Slider

പള്ളിപ്പറമ്പിലെ മന്ദമാരുതൻ: (കഥ)

പള്ളിപ്പറമ്പിലെ മന്ദമാരുതൻ: (കഥ)
ഉമ്മാന്റെ ഖബറിടത്തിൽ നിന്ന് സലാം പറഞ്ഞ് പിരിയുമ്പോൾ ഹൃദയത്തിൽ ഉരുണ്ടുകൂടിയിരുന്ന കാർ മേഘങ്ങൾ കണ്ണുനീരായി ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു. അണ പൊട്ടിയ സങ്കടം ആർത്തലച്ചു കുത്തിയൊഴുകിയപ്പോൾ മുഖത്തെ ഭാവമാറ്റങ്ങൾ കൈ കൊണ്ടു മറച്ചു പള്ളിപ്പറമ്പിലെ ഖബറിസ്ഥാനിൽ നിന്ന് ഞാൻ മുറ്റത്തേക്ക് കയറി.
മുറ്റത്തിനോട് ചേർന്ന കശുമാവിൻ ചുവട്ടിലെ തണലിൽ നിന്ന് ഖബറുകൾക്ക് മുകളിലെ പൊന്തകൾ വെട്ടിമാറ്റുന്നത് നോക്കി നിൽക്കുകയാണ് പള്ളിമുക്രിയും പള്ളിക്കാർന്നോരും.പള്ളിക്കുള്ളിൽ കയറിയ ഞാൻ അവിടത്തെ പ്രായം ചെന്ന ഉസ്താദിനോടു സലാം പറഞ്ഞു പുറത്തേക്കിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ടും ഉസ്താദ് പുഞ്ചിരിക്കുകയായിരുന്നു. എങ്ങനെ പുഞ്ചിരിക്കാതിരിക്കും, സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി കണ്ണുനീരൊഴുക്കുന്ന മക്കളെ കാണുമ്പോൾ സന്തോഷിക്കുക തന്നെയല്ലെ വേണ്ടത്.
പുറത്തെ പൈപ്പിൽ നിന്നും മുഖം കഴുകി, തുടച്ച് ധൃതിയിൽ നടക്കാനൊരുങ്ങവെ കാർന്നോര് വന്നു വലതുകരം കവർന്നു. കാർന്നോരുടെ കൈയിലുണ്ടായിരുന്ന ചുരുട്ടി മടക്കിയ നോട്ടുകൾ എന്റെ കൈയിലേക്ക് അമർത്തിയപ്പോൾ അദ്ദേഹം എന്തെന്നില്ലാത്ത നിർവൃതി അനുഭവിക്കുന്നുണ്ടായിരിക്കും. സംഭാവന. രഹസ്യമായി നൽകുന്ന ഈ സംഭാവനയാണ് പളളിക്കാർന്നോർ സ്ഥാനത്ത് നിലനിർത്തുന്നത് തന്നെ.
ബസ്സിൽ ഇരിക്കുമ്പോഴും ഉമ്മ തന്നെയായിരുന്നു മനസ്സിൽ. ചെറുപ്പത്തിൽ തന്നെ ഉപ്പ മരിച്ചു പോയിരുന്നു. ഉപ്പയെ കണ്ട ഓർമ്മ തന്നെ ഇല്ല എനിക്ക്. ഊമയായിരുന്നു ഉമ്മ. ഊമയായതിനാൽ കുറെ വൈകിയാണ് കല്യാണം കഴിഞ്ഞത്. വൈകി കല്യാണം കഴിഞ്ഞതുകൊണ്ടായിരിക്കാം കുട്ടികളുണ്ടാവാനും വൈകി. പിന്നീട് കുട്ടികളുണ്ടായപ്പോഴോ തുടരെ തുടരെ ഉണ്ടാവുകയും ചെയ്തു. മൂന്ന് പെണ്ണും ആണായിട്ട് ഞാനും. എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഉപ്പ മരിച്ചത്.അന്ന് ഇളയ പെങ്ങളെ ഉമ്മ ഗർഭം ധരിച്ചിരിക്കുകയായിരുന്നു.പ്രസവവും ദാരിദ്രവും ഒക്കെ കൂടി ഊമയായ ഉമ്മാക്ക് താങ്ങാൻ കഴിഞ്ഞില്ല. പ്രസവത്തിന്റെ ക്ഷീണം മാറുംമുമ്പേ രണ്ട് കുട്ടികളേയും എടുത്ത് അടുത്തുള്ള വീടുകളിൽ പണിക്ക് പോകും. താത്തമാർ സ്കൂൾ വിട്ട് വരുന്നതിന് മുമ്പെ ഉമ്മ വീട്ടിൽ തിരിച്ചെത്തും. പണിക്കുപോയിരുന്നെങ്കിലും ഞങ്ങളുടെ അസുഖങ്ങൾക്ക് മരുന്നു വാങ്ങുവാൻ മാത്രമെ ആ പൈസ തികയുമായിരുന്നൊള്ളു- പല രാത്രികളും ഉമ്മ പട്ടിണി കിടന്നു. അത് മാത്രമല്ല ഉമ്മ മാനസികത്തിന്റെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയിരുന്നു ഞങ്ങൾക്കറിയില്ലായിരുന്നു ഉമ്മാന്റെ സമനില തെറ്റി തുടങ്ങിയത്.പതുക്കെ പതുക്കെ ഉമ്മാന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം ഞങ്ങളെ കൂടുതൽ വിഷമിപ്പിച്ചു. ദേഷ്യം പെട്ടെന്ന് വരും. എന്നിട്ട് കൈയിൽ കിട്ടിയതിട്ട് അടിക്കും. കൂടുതലും എനിക്കും ചെറിയ കുഞ്ഞായിരുന്ന അനിയത്തിക്കുമായിരുന്നു കിട്ടിയിരുന്നത്. താത്തമാർ കണ്ടറിഞ്ഞ് പെരുമാറിയിരുന്നതിനാൽ അവർ രക്ഷപ്പെട്ടിരുന്നു. ഞാനും അനിയത്തിയും ഓരോന്നിനും വാശി പിടിക്കുന്നതിനനുസരിച്ച് ഉമ്മാന്റെ വാശിയും കൂടിക്കൂടി വന്നു. . ഞങ്ങൾ വളരുന്നതിനനുസരിച്ച് ഉമ്മാന്റെ അസുഖവും വളർന്നു വന്നു.അങ്ങനെ ഒരു ദിവസം എന്റെ പിന്നാലെ അരിവാ കത്തീയുമായി ഓടുന്ന ഉമ്മ. വാവിട്ട് നിലവിളിക്കുന്ന പെങ്ങന്മാർ. അത് കണ്ടപ്പോഴാണ് ഉമ്മാന്റെ അസുഖത്തെ പറ്റി അയൽവാസികൾക്ക് മനസിലായത്.അങ്ങനെ അവർ ഉമ്മാനെ ആശുപത്രിയിൽ കൊണ്ടുപോയി. കുറച്ചു ദിവസം കഴിഞ്ഞതിന് ശേഷം അവിടെ നിന്നും വീട്ടിൽ കൊണ്ടുവന്നു. അന്നെനിക്ക് പത്ത് വയസ്സായിരുന്നു. മരുന്ന് കുടിച്ച് ഉമ്മ ആകെ തടിച്ചു വീർത്തു.വീട്ടിൽ നിന്ന് പുറത്തിറങ്ങില്ല. എപ്പോഴും മൗനത്തിലായിരിക്കും. ഇടക്ക് എന്തെങ്കിലും ആംഗ്യം കാണിച്ച് കരഞ്ഞ് കൊണ്ടിരിക്കും. ആദ്യമൊക്കെ ഭക്ഷണത്തിനും മറ്റു ജോലികൾക്കും അയൽവാസികൾ ഉണ്ടായിരുന്നു സഹായികളായി. പിന്നെ ഓരോരുത്തരായി മെല്ലെ പിൻ വാങ്ങി. അവരവരുടെ തിരക്കുകളിൽ വ്യാപൃതരായി. വീണ്ടും കഷ്ടകാലം ആരംഭിച്ചു തുടങ്ങിയിരുന്നു.പതിനാലും പന്ത്രണ്ടും വയസ്സുള്ള പെങ്ങൻമാരായിരുന്നു വീട്ടുജോലികളെല്ലാം ചെയ്തിരുന്നത്.ആകെയുണ്ടായിരുന്ന ആശ്വാസം ഉമ്മ ദേഷ്യപ്പെടാറില്ല എന്നതായിരുന്നു.
അയൽപക്കത്തുള്ള എല്ലാവരും നല്ല നിലയിൽ ജീവിക്കുന്നവരായിരുന്നു.കൂലിപ്പണിക്കാരുടെ മക്കൾ പോലും നല്ല വസ്ത്രങ്ങളായിരുന്നു കളിക്കാൻ പോലും അണിഞ്ഞിരുന്നത്. എനിക്ക് കിട്ടിയിരുന്ന പുതിയ വസ്ത്രം മറ്റുള്ളവർ ഇട്ടിട്ട് ഒഴിവാക്കുന്നതായിരിക്കും.
നല്ല വസ്ത്രവും നല്ല ഭക്ഷണവുമായിരുന്നു എന്റെ വലിയ വലിയ സ്വപ്നങ്ങൾ. കുഞ്ഞുസൈക്കിളും കളിപ്പാട്ടങ്ങളും ഒക്കെ സ്വപ്നങ്ങളുടെ ഇരുണ്ട ഭൂമികയിലേക്ക് വലിച്ചെറിഞ്ഞു. ഒരു ചെറിയ യാത്ര പോലും വലിയ സ്വപ്നമായി മാറി. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ സ്വപ്നങ്ങൾക്ക് മേൽ കറുത്ത ചായം പൂശിക്കൊണ്ടിരുന്നു. സ്വപ്നങ്ങൾക്ക് പോലും നിസ്സഹായതയുടെ മുള്ളുവേലികൾ തീർത്ത് ചെറിയ നാലതിരുകൾക്കുള്ളിൽ തടഞ്ഞു നിർത്തി. കാലക്രമേണ ഉമ്മാന്റെ അസുഖത്തിൽ മാറ്റങ്ങൾ വന്നിരുന്നു. എന്നെയും അനുജത്തിയെയും ആംഗ്യത്തിലൂടെ വിളിച്ചു വരുത്തി കൈയും കാലും തടവിക്കൊടുക്കാൻ ആവശ്യപ്പെടാൻ തുടങ്ങി. ആദ്യമൊക്കെ മടിയായിരുന്നെങ്കിലും പ്രകോപനം ഭയന്ന് എല്ലാം ചെയ്തു കൊടുക്കും.പിന്നെ പിന്നെ ഉമ്മാന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി.
കളിക്കാൻ പോയാൽ, കളിക്കാറുണ്ടായിരുന്നില്ല കളി കാണാറായിരുന്നു പതിവ്.കളിയിൽ വിജയിച്ചാൽ തോൽക്കുന്നവൻ ഓരോന്ന് പറഞ്ഞ് കളിയാക്കും.എതിർത്തു എന്തെങ്കിലും പറഞ്ഞാൽ ആകെ പ്രശ്നമാകും. കാരണം എനിക്ക് ചോദിക്കാനും പറയാനും ആളില്ലായിരുന്നു.അതു കൊണ്ട് തന്നെ കളിയും വീട്ടുമുറ്റത്ത് മാത്രമായി ഒതുങ്ങി.
ഞങ്ങൾ സ്ക്കൂളിൽ പോയാൽ അടുത്തുള്ള ഒരു സത്രീയായിരുന്നു ഉമ്മാനെ നോക്കിയിരുന്നത്.ആ സ്ത്രീക്ക് മക്കൾ ഉണ്ടായിരുന്നില്ല. വളർന്നു വരുന്ന പെങ്ങൻമാരെ കുറിച്ചുള്ള ആധിയായിരുന്നു ആ സ്ത്രീക്കെപ്പോഴും. അത് കൊണ്ട് തന്നെ അവർ ഞങ്ങളെ ചുറ്റിപ്പറ്റി നിന്നു.
യത്തീം എന്ന പരിഗണന ധാരാളമായി കിട്ടാൻ തുടങ്ങിയതോടെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അരി ധാരാളമായി കുന്നുകൂടും. റമസാൻ മാസം കഴിഞ്ഞാൽ അരിച്ചാക്കു വയ്ക്കുവാൻ വീട്ടിലെ സ്ഥലം തികയില്ലായിരുന്നു.പൊട്ടിക്കാത്ത അരിച്ചാക്കുകൾ അങ്ങാടിയിലെ പല ചരക്ക് കടയിൽ കൊണ്ട് പോയി കൊടുക്കും. ആ പൈസക്ക് മറ്റു പല ചരക്ക് സാധനങ്ങൾ വാങ്ങും.ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത് അമ്മായി എന്ന് വിളിച്ചിരുന്ന ആ സ്ത്രീയായിരുന്നു.
എനിക്ക് പന്ത്രണ്ട് വയസ്സുള്ള സമയത്ത് അമ്മായിയും മരണപ്പെട്ടു. അമ്മായിയുടെ നാടായ പീടിക മുറിയിലേക്ക് പോയപ്പോഴാണ് അത് സംഭവിച്ചത്. അവിടെ അമ്മായിയുടെ ബന്ധുവീട്ടിൽ വച്ചാണ് ഉമ്മയെപ്പോലായിരുന്ന അമ്മായി മരണമെന്ന യാഥാർത്ഥ്യത്തിന് മുന്നിൽ കീഴടങ്ങിയത്.ഖബറടക്കം അവിടത്തെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തന്നെ നടത്തി.ആ സമയം ഉമ്മാക്ക് വീട്ടിനകത്തൊക്കെ നടക്കാൻ കഴിയുമായിരുന്നു. പിന്നീട് ചെറുതായി ജോലി ചെയ്യാനും തുടങ്ങി.
ആ സമയത്ത് തന്നെയാണ് പള്ളിക്കാർന്നോര് എന്നോട് ജുമുഅത്ത് പള്ളിയിൽ ദർസിനു ചേരാൻ ആവശ്യപ്പെട്ടത്.സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും അവർ വഹിക്കുമെന്ന് ഏൽക്കുകയും ചെയ്തു. ആദ്യം ഒക്കെ മന: പ്രയാസം ഉണ്ടായിരുന്നെങ്കിലും പിന്നെ പിന്നെ സാഹചര്യങ്ങളുമായി പൂർണമായി ഇണങ്ങി. അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മായിയുടെ ഖബർ സന്ദർശിക്കാൻ പോയി.അവിടെ നിന്നും അമ്മായിക്കു വേണ്ടി പ്രാർത്ഥിച്ചു തിരിച്ചുപോരുമ്പോഴാണ് ആ പള്ളിയിലെ ഉസ്താദ് എന്നെ വിളിച്ചത്.വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ ഉസ്താദ് എന്നോട് ആ പളളിയിൽ ദർസിനു ചേരണമെന്ന് ആവശ്യപ്പെട്ടു.പി ജി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകാമെന്ന ഉറപ്പിൽ സ്വന്തം നാട്ടിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയുള്ള പീടിക മുറിയിലേക്ക് തന്റെ ജീവിതം മാറ്റപ്പെടുകയായിരുന്നു.
........................................................
കുതിച്ചു പായുന്ന ബസ്സിൽ നിന്നുയരുന്ന തമിഴ് ഗാനങ്ങളുടെ ഈണത്തിനനുസരിച്ച് താളം പിടിക്കുകയാണ് തൊട്ടടുത്തിരിക്കുന്ന ഒരു അണ്ണൻ. അവന്റെ ദൃഷ്ടികൾ ഇടയ്ക്കിടക്ക് തന്റെ നേർക്ക് പായുന്നത് തന്റെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ കാരണമായി. തന്റെ മുഖം ആകെ നനച്ചു കളഞ്ഞ കണ്ണുനീർ തുള്ളികൾ ഒരു നഷ്ട ബാല്യത്തിന്റെ തീരാത്ത പ്രതീകങ്ങളാണ്. ഹൃദയത്തെ മുച്ചൂടും മഥിച്ചു കൊണ്ടിരിക്കുന്ന കനലുകൾ വേപഥു പൂണ്ടു നടക്കുന്നത് ആ നഷ്ടസ്വപ്നങ്ങൾക്ക് പകരം നിൽക്കാൻ കഴിയുന്ന ഒന്നിനു വേണ്ടിയായിരുന്നു.ഹൃദയത്തിന്റെ കരിപുരണ്ട ഇരുണ്ട ഇടനാഴികകളിൽ വിജ്ഞാനമെന്ന സ്നേഹത്തിന്റെ മധുരം ഇറ്റുവീണിട്ടില്ലായിരുന്നുവെങ്കിൽ ജീവിതമെന്നത് മരീചിക മാത്രമാകുമായിരുന്നു.
പീടിക മുറിയിൽ ബസ്സിറങ്ങി ജുമുഅത്ത് പള്ളിയിലേക്ക് നടന്നു.അവിടെ അമ്മായിയുടെ ഖബറിൽ ഒന്ന് പ്രാർത്ഥിച്ച് പടിഞ്ഞാറെ മുറിയിലേക്ക് നടന്നു. ഒരു കിലോമീറ്ററോളം ദൂരമുണ്ട് പടിഞ്ഞാറെ മുറിയിലേക്ക്. വിശാലമായ പച്ച പിരിച്ച നെൽപാടങ്ങൾക്ക് നടുവിലൂടെ ഉണ്ടാക്കിയ പോക്കറ്റ് റോഡ് ടാറിട്ടിട്ടുണ്ട്. പടിഞ്ഞാറെ മുറിയിലെ മദ്രസയില്യംപള്ളിയിലുമാണ് ഇപ്പോൾ ജോലി. പതിനേഴാമത്തെ വയസ്സിൽ ആണ് മദ്രസയിലെ രണ്ടാം ക്ലാസിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.പഠനവും പഠിപ്പിക്കലും ഒരുമിച്ചു നടത്തി.
ഇന്ന് തനിക്ക് ഇരുപത്തിമൂന്ന് വയസ്സായിരിക്കുന്നു. മൂന്ന് സഹോദരിമാരുടെയും വിവാഹം ഉമ്മ മരിക്കുന്നതിന് മുമ്പെകഴിഞ്ഞത് വലിയ ഒരാശ്വാസമായിരുന്നു. ഏത് അസുഖമായാലും പ്രായം കൂടുന്നതിനനുസരിച്ച് അസുഖവും വർദ്ധിക്കാറുണ്ട് എന്നാൽ ഉമ്മാന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു.
സഹോദരിമാർ വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നായി.പക്ഷെ വീടു പൊളിച്ചു നന്നാക്കാതെ വിവാഹം കഴിക്കുന്നില്ലാ എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിൽക്കുകയായിരുന്നു.
.............................................................
അസർ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി അടുത്തുള്ള ചായക്കടയിൽ കയറി.അവിടെ നാലുമണിച്ചായയുടെ തിരക്കിലാണ് ആളുകൾ. ചായ കുടിച്ച് പുറത്തിറങ്ങിയപ്പോഴുണ്ട് മിതീൻ കാക്ക പള്ളി വരാന്തയിൽ നിൽക്കുന്നു. മിതീൻ കാക്ക എന്റെ പെങ്ങന്മാരുടെ കല്യാണ ബ്രോക്കറാണ്. മൂന്നു പേരുടെയും കാര്യങ്ങൾ വളരെ വേഗത്തിൽ ശരിയാക്കിത്തന്നത് മിതീൻ കാക്കയാണ്.ഞങ്ങളുടെ നാട്ടുകാരനാണെങ്കിലും അദ്ദേഹത്തിനറിയാത്ത ഊരില്ല എന്നു തന്നെ പറയാം. അദ്ദേഹത്തോട് സലാം പറഞ്ഞ് കൈകൾ പിടിച്ച് ചായ കുടിക്കാൻ ക്ഷണിച്ചു. എന്നാൽ ക്ഷണം നിരസിച്ച അദ്ദേഹം അദ്ദേഹത്തിന്റെ മൊബൈലെടുത്ത് സ്ക്രീനിലുള്ള ഒരു നംബർ കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു "നിന്റെ പെങ്ങൾ വിളിച്ചിരുന്നു നിന്നെ ഒരു പെണ്ണിനെ കാണിക്കണം എന്ന് പറയാൻ" എന്ന് പറഞ്ഞു.
പിന്നീട് അദ്ദേഹം കല്യാണക്കാര്യത്തെക്കുറിച്ച് കുറെ പറഞ്ഞു. അവസാനം അദ്ദേഹത്തിന്റെ വാക്കുകൾ തിരസ്കരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഈ സമയത്ത് തന്നെയാണ് മൂത്ത പെങ്ങളുടെ ഫോൺ വരുന്നത്. "മി തീൻ കാക്കാനെ കണ്ടോ" എന്ന് ചോദിച്ചിട്ട്.പെങ്ങളുടെ ഫോൺ വിളി തീർന്നപ്പോഴേക്കും പെണ്ണുകാണാൻ പോകാനുള്ള തീരുമാനത്തിൽ ഞാനെത്തിയിരുന്നു.
" എന്നാൽ പോകാം" എന്ന് മിതീൻ കാക്ക പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് വേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല.
" ഇന്ന് തന്നെ പോണോ?" എന്ന എന്റെ ചോദ്യത്തിന് മിതീൻ കാക്കാന്റെ മറുപടി അൽപം നീണ്ടതായിരുന്നു.
"ഇവിടെ അടുത്ത് ഒരു കുട്ടിണ്ട്. ചെറിയ കുടുംബം രണ്ട് പെണ്ണും ഒരാണും. ഉപ്പ ഗൾഫിലാണ്. ഇപ്പൊ കണ്ട് കാര്യങ്ങൾ എല്ലാം ശരിയാക്കിയിടാ. ആറ് മാസം കഴിഞ്ഞാൽ അവളുടെ ഉപ്പ വരും. അതിനു ശേഷം നിക്കാഹ് നടത്താം." എന്നൊക്കെയുള്ള വിശദീകരണം കേട്ടപ്പോൾ തന്നെ ഇദ്ദേഹം എല്ലാം ഉറപ്പിച്ച മട്ടിലാണല്ലൊ എന്നോർത്തു പോയി. ഏതായാലും പോയി കാണാമെന്നും കണ്ടതിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നും ഞാൻ തീരുമാനിച്ചു. എനിക്ക് വേണ്ടിയല്ല മിതീൻ കാക്കാക്ക് വേണ്ടിയാണ് ഈ ചടങ്ങിനൊരുങ്ങുന്നത്. മിതീൻ കാക്കാനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.അതുകൊണ്ട് അദ്ദേഹത്തെ എതിർക്കുന്നത് ഭൂഷണവുമല്ല.
പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് ഉസ്താദിന്റെ കാര്യം ഓർമ വന്നത്. അദ്ദേഹത്തിന് ഫോണിൽ വിളിച്ചു കാര്യം ഉണർത്തിച്ചു. ചില മന്ത്രങ്ങൾ ഉരുവിട്ട് പെണ്ണ് വീട്ടിൽ പ്രവേശിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.അതോട് കൂടി എനിക്കും സമാധാനമായി.ഇതിനിടയിൽ പെൺ വീട്ടുകാരെ വിളിച്ചു മിതീൻ കാക്ക ഞങ്ങൾ വരുന്ന വിവരം അറിയിച്ചു.
പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ ശാന്തമായ ഒരന്തരീക്ഷമാണ് അനുഭവപ്പെട്ടത്.പെയിൻറടിച്ച് വൃത്തിയാക്കിയിട്ട നല്ലൊരു ചെറിയ ടെറസിന്റെ വീട്. ഈ വീട്ടിൽ താമസിക്കുന്നവൾ എന്റെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഓടിട്ട വീട്ടിൽ എങ്ങനെ താമസിക്കാനാ. ഞങ്ങളെ സ്വീകരിക്കാനായി ഒരാൾ ഗ്രിൽസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. ഉസ്താദ് പറഞ്ഞു തന്ന മന്ത്രങ്ങൾ ചൊല്ലി.സലാം പറഞ്ഞു അകത്ത് കയറി. എനിക്കായി നീക്കിത്തന്ന കസേരയിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു.എല്ലാവരും പറയുമായിരുന്നു ഈ പെണ്ണുകാണൽ ചടങ്ങൊക്കെ ഭയങ്കര ടെൻഷൻ ഉണ്ടാക്കുന്ന പരിപാടിയാണെന്ന്. പക്ഷെ എനിക്ക് കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ തോന്നിയില്ല. പെൺകുട്ടിയുടെ അമ്മാവനായിരുന്നു അവിടെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പരിചയപ്പെടലും ചോദ്യങ്ങളും എനിക്ക് അപ്പോൾ അലാേസരമായി തോന്നി.ചടങ്ങ് വേഗം തീർത്ത് പോവാനായിരുന്നു ആഗ്രഹം. സംസാരം കേട്ടാൽ കല്യാണം ഉറപ്പിച്ചത് പോലെയാണ്.ഇതിനിടയിൽ മിതീൻ കാക്ക അകത്തേക്ക് പോയിരുന്നു.പുറത്തേക്ക് വന്ന മിതിൻ കാക്ക വീണ്ടും അകത്തേക്ക് നോക്കി മാടി വിളിക്കുന്നു.
കുപ്പി ഗ്ലാസുകൾ തമ്മിൽ തട്ടുന്ന ശബ്ദം. ഒരു നിർവ്വികാരതയോട് കൂടിയാണ് ഞാൻ ഇരിക്കുന്നത്. പാതി ചാരിയ വാതിൽ പൂർണമായി തുറക്കപ്പെട്ടു. ഉള്ളിലെ കർട്ടൻ നീക്കി കുപ്പി ഗ്ലാസിൽ മധുര പാനീയവുമായി മന്ദം മന്ദം നടന്നു വരുന്ന സുന്ദരിയുടെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു. നാണത്താൽ തലകൾ താഴ്ത്തി കരിനീല മിഴികളിൽ ഒരു കടൽ നിറച്ച് പൂർണ നിലാവിന്റെ ശോഭ പോലെ നറുപുഞ്ചിരിയുമായി കടന്നു വന്ന അവളെ കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു പോയി. താൻ ഈ കാണുന്നത് ഒരു യാഥാർത്ഥ്യം തന്നെയാണെന്ന് മനസിലാക്കിയെടുക്കാൻ സമയമെടുത്തു.ഗ്ലാസ് കൈയിലെടുക്കുമ്പോൾ ഹൃദയത്തിൽ നിന്നുയരുന്ന വീർപ്പുമുട്ടൽ പ്രണയത്തിന്റെ തീക്ഷ്ണമായ ഭാവങ്ങൾ കൈകളിലൂടെ ഗ്ലാസിലേക്ക് അറിയിച്ചു കൊണ്ടിരുന്നു. യൗവ്വനാരംഭത്തിൽ ഹൃദയവേദന ഒരു മലയോളം കുന്നുകൂടിയപ്പോൾ ജീവിതത്തിൽ പ്രത്യാശക്കും പ്രണയത്തിന്റെ യഥാർത്ഥമായ നവ്യാനുഭൂതിയിലേക്കും കൈ പിടിച്ചു കൊണ്ടുപോയ മുഖം. അതെ ഹസ്ന. സ്നേഹത്തിന്റെ മരുപ്പച്ചകൾ തേടി താൻ യാത്ര ചെയ്തപ്പോൾ ഒരൊറ്റ നോട്ടം ഒരൊറ്റ പുഞ്ചിരി എന്നും സമ്മാനിച്ച് സമാശ്വാസത്തിന്റെ ആയിരം പ്രപഞ്ചങ്ങളെ സൃഷ്ടിച്ചവൾ..
" ഹസ്നയല്ലെ" എന്ന എന്റെ ചോദ്യത്തിന് പുഞ്ചിരി കൊണ്ട് മറുപടി പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു പോയിരുന്നു.
അവൾ മുന്നിൽ നിന്ന് മറഞ്ഞതോടെ ദീർഘമായി ഒന്നുനിശ്വസിച്ചു.മിതീൻ കാക്കയും ഹസ്നയുടെ അമ്മാവനും എന്നെത്തന്നെ ഉറ്റു നോക്കുകയാണ്. ഞാനെന്തു ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് മിതീൻ കാക്ക പാനീയം കുടിക്കാൻ ആവശ്യപ്പെട്ടത്." മുമ്പ് കണ്ടിട്ടുണ്ടല്ലെ എന്ന ചോദ്യത്തിന് ഞാൻ തലയാട്ടി." മുമ്പ് സംസാരിച്ചിരുന്നോ" എന്ന ചോദ്യത്തിന് "ഇല്ല" എന്നും മറുപടി പറഞ്ഞു." ഇനി സംസാരിക്കണ്ടെ" എന്ന ചോദ്യത്തിന് മറുപടിയായി ഞാൻ മി തീൻ കാക്കയെ ഒന്ന് നോക്കി.അർത്ഥം വെച്ചുള്ള ഒരു നോട്ടം.
അവളോട് സംസാരിക്കണമായിരുന്നു. ആറ് വർഷത്തോളം ഞാൻ മൗനമായി കൊണ്ടു നടന്ന പ്രണയം അവൾ എങ്ങനെയായിരുന്നു നോക്കിക്കണ്ടിരുന്നത് അറിയണം. അവളെന്നോടും ഞാൻ അവളോടും പരസ്പരം പറയാതെ പറഞ്ഞിരുന്നത് പ്രണയം തന്നെയായിരുന്നോ എന്നറിയണം.
മി തീൻ കാക്ക എന്നെ ഇരിക്കുന്ന കസേരയിൽ നിന്നും പിടിച്ചെണീൽപിച്ചു.ഓഫീസ് മുറിയിലേക്ക് കൊണ്ടു പോയി.ഓഫീസ് മുറിയിൽ സോഫയും ചാരി നിൽക്കുകയാണ് ഹസ്ന. നാണത്താൽ ചുവന്ന മുഖത്ത് ആരെയും ആകർഷിക്കുന്ന ആ പുഞ്ചിരി അവളെ ഇരട്ട സൗന്ദര്യത്തിനുടമയാക്കുകയാണ്.
ഔപചാരികതക്കൊന്നും താൽപര്യമുണ്ടായിരുന്നില്ല. ഒന്നേ അറിയേണ്ടതുണ്ടായിരുന്നുള്ളു.
"ഹസ്നക്കെന്നെ ഇഷ്ടമായിരുന്നോ?. എന്റെ ചോദ്യത്തിന് അവളുടെ മറുപടി ആംഗ്യത്തിലൂടെയായിരുന്നു.ഉമ്മാന്റെ അതേ ആംഗ്യം. ഇവൾ ഊമയാണോ?. ആംഗ്യത്തിലൂടെ ആ ചോദ്യം ചോദിച്ചപ്പോൾ പുഞ്ചിരി കളയാതെ നാണത്തോടെ അവൾ തല താഴ്ത്തി നിന്നു.
ഉമ്മ! ഉമ്മയുടെ ചിത്രമാണ് മനസ്സിൽ തെളിയുന്നത്. വേച്ച് വേച്ച് ചുമരും പിടിച്ച് നടക്കുന്ന ഉമ്മ. ഊമയായതിനാൽ അനുഭവിക്കേണ്ടി വന്ന കൊടിയ പ്രയാസങ്ങൾ, ആർത്തലച്ചു വരുന്ന തിരമാല കണക്കെ ഹൃദയത്തിന്റെ ഭിത്തിയിൽ തട്ടിത്തെറിക്കുകയാണ്. പ്രണയ വികാരങ്ങൾക്ക് മുന്നിൽ ഉമ്മ എന്ന പരിലാളനത്തിന്റെ ഓർമ്മകൾ ആഞ്ഞുവീശിയപ്പോൾ താൻ പരിസരം മറന്നുവോ?. ശരീരം തളർച്ച അനുഭവപ്പെട്ടപ്പോൾ അടുത്തുണ്ടായിരുന്ന സോഫയിൽ ഇരുന്നു. സിലിംഗ് ഫാൻ തള്ളിനീക്കുന്ന ശക്തമായ കാറ്റിലും വിയർക്കുകയായിരുന്നു ഞാൻ.
ആറു വർഷമായി താൻ പ്രണയിച്ചവൾ ഊമയാണെന്നറിഞ്ഞപ്പോൾ തനിക്കുണ്ടായത് സങ്കടമോ സന്തോഷമോ?.
പടിഞ്ഞാറെ മുറിയിലെ മദ്രസയിൽ അദ്ധ്യപക നായി ജോലിക്കെത്തുന്നത് പതിനേഴാമത്തെ വയസ്സിലാണ്.മദ്രസ കഴിഞ്ഞ് പീടിക മുറിയിലെ പള്ളിയിലേക്ക് നടന്നാണ് പോവുക. അന്ന് ഹസ്ന സ്കൂൾ ഒമ്പതാം ക്ലാസിലായിരുന്നു എന്നാണ് തോന്നുന്നത്. കിഴക്കെ മുറി എന്ന സ്ഥലത്താണ് അവളുടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഒക്കെ കഴിഞ്ഞത്.നടന്നു പോവാനുള്ള ദൂരമെ ഉണ്ടായിരുന്നുള്ളു. ഞാൻ മദ്രസ കഴിഞ്ഞ് പോകുമ്പോൾ പിന്നാലെ വരുന്ന അവളെ കാണാറുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് അവളെ ഇഷ്ടമായിരുന്നെങ്കിലും ഒരു മത വിദ്യാർത്ഥിയായിരുന്ന ഞാൻ അത്തരം ചിന്തകളിൽ സമയം കളയുന്നത് ജീവിത പരാജയത്തിന് തന്നെ കാരണമാകുമായിരുന്നു.അതു കൊണ്ട് തന്നെ അവളെ കണ്ടാലും കാണാത്തത് പോലെ നടന്നു. ദിവസങ്ങൾ മാസങ്ങളായി മാറി. പക്ഷെ അവൾ കൺമുന്നിൽ പ്രത്യക്ഷപ്പെടാത്ത ദിവസങ്ങൾ കുറവായിരുന്നു. അങ്ങിനെയിരിക്കെയാണ് മദ്രസക്ക് അടുത്തുള്ള പളളിയിലും ഇമാമായി ജോലി കിട്ടിയത്. അതോട് കൂടി രണ്ട് നേരം അവളെ കാണാൻ ഇടയായി. സ്ഥിരമായ കാണലുകൾ അവളിലും അനുരാഗത്തിന്റെ വിത്തുകൾ മുളപ്പിച്ചിരുന്നു. ആത്മീയതയുടെ അതിർവരമ്പുകൾക്കപ്പുറത്ത് പ്രണയത്തെ കാണാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ നോട്ടവും താൽപര്യങ്ങളും സ്വപ്നങ്ങളും അതിനനുസരിച്ച് ചിട്ടപ്പെടുത്തി. ദർസ് പഠനത്തിൽ കർമ്മ ശാസ്ത്രത്തിൽ നിന്ന് തസവ്വുഫിലേക്ക് പ്രവേശിച്ചപ്പോൾ ഹൃദയം ഭയങ്കരമായി നുറുങ്ങിപ്പോയി. കാരണം പ്രണയത്തിന്റെ മാസ്മരികത എന്റെ ഹൃദയത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. തസവ്വുഫാണെങ്കിൽ ഹൃദയത്തിന്റെ കണ്ണും കാതും തുറന്ന് വെക്കേണ്ട അവസ്ഥയും.പതിയെ പതിയെ ഹസ്നയെ ഹൃദയത്തിന്റെ മൂലയിലേക്ക് തള്ളിമാറ്റി തസവ്വുഫിനെ അവിടെ പ്രതിഷ്ഠിച്ചു.
സോഫയിൽ തളർന്നിരിക്കുന്ന എന്നെ കണ്ട് മിതീൻ കാക്ക അടുത്തുവന്നു. എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുകയാണ് ഹസ്ന. ഞാൻ അവളെ ഇഷ്ടപ്പെടുമെന്നുള്ള പൂർണ ഉറപ്പിലായിരുന്നു അവൾ. ആറ് വർഷക്കാലം മൗനമായി നടത്തിയ പ്രണയം അവളെ അങ്ങനെ വിശ്വസിക്കാൻ പ്രേരിപ്പിച്ചു.വീട്ടുകാർ കല്യാണം ആലോചിക്കട്ടെ എന്ന് പറഞ്ഞപ്പോൾ എന്നെ ഇഷ്ടമാണെന്ന് പറയുകയായിരുന്നുവത്രെ.അങ്ങിനെയാണ് ഇതുവരെയെത്തിയ സംഭവ വികാസങ്ങളൊക്കെ നടന്നത്‌.
മിതീൻ കാക്ക എന്തു പറ്റി എന്ന് ചോദിച്ചപ്പോഴാണ് എനിക്ക് പരിസരബോധം വീണ്ടു കിട്ടിയത്. മെല്ലെ എഴുന്നേറ്റു പുറത്തേക്കുള്ള വാതിലിൽ നിന്നു അവളെ ഒന്നുകൂടി നോക്കി. ഒന്നും പറയാതെ എഴുന്നേറ്റു പോയത് അവളെ വല്ലാതെ സങ്കടപ്പെടുത്തി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അപ്പോഴാണ് ഓർത്തത് ഞാൻ ഒന്നും സംസാരിച്ചിട്ടില്ലാ എന്ന് - തിരിച്ചു അവളുടെ മുന്നിൽ ചെന്നു സംസാരിക്കാൻ തുടങ്ങി. ആംഗ്യ ഭാഷയിൽ. അവളും അതിൽ പങ്കുചേർന്നതോടെ അവളുടെ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു തുളമ്പി. അവളുടെ കണ്ണിൽ നിന്ന് ഇപ്പോൾ ഒഴുകുന്നത് സന്തോഷ ക്കണ്ണീരായിരുന്നു. പൊട്ടിച്ചിരികൾക്ക് പകരം അവളുടെ കൈകളിൽ അണിഞ്ഞിരിക്കുന്ന വളകളും കാലിലെ പാദസരവും എന്നോട് ഒരുപാട് കഥകൾ പറയുകയായിരുന്നു.
ഹുസൈൻ എം കെ
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo