Slider

കള്ളൻ പത്രോസും അയ്യപ്പൻ പിള്ളയുടെ 'പ്രാണസഖി'യും.......

0
കള്ളൻ പത്രോസും അയ്യപ്പൻ പിള്ളയുടെ 'പ്രാണസഖി'യും.......
....................
ഈ കഥ നടക്കുന്നത് വളരെ വർഷങ്ങൾക്ക് മുമ്പാണ്..കൃത്യമായി പറഞ്ഞാൽ കാര്യസാധനത്തിനായി കക്കൂസുകൾ അത്ര വ്യാപകമാകാത്ത കാലം..ഉള്ളവരിൽ തന്നെ മുതിർന്നവർക്ക് കക്കൂസിൽ ഇരുന്നാൽ വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു.. അപ്പോൾ ആ കാലഘട്ടത്തെ കുറിച്ച് നിങ്ങൾക്ക് ഒരു ഏകദേശ ധാരണയായി കാണുമല്ലോ...ഇനി കഥയിലേക്ക്..
നാട്ടിലെ ആസ്ഥാന കള്ളനാണ് കള്ളൻ പത്രോസ്.. പക്ഷെ പത്രോസ് കള്ളനാണെന്ന് ആർക്കും അറിയില്ലെന്ന് മാത്രം.. ആസ്ഥാന കള്ളൻ പട്ടം ചൂടുന്നതിന് മുമ്പ് പത്രോസ് കള്ളനാണെന്ന് അറിയാവുന്ന ഒരേ ഒരാൾ അയ്യപ്പൻ പിള്ളയാണ്..ആ നാട്ടിലെ കിരീടം വെക്കാത്ത ഒരു ചെറിയ രാജാവാണ് മൂപ്പിലാൻ..പ്രമാണിയും സർവ്വോപരി ദാനശീലനും പരോപകാരിയുമായ പിള്ളേച്ചനെ ആ നാട്ടുകാർക്ക് വലിയ കാര്യമാണ്.. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പിള്ളേച്ചന് ഒരു ദുശീലമുണ്ട്..അത് ദുശീലമാണെന്ന് പറയാനും പറ്റില്ല..പിള്ളേച്ചൻ്റെ വീട്ടിൽ രണ്ടു കക്കൂസുകൾ ഉണ്ടെങ്കിലും വെളിക്കിരിക്കാൻ പിള്ളേച്ചന് നല്ല വിശാലമായ പറമ്പ് വേണം..സ്വന്തമായി പത്തിരുപതു ഏക്കർ പറമ്പുണ്ടെങ്കിലും ആരാൻ്റെ പറമ്പിൽ കാര്യം സാധിക്കാൻ പിള്ളേച്ചന് ഭയങ്കര താല്പര്യമാണ്... പറമ്പിൻ്റെ മൂലയിലുള്ള അതിരാണി കാടുകളുടെ ഇടകളും നല്ല വാഴതോപ്പുകളുടെ മറയുമൊക്കെയാണ് പിള്ളേച്ചൻ്റെ വിഹാരകേന്ദ്രം.
പിള്ളേച്ചൻ്റെ അതിരാവിലെയുള്ള കലാപരിപാടികൾ കഴിഞ്ഞാൽ പിന്നെ മൂപ്പർക്കൊരു വെപ്രാളമാണ്..തൊട്ടടുത്തുള്ള തോടാണ് ലക്ഷ്യം അതിനിടയിൽ ആരും കാണുന്നില്ലെന്ന് ഉറപ്പിക്കണം..ട്രൗസർ തോളത്ത് മടക്കി പിടിച്ച് ഒരു പ്രത്യേക രീതിയിലുള്ള നടത്തം..ഈ നടത്തവും അതിരാണി കാടുകളുടെ ഇടയിലൂടെയുള്ള പിള്ളേച്ചൻ്റെ പരാക്രമവും നാട്ടുകാരിൽ പലരും കണ്ടിട്ടുണ്ടെങ്കിലും ആരും അതിനെ കുറിച്ച് ഒന്നും പറയാറില്ല.. കാരണം നാട്ടുകാർക്ക് അത്യാവശ്യത്തിന് പണം കടം കൊടുക്കുന്നതും വല്ല സഹായത്തിനും പോയാൽ കൈയയച്ച് സഹായിക്കുന്നതും പിള്ളേച്ചനാണ്..അങ്ങനെയുള്ള പിള്ളേച്ചനെ പിണക്കുന്നത് ശരിയല്ലല്ലോ!!..പക്ഷെ ഇതൊന്നും ആരും കാണുന്നില്ലെന്നാണ് ശുദ്ധഗതിക്കാരനായ പിള്ളേച്ചൻ്റെ വിചാരം.
പതിവ് പോലെ പിള്ളേച്ചൻ അതിരാവിലെ എഴുന്നേറ്റ് തൻ്റെ കലാപരിപാടികൾക്കായി അതിരാണി കാട്ടിലേക്ക് വച്ചു പിടിച്ചു... അതിരാണി കാടിൻ്റെ ഓരത്ത് കുറച്ചു കവുങ്ങുകളിൽ നിറയെ അടക്കകൾ കായ്ച്ചു നില്ക്കുന്നുണ്ട്...പിള്ളേച്ചൻ തൻ്റെ വള്ളി ട്രൗസർ ഊരി വിസ്തരിച്ചങ്ങിരുന്നു..'താമസമെന്തേ വരുവാൻ പ്രാണസഖി'എന്ന് പാടി കൊണ്ടിരിക്കുമ്പോൾ തൊട്ട് മുന്നിലുള്ള കവുങ്ങ് ചെറുതായി ആടുന്നില്ലേ എന്നൊരു സംശയം..തനിക്ക് തോന്നിയതായിരിക്കും എന്ന് കരുതി വീണ്ടും 'പ്രാണസഖി'യുടെ വരവിനായി പാടി..വീണ്ടും അതാ കവുങ്ങ് ആടി കൊണ്ടിരിക്കുന്നു..പിള്ളേച്ചൻ കവുങ്ങിൻ്റെ മുകളിലേക്ക് നോക്കി..അപ്പോഴതാ തന്നെയും നോക്കി കൊണ്ട് കടിച്ചു പിടിച്ച അടക്കാകുലയുമായി കുന്നേൽ പത്രോസ് കവുങ്ങിൻ്റെ മുകളിൽ..താഴേക്ക് ഇറങ്ങാനാവാതെ പത്രോസും 'പ്രാണസഖി'മുഴുവനാക്കാൻ പറ്റാതെ നമ്മുടെ പിള്ളേച്ചനും നിന്നു പരുങ്ങി..ഒരുവിധം താഴേക്ക് ഇറങ്ങിയ പത്രോസ് പിള്ളേച്ചനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു..
"പത്രോസെ,അപ്പോൾ നീയാണല്ലേ ഇവിടുത്തെ അടക്കയും തേങ്ങയുമെല്ലാം കക്കുന്നത്..ഈ വിവരം അടുത്ത പഞ്ചായത്ത് കൂടുമ്പോൾ ഞാൻ അറിയിക്കും"
"പിള്ളേച്ചാ..പിള്ളേച്ചൻ എന്നെ പറ്റി പറഞ്ഞാൽ ഞാൻ പിള്ളേച്ചൻ്റെ കാര്യവും പഞ്ചായത്തിൽ പറയും..ഞാൻ പിള്ളേച്ചനെ നാറ്റിക്കും"
'ഇത്രയും വലിയ കളവ് നടന്നിട്ട് നാട്ടു പ്രമാണിയായ താനത് ജനങ്ങളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?ഇനി അറിയിച്ചാൽ എൻ്റെ കാര്യം പത്രോസ് എല്ലാവരെയും അറിയിക്കുകയും ചെയ്യും..ഇനി ഒറ്റ വഴിയേയുള്ളു'
"പത്രോസേ നമുക്കൊരു ധാരണയിൽ അങ്ങ് പോകാം.. ഞാൻ നീ കക്കുന്നത് കണ്ടിട്ടുമില്ല... നീയെന്നെ ഇങ്ങനെയൊരു അവസ്ഥയിൽ ഇവിടെ കണ്ടിട്ടുമില്ല.. പോരെ"
"എന്നാപ്പിന്നെ അങ്ങനെയാവട്ടെ പിള്ളേച്ചാ..പിള്ളേച്ചൻ്റെ നാവു പിഴച്ചാൽ എൻ്റെ നാവും പിഴയ്ക്കും"
അതിനുശേഷം പത്രോസ് തൻ്റെ ബിസിനസ് വിപുലികരിച്ചു..വല്ലപ്പോഴുമുണ്ടായിരുന്ന മോഷണം സ്ഥിരമാക്കി..നാട്ടിലെ ചക്കയും മാങ്ങയും തേങ്ങയും അടക്കയും സ്ഥിരമായി മോഷണം പോകുന്നതിനാൽ നാട്ടുകാർ ഒരു കർമ്മ സമിതി രൂപികരിക്കാൻ തീരുമാനിച്ചു.. അതിൻ്റെ നേത്യത്വത്തിലേക്ക് ചെറുപ്പക്കാരനും തൻ്റേടിയുമായ കുന്നേൽ പത്രോസിനെ നിയമിക്കാൻ തീരുമാനിച്ചു.. അയ്യപ്പൻ പിള്ള എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പത്രോസിൻ്റെ ഒരു നോട്ടം ആ ഉദ്യമത്തെ പരാജയപ്പെടുത്തി..രാവും പകലും കാവലിരുന്നിട്ടും കള്ളനെ മാത്രം നാട്ടുകാർക്ക് കിട്ടിയില്ല..ആ ബുദ്ധിയുള്ള കള്ളൻ ചിലർക്ക് തലവേദനയും ചിലർക്ക് വീരപുരുഷനുമായി..അപ്പോഴും ആരാണ് യഥാർത്ഥ കള്ളനെന്ന് അറിയാവുന്ന പിള്ളേച്ചൻ മൗനിയായി തന്നെയിരുന്നു.
അങ്ങനെയിരിക്കെയാണ് പിള്ളേച്ചന് അത്യാവശ്യമായി കോഴിക്കോട് വരെ പോകേണ്ടി വന്നത്‌..അതുകൊണ്ട് തന്നെ പിള്ളേച്ചൻ പിള്ളേച്ചൻ്റെ കലാപരിപാടികൾ വളരെ നേരത്തെ പൂർത്തിയാക്കി വെളുപ്പിനുള്ള വണ്ടിയിൽ കയറി കോഴിക്കോടേക്ക് വച്ചു പിടിച്ചു..പക്ഷെ അന്ന് പിള്ളേച്ചൻ തൻ്റെ സ്ഥിരം സ്ഥലം ഒഴിവാക്കി.. അതിന് കാരണം നല്ല ഇരുട്ടായതിനാലും അതിരാണി കാടിന്റെ അവിടെയാണ് അന്നത്തെ കർമ്മ സമിതിയുടെ പരിശോധന എന്നത് കൊണ്ടും വീടിന്റെ അടുത്തുള്ള സ്ഥലമായ മൂസാൻ്റെ പറമ്പിൽ തന്നെ തൻ്റെ 'പ്രാണസഖി'യെ ഉപേക്ഷിച്ചു..പതിവ് പോലെ രാത്രിയിലെ കാവലിന് ശേഷം പത്രോസ് തൻ്റെ പതിവ് ജോലിക്കായി കർമ്മസമിതിയുടെ നിരീക്ഷണത്തിൽ അല്ലാത്ത മൂസാൻ്റെ പറമ്പിലേക്ക് കയറി..അന്ന് രാവിലെ വലിയൊരു ഞെട്ടലുളവാക്കുന്ന വാർത്ത കേട്ടാണ് ആ നാടുണർന്നത്.
കർമ്മസമിതിയുടെ നായകനും ചെറുപ്പക്കാരനുമായ കുന്നേൽ പത്രോസ് മൂസാൻ്റെ പറമ്പിലെ കവുങ്ങിൽ നിന്ന് താഴെ വീണു കിടക്കുന്നു. അപ്പോൾ പത്രോസിൻ്റെ അടുത്ത് തന്നെ ഒരു കുല അടക്കയും ഉണ്ടായിരുന്നു..ആരുടെയോ ഭാഗ്യം കൊണ്ട് പത്രോസിന് കാര്യമായി ഒന്നും പറ്റിയിരുന്നില്ല.. മുൻനിരയിലെ ഒന്നു രണ്ടു പല്ലുകൾ പോവുകയും വലത്തേ കൈയുടെ എല്ലു പൊട്ടുകയും മാത്രമേ ചെയ്തുള്ളു..പത്രോസിൻ്റെ വീഴ്ച കാണാൻ പോയവർക്കൊക്കെ പത്രോസിൻ്റെ കിടപ്പു കണ്ട് ചിരിയടക്കാൻ വയ്യാതായി... പത്രോസ് മുഖമടിച്ചു വീണത് അല്പം മുമ്പ് അയ്യപ്പൻ പിള്ള ഉപേക്ഷിച്ചു പോയ പിള്ളയുടെ 'പ്രാണസഖി'യുടെ മുകളിലേക്കായിരുന്നു..പത്രോസും 'പ്രാണസഖി'യും കെട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച കണ്ട് സ്ത്രീകളും കുട്ടികളുമടക്കം വായ്പൊത്തി ചിരിച്ചു..
ഇത്രയും കാലം തങ്ങളെ പറ്റിച്ച കള്ളൻ പത്രോസിനെ നാട്ടുകാർ ശരിക്കും പഞ്ഞിക്കിട്ടു..അതോടെ ആസ്ഥാന കള്ളനെന്ന ബഹുമതി പത്രോസിന് നാട്ടുകാർ ചാർത്തി കൊടുത്തു..ഇതൊന്നുമറിയാതെ വൈകുന്നേരത്തെ വണ്ടിയിൽ തിരിച്ചു വന്ന പിള്ളേച്ചനെ നോക്കി സ്ത്രീജനങ്ങൾ മൂക്കത്ത് വിരൽ വച്ചു..
"എന്നാലും പിള്ളേച്ചാ..ഇതിത്തിരി കടന്ന കൈയായ് പോയി"
കാര്യമൊന്നുമറിയാതെ വീട്ടിലെത്തിയ പിള്ളേച്ചനോട് വാമഭാഗം ഭവാനിയമ്മ വിസ്തരിച്ചങ്ങ് പറഞ്ഞു കൊടുത്തു.. ഭവാനിയമ്മയുടെ പുരാണം കേട്ടതാണോ അതോ പത്രോസിൻ്റെ വീഴ്ച്ചയാണോ എന്നറിയില്ല..പിറ്റേന്ന് മുതൽ പിള്ളേച്ചൻ തൻ്റെ 'പ്രാണസഖി'യുമായി നേരെ പോയത് വീടിന്റെ പുറക് വശത്തേ കക്കൂസിലേക്കായിരുന്നു.അന്നാദ്യമായി പിള്ളേച്ചൻ ഉറക്കെ പാടി 'താമസമെന്തേ വരുവാൻ പ്രാണസഖി...."
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo