Slider

അഭി നീ എവിടാ

0
അഭി നീ എവിടാ
ഞാൻ സ്റ്റാൻഡിലുണ്ട്‌ അമ്മാവാ
"മോനെ നീ വേഗം ഓട്ടോയെടുത്ത്‌ വീട്‌ വരെ വാ..." എന്ന പറച്ചിലിൽ അമ്മാവന്റെ സ്വരം ഇടറുന്നത്‌ കേട്ടിട്ടാണു വണ്ടിയുമായി വേഗം അവിടെ എത്തിയത്‌...
ചെന്നപ്പോൾ തന്നെ ഒരുങ്ങി നിന്നിരുന്ന അമ്മായിയും, മാമനും ഓട്ടോയിൽ കയറി, മോനെ മാളുവിന്റെ വീട്ടിലേക്കാ .. എന്ന് പറഞ്ഞപ്പോൾ മനസ്സ്‌ ഒന്ന് പിടഞ്ഞെങ്കിലും, അത്‌ പുറത്ത്‌ കാണിക്കാതെ ഞാൻ ചോദിച്ചു.
കല്ല്യാണം കഴിഞ്ഞു അവർ അങ്ങ് പോയതല്ലെ ഉള്ളു, നിങ്ങൾക്ക്‌ ഒരു രാത്രി പോലും കാണാതിരിക്കാൻ വയ്യാതായോ അവളെ?? എന്ന ചോദ്യത്തിനു അമ്മായി മറുപടി തന്നില്ലെങ്കിലും മോനെ അത്‌ അവിടെ വരെ അത്യവശ്യമായി ചെല്ലാൻ ചെറുക്കൻ ഫോൺ ചെയ്തൂന്ന് പറഞ്ഞത്‌ മാമാനായിരുന്നു..
വണ്ടി മുന്നോട്ട്‌ പോകുന്നതിനിടക്ക്‌ ഗ്ലാസ്സിലുടെ എന്റയും അമ്മായിയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.
"അവൾക്കു ഒരു നല്ല ആലോചന വന്നിട്ടുണ്ട്‌, ഇവിടുത്തെ അച്ചനും താല്പര്യമാ .. മോനായിട്ട്‌ അത്‌ .." എന്ന് അമ്മായി പറഞ്ഞ്‌ നിർത്തും മുമ്പേ വീട്‌ വിട്ടിറിങ്ങിയിരുന്നു ഞാൻ, മാളു ജനിച്ചത്‌ മുതൽ കേൾക്കുന്നതാ ഓളു എന്റെയാണെന്നു.. വളരും തോറും വീട്ടുകാർ അത്‌ പലകുറി പറഞ്ഞ്‌ മനസ്സിൽ ഉറപ്പിച്ചിരുന്നു അഭിയുടെയാണു മാളുവെന്ന്...
ഓട്ടോ ഡ്രൈവറാണു മോളുടെ ഭർത്താവെന്ന് പറയാൻ ചിലപ്പോൾ അമ്മായിക്ക്‌ കുറച്ചിലാകും, എന്ന് തോന്നിയത്‌ കൊണ്ട്‌ മാളുവിൽ നിന്ന് ഒരകലം പാലിച്ചു. വഞ്ചകനെന്ന് വിളിച്ച്‌ നെഞ്ച്‌ പൊട്ടി മുന്നിൽ നിന്ന് കരഞ്ഞപ്പോഴും നിസ്സഹായനായി ഒരു പൊട്ടനായി അവളുടെ മുന്നിൽ അഭിനയിക്കെണ്ടി വന്നത്‌ അവളുടെ അമ്മ പറഞ്ഞിട്ട്‌ മാത്രം ആണെന്ന് അവളോട്‌ പറയാൻ തോന്നിയില്ല...
മറ്റൊരുത്തന്റെ കയ്യിൽ അവളെ ഏൽപ്പിക്കുന്നത്‌ കാണാൻ കഴിയാത്തത്‌ കൊണ്ടാണു ഇന്ന് നേരുത്തെ സ്റ്റാൻഡിലെക്ക്‌ പോയത്‌..
ഞങ്ങൾ ആ വീട്ടിലെക്ക്‌ എത്തിയതും മാളു ഓടി വന്ന് അമ്മായിയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞതും ഒരുമിച്ചായിരുന്നു, ഞങ്ങളെ കണ്ടിട്ടാകണം ചെറുക്കനും അമ്മയും കയ്യിൽ കുറച്ച്‌ സ്വർണ്ണവുമായി ഇറങ്ങി വന്നത്‌. വലിയ തറാവാട്ടുകാരാണെന്നത്‌ പേരിൽ മാത്രം പോരാ വാക്കിലും വേണം എന്നവർ പറഞ്ഞിട്ട്‌ സ്വർണ്ണം അമ്മാവന്റെ മുന്നിലെക്ക്‌ വെച്ചു. "ഏഴ്‌ പവൻ കുറവാണു, അതുടെ വെച്ചിട്ട്‌ മോളുടെ ജീവിതം തുടങ്ങിയാൽ മതി ഈ വീട്ടിൽ.." എന്ന് പറഞ്ഞപ്പോഴും മിണ്ടാതെ പുതിയ ചെറുക്കൻ അമ്മയുടെ പുറകിൽ നിൽപ്പുണ്ടായിരുന്നു...
നേരം വെളുത്തിട്ട്‌ നമ്മുക്ക്‌ എന്തെങ്കിലും ചെയ്യാമെന്ന അമ്മാവന്റെ അപേക്ഷക്ക്‌ കള്ള കൂട്ടരെന്ന് മറുപടി നൽകി അവർ അകത്ത്‌ കയറി കതകടച്ചപ്പോഴെക്കും , ഇവളുടെ കണ്ണുനീർ കാണാൻ വേണ്ടിയായിരുന്നോ എന്നിൽ നിന്ന് പറിച്ച്‌ അവർക്ക്‌ കൊടുത്തെന്ന് അമ്മായിയോടുള്ള എന്റെ ചോദ്യം സത്യത്തിൽ ഞെട്ടിച്ചത്‌ മാളുവിനെയായിരുന്നു..
അവളെയും കൂട്ടി തിരികയുള്ള യാത്രയിലും അമ്മാവൻ ആരോക്കെയോ വിളിച്ച്‌ ഏഴു പവൻ ഒപ്പിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു, കരഞ്ഞ്‌ വീർത്ത അവളുടെ കണ്ണുകളിൽ എന്നോടുള്ള കനൽ എരിയുന്നത്‌ കണ്ണാടിയിലുടെ എനിക്ക്‌ കാണാമായിരുന്നു. വീടെത്തി അമ്മാവനും അമ്മായിയും ഇറങ്ങി അവളെ പുറത്തെക്ക്‌ വിളിച്ചപ്പോൾ , അഭിയേട്ടാ എന്നെ കൊണ്ട്‌ പൊയ്ക്കൂടേ ? എന്നയവളുടെ ചോദ്യം കേട്ട അന്തം വിട്ട്‌ നിന്ന അമ്മായിയുടെ കൈകളിലെക്ക്‌ അവളുടെ സ്വർണ്ണം ഊരി നൽകിയിട്ട്‌, അവളുടെ കയ്യും പിടിച്ച്‌ ഓട്ടോയിലെക്ക്‌ കയറിയപ്പോഴെക്കും , കിക്കറടിച്ച തഴമ്പിച്ച എന്റെ കൈകൾ മാമന്റെ കൈകളിൽ പിടിച്ച്‌ ഞാൻ വാക്ക്‌ നൽകിയിരുന്നു ഇനി എന്റെ മാളുവിന്റെ കണ്ണു നിറയില്ലെന്ന്...
Shanavas Jalal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo