Slider

പ്രഹേളിക

0
Image may contain: 1 person, outdoor



ഇത്രയും നേരം താൻ എന്തു സ്വപ്നത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നതെന്നാണ് ഉറക്കമുണർന്നയുടനെ അയാൾ ആലോചിച്ചത്. സൗമിനി ഇടയ്ക്കെപ്പോഴോ മനസിലൂടെ ഒന്നു കയറിയിറങ്ങിയത് പോലെ.
അയാൾ ഫോണെടുത്തു നോക്കി. പ്രത്യേകിച്ച് ആരുടേയും സന്ദേശങ്ങളൊന്നുമില്ല. അല്ലെങ്കിൽ തന്നെ ആരുടെയെങ്കിലുമൊക്കെ സന്ദേശങ്ങൾക്ക് വേണ്ടി കാത്തിരിക്കാനുള്ള പ്രായമല്ലല്ലോ തനിക്കിപ്പോൾ. മുഖം അമർത്തിത്തുടച്ച് അയാൾ കിടക്ക വിട്ടെണീറ്റു.
...................
നടക്കാനിറങ്ങി മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാൾക്ക്‌ നെഞ്ചിന്റെ ഇടതു ഭാഗത്തു രണ്ടു ദിവസമായി പതിവുള്ള വേദന അനുഭവപ്പെട്ടു. മുന്നോട്ടു നടക്കാൻ കഴിയാതെ ഒരു കസേരയിൽ അമർന്നിരുന്ന് അയാൾ നെഞ്ചിൽ കൈ വെച്ച് തലോടി. ഹൃദയത്തിൽ ആരോ അനേകം സൂചികൾ കൊണ്ട് കുത്തുന്ന വേദന. ബോധം മറയും മുൻപ് അയാൾക്ക്‌ വീണ്ടും സൗമിനിയുടെ ഓർമ വന്നു.
.................
ഡോക്ടർ മനോഹറിന്റെ മുന്നിൽ കസേരയിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു.
'താങ്കളുടെ അവസാനമിറങ്ങിയ കഥയില്ലേ, നെടുവീർപ്പ്, അതു ഞാൻ ഇന്നലെയാണ് വായിച്ചത്. '
ഡോക്ടർ റിപ്പോർട്ടുകളിൽ നിന്നു കണ്ണെടുത്ത് അയാൾക്ക്‌ നേരെ നോക്കി.
അയാൾ വെറുതെ ഒന്നു പുഞ്ചിരിച്ചു, അർത്ഥശൂന്യമായ പുഞ്ചിരി.
ഡോക്ടർ ഒരു നിമിഷം ആലോചിച്ച് അയാൾക്കു നേരെ നോക്കി.
'ഹൃദയം ചെറുതായിട്ടൊന്നു പണി മുടക്കിത്തുടങ്ങിയിരിക്കുന്നു. അതിന്റെയാണീ നെഞ്ചു വേദനയും കിതപ്പുമൊക്കെ. ഒരു സർജറി വേണ്ടി വരും. '
അയാൾ ഡോക്ടറുടെ നേർക്ക് നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഹോസ്പിറ്റൽ മുറിയിൽ, തുള്ളികളായി വീണു ഞരമ്പിലേക്ക് കയറിക്കൊണ്ടിരിക്കുന്ന ഗ്ളൂക്കോസ് ബോട്ടിലിൽ കണ്ണു നട്ടു വെറുതെ കിടക്കുമ്പോൾ സൗമിനിയെ ഓർത്തു. തന്റെ ആഗ്രഹം പൂർത്തീകരിക്കും മുൻപേ താൻ ഇല്ലാതായേക്കും എന്ന് അയാൾക്കു പേടി തോന്നി.
................
അനസ്തേഷ്യയുടെ മയക്കത്തിനിടയിൽ അയാൾ വിചിത്രമായ ഒരു സ്വപ്നം കണ്ടു. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു പുലർച്ചെ കണ്ടു പൂർത്തിയാവാതിരുന്ന സ്വപ്നത്തിന്റെ തുടർച്ചയാണതെന്ന് അയാൾക്ക്‌ പെട്ടെന്ന് തന്നെ വ്യക്തമായി.
ഇളം മഞ്ഞ നിറമുള്ള പൂക്കൾ വീണു കിടക്കുന്ന വഴിയിലൂടെ പാട്ടുപാവാടയുടെ തുമ്പുയർത്തിപ്പിടിച്ചു നടന്നു വരുന്ന ഒരു പെൺകുട്ടി. അവൾ വളരെയധികം സന്തോഷവതിയായി കാണപ്പെട്ടു. വളവിനപ്പുറത്തു നിന്നും അവൾ നടന്നു വരുന്നതിന്റെ എതിർദിശയിൽ ഒരു കാർ പാഞ്ഞു വരുന്നത് അയാൾ കണ്ടു. അയാൾക്ക്‌ പെൺകുട്ടിയെ തടയണമെന്നുണ്ടായിരുന്നു, കഴിഞ്ഞില്ല. അടുത്ത നിമിഷം അവൾ കാറിനു മുന്നിലേക്ക് മുഖമടച്ച് വീഴുന്നതും രക്തം ചിതറി ഗ്ലാസ്സിനു മുൻപിൽ പൂക്കളം തീർക്കുന്നതും അയാൾ വ്യക്തമായി കണ്ടു. സ്വപ്നം ഒന്നവസാനിച്ചു കിട്ടണേ എന്ന് പ്രാർത്ഥിക്കുമ്പോഴാണ് കാറിനുള്ളിൽ സ്റ്റീയറിങ് വീലിലേക്ക് മുഖം അമർത്തി ഇരിക്കുന്ന ആളെ ഗ്ലാസ്സിനിടയിലൂടെ അയാൾ കണ്ടത്. ഒരു പാവം പെൺകുട്ടിയുടെ ജീവനും സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കിത്തീർത്ത മനുഷ്യനോട് അയാൾക്ക്‌ പക തോന്നി. ഗ്ലാസ്സിൽ ഉറക്കെ അടിച്ചു ശബ്ദമുണ്ടാക്കിയപ്പോൾ ഡ്രൈവർ മുഖമുയർത്തി വെപ്രാളത്തോടെ പുറത്തേക്കു നോക്കി.
ഉള്ളിലിരുന്ന ആളിന് തന്റെ മുഖം തന്നെയാണെന്നു കണ്ട് അയാൾ സ്വപ്നത്തിനിടയിൽ പൊടുന്നനെ ഞെട്ടി. മയക്കത്തിനിടയിലൂടെ ആ ഞെട്ടൽ ഹൃദയത്തിലേക്ക് വ്യാപിച്ചു, ദേഹം കോച്ചിവലിച്ചു പിടഞ്ഞു.
.................
ഓപ്പറേഷൻ ടേബിളിനിരുപുറം ഒരു ടീം സ്തബ്ധരായി നിൽക്കുകയായിരുന്നു. എന്താണ് നടന്നതെന്നും ഇനിയെന്താണ് ചെയ്യേണ്ടതെന്നുമറിയാത്ത നിസ്സഹായാവസ്‌ഥ ഓരോ കണ്ണുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഇനി തനിക്കൊന്നും ചെയ്യാനില്ലെന്നു തലയാട്ടി നിരാശയോടെ ഡോക്ടർ മനോഹർ മറ്റുള്ളവർക്കു മുന്നിലൂടെ നടന്നു പുറത്തേക്കിറങ്ങി പോയി.
...................
തന്നെ ഓർക്കുവാനോ കരയുവാനോ തക്ക ബന്ധങ്ങളൊന്നും സൂക്ഷിക്കുന്നവനല്ലായിരുന്നതു കൊണ്ടു തന്നെ പ്രശസ്ത ചെറുകഥാകൃത്ത്
എസ് ആനന്ദന്റെ മരണം ആരെയും പിടിച്ചുലയ്ക്കാതെ കടന്നു പോയി. അദ്ദേഹത്തിന്റെ വേദനയിൽ ഏറെ ദുഃഖമനുഭവിച്ചത് ഡോക്ടർ മനോഹർ മാത്രമായിരുന്നു.
.............
ഒരാഴ്ചത്തെ അവധിക്കു ശേഷം ഡോക്ടർ തിരിച്ചെത്തുമ്പോൾ ഒരു കവർ അദ്ദേഹത്തെ കാത്ത് മുറിയിലെ മേശപ്പുറത്തുണ്ടായിരുന്നു.
'ആനന്ദൻ സാറിന്റെ മുറീന്ന് കിട്ടിയതാ. ഡോക്ടർക്ക് കൊടുക്കണം എന്നൊരു കുറിപ്പുണ്ടായിരുന്നു ഒപ്പം. '
ജൂലി സിസ്റ്റർ അദ്ദേഹത്തോട് പറഞ്ഞു.
ഡോക്ടർ അത്യധികം ആകാംക്ഷയോടെയാണ് കവർ തുറന്നു നോക്കിയത്.
പത്രത്തിൽ നിന്ന് വെട്ടി സൂക്ഷിച്ച കുറേയധികം വാർത്തകളും ചിത്രങ്ങളുമായിരുന്നു ഉള്ളിൽ. ഡോക്ടർ ഓരോന്നും തുറന്നു നോക്കി. കുറേ വർഷങ്ങൾക്കു മുൻപ് വിവാദമായ ഒരു കാറപകടത്തെക്കുറിച്ചും അതിൽ മരിച്ച പെൺകുട്ടിയെക്കുറിച്ചുമായിരുന്നു ഉള്ളടക്കം. പിന്നീടുണ്ടായിരുന്നത് സൗമിനി എന്ന സ്ത്രീയുടെ പേരിൽ തന്റെ സ്വത്തുവകകൾ എല്ലാം എഴുതി വെച്ചു കൊണ്ടുള്ള മുദ്രപത്രമായിരുന്നു. സൗമിനി മരിച്ച പെൺകുട്ടിയുടെ അമ്മയാണെന്ന് ഡോക്ടർക്ക് പത്രവാർത്തയിൽ നിന്ന് വ്യക്തമായി. ആനന്ദൻ ആണോ ആ കുട്ടിയെ കാറിടിച്ചു കൊന്നതെന്ന് ഡോക്ടർ സംശയിച്ചു. എന്നാൽ അപകടത്തിൽ ഡ്രൈവർ തൽക്ഷണം മരിച്ചു എന്നു വാർത്തയിൽ വായിച്ചത് അദ്ദേഹം ഓർമിച്ചു.
നെടുവീർപ്പ് എന്ന ആനന്ദന്റെ അവസാന കഥ ഡോക്ടർ അപ്പോൾ ഓർത്തെടുത്തു. ഒരു കോളേജ് പ്രണയത്തിന്റെ ഒടുക്കം പിറന്ന സ്വന്തം മകളെ അഭിമാനമോ൪ത്ത് ക്വൊട്ടേഷൻ നൽകി കൊന്ന നീചനായ ഒരുവൻ. ഒടുവിൽ അയാൾ തനിച്ചായിപ്പോയ തന്റെ പ്രണയിനിയെ സമീപിക്കാനുള്ള ധൈര്യമില്ലാതെ സ്വയമുരുകി മരണം സ്വീകരിക്കുന്നതാണ് കഥ.
ഡോക്ടർ തന്റെ മുന്നിൽ കിടന്ന പത്രക്കടലാസുകളിലേക്ക് ഭയത്തോടെയും അമ്പരപ്പോടെയുമാണ് നോക്കിയത്. സ്വന്തം മരണം പോലുമുറപ്പിച്ചാണ് ആനന്ദൻ തന്റെ മുന്നിലെ കസേരയിൽ ഇരുന്നു തന്നോട് സംസാരിച്ചതെന്നോർത്തപ്പോൾ അദ്ദേഹം നടുങ്ങി.
ഒരു കവർ എടുത്ത് മുദ്രപത്രം ഭദ്രമായി മടക്കി വെച്ച് ആനന്ദൻ കുറിച്ചു വെച്ചിരുന്ന സൗമിനിയുടെ വിലാസം ഡോക്ടർ പകർത്തിയെഴുതി.
കസേരയിൽ ചാരിയിരുന്ന് വിയർപ്പിന്റെ ചെറുകണങ്ങൾ നെറ്റിയിൽ നിന്ന് കർച്ചീഫുപയോഗിച്ച് തുടച്ചു മാറ്റുമ്പോൾ എന്തിന് ഞാൻ എന്ന ചോദ്യം മാത്രം ഡോക്ടറുടെ മനസ്സിൽ ബാക്കിയായി.
ഉത്തരങ്ങൾക്ക് പകരം ചിലപ്പോഴൊക്കെ ചോദ്യങ്ങൾ മാത്രമേ നമ്മിൽ അവസാനിക്കൂ എന്ന ആനന്ദന്റെ വാക്യം ഒരു കടങ്കഥയായി അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു നിന്നു അപ്പോൾ.

Athira Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo