Slider

#ഓട്ടോഗ്രാഫ്

0

കരഘോഷം കൊണ്ടു മുഖരിതമായ ഹോളിൽ നിന്നു പിയാനോ വായിച്ചയാൾ പോകാൻ ഭാവിച്ചപ്പോൾ ഒരു പെൺകുട്ടി അയാളെ സമീപിച്ചു...
“സർ, ഓട്ടോഗ്രാഫ് തരുമോ?” എന്നു ചോദിച്ചു.
“ഇല്ല കുട്ടീ എന്റെ കൈകൾ പിയാനോ വായിച്ചു തളർന്നിരിക്കുകയാണ്”
എന്നു മറുപടി പറഞ്ഞു.
പെൺകുട്ടി പറഞ്ഞു: “എന്റെ കൈകളും തളർന്നിരിക്കുകയാണ്. കൈയടിച്ചതിന്റെ ഫലമായ തളർച്ച.” പുഞ്ചിരിയോടെ പിയാനിസ്റ്റ് ഓട്ടോഗ്രാഫ് നൽകി....
സ്വന്തം ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് ക്ഷീണിച്ചിരിക്കുമ്പോഴായിരിക്കും രോഗം കൊണ്ട് തളർന്നവരോ നിരാലംബരോ ആയ പലരേയും നമ്മുടെ ജീവിത വഴിത്താരയിൽ കണ്ടുമുട്ടുക...!
ഒരു ചാരിറ്റബിൾ ട്രസ്റ്റ് പരിഗണിക്കാതെ മാറ്റി വച്ച എന്നാൽ നല്ല രീതിയിൽ സഹായം ചെയ്യാം എന്ന് തീരുമാനിച്ച ഒരു രോഗിയുടെ അപേക്ഷയായിരുന്നു തൃശൂർ സ്വദേശിയുടെ ഭാര്യയുടേത്...
അവർക്ക് ത്വക്ക് രോഗമാണ് കഴിഞ്ഞ രണ്ട് വർഷമായിട്ട്.....
ചെറിയ അലർജിയിൽ തുടങ്ങി പിന്നീട് രോഗം അതിന്റെ ഭീകര സ്വഭാവം പുറത്തെടുത്ത് സംഹാരനൃത്തം തുടങ്ങിയത് രോഗിയുടെ ഭർത്താവ് നടുക്കത്തോടെ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്....
ബാംഗ്ലൂരിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ഞാനും വേറൊരു ട്രസ്റ്റീ അംഗവും അന്വേഷണത്തിനായി എത്തി അദ്ദേഹത്തെ കാത്തു നിന്നു...
കുറേ കഴിഞ്ഞ് ഒരു മനുഷ്യൻ എത്തി..
നന്നേ ദുർബലനായ , ജീവിത ഭാരം കൊണ്ട് മുതുക് വളഞ്ഞ അദ്ദേഹം സ്നേഹത്തോടെ ഞങ്ങളുടെ കൈകൾ നെഞ്ചിലേക്കു ചേർത്തു വച്ചു സ്വാഗതം ചെയ്തു...
'' വാ രോഗിയെ കാണാം'' എന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോയി....
Skin care new block ലെ ഒരു വാർഡിലെ ഒരു കട്ടിലിൽ ഒരു സ്ത്രീയുണ്ട്... ചുറ്റും മലാഖമാരുടെ അകമ്പടിയോടെ.... ഇൻഞ്ചക്ഷൻ എടുക്കുകയാണ്....
അവർ ചിരിച്ചു ...വളരെ സന്തോഷത്തോടെ....
ഞങ്ങൾ ട്രസ്റ്റിൽ നിന്നാണ് എന്ന് കേട്ടപ്പോൾ കണ്ണുകളിൽ തിളക്കം....!
കുറച്ച് ആഴ്ചകളായി ഞങ്ങളെ അവർക്കറിയാം... സാമ്പത്തീക സഹായം കൊടുത്ത ആളുകൾ എന്ന നിലയിൽ അല്ല... അവരുടെ കാര്യങ്ങൾ നോക്കുന്നവർ എന്ന നിലയിൽ .....!
കരുവാളിച്ച അവരുടെ തൊലിയിലേക്ക് നോക്കാനുള്ള ധൈര്യം ഞങ്ങൾക്കില്ലായിരുന്നു...
എന്നാലും പതിയെ തൊലിയുടെ നിർമ്മാണം നടക്കുന്നു എന്നത് ആശ്വാസകരമായി തോന്നി......
ചില നിർമ്മാണ വിദ്യ മനുഷ്യന് അപ്രാപ്യമത്രേ...
അദ്ദേഹം ഞങ്ങളെ ഡോക്ടറുടെ ക്യാബിനിലേക്ക് കൂട്ടികൊണ്ട് പോയി...
എന്റെ പോക്കറ്റിൽ നിന്ന് ട്രസ്റ്റിന്റെ ഐഡി കാർഡ് എടുത്തു വച്ചു....
രോഗത്തിന്റെ ട്രീറ്റുമെന്റിനെ കുറിച്ച് വിശദമായ അന്വേഷണം അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം... ഒരു പ്രത്യേക ഇൻജക്ഷനിൽ രോഗം പൂർണ്ണമായും ഭേദമാകും എന്ന് ഞങ്ങൾ വേറൊരു ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു.....
ജൂനിയർ ഡോക്ടറേ ഉള്ളൂ ക്യാബിനിൽ..... നിറയെ രോഗികളുണ്ട്... എല്ലാവരുടെയും രോഗം തൊലിപ്പുറത്താണ്... തൊലി എന്ന അവയവത്തിന് ഇത്രയും രോഗങ്ങളോ എന്ന് ചിന്തിച്ചു നിൽക്കുന്നതിനിടക്ക് രോഗിയുടെ ഭർത്താവ് ചോദിച്ചു...
''മെയിൻ ഡോക്ടറെ തന്നെ കാണണോ...?''
അതെയെന്ന് ഞാൻ തലയാട്ടി ....
അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ടെങ്കിലും മനസ്സ് ഭാര്യ കിടക്കുന്ന വാർഡിലാണ്.....
ദുരന്തം അവരുടെ ദാമ്പത്യ ബന്ധത്തെ പൂർവ്വാധികം ശക്തപ്പെടുത്തിയിട്ടുണ്ട്...!
എന്റെ കണ്ണുകൾ എന്തോ ചോദിക്കുന്നത് തിരിച്ചറിഞ്ഞിട്ടാവണം അദ്ദേഹം പറഞ്ഞു തുടങ്ങി.....!
''രണ്ട് വർഷമായി ....
വാഴയിലയിൽ പൊതിഞ്ഞ് കെട്ടി തൃശൂർ ജില്ലയിലെ ജൂബിലി ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ ആരോ പറയുന്നുണ്ടായിരുന്നു .... മരണം നല്ലതാണെങ്കിൽ അങ്ങിനെ ആവട്ടെ എന്ന്.... !!
പക്ഷേ അവളില്ലാതെ എങ്ങനെ...??.
ആത്മാർത്ഥമായി പ്രാർത്ഥിച്ചു....!...
എല്ലാ രാജാവിന്റെ വാതിലും കൊട്ടിയടക്കും പക്ഷേ ദൈവത്തിന്റെ വാതിൽ കൊട്ടിയടക്കില്ലല്ലോ...?!''
പ്രാർത്ഥന സ്വീകരിച്ചു....!
ജൂബിലി ഹോസ്പിറ്റലിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്...
രണ്ട് വർഷം ക്രമമായ ഇഞ്ചക്ഷൻ വേണം....
അടി മുതൽ മുടി വരെ തൊലിയില്ലാതിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് ദൈവം ഇപ്പൊ തൊലി തയ്പിച്ചു കൊണ്ടിരിക്കുന്നു....
പക്ഷേ നടക്കാൻ ബാലൻസില്ല...!
''ഇപ്പോഴും ഞാൻ തന്നെ വേണം അവൾക്ക്''.....
അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് കൊഞ്ചലുണ്ടായിരുന്നു... പക്ഷേ പതുക്കെ കണ്ണ് ആർദ്രമായി.... അദ്ദേഹത്തിന്റെ കൈ ഞാൻ ബലമായി ചേർത്തു പിടിച്ചു......
അങ്ങനെ കുറേ നേരം നിന്നു....
കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു....
''ഇന്നിനി ഡോക്ടർ വരില്ല എന്ന് തോന്നുന്നു.... ഡോക്ടർ വന്നാൽ ഞാൻ നിങ്ങളെ ഫോൺ വിളിക്കാം.... അപ്പോ വന്നാൽ മതിയല്ലോ''...?
ഞങ്ങൾ തിരിച്ചു പോരാൻ നേരത്ത് കുറച്ച് രൂപ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു....
അടുത്ത ദിവസം ഡോക്ടർ വന്നപ്പോൾ അദ്ദേഹം വിളിച്ചു...
'' ഡോക്ടർ വന്നപ്പോൾ നിങ്ങളെ വിളിച്ചിരുന്നു . കിട്ടിയില്ല....''
കാര്യങ്ങൾ വിശദമായി അദ്ദേഹം പറഞ്ഞു...
'' അവൾക്ക് വലിയ ഇഞ്ചക്ഷൻ വേണ്ട ... അത് താങ്ങാനുള്ള കരുത്ത് ഇല്ല എന്ന് പറഞ്ഞു ഡോക്ടർ..!..ഇപ്പോഴുള്ള ചികിൽസ തന്നെ തുടർന്നാൽ മതി... അത് രണ്ട് ഘട്ടങ്ങളിലായി ചെയ്യണം''...
സന്തോഷം..വേണ്ടത് ചെയ്യാം എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു...
പോയ കാര്യങ്ങൾ വച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കണം.... ട്രസ്റ്റികളുടെ ഭൂരിപക്ഷാഭിപ്രായം വേണം.... എന്നാലേ രോഗിക്ക് പൈസ അനുവദിക്കൂ....
റിപ്പോർട്ടിന്റെ ആദ്യത്തിൽ ഇങ്ങനെ എഴുതി.....
രോഗി പലപ്പോഴും നമുക്ക് മുമ്പിൽ ഓട്ടോഗ്രാഫ് നീട്ടും....നാം അത് കണ്ടെന്ന് വരില്ല.... അകകണ്ണു കൊണ്ട് ഗണിച്ചെടുക്കണം... ഒരു പക്ഷേ നാം ഓടി ക്ഷീണിച്ച നേരത്താവാം അവർ വരുന്നത്..... ഒരിക്കലും നിഷേധം പറയരുത്.... കാരണം നമ്മേക്കാൾ തളർന്നവരാണ് അവർ....
സാമ്പത്തീകം കൊണ്ടും, പരിചരണം കൊണ്ടും ആശ്വാസ വചനങ്ങൾ കൊണ്ടും നാം ആ ഓട്ടോഗ്രാഫിൽ ഒപ്പിട്ടു കൊടുക്കണം . ..........
...................................
അനീസ് സി സി ഒ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo