Slider

സതി

0
സതി.
---------
നീ പറയാറുണ്ട് എന്റെ പ്രാർത്ഥനകളാണ്
നിന്റെ ആയുസു കൂട്ടുന്നതെന്ന്.
നീ മറന്നു വെച്ചുപോയ യൗവ്വനം
വീർപ്പുമുട്ടിക്കയാണെന്നെ
ഒരു തലോടൽ കൊതിച്ച്..
ഒരു പാതിമരം പോലെ തനിച്ചാക്കി
ഉടൽ പകുത്തു മറഞ്ഞപ്പോൾ
ഇലകൊഴിഞ്ഞ ശിഖിരങ്ങളോടെ
ഞാനൊരു കാഴ്ച്ച വസ്തുപോലെ..
നിന്റെ ഓർമ്മകൾക്കുമേലെ
ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ
കനലുകളായ് പൊള്ളിക്കയാണു നീ.
തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ
ഉയിരെടുക്കുന്ന നിശ്വാസം
തേടുകയാണ് നിന്റെ ആ പൗരുഷം.
നീ മോഹിപ്പിച്ച സ്വപ്നങ്ങളിലേക്ക്
നടന്നടുക്കും മുന്നേ പാതിവഴിയിൽ
എന്നെ ഉപേക്ഷിച്ച് നീ സൃഷ്ടിച്ച ശൂന്യതയിൽ
നടുക്കം മാറാതെ പേടിയോടെ ഒറ്റക്ക്.
നീയലിഞ്ഞു ചേർന്ന അതേ മണ്ണിൽ
അതേ മാത്രയിൽ മരിച്ച ഞാനും
നിന്നെ ഓർക്കാൻ വേണ്ടി മാത്രം ജീവിക്കുന്നു.
ഓർക്കാറുണ്ട് സതിയെ
അഗ്നിയിലപ്രത്യക്ഷമായവളെ
ഉമിത്തീയിൽ നീറി നീറിയുരുകാതെ
ഒരു പിടി ചാരമായ് ഒരിക്കൽ മാത്രം
വേദനതിന്ന്...
ആത്മബലം ചോർത്തി നീയകന്നപ്പോൾ
മറ്റുള്ളവർക്ക് നിന്നെ ഓർക്കാൻ വേണ്ടി മാത്രം
ദുശ്ശകുനമായ ഞാൻ.
അഹല്യയെപ്പോലെ കല്ലായിരുന്നെങ്കിലെന്ന്
വെറുതേ ആശിച്ച്..
നിന്നിലെത്തും വരെയുള്ള ദൂരം
അതാണെന്റെ സ്വപ്നവും പേടിയും.
Babu Thuyyam.
17/03/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo