Slider

പടിപ്പുര കടന്നൊരാൾ ഭാഗം - 1

0

പടിപ്പുര കടന്നൊരാൾ ഭാഗം - 1
-------------------------------------------------
തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം കലർന്ന വായു എന്റെ ഉള്ളിലേക്ക് കടന്ന് ശ്വാസകോശത്തിനോളം എത്തി. പിന്നെ അത് തിരികെ മൂക്കിലൂടെ പുറത്തേക്ക് പ്രവഹിച്ചു. എന്തോ ഒരു നിർവൃതി ലഭിച്ചതുപോലെ ഞാൻ കണ്ണുകളടച്ച് നിന്നു. പിന്നെ ആ പടവുകളിൽ ഇരിപ്പുറപ്പിച്ചു.
സുഖകരമായ അനുഭൂതിയായിരുന്നു അൽപനേരം. സിഗരറ്റ് വലിക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഈ കുളപ്പുരയിൽ വന്നിരിക്കുന്നത്. അല്ലെങ്കിലും എനിക്ക് ഈ സ്ഥലത്തിനോട് അല്പം ഇഷ്ടക്കൂടുതൽ ഉണ്ട്. ഇവിടെ ഈ പച്ചനിറം കലർന്ന വെള്ളവും പായൽ നിറഞ്ഞ പടവുകളും കാണുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. കൂട്ടിന് ഈ സിഗരറ്റും...
ആ സുഖത്തിലങ്ങനെ ആറാടി ഇരിക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്. എന്റെ രസച്ചരട് പൊട്ടിയതിന്റെ എല്ലാ അലോസരത്തോടും കൂടി ഞാൻ തിരിഞ്ഞ് നോക്കി. സൗമ്യ. അമ്മാവന്റെ മകളാണ്. ഓടിക്കിതച്ച് വന്നിരിക്കുകയാണ്. അല്ലെങ്കിലും എനിക്ക് ഇത്തിരി നേരം തനിച്ചിരിക്കാൻ പോലും സ്വസ്ഥത തരാതെ അവൾ എപ്പോഴും പുറകെ കാണും. അസ്വസ്ഥതയോടെ ഞാൻ അവളെ നോക്കി ചോദിച്ചു.
"എന്താടി... കുറച്ച് നേരം തനിച്ചിരിക്കാനും വിടില്ലേ നീ...?"
അവൾ നിന്നു കിതച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ അവളുടെ മുഖഭാവത്തിൽ എന്തോ ഗൗരവമുള്ള വിഷയം പറയാനാണ് വന്നതെന്ന് തോന്നി. സംശയത്തോടെ ഞാൻ അവളെ നോക്കി. അല്പം നേരം കഴിഞ്ഞപ്പോൾ അവൾ കിതപ്പൊതുക്കി പറഞ്ഞു.
"അവിടെ... അവിടെ... കിച്ചുവെട്ടനെ അന്വേഷിച്ച്..."
"എന്നെ അന്വേഷിച്ചോ? ആര്?"
"ആ... അറിയില്ല... ഒരു പെണ്ണാ..."
"പെണ്ണോ...?"
ആശ്ചര്യത്തോട് കൂടിയാണ് ഞാൻ ചോദിച്ചത്. എന്നെ അന്വേഷിച്ച് സ്ത്രീകൾ ആരെങ്കിലും വരാനുള്ള ഒരു സാഹചര്യവും ഉള്ളതായി എനിക്കപ്പോൾ തോന്നിയില്ല. കൈയിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞ് ഞാൻ കുളപ്പുരയിൽ നിന്ന് പുറത്തേക്ക് നടന്നു. ഒപ്പം അവളും. നടത്തിനിടയിൽ എന്റെ ചിന്ത മുഴുവൻ എന്നെ തേടി വന്ന സ്ത്രീ ആരെന്നുള്ളതായിരുന്നു. അതറിയാനുള്ള ആകാംക്ഷയിൽ കാലുകൾ വലിച്ചു വച്ച് ഞാൻ അതിവേഗം നടന്നു. എനിക്കൊപ്പം എത്താൻ സൗമ്യ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
പടിപ്പുരയിലേക്ക് കടന്നപ്പോൾ ആദ്യം കണ്ടത് ചെറിയമ്മാവനെ ആണ്. പിന്നെ പിന്തിരിഞ്ഞ് നിൽക്കുന്ന ഒരു സ്ത്രീരൂപവും. ആ പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു അമ്മാവൻ. പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ മുഖം കാണാനായില്ലെങ്കിലും ആ രൂപലാവണ്യം ഏറെ പരിചിതമായി തോന്നി.
അഴിഞ്ഞു കിടക്കുന്ന മുടിയിഴകൾ അവളുടെ ശരീരപ്രകൃതിയെ മറച്ചു പിടിച്ചുവെങ്കിലും ആ രൂപം ഏതൊരു പുരുഷനേയും ആകർഷിക്കും വിധം ആയിരുന്നു. എങ്കിലും മുഖം കാണാതെ ഞാൻ വല്ലാത്ത വിമ്മിഷ്ടത്തിലായി.
മുറ്റത്തേക്ക് കടന്ന എന്നെ ചെറിയമ്മാവൻ കണ്ടു. എന്നെ ചൂണ്ടി അദ്ദേഹം അവളോട് എന്തോ പറഞ്ഞു. അടുത്ത നിമിഷം അവൾ പിന്തിരിഞ്ഞ് എന്നെ നോക്കും എന്ന് ഞാൻ കരുതി. പക്ഷെ അതുണ്ടായില്ല. പിന്നെയും കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് അവൾ മുഖം തിരിച്ചത്. അപ്പോഴേക്കും ഞാൻ മുറ്റത്ത് നിന്നും പൂമുഖത്തേക്ക് കയറിയിരുന്നു.
എന്നെ കണ്ട മാത്രയിൽ അവൾ ഒന്ന് പുഞ്ചിരിച്ചു. പക്ഷെ ആ മുഖം കണ്ട ഞാൻ ഒന്ന് ഞെട്ടി. കണ്ണുകൾ വിടർത്തി ഞാനവളെ ഒന്ന് കൂടി നോക്കി. ആളെ തിരിച്ചറിഞ്ഞ നിമിഷം എന്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങി. എന്റെ മുഖം അപ്രതീക്ഷിതമായി അവളെ കണ്ടതിന്റെ എല്ലാ ഭാവങ്ങളും പ്രകടിപ്പിച്ചു. നിമിഷങ്ങൾ എടുത്തു ഞാൻ ആ അവസ്ഥയിൽ നിന്നും മോചിതനാവാൻ.
"നിന്നെ അന്വേഷിച്ച് വന്നതാ... ബാംഗ്ലൂരിൽ നിന്നാത്രെ..."
അമ്മാവന്റെ സംസാരത്തിൽ വല്ലാത്തൊരു സംശയം പ്രകടമായിരുന്നു. എന്റെ മുഖഭാവം അതിനൊരു പ്രധാന കാരണമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അമ്മാവന്റെ ശബ്ദം എന്നെ സ്ഥലകാലബോധത്തിലേക്ക് മടക്കി കൊണ്ടുവന്നു.
"നീ അറിയില്ലേ ഈ കുട്ടിയെ..?"
"ഉവ്വ്..."
അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ഞാൻ മറുപടി പറഞ്ഞു. തെല്ലൊരാശ്വാസം ആ മുഖത്ത് കണ്ടുവോ? എനിക്ക് സംശയമായി. എന്തിനാണിവൾ വന്നത് എന്നറിയാനായിരുന്നു അടുത്ത ആകാംക്ഷ. അത് ചോദിച്ചറിയുന്നതിന് മുൻപ് അമ്മാവനെ അവിടെ നിന്നും ഒഴിവാക്കണം. ഒപ്പം സൗമ്യയെയും. എല്ലാവരുടെയും മുൻപിൽ വച്ച് വന്ന വിവരം ചോദിക്കുന്നത് പന്തിയല്ല.
"എനിക്കറിയാം അമ്മാവാ... ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്."
ആശ്വാസത്തിന്റെ ചെറു പുഞ്ചിരി അദ്ദേഹത്തിലുണ്ടായി. എങ്കിലും എന്നെ തേടി ഒരു പെൺകുട്ടി വരാൻ മാത്രം എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷയും ആ മുഖത്തുണ്ടായിരുന്നു. അത് പുറമെ കാണിക്കാതെ അദ്ദേഹം ഞങ്ങൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം തന്നുകൊണ്ട് അകത്തേക്ക് പോയി.
സൗമ്യ അപ്പോഴും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സംസാരം കേൾക്കുക എന്നത് തന്നെയാണ് അവളുടെ ലക്‌ഷ്യം. ഒപ്പം വന്നതാരാണെന്ന് അറിയണം. അതറിഞ്ഞാൽ ഉടൻ അകത്ത് പോയി അമ്മയോടും അമ്മായിമാരോടും പറയും എന്നറിയാവുന്നതുകൊണ്ട് തന്നെ എത്രയും വേഗം അവളെ ഒഴിവാക്കാൻ ഞാൻ ധൃതിപ്പെട്ടു.
"നീ അകത്ത് ചെന്ന് കുടിക്കാൻ എന്തെങ്കിലും എടുക്ക്..."
ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെടാതെ അവൾ എന്നെ നോക്കി. ആ നോട്ടത്തെ ഞാൻ അവഗണിച്ചു എന്ന് കണ്ടപ്പോൾ അവൾ മെല്ലെ അകത്തേക്ക് പോയി.
"ആരാത്?"
വർഷങ്ങൾക്ക് ശേഷം അവളുടെ ശബ്ദം കേട്ടപ്പോൾ തോന്നിയ വികാരം എന്തെന്ന് വേർതിരിച്ചെടുക്കാനായില്ല. ആ സ്വരമൊന്ന് കേൾക്കാൻ കാതോർത്തിരുന്ന കാലം മനസ്സിലേക്ക് ഓടിയെത്തി. അത് മറച്ചുവച്ച് ഞാൻ ചോദിച്ചു.
"നീ എന്താ ഇവിടെ?"
"ഞാൻ കിഷോറിനെ കാണാൻ വന്നതാണ്.."
"എന്തിന്?"
"കാണണം എന്ന് തോന്നി..."
"അതാ ചോദിച്ചത് എന്തിന്?"
"ചുമ്മാ... കാണാൻ ഒരു ആഗ്രഹം."
ആ വാക്കുകളിൽ എനിക്കെന്തോ ഒരു പന്തികേട് മണത്തു. അൽപനേരം ഞാൻ അവളെ വീക്ഷിച്ചു. ഒട്ടും കൂസലില്ലാതെ നിൽക്കുന്നു. മുൻപൊരിക്കലും ഇവളെ ഇങ്ങനെ കണ്ടിട്ടില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന പ്രകൃതമാണ്. ആ ഭാവമേ അല്ല ഇപ്പോൾ അവളുടെ മുഖത്ത്. വല്ലാത്തൊരു നിശ്ചയദാർഢ്യം ഉള്ളത് പോലെ. അതെന്നെ ആശങ്കയിലാക്കി.
"എന്താ നിന്റെ വരവിന്റെ ഉദ്ദേശ്യം...?"
"ഞാൻ പറഞ്ഞില്ലേ കിഷോർ... കാണാനാണ് വന്നത്."
"എന്തിനാ എന്നെ കാണുന്നത് എന്നാ ചോദിച്ചത്..."
ഈർഷ്യയോടെ ഞാൻ ചോദിച്ചു.
"അത്... ഞാൻ അന്ന് അങ്ങനൊക്കെ പറഞ്ഞത് ശരിയായില്ല എന്ന് തോന്നി. നേരിൽ കണ്ട് സംസാരിക്കണം എന്ന് ഒരാഗ്രഹം. ഉടൻ പുറപ്പെട്ടു. അത്രതന്നെ."
"വെറുതെ തോന്നിയ തോന്നലിന്റെ പേരിൽ ഇത്രേം ദൂരം നീ എന്നെ അന്വേഷിച്ച് വന്നു അല്ലെ..."
അവൾ മിണ്ടിയില്ല.
"അങ്ങനെ ഒന്നും ചിന്തിക്കാതെ നീ വരില്ലല്ലോ..."
പിന്നെയും മൗനം ആയിരുന്നു മറുപടി. പക്ഷെ മുഖഭാവത്തിൽ തെല്ലും കുലുക്കം ഉണ്ടായില്ല.
"മീര... തമാശ കള. എന്നെ അന്വേഷിച്ച് തറവാട്ടിലേക്ക് വരാൻ മാത്രം എന്താ കാര്യം...?"
"സത്യം കിഷോർ. അന്ന് പറഞ്ഞതൊക്കെ തെറ്റായി എന്ന് തോന്നി. ഒക്കെ തിരുത്തണം എന്നും തോന്നി. അതാണ് വന്നത്."
"ഞാൻ ഇവിടെ ആണെന്ന് എങ്ങനെ നിനക്ക് മനസ്സിലായി..?"
"അതൊക്കെ എളുപ്പമല്ലേ... കിഷോറിന്റെ ബയോഡാറ്റ ഇപ്പോഴും എന്റെ കൈയ്യിൽ ഉണ്ട്."
"അതിൽ ഫോൺ നമ്പറും ഉണ്ടായിരുന്നല്ലോ... നിനക്ക് വിളിക്കാമായിരുന്നില്ലേ..."
"വിളിക്കാമായിരുന്നു. പക്ഷെ അപ്പോൾ ഇങ്ങനെ എന്നെ കണ്ട് ഞെട്ടി നിൽക്കുന്ന കിഷോറിനെ കാണാൻ പറ്റില്ലല്ലോ..."
ഞാൻ അവളെ തന്നെ നോക്കി നിന്നു. പഴയ മീരയല്ല മുൻപിൽ നിൽക്കുന്നത്. എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. ഈ വരവ് വെറുതെയല്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. എത്രയും വേഗം അവളെ ഒഴിവാക്കുന്നതിനെക്കുറിച്ചായി അടുത്ത ചിന്ത.
"ആദ്യമായിട്ട് തറവാട്ടിലേക്ക് വന്നിട്ട് ഒന്നിരിക്കാൻ കൂടി പറഞ്ഞില്ലല്ലോ കിഷോർ..?"
"നീ എന്നെ കാണാൻ അല്ലെ വന്നത്. കണ്ടില്ലേ... ഇനി ഇരുന്ന് സുഖിക്കാതെ വേഗം പോവാൻ നോക്ക്..."
"എന്നോട് അത്രക്ക് ദേഷ്യമാണല്ലേ..."
"എന്നെ വേണ്ടെന്ന് പറഞ്ഞ് പോയവളെ സ്നേഹിക്കേണ്ട ആവശ്യം എനിക്കില്ല."
അല്പം കടുപ്പിച്ച് തന്നെയാണ് അത് പറഞ്ഞത്. പക്ഷെ അതിൽ ഒട്ടും സത്യമില്ലെന്ന് ആ നിമിഷം എനിക്ക് തന്നെ തോന്നി. അവളുടെ മുഖം അല്പമൊന്ന് വാടിയോ എന്ന് സംശയിച്ച് നിൽക്കുമ്പോഴേക്കും ഒരു മുരടനക്കം കേട്ടു.
ചെറുതായി ഒന്ന് ഞെട്ടി ഞാൻ. പിന്നിൽ വല്യമ്മാവാൻ ആണ്. തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ആണ് വല്യമ്മാവൻ. നാട്ടിലും വീട്ടിലും എല്ലാവരുടെയും അവസാന വാക്കാണ് അദ്ദേഹം. ആരോടും അങ്ങനെ ദേഷ്യപ്പെടുകയോ വഴക്ക് പറയുകയോ ചെയ്യുകയില്ലെങ്കിലും എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ മാത്രമേ അദ്ദേഹത്തെ നോക്കാറുള്ളൂ.
ഞാൻ പറഞ്ഞതെന്തെങ്കിലും അമ്മാവൻ കേട്ടുവോ എന്ന ഭയത്തിൽ നിന്നു. ഞങ്ങൾക്ക് നേരെ നടന്നടുത്ത അമ്മാവൻ എന്നെയും അവളെയും സൂക്ഷിച്ച് നോക്കി. ആരാണ് എന്ന ഭാവത്തിൽ എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു.
"എന്റെ ഫ്രണ്ട് ആണ് അമ്മാവാ..."
ഒരു പുഞ്ചിരി അദ്ദേഹം അവൾക്ക് നൽകി. അവൾ പക്ഷെ ഒന്നും മിണ്ടാതെ അമ്മാവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"എന്താ ഇവിടെ തന്നെ നിർത്തിയത്. അകത്തേക്ക് ഇരുത്താമായിരുന്നില്ലേ..."
അവളെ എത്രയും വേഗം ഒഴിവാക്കാൻ തുനിഞ്ഞ എനിക്ക് അവളെ അകത്തേക്ക് കടത്താൻ തെല്ലും താല്പര്യം തോന്നിയില്ല. അകത്തുള്ളവരുടെ ചോദ്യങ്ങളും സംശയങ്ങളും തന്നെയാണ് അതിന് കാരണം. എന്തെങ്കിലും മറുപടി പറയാൻ ഞാൻ ആലോചിക്കുമ്പോഴേക്കും അവൾ പറഞ്ഞു.
"ധൃതിയില്ല. ഞാൻ കുറച്ച് ദിവസം കാണും ഈ നാട്ടിൽ. എനിക്ക് ഇവിടെ ചില അത്യാവശ്യങ്ങൾ ഉണ്ട്. താമസിക്കാൻ ഒരു സ്ഥലം ഏർപ്പാടാക്കി തന്നാൽ മതി."
അത്ഭുതത്തോടെ ഞാൻ അവളെ നോക്കി. എന്റെ മുഖത്തെ ഭാവം മനസ്സിലാക്കി തന്നെ അവൾ നന്നായൊന്ന് പുഞ്ചിരിച്ചു. അത് ആസ്വദിക്കാൻ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ സമ്മതിച്ചില്ല.
"ഇവിടെ താമസിക്കാലോ... കിച്ചൂ... അകത്ത് ചെന്ന് ഈ കുട്ടിക്ക് ഒരു മുറി കൊടുക്കാൻ പറയൂ..."
വളരെ ആതിഥ്യ മര്യാദയോടെ അദ്ദേഹം അങ്ങനെ പറഞ്ഞിട്ട് അകത്തേക്ക് പോയി. എന്റെ സുഹൃത്തെന്ന വിശ്വാസത്തിലാണ് അമ്മാവൻ അവൾക്ക് തറവാട്ടിൽ താമസിക്കാൻ അനുവാദം കൊടുത്തത് എന്നെനിക്കറിയാം. ഞാൻ സ്നേഹിച്ചിരുന്ന പെണ്ണാണ് ഇവൾ എന്നറിഞ്ഞാൽ ഇതായിരിക്കില്ല അദ്ദേഹത്തിന്റെ പ്രതികരണം. തികച്ചും യാഥാസ്ഥികരായ എന്റെ വീട്ടുകാർക്ക് ഇതൊക്കെ ഒരു വലിയ വിഷയം തന്നെ ആകും എന്നെനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം മീരയെ ഒഴിവാക്കണം എന്ന് എനിക്ക് തോന്നി. വല്ലാത്തൊരു ടെൻഷനോടെ ഞാൻ അവളെ തുറിച്ച് നോക്കി. അത് മനസ്സിലാക്കിയെന്നോണം അവൾ തുടർന്നു.
"കിഷോർ... എനിക്ക് ചില അത്യാവശ്യങ്ങൾ ഉണ്ട്. അതിനാണ് വന്നത്. കിഷോറിനെ ഒരു തരത്തിലും ഞാൻ ബുദ്ധിമുട്ടിക്കില്ല. താമസിക്കാൻ ഒരു സ്ഥലം വേണം. അതിവിടെ ആയാൽ അത്രയും സന്തോഷം. കിഷോറിനെ ഒരു തരത്തിലും പ്രയാസപ്പെടുത്താതെ വന്ന കാര്യം കഴിഞ്ഞ് ഞാൻ മടങ്ങിപ്പോകും. അത് വരെ കിഷോർ എന്നെ സഹായിച്ചേ പറ്റൂ. പ്ലീസ്... "
അവൾ പറഞ്ഞതിന്റെ അർത്ഥം മുഴുവൻ വ്യക്തമാകാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു.
******
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo