Slider

എന്റെ മരണം

0
എന്റെ മരണം
•••••••••••••••••••••••••••••••••••••
ഒറ്റപ്പെടലിന്റെയും കുറ്റപ്പെടുത്തലിന്റെയും വിരസമായ ആവർത്തനങ്ങൾ
നിസ്സഹായനാക്കിയ ഏതോ നിമിഷത്തിലാണു മരണം സൃഷ്ടിച്ചേക്കാവുന്ന പരിഹാരം അനുഗ്രഹമായേക്കുമെന്ന് തോന്നി ആ അവസ്ഥയെ കുറിച്ച്‌ ചിന്തിച്ചത്‌.
ചുമ്മ ഒന്ന് ശ്വാസം മുട്ടി നിന്നതേ ഓർമ്മയുള്ളൂ കൈകാലുകൾ പിടഞ്ഞ്‌ ഞാൻ നിശ്ചലമായി നിന്നാടി.
ആദ്യം കണ്ടവർ ഓടി വന്ന് കെട്ടറുക്കുമ്പോ പറയുന്നുണ്ടായിരുന്നു.
"ആളു കാലിയായി, ഇവിടെ തന്നെ വച്ചാൽ ഇന്നും നാളെയും ഈ ശവത്തിനു കാവലിരിക്കേണ്ടി വരും."
വേഗമവർ എന്നെ നടുമുറിയിലെ പായയിൽ നിവർത്തി
കിടത്തി. മരിച്ചെന്ന് ഇവർ പറയുമ്പോളും
എനിക്ക്‌ ചെവിയൊക്കെ നന്നായി കേൾക്കായിരുന്നു. ഒന്നുറക്കെ ചുമക്കാൻ പറ്റിയെങ്കിൽ ഞാൻ എഴുന്നേറ്റ്‌ പോയേനെ. പക്ഷെ എനിക്ക്‌ അതിനു മാത്രം കഴിയുന്നുണ്ടായിരുന്നില്ല.
ആളുകൾ ആ കുഞ്ഞുവീടിന്റെ അകം നിറഞ്ഞ്‌ മുറ്റത്തേക്ക്‌ നീളാൻ തുടങ്ങി.
അപ്പൊളാ എഫ്‌ ബിയിലെ രണ്ട്‌ മ്യൂച്ച്വൽ ഫ്രണ്ടുകൾ എന്നെ കാണാൻ വന്നത്‌.
"ആദരാഞ്‌ജലി പോസ്റ്റുകൾ നിരന്ന് വീഴാൻ തുടങ്ങീട്ടുണ്ട്‌.
എന്തായിരുന്നു അവന്റെ എഴുത്തും പോസ്റ്റും.
ആയിരവും അഞ്ഞൂറും ലൈക്കും അതിനടിയിലെ നൂറോളം പെൺപിള്ളേരുടെ കമന്റും,
ഓഹ്‌ അതിനിവന്റെ ഒലിപ്പിക്കലും.
അപ്പൊളേ പറഞ്ഞതാ ഇതൊക്കെ ഇങ്ങനെ ഒക്കെയാവും തീരുവാന്ന്"
"ഇറങ്ങി പോടാ പട്ടീ"
എഴുന്നേറ്റ്‌ അവന്റെ നെഞ്ചത്ത്‌ ഒന്ന് ചവിട്ടാൻ കഴിഞ്ഞെങ്കിൽ എന്നോർത്ത്‌ പല്ല് കടിച്ച്‌ പോയി. എന്റെ പല്ലുകടിയുടെ ശബ്ദം കേട്ടാവും അവൻ കൂടുതലൊന്നും പറയാതെ കൂട്ടുകാരനേയും കൂട്ടി സ്ഥലം വിട്ടു.
മുഖത്തിനു ചുറ്റും വട്ടം ചുറ്റി നടന്ന് ശല്ല്യം ചെയ്യുന്ന മണിയനീച്ചക്ക്‌ പോലും വല്ലാത്ത അഹങ്കാരം. ഒരു വേള അത്‌ മൂക്കിലേക്ക്‌ കയറാൻ നോക്കുമ്പോ അതിനെ ഓടിച്ച തോർത്ത്‌ മുണ്ടിന്റെ ഉടമയെ കണ്ടപ്പൊ ശരിക്കും ഞെട്ടി പോയി. വടക്കേലെ അവറാച്ചൻ. കഴിഞ്ഞ ലേലക്കുറി കിട്ടിയപ്പൊ അതിയാൻ വാങ്ങിച്ച ഇരുപത്തയ്യായിരം രൂപയെ കുറിച്ച്‌ ഇപ്പൊളാ ഓർമ്മ വന്നെ.
" ശ്ശെ അത്‌ കൂടി വാങ്ങി അടിച്ച്‌ പൊളിച്ച്‌ തീർത്തിട്ട്‌ മരിച്ചാ മത്യാരുന്നു.
"എനിക്കൊരു അമ്പതിനായിരം രൂപ തരാനുണ്ടാരുന്നു. ഇനി ആരോടാ ചോദിക്ക്യാ ആരോടാ പറയാ"
അവറാന്റെ വാക്കും മണിയനീച്ചയും ഒന്നിച്ചാ ഇടത്‌ ചെവിലേക്ക്‌ കേറിയത്‌.
അതോടെ ആ ചെവിയും മരിച്ചു.
"ഇനി ആരും കാണാനില്ലാലോ എന്നാൽ എടുക്കുവാണേ, അതിനു മുന്നെ ഒരു മിനുട്ട്‌ മൗനമാചരിക്കാൻ"
മുഖ്യസ്ഥൻ പറഞ്ഞതിനു പിന്നാലെയാ ചെവി കേൾക്കാത്ത നാണുവാട്ടൻ തേങ്ങ പറിക്കാരൻ ശങ്കരാട്ടനോട്-
"‌ ഡോ പറ്റൂലെങ്കിൽ പറയണം നീ വല്ല്യ കലക്ടറായീന്നൊന്നും നിരീക്കണ്ട"
എന്ന് പറഞ്ഞതും എനിക്ക്‌ കിട്ടാനുണ്ടായിരുന്ന ഒരു മിനുട്ട്‌ മൗനവും പോയീന്ന് മാത്രല്ല മുറപ്പെണ്ണു പോലും ചിരി ചുണ്ട്‌ കടിച്ച്‌ പിടിച്ചൊതുക്കി.
ആരൊക്കെയോ വിറകുകൾ പാകിയതിനു മേലെ എന്നെ കിടത്തുമ്പോ ഞാൻ പറയുന്നുണ്ടായിരുന്നു
" വേണ്ട വേണ്ട"ന്ന്
"ചൂട്‌ ചായയാ കുടിച്ചിട്ട്‌ എണീറ്റ്‌ പണിക്ക്‌ പോകാൻ നോക്കെടാ ഇല്ലെങ്കിൽ തലേലേക്കൂടി ഒഴിച്ച്‌ ഞാനെന്റെ പാട്ടിനു പോകും."
കണ്ണു തുറന്നപ്പൊ മുന്നിൽ ചായ ഗ്ലാസ്സുമായി ഭദ്രകാളിയേ പോലെ അമ്മ മാത്രം.
സമയം നോക്കുമ്പോൾ പത്ത്‌ മണി.
എല്ലാരും പണി തുടങ്ങി കഞ്ഞി കുടിക്ക്യാവും അപ്പൊളാ പണിക്ക്‌ പോകുന്നേ. നേരത്തെ എണീക്കാൻ പറ്റിയാൽ നാളെ പോകാം എന്നും കരുതി ഞാൻ ഫോൺ കൈയിലെടുത്തു.
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo