചു കൊണ്ടു വന്നതിന്റെ പിറ്റ ആഴ്ച മുതൽ അമ്മയുടെ പ്രാക്കു തുടങ്ങി...
"പറഞ്ഞത്ര സ്വർണ്ണമൊന്നും കിട്ടിയില്ല.ചിലതെല്ലാം മുക്കു പണ്ടങ്ങളാണ്.അവളുടെ സൗന്ദര്യത്തിൽ മയങ്ങരുതെന്ന് എന്റെ പൊന്നു മകനോട് പറഞ്ഞതാണ്..."
ആദ്യമൊക്കെ ഇങ്ങനെ പറഞ്ഞു തുടങ്ങിയ അമ്മയെ വിലക്കാൻ ഒരുങ്ങിയെങ്കിലും വീട്ടിലൊരു വഴക്ക് പുതുപ്പെണ്ണ് കാരണമാകുമെന്ന് നാട്ടുകാർ പറയും.അതുകൊണ്ട് അനങ്ങിയില്ല...
അമ്മക്ക് അച്ഛൻ സപ്പോർട്ട് ആയിരുന്നു എന്നും...
"അതെങ്ങനാ ഒന്നും പറയാൻ പറ്റില്ലല്ലൊ.പുത്തനച്ചി പുരപ്പുറം തൂക്കും..
പതിയെ എല്ലാവർക്കും താമരയെ പന്തുതട്ടാനുള്ളൊരു അവസരമായി...
വിവാഹം കഴിപ്പിച്ച് അയച്ച സഹോദരി ഭർത്താവ് ഗൾഫിലാണെന്നും അവളെ ഭർതൃവീട്ടുകാർ പോരാണെന്നും പറഞ്ഞു അമ്മ തിരികെ വിളിപ്പിച്ചു വീട്ടിൽ നിർത്തി...
നാത്തൂന്റെ തുണികൾ വരെ താമര കഴുകി കൊടുക്കണം.ശരിക്കും പറഞ്ഞാൽ വീട്ടുജോലിക്കാരി എന്ന സ്ഥാനമായിരുന്നു അവൾക്ക്..എല്ലാം സന്തോഷമായി അവൾ ചെയ്തിരുന്നു...
ഭർത്താവിൽ നിന്നൊരു ആശ്വാസവാക്ക് അതുമാത്രമായിരുന്നു താമരയുടെ സ്വാന്തനം..ഭർത്താവും പതിയെ മാറി തുടങ്ങിയത് അവൾക്കേറെ വിഷമമാണ്...
വർഷം മൂന്നു കഴിഞ്ഞിട്ടും മരുമകൾ പ്രസവിക്കാത്തതിനും കുറ്റം അവൾക്ക്.മകൾ പ്രസവിക്കാത്തതിനാൽ ചിക്ത്സയും പണമൊഴുക്കലും...
ഒടുവിൽ ഗതിയില്ലാതെ താമര പൊട്ടിത്തെറിച്ചു..
" എന്റെയാണോ കുഴപ്പം അതോ സൂര്യേട്ടന്റെയൊ..അമ്മ ഒരിക്കലെങ്കിലും അത് തിരക്കിയട്ടുണ്ടോ....
ഭർത്താവിന്റെ കുറവ് ഇതുവരെയവൾ മൂടിവെച്ചു.തുറന്നു പറഞ്ഞപ്പഴും കുറ്റമവൾക്ക്...
"നിനക്കവനെ പറ്റുന്നില്ലെങ്കിൽ അതു പറഞ്ഞാൽ പോരെ...
അമ്മായിയമ്മക്കു മരുമകളിൽ കുറ്റം ചാർത്താനായിരുന്നു തിടുക്കം...
" ശരിയാടീ..നീ വിവാഹബന്ധം വേർപെടുത്തിക്കോ അതാ നല്ലത്.എന്റെ മകനെപ്പോലൊരു ഭർത്താവിനെ കിട്ടാൻ നീ പുണ്യം ചെയ്യണം...
അമ്മയിയച്ഛന്റെ സർട്ടിഫിക്കറ്റ്...
താമരയുടെ വീട്ടുകാർ നൽകിയ സ്വർണ്ണം കുറവു ആയതിനാൽ അവർക്ക് താമരയെ കാണാനും താമരക്ക് സ്വന്തം വീട്ടിൽ പോകാനും അനുമതിയില്ല...
സ്വന്തം മകൾക്ക് സ്വർണ്ണം ബാക്കി കൊടുക്കാത്തതിനു സൂര്യന്റെ വീട്ടുകാർക്ക് മറുപടിയുണ്ട്..
"ഞങ്ങളുടെ മകളുടെ സൗന്ദര്യത്തിനു നിങ്ങളിങ്ങോട്ടാ കാശു തരണ്ടത്....
ഒരുദിവസം ഭർത്താവ് ഗൾഫിൽ നിന്ന് വന്ന അന്നു രാത്രി തന്നെ സൂര്യന്റെ പെങ്ങളെ വന്നു വിളിച്ചപ്പോൾ തനിക്ക് ഭർത്താവ് ആണ് വലുതെന്നും പറഞ്ഞു സ്വന്തം വീട്ടുകാരെ തള്ളിപ്പറഞ്ഞു അവൾ പോയി...
അപ്പഴും കുറ്റക്കാരി താമര തന്നെ...
അമ്മയുടെ കയ്യൊടിഞ്ഞ് ആശുപത്രിയിൽ ആയപ്പോഴേക്കും സ്വന്തം മകൾ പരിചരിക്കാൻ എത്തിയില്ല...
അച്ഛൻ തളർന്ന് വീണപ്പഴും ശുശ്രൂഷിക്കാൻ താമരയെ ഉണ്ടായിരുന്നുളളൂ...
എന്നിട്ടും വീട്ടുകാരുടെ ശകാരങ്ങൾ അടങ്ങിയില്ല.ഒറ്റക്കിരുന്ന് തേങ്ങി കരയുന്ന താമരയെ കണ്ടപ്പോൾ ആദ്യമായി സൂര്യനു കുറ്റബോധം തോന്നി...
" നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നമുക്കിവിടെ നിന്ന് മാറി താമസിക്കാം...
"അത് ശരിയാകില്ല സൂര്യേട്ടാ വയസ്സായ അമ്മക്കും അച്ഛനും നമ്മൾ മാത്രമേയുളളൂ...
" ശരിയാണു എങ്കിലും....
"ഒരെങ്കിലുമില്ല...
" ശരി നീയൊരുങ്ങ് നമുക്ക് പുറത്തേക്കൊന്ന് കറങ്ങി വരാം...
ആ കറക്കം താമരക്കൊരു സർപ്രൈസ് ആയിരുന്നു...
അവളുടെ സ്വന്തം വീട്ടിൽ കൊണ്ട് ചെന്ന് വീട്ടുകാരെയെല്ലാം കാണിച്ചു..
അവളുടെ പരിഭവങ്ങൾ അലിയാൻ അതു മതിയായിരുന്നു...
വൈകിട്ട് ഇറങ്ങാൻ ധൃതികൂട്ടിയതും താമര ആയിരുന്നു..
"അച്ഛനും അമ്മയും തനിച്ചാണ്.വാ ഏട്ടാ നമുക്ക് തിരിച്ച് പോകാം...
സൂര്യനെ ഓർമിപ്പിച്ച് താമര പറഞ്ഞു...
" നിന്നെ ദ്രോഹിക്കുന്നവരെ സ്നേഹിക്കാൻ എങ്ങനെ കഴിയുന്നു താമരേ...
"ഞാനൊരു പ്രതിഫലവും ആഗ്രഹിച്ചല്ല ഏട്ടാ എല്ലാവരെയും സ്നേഹിക്കുന്നത്.ചെറുപ്പം മുതൽ ഓരോന്നും പറഞ്ഞു മനസ്സിലാക്കി തന്നാണു എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത്.എന്നെങ്കിലും എന്നെ അവിടുത്തെ അച്ഛനും അമ്മയും മനസിലാക്കും....
" ശരിയാണ് വീട്ടുകാർ നൽകുന്ന പാഠങ്ങളാണു ഏറ്റവും വലിയ പരിചയ സമ്പത്ത്..ഇന്നല്ലെങ്കിൽ താമരെയും അവർ മനസിലാക്കുമായിരിക്കും...
സൂര്യനത് പറഞ്ഞത് മനസിലായിരുന്നു...
NB:- നമ്മുടെ ഇടയിൽ തന്നെ ഇങ്ങനെ അനേകായിരം താമരമാർ ഉണ്ട്... മനസിൽ നന്മയുളളവർ..ചിലപ്പോൾ ഒരിക്കലും തിരിച്ചറിയപ്പെട്ടെന്നും വരില്ലായിരിക്കാം....
A story by സുധീ മുട്ടം
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക