Slider

നാപ്പലം

0
നാപ്പലം.
പ്രാക്ക്, കണ്ണേറ് എന്നൊക്കെ കേട്ടിട്ടുണ്ടോ?.
അതാണീ വല്ലിമ്മാന്റെ ഭാഷയിൽ നാപ്പലം.
പത്ത് മുപ്പത് കൊല്ലം മുമ്പേ നടന്ന സംഭവമാ... എന്റെ കുട്ടിക്കാലം. എല്ലാം നോക്കിക്കണ്ട് മനസ്സിലാക്കുന്ന പ്രായം'..
കുടുംബം കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നെങ്കിലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലാ എന്നാണ് എന്റെ ഓർമ്മ.
വീട്ടിലെ പതിനാറ് സെന്റ് ഭൂമിയിൽ വീട് ഇരിക്കുന്ന സ്ഥലം ഒഴിച്ചുള്ള സ്ഥലങ്ങളിലെല്ലാം കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്തിരുന്നു.കൂടാതെ വാഴയും. അടുക്കള ഭാഗത്തായിരുന്നതിനാൽ വാഴ നന്നായി തഴച്ചുവളരുമായിരുന്നു. അതിലൊരു വെണ്ണീർ പൂവൻ ഒന്ന് കുലച്ചു.അതാണെങ്കിലോ ഭയങ്കര വലിപ്പവും. എന്റെ കുഞ്ഞു വയറിന് താൽക്കാലികാശ്വാസമായി ഒന്ന് കിട്ടിയാൽ തന്നെ മതിയായിരുന്നു. അത്രയ്ക്കും വലിപ്പമുണ്ടായിരുന്നു ഓരോ കായക്കും.
കായ മൂപ്പെത്തിത്തുടങ്ങിയപ്പോൾ വാപ്പാന്റെ ഒരു കണ്ണ് വാഴക്കുലയിൽ പതിക്കുന്നുണ്ടെന്ന് വല്ലിമ്മ മനസ്സിലാക്കി.
ഇന്നത്തെ പോലെയായിരുന്നില്ല അന്ന്. ഒരു ദിവസത്തെ വേതനത്തേക്കാൾ ഇരട്ടി ലഭിക്കുമായിരുന്നു അന്ന് ഒരു കുല വിറ്റാൽ.ആയത് കൊണ്ട് തന്നെ ഉമ്മ ആറ്റു നോറ്റ് നട്ടു നനച്ചുണ്ടാക്കിയ പഴം വാപ്പ വെട്ടിക്കൊണ്ടുപോയി വിൽക്കുന്നത് തടയാൻ ഉമ്മയും വല്ലിമ്മയും കനത്ത ജാഗ്രത തന്നെ പുലർത്തിയിരുന്നു.
ഞങ്ങൾ കുട്ടികൾ അതിരാവിലെ മദ്രസയിലേയ്ക്ക് പോകാൻ നേരം ചായക്കടിക്ക് വേണ്ടിയായിരുന്നു പഴം പൂർണ സംരക്ഷണം കൊടുത്ത് നിലനിർത്തിയത്.
വാപ്പാന്റെ നോട്ടം അതിരു കടക്കുന്നുണ്ട് എന്ന് മനസിലാക്കിയ വല്ലിമ്മ അരിവാകത്തിയെടുത്തു പ്രഖ്യാപിച്ചു. "ഈ കൊലവെട്ട്ണോന്റെ കജ്ജി ഞാൻ വെട്ടും" ന്ന്.
അത് കേട്ട് നിരാശനായി വാപ്പ കുലയിലേക്കുള്ള നോട്ടം മതിയാക്കി.
അങ്ങിനെയിരിക്കെ ഒരു ദിവസം 'മറ്റേ ചെങ്ങായി' അതിലൂടെ പോയത്രെ. പഴം കുല നോക്കി എന്തോ പറഞ്ഞത്രെ.
അയൽവാസി സ്ത്രീയാണ് ഉമ്മയോട് ആ വിവരം പറഞ്ഞത്. അയാൾ എന്ത് പറഞ്ഞാലും അത് തട്ടാതിരിക്കില്ല എന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് ഉടനെത്തന്നെ ഉമ്മ വല്ലിമ്മാനെയും വാപ്പാനെയും വിവരമറിയിച്ചു.
ഒരു ഏറ്റുമുട്ടൽ ഇല്ലാതെത്തന്നെ കീഴടങ്ങേണ്ടി വന്ന വല്ലിമ്മ പഴം കുലവെട്ടാൻ വാപ്പാനെ സഹായിക്കുന്ന രംഗമാണ് പിന്നെ കണ്ടത്.
അത്യാഹ്ളാദത്തോട് കൂടി കുല ഏറ്റി അങ്ങാടിയിലേക്ക് പോയ വാപ്പ കൈ നിറയെ സാധനങ്ങളുമായാണ് തിരിച്ചു വന്നത്.
പക്ഷെ വല്ലിമ്മാന്റെ ഭാഷയിലെ 'നാപ്പലം' ഫലിക്കണമല്ലൊ.
പഴം നല്ല വലിപ്പമുണ്ടായിരുന്നത് കൊണ്ട് ഒരു ഹോട്ടലുകാരനാണ് ആ കുലവാങ്ങിയത്.പഴത്തിന്റെ എണ്ണം കണക്കാക്കിയാണ് വിൽപന നടത്തിയത്. ഹോട്ടലിന്റെ അടുക്കളക്ക് പുറത്ത് വച്ച് എണ്ണിക്കണക്കാക്കി വാതിലിൽ ചാരി വച്ചു.വാപ്പ പണം വാങ്ങി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോരുകയും ചെയ്തു.
നാപ്പലം ഫലിക്കണമല്ലൊ.
ആ സമയത്താണ് ഹോട്ടലിന്റെ അടുക്കളക്ക് പുറത്ത് റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന ചകിരിയും ചിരട്ടയും അകത്തേക്ക് കയറ്റാൻ തമിഴൻമാർ വന്നത്. അവർ പണി തുടങ്ങി. വഴിയിൽ തടസ്സമായ പഴം കുല എടുത്ത് പൊറാട്ടക്കല്ലിൽ വച്ചു.പൊറാട്ടക്കല്ലാണെങ്കിലോ നല്ല ചൂടുമായിരുന്നു.
പൊറാട്ടക്കല്ലിൽ ദോശ ചുടുന്ന ശബ്ദം കേട്ടാണ് മുതലാളി അടുക്കളയിൽനിന്ന് ഓടി വന്നത്. അടുക്കളയിൽ നിറയെ പുക നിറഞ്ഞിരുന്നതിനാൽ എന്താ സംഭവമെന്ന് മനസ്സിലാക്കിയെടുക്കാൻ അൽപം താമസമെടുത്തു.
സംഭവം മനസ്സിലായപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു സൂർത്തുക്കളെ എല്ലാം കഴിഞ്ഞിരുന്നു.
എന്നാലും നാപ്പലത്തിന്റെ ഒരു ശക്തിയേ..... എന്താല്ലെ?
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo