നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെറുകഥ......



.ബെഡ്റൂമിലെ കട്ടിലിന്നരികിലായി പൊടിപിടിച്ചിരിക്കുന്നയാ പഴയ അലമാരയുടെ മുന്നിൽ എന്തോ
ഓർത്തെടുക്കാൻ ശ്രമിച്ചു പതുങ്ങി നിൽക്കുന്നുണ്ട് ഹരി.
അവന്റെയുള്ളിൽ ചില ചിതലരിച്ച ഓർമ്മകൾ ഞെരിപിരി കൊള്ളുന്നുണ്ട് ഒന്നു പുറത്തു ചാടുവാൻ.
മകന് ഏഴ് വയസ്സുള്ളപ്പോൾ പുറത്തെ മുറിയിലേക്ക്, അവന്റെ ഇഷ്ടപ്രകാരം മാറ്റിക്കിടത്തിയപ്പോഴാണ് ഈ അലമാര ബെഡ്റൂമിന്നകത്തു സ്ഥാനം പിടിച്ചത്. വീടിനുള്ളിലെ സ്ഥലപരിമിതിതന്നെയാണ് അതിനുള്ള പ്രധാന കാരണം.
കുറച്ചുനാളായികാണും ഈ അലമാര ഒന്ന് തുറന്നിട്ട്. ഊഹം ശരിയാണെങ്കിൽ ഒരഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു.
ഹരി അതിന്റെ ചില്ലുവാതിൽ മെല്ലെ തുറക്കാൻ ശ്രമിച്ചു.ഒരുപാടുനാളായി തുറക്കാത്തതിനാൽ അതിനൊരു നീരസം. അല്പം ബലംകൊടുത്തപ്പോൾ ഒരു ചെറിയ പൊട്ടിക്കരച്ചിലോടെ, മനസ്സില്ലാമനസ്സോടെ അത്‌ പതിയെ തുറന്നുവന്നു....
വളരെ ഭംഗിയായും ചിട്ടയായും അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ!.. ഹരി തന്റെ കൈകൾ അതിലൂടെ മെല്ലെയോടിച്ചു.
പ്രീഡിഗ്രി സെക്കന്റ് ഇയറിലെ ഇoഗ്ലീഷ് ടെക്സ്റ്റ്നു മുകളിലെത്തിയപ്പോൾ കൈ അറിയാത നിശ്ചലമായി.
ആ പുസ്‌തകം അവനെനോക്കി ചിരിക്കുന്നതായി അവനുതോന്നി അവൻ അതിനെ പതിയെ കയ്യിലെടുത്തു. അന്നേരം, ഭൂതകാലത്തിന്റെ ഏതോ വേരുകൾ അതിൽനിന്നും അവനെ ചുറ്റിവരിഞ്ഞു വീർപ്പുമുട്ടിച്ചു.
ഹരി മെല്ലയത് മറിച്ചുനോക്കി. ഒത്തനടുവിലായി നാലായിമടക്കിയ ഭംഗിയുള്ള ഒരു വെള്ളക്കടലാസ്.
ആ കടലാസ്സ്‌ അവനെനോക്കി കണ്ണിറുക്കി. അവനതിനെയും..
ഹരി പതിയെ അത്‌ തുറന്നു....
വെള്ളിവീണ നെഞ്ചിലെ രോമരാജികൾക്കുള്ളിലായി ഓർമ്മകളുടെ വെള്ളരിപ്പറവകൾ മെല്ലെ ചിറകടിച്ചുണർന്നുപാറി.
അത് അവനെയും കൊണ്ടങ്ങു ഭൂതകാലത്തിന്റെ ഏതോ തുരുത്തിലേക്ക് പറക്കുകയാണ്...
****************************
പ്രീഡിഗ്രിക്ക് കോളേജിൽ പഠിക്കുന്ന സമയം. സെക്കൻഡിയറിലെ അവസാനദിവസം.
പിരിയാനായ് മടിച്ചുനിൽക്കുന്ന-'കണ്ണീരിനെയും പിടിച്ചുനിറുത്തുന്ന'- അടുത്ത കൂട്ടുകാർ..
ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായ ഹരി.
അല്പസ്വല്പം അക്ഷരങ്ങളോട് ഭ്രാന്തുണ്ടവന്. ആദ്യാപകർക്കടക്കം എല്ലാവർക്കും അവനെ ഏറെയിഷ്ടം.. ഇതിനിടയിൽ മൂന്നു പെണ്‌കുട്ടികൾ,ആട്ടോഗ്രാഫിൽ അവനോട് ഇഷ്ടം അറിയിച്ചിരിക്കുന്നു...
അവന്റെ കണ്ണിൽ ഉടക്കിയതാകട്ടെ അവനെ ഒട്ടും മൈൻഡ് ചെയ്യാത്ത, അവന്റെ ആട്ടോഗ്രാഫ് ചോദിക്കാത്ത, ഓർഫനായ നീനയും....
(പ്രേമം മണ്ണാങ്കട്ട തത്കാലമതിനെ നമുക്കവിടെ മാറ്റിവെയ്ക്കാം.)
അടുത്തനിമിഷം-അപ്രതീക്ഷിതമായാണ് ഒരു ഫോൺകാൾ
പ്രിൻസിപ്പലിന്റെ ക്യാബിനിനിൽ നിന്നും പ്യൂണിന്റെരൂപത്തിൽ
അവനെത്തേടിയെത്തിയത്.
വീട്ടിൽനിന്നും അവന്റെ അമ്മയായിരുന്നു അവനെ വിളിച്ചത്.
'എടാ വേഗം ഇങ്ങോട്ട് വാടാ..' 'അപ്പൻ വീണെടാ...' ഗദ്ഗദത്താൽ...കണ്ണീരാൽ... മുറിഞ്ഞുപോയ കുറച്ചക്ഷരങ്ങൾ...
അന്നുമുതലാണെന്ന് തോന്നുന്നു അവനക്ഷരങ്ങൾ എന്നെന്നേക്കുമായി അന്യമായി തുടങ്ങിയത്...
ഒരു പ്രൈവറ്റ്കമ്പനിയിൽ വാഹനങ്ങൾ ചാരക്കുലോറിയിൽനിന്നുമിറക്കി
അവരുടെ ബ്രാഞ്ചുകളിൽ എത്തിച്ചു കൊടുക്കുന്ന പണിയായിരുന്നു അപ്പന്.
വാഹനമിറക്കുന്നിടെ കാലുവഴുതി അപ്പൻ ചരക്ക് ലോറിയിൽനിന്നും താഴെവീണു.
അപ്പന്റെ ദേഹത്തൂടെ വണ്ടിയുംവീണു..
സ്പോട്ടിൽതന്നെ കാല് രണ്ടായി... എല്ലാരും പറഞ്ഞു ഭാഗ്യം. മുകളിലേക്ക് വീണില്ലല്ലോയെന്ന്..!
ആശുപത്രിച്ചിലവും വീട്ടുചിലവും,ആദ്യം കമ്പനിയുടെയും പിന്നെ ഇൻഷുറൻസിന്റെയും സഹായത്താൽ അങ്ങനെ കഴിഞ്ഞുപോയി...
മൂന്നു മാസത്തിനുശേഷം അവരാരും തിരിഞ്ഞുനോക്കാതെയായി.
ഇതിനിടെ ആശുപത്രികാര്യങ്ങളുമായി ഓടുന്ന തിരക്കിൽ പരീക്ഷയും എപ്പൊഴോ കടന്നുപോയി...
***************************
പീടികയിലെ കണാരൻചേട്ടൻ,
'ഇനിയെന്നെ ഉപദ്രവിക്കരുത് മോനെ,എന്റെ കുടുമ്പം പട്ടിണിയാകും' എന്നു പറഞ്ഞപ്പോൾ..
എന്തുചെയ്യണമെന്നറിയാതെ ഹരി വെറുതെ മിഴിച്ചുനിന്നു....
ഒഴിഞ്ഞ സഞ്ചിയുമായി വീട്ടിലേക്ക് നടക്കുമ്പോൾ.ആദ്യമായി ഹരി അപ്പനെക്കുറിച്ചോർത്തു.
സ്കൂളിലെയും വീട്ടിലെയും കാര്യങ്ങൾ ഒരുമുടക്കുമില്ലാതെ, കൂട്ടുകാർക്ക്കൊടുക്കാൻ ചോക്കലേറ്റ് വരെ വാങ്ങിത്തന്നു,ഒന്നുമറിയിക്കാതെ വളർത്തികൊണ്ടുവന്ന പാവം അപ്പൻ..
ഇപ്പോൾ, ഈ രാത്രിയിൽ അപ്പന് കഴിക്കാൻ
വീട്ടിൽ കുറച്ചു കഞ്ഞിവെള്ളമെങ്കിലും ഉണ്ടാവുമൊയെന്തോ.? എന്റീശ്വരാ...ഹരിയുടെ മനസ്സ് നീറിപ്പുകഞ്ഞു.
വീട്ടിനടുത്തെത്തിയപ്പോൾ, ദൂരെനിന്നുതന്നെ അതുകണ്ടു.
തന്നെയും പ്രതീക്ഷിച്ചു, അല്ല, ഈ സഞ്ചിയും പ്രതീക്ഷിച്ചു അമ്മ ഉമ്മറപ്പടിയിലുണ്ട്.. അമ്മയോട് ഇനി എന്തുപറയും..!
ഒന്നുംപറയാതെ സഞ്ചി ഉമ്മറത്ത് കൊണ്ട്ചെന്ന് വച്ചു...
അമ്മയും ഒന്നും പറയാതെ സഞ്ചിയുമെടുത്തു അകത്തേക്ക് പോയി.
പോകുന്നേരം തന്റെ കാതിൽ അമ്മയുടെ തേങ്ങൽ ചെറുകാറ്റായ് അലയടിച്ചകന്നു....
കുറച്ചുനേരം ഹരി എന്തോ ആലോചിച്ചു നിന്നു..
എന്നിട്ട് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചപോലെ അവൻ തിരികെ റോഡിലേക്കിറങ്ങിനടന്നു...
കുറച്ചുനടന്നപ്പോൾ പ്ലംബിങ് വർക്കിന്‌ പോകുന്ന ജോയിയുടെ വീടവൻ കണ്ടു..ജോയി അപ്പന്റെ കൂടെ നേരത്തെ പണിയെടുത്തിരുന്ന രാഘവേട്ടന്റെ മകനാണ്.. പണിക്ക്പോയിട്ട് തിരികെ വന്ന് മുറ്റത്തെ പൈപ്പിൻചോട്ടിൽനിന്ന് കുളിക്കുകയാണ്‌ ജോയി.. ഹരി ജോയിയുടെ അടുത്തേക്ക് ചെന്നു...
'എന്താടാ ഹരീ'ജോയി ചോദിച്ചു.
'അപ്പൻ കിടപ്പിലാ ജോയിച്ചേട്ടാ..
പണിയന്വഷിച്ചിറങ്ങിയതാ' 'എന്തെങ്കിലും പണിയുണ്ടെങ്കിൽ പറയുമോ..'
ഹരി വിക്കിവിക്കി ചോദിച്ചു...
ജോയി ഉറക്കെ ചിരിച്ചു.. 'നിന്നെക്കൊണ്ട് പറ്റുമോടാമോനേ എന്റെ കൂടിയുള്ള പണി'
'എന്ത്‌ പണിയും ചെയ്യാം ചേട്ടാ' ഹരി ഒറ്റ ശ്വാസത്തിൽ പറഞൊപ്പിച്ചു.... അപ്പോഴാണ് ജോയി ഓർത്തത്,പണിക്കാരിലൊരാൾ നാളെ വരില്ല എന്നുപറഞ്ഞത്...
ജോയി ഹരിയോട് പറഞ്ഞു 'നാളെ എഴുമണിയാവുമ്പോൾ എത്തണം പറ്റുമോ...?' 'എത്താം ചേട്ടാ' അങ്ങനെ പറഞ്ഞുറപ്പിച്ചു ആശ്വാസത്തോടെ ഹരി തന്റെ വീട്ടിലേക്ക് തിരിച്ചുനടന്നു...
വീട്ടിലെത്തിയ ഹരി അമ്മയോട് ഇത്രയേ പറഞ്ഞുള്ളൂ..'നാളെ ജോയി ചേട്ടന്റെകൂടെ പണിക്ക്പോകുന്നുണ്ട് നേരത്തേ വിളിച്ചുണർത്തണം..' അതുകേട്ട് ആ അമ്മ ഒന്ന് നെടുവീർപ്പിട്ടു...
പിറ്റേന്ന്‌ അതിരാവിലെതന്നെ വെറും വയറുമായി ഹരി ജോയിയോടൊപ്പം ജോലിക്കു തിരിച്ചു...
പോണവഴിയിൽ ജോയി ചായകുടിച്ചപ്പോൾ ഹരിക്കും ഒരു ചായ വാങ്ങികൊടുത്തു...
'വൈകിട്ട് കൂലിതരുമ്പോൾ ഇത് കുറയ്ക്കും കേട്ടോ..'
തമാശരൂപേണ ജോയി പറഞ്ഞു...
അത് കേട്ടപ്പോൾ ഹരിയുടെയുള്ളിൽ ആശ്വാസത്തിന്റെ ഒരു ചെറുചാൽ എവിടുന്നോ ഉറവപൊട്ടി..
ജോലിസ്ഥലത്തെത്തിയപ്പോൾ ബാക്കിയുള്ളവർ നേരത്തേതന്നെ എത്തിയിരുന്നു..അങ്ങനെ ഹരിയെകൂടി സാധനങ്ങൾ പറക്കിവെയ്ക്കാനും മറ്റുമായി അവരുടെകൂടെ നിറുത്തി...
ട്രെയിനി അല്ലേ..പണിയുടെ ആദ്യപടിയായി സിമന്റ്ചാക്ക് ഒറ്റയ്ക്കെടുക്കാനുള്ള ട്രിക്ക് ജോയി അവനു പറഞ്ഞുകൊടുത്തു..
അവനാദ്യം അത്ഭുതമായി...! പിന്നെപിന്നെ യാഥാർഥ്യവും.
ഉച്ചയായപ്പോൾ ഭാഗ്യമെന്നേ പറയേണ്ടു വീട്ടുടമസ്ഥൻ അയാളുടെ വീട്ടിൽനിന്നും എല്ലാർക്കും ഊണ് കൊണ്ടുവന്നു... അപ്പോഴേക്കും തളർന്നവശനായിരുന്നു ഹരി..
എല്ലാരും ഭക്ഷണം കഴിക്കാനിരുന്നു..
ആദ്യമായാണ് ഇത്രയും രുചികരമായ ഭക്ഷണം കഴിക്കുന്നതെന്ന് ഹരിക്ക് തോന്നി...
ഇതിനിടയിൽ വേറൊരു സംഭവം ഉണ്ടായി..ജോയി ഹരിയെ ഒരു വെട്ടുകത്തി വാങ്ങിക്കൊണ്ടു വരാൻ അടുത്ത പുരയിടത്തിൽ പറഞ്ഞു വിട്ടിരുന്നു..
അവനത് വാങ്ങിവരികയും ചെയ്തു..
പക്ഷേ ഊണുകഴിഞ്ഞു തിരികെ കൊടുക്കാൻനോക്കിയപ്പോൾ വെട്ടുകത്തികാണാനില്ല..
ഹരിയെ ജോയി തിരിച്ചുകൊടുക്കാൻ അപ്പോൾതന്നെ ഏല്പിച്ചതായിരുന്നു അത്..
പക്ഷെ അവിടെയാകെ തിരഞ്ഞെങ്കിലും വെട്ടുകത്തി കണ്ടുകിട്ടിയില്ല..
ഉടമസ്ഥനാണെങ്കിൽ കൊണ്ടേപോകൂ എന്നുള്ള ഒറ്റവാശിയിലും...
അവസാനം ഗതിയില്ലാതെ അറുന്നൂറ് രൂപ നൽകി പുതിയവെട്ടുകത്തി വാങ്ങിനല്കേണ്ടിവന്നു ഹരിക്ക്...
അങ്ങനെ തന്റെ ആദ്യദിവസത്തെ കൂലി വെട്ടുകത്തിക്കായ്‌ മുടക്കി...
തളർന്ന മനസ്സും ശരീരവുമായി ഹരി തന്റെ വീട്ടിലേക്ക് തിരിച്ചു...
ഒരുമണി അരിയില്ല വീട്ടിൽ... അതിന് വേണ്ടിയാണ് ഞാൻ പകലന്തിയോളം പണിചെയ്തത് എന്നിട്ടിപ്പൊ...
അവന്റെ കണ്ണ് നിറഞ്ഞുതുളുമ്പി, ഒരുതുള്ളി കണ്ണീർ അവനറിയാതെ കവിളിലെത്തി..
പെട്ടെന്നാണ് ആരോ ഒരു കൈ അവന്റെ ചുമലിൽ വച്ചത്...
ഹരി പെട്ടെന്ന് തിരിഞ്ഞുനോക്കി, ജോയിയാണ് ,ഹരി മുഖം കുനിച്ചു നിന്നു....'ഈ രൂപയിരിക്കട്ടെ' ഒരു നൂറു രൂപ ഹരിയുടെ പോക്കറ്റിലേക്ക് ജോയി തിരുകി...
'നാളെ മുതൽ പണിയുള്ളപ്പോൾ എന്റൊപ്പം പൊന്നോളൂ..'ജോയി പറഞ്ഞു....
നേരം ഇരുട്ടിത്തുടങ്ങി,ഹരി നേരെ കണാരൻ ചേട്ടന്റെ പീടികയിലേക്ക് ചെന്നു. കണാരൻചേട്ടന്റെ കയ്യിൽ ആ നൂറുരൂപ വച്ചുകൊടുത്തു, എന്നിട്ട് പറഞ്ഞു. ചേട്ടായീ ഞാൻ ഇന്നുമുതൽ ജോലിക്ക് പോയിത്തുടങ്ങി, തരാനുള്ള പൈസ ഞാൻ തന്നുകൊള്ളാം..ഇപ്പൊ ഇതിന് ഒരുകിലോ അരിയും കുറച്ചു പയറും തരണം...
കാണാരന്റെ കണ്ണ് നിറഞ്ഞു.. അദ്ദേഹം അവന് ആവശ്യമുള്ള സാധനങ്ങൾ നൽകാൻ തയ്യാറായി. പക്ഷേ ഹരിയതു വാങ്ങിയില്ല...അവൻ കയ്യിലുള്ള രൂപയ്ക്കുള്ള സാധനങ്ങൾ മാത്രംവാങ്ങി ഉറച്ച കാൽവെയ്പുമായി വീട്ടിലേക്ക് നടന്നു...
***************************
പുറകിലായി ഒരു കാൽപ്പെരുമാറ്റം കേട്ടിട്ടാണെന്നു തോന്നുന്നു ഹരി പതിയെ തിരിഞ്ഞുനോക്കി,
കയ്യിൽ ഒരുഗ്ലാസ്സ് വെള്ളവുമായി ഭാര്യ നീന..
അവൾ അയാളെ തറപ്പിച്ചു നോക്കി..
'എന്താ മനുഷ്യാ ഈ വയസ്സാൻ കാലത്ത് വല്ലാത്ത ഒരു പരുങ്ങൽ..കയ്യിലെന്താ..?
'ലൗ ലെറ്ററാണോ..ആർക്ക് കൊടുക്കാനുള്ള പുറപ്പാടിലാണ്..?'ഹരി ചിരിച്ചു.അയാൾ ആ പേപ്പർ അവൾക്കുനേരെ നീട്ടി.
അവളത് തട്ടിപ്പറിക്കുന്നതുപോലെ
പിടിച്ചു വാങ്ങി..എന്നിട്ട് ഉറക്കെ വായിച്ചു..
"പ്രണയം തുടിക്കുന്ന നിന്റെയാ
കണ്ണിലേക്ക് നോക്കി നിൽക്കുമ്പോൾ
എന്റെ ലോകം നിന്നിലേക്ക് ഒഴുകുക യാണ്..
ആദവും ഹവ്വയും ചെയ്തയാ തെറ്റ്
നമ്മളും ആവർത്തിക്കാതെ നിവർത്തിയില്ല..
കൺപീലികൾ താണ്ടിയിറങ്ങുമ്പോൾ
കാണുന്ന കാഴ്ച്ച നയനമനോഹരം...
റോസ്സാപ്പൂക്കൾ വിരിയുന്ന താഴ് വാരത്തിൽ... ആടിയുലയുന്ന റോസ്സാദളങ്ങൾക്കിടയിലായി ഇടയ്ക്കിടെ വിരിയുന്ന മുല്ലമൊട്ടുകൾ
ഹൊ..!
ഇനിയങ്ങോട്ട് എഴുതാൻ വയ്യാ
കൈ വിറച്ചിട്ടല്ല.. നെഞ്ചുലഞ്ഞിട്ടാണ്..
നാളത്തെ പുലർക്കാലം എനിക്കുള്ളതാണ് എന്റെ സ്നേഹം
നിന്നോട് പറയാനുള്ളതാണ്..
"എന്റെ ഹൃദയം നിനക്കുള്ളതാണെന്ന്..."
ഇത് നിന്നോട് നാളെ പറയാൻ കഴിഞ്ഞില്ലായെങ്കിലും
നീ കേട്ടിലെങ്കിലും..
ഈ തൂവെള്ളപേപ്പർ ഒരിക്കൽ നിന്നോട് ചൊല്ലും നീ എന്റെമാത്രമാണെന്ന്..
I love you... നീനാ..
അത്ഭുതം കൊണ്ട് അവളുടെ കണ്ണുകൾ കൂടുതൽ കുറുകി..എന്നിട്ട് ഹരിയോട് ചേർന്നുനിന്നു..അവരുടെ കണ്ണുകൾ തമ്മിലുടക്കി ചുണ്ടുകൾതമ്മിൽ കോർത്തു.........
ആ തൂവെള്ളകടലാസ്സിൽ പറഞ്ഞിരിക്കുന്നപോലെ ആദവും ഹവ്വയും ചെയ്തയാ തെറ്റ് അവർ ആവർത്തിക്കാതെ നിവർത്തിയില്ലല്ലോ...
അല്ലേ...?
Shajith..

1 comment:

  1. VALARE MANOHARAMAAYA KAVYATHMAKATHA THULUMPUNNA RACHANA..WELL JOB DONE BY SHAJITH ANANDESWARAM
    I REALY APRECIATE YOU..DEAR

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot