Slider

കഥയ മമ, കഥയ മമ...

0
കഥയ മമ, കഥയ മമ....
മരണത്തെ അതിജീവിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് കഥാകഥനം.ഏഴാംനാള്‍ സര്‍പ്പദംശമേറ്റു മരിക്കുമെന്ന ശാപത്തിന്റെ കൊടും ഭീകരതയെ പരീക്ഷിത്ത് നേരിട്ടത് കഥാശ്രവണത്തിലൂടെയാണ്. അനിവാര്യമായ മൃത്യുവിനെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും അതുളവാക്കിയ ഭീതിയില്‍ നിന്ന് മുക്തി നേടാന്‍ കഥാശ്രവണംകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു. മൃത്യുവിനെ സഹര്‍ഷം സ്വീകരിക്കാന്‍ രാജാവിനു വിഷമമുണ്ടായില്ല.
മറ്റൊരിടത്ത്, തന്റെ കഴുത്തരിയാന്‍ അരയില്‍ ഖഡ്ഗവുമായി കാത്തിരുന്ന രാജാവിനെ കഥകള്‍ പറഞ്ഞ് മയപ്പെടുത്തി അദ്ദേഹത്തിന്റെ പത്നീപദത്തിലേയ്ക്ക് ആനയിക്കപ്പെട്ട അറബിപ്പെണ്‍കുട്ടിയും കഥാകഥനത്തിന്റെ ഈ മാസ്മരശക്തി തന്നെയാണ് നമുക്കു കാട്ടിത്തരുന്നത്..
അതെല്ലാം കഥകളെല്ലേ, നിത്യജീവിതത്തില്‍ എന്തു പ്രസക്തിയാണ് കഥയ്ക്കുള്ളത് എന്ന ചോദ്യം ന്യായമാണ്.പുരാണകഥകള്‍ നിത്യവും പാരായണം ചെയ്യുന്നവരും കേള്‍ക്കുന്നവരും ഈ ചോദ്യത്തിനുത്തരം പറയും.കഥാകഥനം സന്താപമോചനവും മൃതിഭയത്തില്‍ നിന്നുള്ള മുക്തിയും സാധിക്കുന്നു എന്‌നാവും അവരുടെ ഉത്തരം. സന്താനഗോപാലം കഥ കേട്ടാല്‍ സന്തതിയുണ്ടാവുമെന്നും , രുഗ്മിണീസ്വയംവരം കഥ വിവാഹതടസ്ഥങ്ങള്‍ മാറ്റുമെന്നും വിശ്വസിക്കുന്നവര്‍ കുറവല്ല. മരണം എന്നത് 'നിന്റെ രാജ്യംകാണ്‍മതിനാ'യുള്ള യാത്രയാകുമ്പോള്‍ അത് അവരെ സന്തോഷിപ്പിക്കുന്നു. മൃതശരീരത്തിനടുത്തിരുന്ന് രാമായണം വായിക്കുന്നവര്‍ കഥയിലൂടെ മൃതിയെ അമൃതമാക്കുന്നു.
ഇതെല്ലാം പഴം പുരാണം. വിശ്വാസികള്‍ക്കു മാത്രം ഉചിതമായത്, അല്ലേ? അപ്പോള്‍, കുരങ്ങന്റേയും സിംഹത്തിന്റേയും കഥകള്‍ കേട്ടുറങ്ങുന്ന കുട്ടികളുടെ കാര്യം ഏതിനത്തില്‍ പെടുത്താം ?ഉറങ്ങാന്‍ കൂട്ടാക്കാത്ത കുട്ടികള്‍ കഥകേട്ടു തുടങ്ങുമ്പോള്‍ പെട്ടന്നു നിശ്ശബ്ദരാവുന്നു. കഥയുടെ ചരടു പിടിച്ചുപിടിച്ച് അവര്‍ ഉറക്കത്തിലേയ്ക്ക് ഉരസിപ്പോകുന്നു, ശാന്തമായി ഉറങ്ങുന്നു.ബാല്യത്തിന്റെ വിഹ്വലതകള്‍ കഥാശ്രവണത്തിലൂടെ ശാന്തമാവുന്നു.
മുതിര്‍ന്നവരായ നമ്മളും ഇതിന് അപവാദമല്ല.വായിച്ചും കേട്ടും കണ്ടും ഉള്‍ക്കൊള്ളുന്ന കഥകള്‍ സാന്ത്വനമേകാനും സന്തോഷം പങ്കുവെയ്ക്കാനും ഉപയോഗിക്കുന്നത് നാം തന്നെ അറിയാതെയാണ്. ഓണം ഓണമാവുന്നതും ,തിരുവാതിര തിരുവാതിരയാവുന്നതും കഥകളിലൂടെയാണ്.മാവേലിയും മാതേവരുമില്ലാത്ത ഓണം നമുക്കു സങ്കല്‍പ്പിക്കാനാവില്ല.
ചരിത്രത്തെക്കാള്‍ കൂടുതല്‍ കഥാംശമുണ്ടെന്നറിഞ്ഞിട്ടും കേരളോത്പത്തിയെ പരശുരാമനോടും മലയാളിയെ പറയിപെറ്റ പന്തിരുകുലത്തിനോടും ബന്ധിപ്പിക്കുന്ന കഥകള്‍ നമ്മള്‍ നെഞ്ചിലേറ്റി നടക്കുന്നു.പൊന്നമ്പലമേട്ടിലെ ജ്യോതി മനുഷ്യപ്രവൃത്തിയിണെന്നറിഞ്ഞിട്ടും അതിന്റെ ദിവ്യ പരിവേഷം ഒട്ടും കുറഞ്ഞിട്ടില്ല.
നിത്യജീവിതത്തിലും കഥയുടെ സ്വാധീനം വളരെ നിര്‍ണ്ണായകമാണ്.സിനിമകളിലെ,എത്രയെത്ര സംഭാഷണങ്ങളാണ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നതെന്നു കാണിക്കാന്‍ ഉദാഹരണങ്ങള്‍ ആവശ്യമില്ല.ഒരു കാലത്ത് മനോരമയിലും മംഗളത്തിലും പ്രസിദ്ധീകരികരിച്ചിരുന്ന തുടര്‍ക്കഥകളുടെ സ്ഥാനം ഇന്ന് ടിവിയിലെ പരമ്പരകള്‍ക്കുണ്ട്.പല പരമ്പരകളിലേയും കഥാസന്ദര്‍ഭങ്ങള്‍ അവരവരുടെ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നവരും കുറവല്ല.തങ്ങളനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കഥകളോടുള്ള സാമ്യം 'കഥയല്ലിതു ജീവിതം ' എന്ന പൊരുളലിലേക്ക് ചുരുക്കിയെഴുതപ്പെടുന്നു.
മറ്റൊരു തലത്തില്‍,ജീവിതത്തിലെ പൊരുത്തക്കേടുകളും അര്‍ത്ഥശൂന്യതകളും യുക്തിയുക്തവും അര്‍ത്ഥഗര്‍ഭവുമാക്കി വെടുപ്പാക്കാന്‍ നാം നമ്മുടെ മൊഴികളില്‍ കഥാംശം കൂട്ടിചേര്‍ക്കുന്നതു സാധാരണമാണ്.. വസ്തുനിഷ്ഠം എന്നു തോന്നിക്കുന്ന നമ്മൂടെ പ്രതിപാദ്യങ്ങളെല്ലാം വാസ്തവത്തില്‍ കഥയുടെ അംശം കലര്‍ന്നവയാണ്.അതുകൊണ്ടാണ് ഒരേ സംഭവം പലരും പലതരത്തില്‍ പറരുന്നത്. 'പുക കണ്ടു 'എന്ന വാര്‍ത്ത 'തീപ്പീടിച്ചുവെ'ന്നും 'പലര്‍ക്കും പൊള്ളലേറ്റു'വെന്നുമൊക്കെ മാറി പോവുന്നത് കഥാംശം കൂടിച്ചേരുന്നതു കൊണ്ടാണ്. മരണം, രോഗം, അപകടങ്ങള്‍ എന്നിവ വര്‍ണ്ണിക്കുമ്പോള്‍ പൊടിപ്പും തൊങ്ങലും കൂട്ടിച്ചേര്‍ത്ത് വാര്‍ത്ത ഉദ്വേഗജനകമാക്കുന്നത് സാധാരണമാണ്. താന്‍ പറയുന്നത് ശ്രദ്ധിക്കപ്പെടാനും ഗൗരവതരമാണെന്ന് ബോദ്ധ്യപ്പെടുത്താനുമാണ് ഈ രീതി പലരും (ബോധപൂര്‍വ്വമല്ലാതെ )ആശ്രയിക്കുന്നത്.
വിവരണങ്ങള്‍ കാര്യകാരണബദ്ധമാക്കുന്നതില്‍ കഥാംശത്തിന് സാരമായ പങ്കുണ്ടെന്ന് കളികളുടേയും പൂരങ്ങളുടേയും തത്സമയ സംപ്രേക്ഷണങ്ങള്‍ നല്ല ഉദാഹരണമാണ് .ശ്രോതാകളെ മാത്രമല്ല കാഴ്ചക്കാരെ പോലും കഥനത്തിന്റെ മാസ്മരശക്തിയില്‍ കുടുക്കുന്ന തരത്തിലുള്ള വാഗ്ധോരണിയാണ് വിവരണം. ടി വിയില്‍ ക്രിക്കറ്റു കളിയുടെ തത്സമയം കണ്ടിരിക്കുന്നവരുടെ കാഴ്ച ഉദ്വേഗജനകമാകുന്നത് അവരുടെ കാതുകളില്‍ മുഴങ്ങുന്ന വ്യാഖ്യാനങ്ങളാണ്.കളിക്കാരന്റെ ബാറ്റിങ്ങ്,ബൗളിങ്ങ് ചരിത്രവും സ്റേഡിയത്തിന്റെ പിച്ചിന്റെ ചരിത്രവും , കളിക്കുന്ന ടീമുകളുടെ ജയാപജയ പാരമ്പര്യവും കളിയെ ഒരു തുടര്‍ക്കഥ പോലെ ഉദ്വേഗജനകമാക്കുന്നത് വിവരണം നല്‍കുന്നയാളുടെ കഥാകഥന പാടവംകൊണ്ടാണ്. തത്സമയത്തിലെ ശ്രാവ്യമാദ്ധ്യമം നിശ്ശബ്ദമായാല്‍ കാണികളില്‍ പലരും ടി. വി ഓഫ് ചെയ്യുവാനാണ് സാദ്ധ്യത, അല്ലേ ?
കഥ കൂട്ടിക്കലര്‍ത്താതെയുള്ള വിവരണങ്ങള്‍ പലപ്പോഴും മുഷിപ്പനായി തോന്നും. ക്ലാസുമുറികളില്‍ കണക്കും സയന്‍സും വിരസമാവുന്നത് അതുകൊണ്ടാണ്. പുതിയ പഠനോപകരണങ്ങള്‍ ഈ വിരസത സാരമായി കുറയ്ക്കുന്നുണ്ട്. ഗെയിമുകളിലൂടെ പാഠങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഓരോരുത്തനും ഒരു കഥാപാത്രമായി മാറുന്നു. ജയവും പരാജയവും ഗെയിമിന്റെ ഘടകങ്ങളായതുകൊണ്ട് പഠനം കൗതുകകരമായ ഒരു കളിയായി രൂപാന്തരം പ്രാപിക്കുന്നു.
സംഭാഷണത്തിലും വിവരണങ്ങളിലും കഥാകഥനം ചേര്‍ക്കാനാവാത്തവരെ നാം കഥയില്ലാത്തവര്‍ എന്നാണ് വിളിക്കുന്നത്.കാര്യകാരണബദ്ധമായ ഒരവതരണശെെലി അവര്‍ക്ക് അന്യമാണ്.. മണ്ടന്‍, വിവരംകെട്ടവന്‍ , വിഡ്ഢി എന്നീ പദങ്ങള്‍ കഥയില്ലാത്തവന്റെ പര്യായങ്ങളാണ്.
മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് കഥകളിലൂടെ അവന്‍ മെനഞ്ഞെടുത്ത ഭാഷയാണ്.കഥയാണ് അവനെ മനുഷ്യനാക്കിയത്. ഓരോ പദത്തിന്റേയും നിരുക്തി (origin) ഒരു കഥയിലേക്കു നീളുന്നത് ഭാഷാശാസ്ത്രം പഠിക്കുന്നവരെ അത്ഭുതപ്പെടുത്തും.
കഥയാണ് മനുഷ്യ സമൂഹത്തിന്റെ ജെെവരസം .ഓരോ ദേശത്തിനും സമുദായത്തിനും അതിന്റെ പുരാവൃത്തങ്ങളുണ്ട്. ഓരോ കുലത്തിനുമുണ്ട് അതിന്റേതു മാത്രമായ പരദേവതയും കുടുംബക്ഷേത്രവും കളമെഴുത്തും തുള്ളലും പാട്ടും.
ജീവിതം തന്നെ വലിയൊരു കഥയാണ്. മരിച്ചു പോവുന്നവര്‍ 'കഥ കഴിഞ്ഞ'വരാണ്' ; അവരെ നാം 'കഥാവശേഷര്‍' (കഥ മാത്രമായി അവശേഷിക്കുന്നവര്‍)‍ എന്നു വിളിക്കുന്നു.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo