Slider

ആകാശം തേടിയ പെൺകിളി

0
ആകാശം തേടിയ പെൺകിളി❤️
-------------------------------
അന്നും പതിവു നേരത്ത് അവൾ ഉണർന്നു .നേർത്ത ജനാലവിരികൾക്കുള്ളിലൂടെ അകത്തേക്കു അരിച്ചിറങ്ങിയ സൂര്യന്റെ സ്വർണവെളിച്ചം അവളുടെ കണ്ണുകളെ ഇക്കിളിപ്പെടുത്തി .. ആലസ്യത്തോടെ തലേ രാത്രിയിലെ സ്വപ്നം ചുരുൾ നിവർത്തി അവൾ കിടത്തം തുടർന്നു ..
വലിയൊരു സർപ്പം എവിടെനിന്നോ ഇഴഞ്ഞു വരുന്നു .കറുപ്പും ചാരവും സമ്മിശ്രമായുള്ള ഭീമാകാരമായ ഒരു രൂപം .കരിയിലകൾ ഞെരിഞ്ഞമർത്തി ,പതുങ്ങി വരുന്ന സർപ്പം അവളെ വരിഞ്ഞു മുറുക്കുന്നു .വായിലിറ്റു വെള്ളമില്ലാതെ ,ഒച്ചയില്ലാതെ അവൾ നിലവിളിക്കുന്നുണ്ട് ...ചുറ്റും അനേകം പാമ്പിൻ ഉറകളും ,ഭീമാകാരമായ പാമ്പിൻ മുട്ടകളും ..അവളുടെ രണ്ട് കാലുകളും വരിഞ്ഞു ചുറ്റി അത് കഴുത്തോളമെത്തി ..ശേഷം അതിന്റെ നീണ്ട നാക്ക് അവളുടെ വായ്ക്കുള്ളിലേക്ക് ആഴത്തിലിറക്കി ,അണ്ണാക്കോളമെത്തിയ ആ നാക്കിന്റെ കൊഴുത്ത സ്പർശം അവളെ മോഹാലസ്യപ്പെടുത്തുന്നു ..
വര്ഷങ്ങളായി ,ഒട്ടു മിക്ക രാത്രികളിലും തന്നെ പിന്തുടരുന്ന ഈ സ്വപ്നത്തോടുള്ള അവളുടെ ഭീതി പതിയെപ്പതിയെ ഇപ്പോഴവളിൽ നിന്നും അകന്നു മാറിയിട്ടുണ്ട് .അല്ലെങ്കിൽ അങ്ങനെയാകാൻ അവൾ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് ..
നിസ്സംഗയായി ,ഉലഞ്ഞമുടി വാരിക്കെട്ടി അവൾ ബാത്റൂമിലേക്ക് കയറി ..പതിവ് പോലെ അന്നും സോപ്പുപയോഗിച്ചു വായ വൃത്തിയാക്കാൻ അവൾ മറന്നില്ല !
നനഞ്ഞ മുഖം ടവൽ കൊണ്ടൊപ്പുന്നതിനിടെ ഇന്ന് കോളേജിൽ സബ്മിറ്റ് ചെയ്യാനായി മേശമേൽ അടുക്കി വെച്ച പ്രൊജക്റ്റ് റിപ്പോർട്ടിനു നേരെ ആത്മവിശ്വാസത്തോടെയവൾ കണ്ണെറിഞ്ഞു .പെട്ടെന്ന് , അൻസിലിന്റെ പ്രണയാതുരമായ മുഖവും അവളുടെ അകതാരിൽ തെളിഞ്ഞു ..രണ്ടര വർഷത്തോളമായി തൻറെ പ്രണയം കൊതിച്ചുള്ള അൻസിലിന്റെ അലച്ചിൽ അവളിലൊരു വിമ്മിഷ്ടം ഉണ്ടാക്കി ..
ഗോവണിയിറങ്ങി ,അടുക്കളയിലേക്കു നടക്കുമ്പോഴേ അകത്തു നിന്നുള്ള അടക്കി പിടിച്ചുള്ള സംഭാഷണ ശകലങ്ങൾ അവളുടെ ചെവിയിൽ വീണു ..
" എന്നാലും വല്ലൊത്തൊരു വിധി തന്നെയാണേ .."
"ആ ഹാജിയാരും ഹജ്ജുമ്മയും ഇതെല്ലാം എങ്ങനെ സഹിക്കുവോ ആവോ .."!
" ഒക്കെ ആ ചെറുക്കന്റെ വിധി ...പടച്ചോന്റെ തീരുമാനം പടപ്പുകൾക്ക് മാറ്റാൻ പറ്റുവോ !!"
അയല്പക്കത്തെ ഇത്താത്തമാർ അടിച്ചിറക്കുന്ന പ്രസ്താവനകൾക്കിടയിലേക്കാണ് അവൾ നേരെ ചെന്നത് .കാര്യമെന്തെന്ന ഭാവത്തിൽ തല മേലേക്ക് ചലിപ്പിച്ചു ,പുരികക്കൊടികൾ വളച്ചു അവൾ ഉമ്മയെ നോക്കി ..
"ഹാജിയാരെ മോൻ നവാസില്ലേ ,,ഇന്നലെ രാത്രി ണ്ടായ ആക്‌സിഡന്റിൽ മരിച്ചൂന്ന് വിവരം കിട്ടീട്ടുണ്ട് ..."
പതുങ്ങിയ സ്വരത്തിൽ ഉമ്മ പറഞ്ഞു .മരണ വർത്തകൾ എന്നും ഘനം തിങ്ങിയതാണ് ,മൗനം നിറഞ്ഞതാണ് .മരണത്തിന്റെ തണുപ്പും മരവിപ്പും പതുക്കെ വാക്കുകളിലേക്കും പടർന്നു പിടിക്കും .
നിമിഷങ്ങൾക്കകം വല്ലാത്തൊരു നിർവികാരത തന്നെ പിടികൂടുന്നതായി അവൾക് തോന്നി .മരണത്തിന്റെ മരവിപ്പ് തന്നിലേക്കും പ്രവഹിക്കുന്നുവോ !?
ജനനത്തോളം വലിയ സത്യമാണ് മരണവും ..തേടിപിടിച്ചെത്തുന്ന ഭീകരൻ ..രക്തത്തിൽ കുതിർന്ന നവാസിന്റെ രൂപം അവൾ ഭാവനയിൽ മെനഞ്ഞു ...
അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവരുടെ സംസാരത്തിലേക്ക് വീണ്ടുമവൾ കാതു കൂർപ്പിച്ചു ..
പോസ്റ്മോർട്ടം കഴിഞ്ഞു മണി പത്തോടെ 'ബോഡി' എത്തുമെന്നും , ളുഹ്ർ നമസ്കാരത്തിന് മുൻപേ ഖബറടക്കം ഉണ്ടാകുമെന്നും അവളറിഞ്ഞു .
ഉമ്മ വെച്ച് നീട്ടിയ ചൂടു ചായ നിഷ്ക്കരുണം തള്ളിയവൾ തൻറെ മുറിയുടെ സ്വച്ഛതയിലേക്ക് നൂണ്ടു കയറി ....ആ ചായയോളം തന്നെ അവളുടെ മനസ്സും ചൂടു പിടിച്ചിരുന്നു ..ഹൃദയം വിങ്ങുന്നുണ്ടായിരുന്നു ..കാലിൽ തറച്ച മുള്ള് വലിച്ചൂരും പോലൊത്തൊരു വേദന അവളെ കടന്നാക്രമിച്ചു ..
ജനപാളികൾക്കിടയിലൂടെ ,ഒറ്റദിവസം കൊണ്ട് മരണവീടെന്ന പേര് സമ്പാദിച്ച ഹാജിയാരുടെ മണിമാളികക്ക് നേരെ അവൾ നോക്കി നിന്നു .
തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന വെറുമൊരു ശിലയായി തോന്നിയാ വീടവൾക്ക് ..ഘനീഭവിച്ച ദു:ഖത്തിന്റെയും ,അമർത്തിപ്പിടിച്ച മൗനത്തിന്റെയും മിശ്രിതം കൊണ്ടു പണിത ശില !!
മുറ്റത്ത് ,മൂന്നോ നാലോ പേർ ചേർന്നു , മണ്ണിൽ കുത്തിയ കമ്പുകളിൽ നീല ടാർപ്പായ വലിച്ചു മുറുക്കി കെട്ടുന്നുണ്ട് .വെള്ള നീളൻ കുപ്പായവും തലക്കട്ടുമിട്ട കാരണവന്മാർ മുറ്റം കൈയടക്കി അവിടവിടായി ഇരിപ്പുറപ്പിച്ചിട്ടുണ്ട് .നീളവും വീതിയും ആവശ്യത്തിലേറെയുള്ള വരാന്തക്ക് ഒത്ത നടുവിലായി ഒരു കട്ടിൽ സജ്ജീകരിച്ചിട്ടുണ്ട് .
മഞ്ഞ ചായം തേച്ച ചുവരുകളെ ഭേദിച്ച് നേർത്ത തേങ്ങലുകൾ ഗേറ്റിനു പുറത്തേക്ക് വരുന്നുണ്ട് .
അടക്കിപ്പിടിച്ച സംസാരങ്ങൾക്കിടയിലും ഭീകരമായ ഒരു നിശബ്ദത ആ വീടിനു ചുറ്റും കോറിയിട്ടിരിക്കുന്നതായി അവൾ കണ്ടു .
കളി ചിരികളും , ശാസനകളും മുഴങ്ങി കേട്ടിരുന്ന വീടിന്നു മരണത്തിന്റെ ചൂടും ചൂരും പേറി സ്തബ്ധനായി നിൽക്കുന്നു .... അവൾ നെടുവീർപ്പിട്ടു .ആറു കാലുള്ള മയ്യത്ത് കട്ടിൽ വിശാലമായ മുറ്റത്തിന്റെ ഓരത്ത്‌ പുതിയ അതിഥിയുമായുള്ള സവാരിക്കായി തയ്യാറായിരിക്കുന്നു .
ആ വീടിന്റെ അകത്തളങ്ങളിലെവിടെയോ ഇരുന്നു ചങ്കു പൊട്ടുമാറു വിലപിക്കുന്ന ഹജ്ജുമ്മയെയും , നവാസിന്റെ പെങ്ങളെയും അവൾ മനസ്സിൽ സങ്കൽപ്പിച്ചു ; അറിയാതെ അവളുടെ കണ്ണിൽ നനവ് പൊടിഞ്ഞു ..!
മയ്യത്ത് ഒന്നു കണ്ടിട്ടേ കോളേജിലേക്കുള്ളു എന്നവൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു .അധികം വൈകാതെ തന്നെ , കാത്തിരിപ്പുകൾക്ക് വിരാമമേകി , മരണത്തിന്റെ ചൂളം വിളിയുമായി ആംബുലൻസെത്തി ..
സാരിത്തലപ്പുകൾ കൊണ്ടും , പുള്ളി തട്ടങ്ങൾ കൊണ്ടും അമർത്തി വെച്ചിരുന്ന രോദനങ്ങൾ ക്രമാതീതമായി ഉയർന്നു പുറത്തേക്ക് കേൾക്കുവാൻ തുടങ്ങി ...
മയ്യത്ത് കാണാനായി ഉമ്മക്കൊപ്പം അവളും പുറപ്പെട്ടു .വീടാകെ ചന്ദനത്തിരികൾ പുകഞ്ഞു മണക്കുന്നു ..അവൾക് ഓക്കാനം വന്നു , വായ അമർത്തി പിടിച്ചു . മരണത്തിന്റെ ഗന്ധം പേറുന്ന എല്ലാത്തിനെയും അവൾ വെറുത്തിരുന്നു ..
അർദ്ധബോധാവസ്ഥയിൽ കട്ടിലിന്റെ തലങ്ങും വിലങ്ങും കിടന്ന ഹജ്ജുമ്മയെയും , മോളെയും ആരൊക്കെയോ ചേർന്നു താങ്ങി പിടിച്ചു മയ്യത്ത് കാണിക്കാനായി കൊണ്ട് പോകുന്നുണ്ട് . അപകടമരണമായത് കൊണ്ടോ ,മരിച്ചത് ചെറുപ്പക്കാരനായത് കൊണ്ടോ എന്ന് അറിയില്ല ,അസാധാരണമാം വിധം ആളുകളുടെ തിക്കും തിരക്കും അവൾക്ക് അനുഭവപ്പെട്ടു .
ക്ഷമയോടെ , വരിയായി നിന്നു ഓരോരുത്തരും കണ്ണാടിക്കൂടിനുള്ളിലെ മയ്യത്തിനെ അവസാനമായി കാണുന്നു ..പലരും കരയുന്നു , ചിലർ മൂക്കു ചീറ്റുന്നു ..മയ്യത്തിന്റെ തലഭാഗത്തിരുന്നു ആരോ ഈണത്തിൽ യാസീൻ സൂറത്ത് പാരായണം ചെയ്യുന്നുണ്ട് ..
അവളുട ഊഴമെത്തി ..അപകടത്തിന്റെ ആഘാതത്തിൽ മുഖത്തിന്റെ ഒരു വശം
പാടെ ചതഞ്ഞു പോയിട്ടുണ്ട് ,ആ ഭാഗം പഞ്ഞികെട്ടുകൾക്കുള്ളിലാണ് ...
ഒറ്റനോട്ടത്തിലേ ദൃഷ്ടികൾ പിൻവലിക്കാൻ തോന്നിയെങ്കിലും , അവളാ മുഖത്തേക്ക് വീണ്ടും വീണ്ടും തുറിച്ചു നോക്കി.....
ഏറ്റവും ശക്തിയേറിയ ലെൻസുകളുള്ള നേത്രങ്ങൾ എന്നാ കാമറ ഉപയോഗിച്ച് വീണ്ടും വീണ്ടും ആ മൃതദേഹത്തിന്റെ രൂപം അവൾ ഒപ്പിയെടുത്തു ...ഒരിക്കലും തൻറെ ഓർമ്മച്ചെപ്പുകളിൽ നിന്നും ഈ ചിത്രം അടർന്ന് പോകരുതെന്ന് നിർബന്ധമുള്ള പോലെ ...
കണ്ണാടിക്കൂടിനടുത്തേക്ക് ചേർന്നു നിന്നു , അതിന്മേൽ ഇരു കരങ്ങളും വെച്ച് ,അവളാ മുഖത്തേക്ക് നോക്കി ,ചുണ്ടുകൾ വിടർത്തി ചിരിച്ചു ...
അവളുടെ കണ്ണുകൾ ഈറനണിഞ്ഞില്ല ..
അവളുടെ കണ്ണുകൾ സഹതപിച്ചില്ല ...
പക്ഷെ ,
രൗദ്രഭാവം പൂണ്ട മിഴികളോടെ , പുച്ഛം കലർന്ന ചിരിയോടെ , ചിറി കോട്ടി ,ആ മുഖത്തേക്ക് നോക്കി തെല്ലുറക്കെ തന്നെയവൾ മൊഴിഞ്ഞു ....
"ഗുഡ് ബൈ "
പിന്നീടെല്ലാം വേഗത്തിലായിരുന്നു .
മയ്യത്ത് കട്ടിലേറിയുള്ള നവാസിന്റെ അന്ത്യയാത്ര ആനന്ദത്തോടെ അവൾ കണ്ടു നിന്നു ,കണ്ണിൽ നിന്നും മായും വരെ ...
മരണത്തിന്റെ കേന്ദ്ര ബിന്ദുവായി അന്നേ ദിവസം വിരാചിക്കുന്ന ആ വീട്ടിൽ അധിക നേരം തുടരാനാകാതെ അവൾ വീർപ്പു മുട്ടുകയായിരുന്നു .
എല്ലാം കഴിഞ്ഞതും ,നിമിഷങ്ങൾക്കകം അവൾ വീട്ടിലേക്കോടി ..അവളുടെ മുറിയിലേക്ക് കയറി ..
മാർബിൾ പാകിയ തറയിലേക്കവൾ മലർന്നു വീണു ,ചുണ്ടിൽ അപ്പോഴും നനുത്ത ഒരു ചിരി ബാക്കിയായിരുന്നു ..
ഉത്തരത്തിലെ ഫാനിന്റെ കറക്കത്തിന്റെ വേഗതക്കൊപ്പമോ ,അതിലേറെ വേഗത്തിലോ അവളുടെ മനസ്സും സഞ്ചരിക്കുകയായിരുന്നു ....
പിറകോട്ട് ...
അവൾ കണ്ണുകൾ ഇറുകെയടച്ചു ..
പതിറ്റാണ്ടിനു മുമ്പത്തെ , നവാസിന്റെ പെങ്ങളുടെ കല്യാണത്തിന്റെ തലേനാളിലേക്കാണ്‌ അവളുടെ ഓർമചക്രം കറങ്ങി എത്തിയത് ..അയൽവീട്ടിലെ പ്രമാണിയുടെ മകളുടെ കല്യാണം സ്വന്തം വീട്ടിലേത് പോലെ കൊണ്ടാടാൻ ആഗ്രഹിച്ച ബഹളക്കാരിയായ അന്നത്തെ ആ പത്തു വയസ്സുകാരി ..
കൂട്ടുകാർക്കൊപ്പം കല്യാണ വീടിന്റെ ബഹളങ്ങളിൽ ഓടിച്ചാടി നടന്നു ..മൈലാഞ്ചി ചെടിയിൽ നിന്നും ഇലകളറുത്തതും , മൈലാഞ്ചി ചോപ്പ് കൈവള്ളയിൽ പതിപ്പിക്കാനായി വല്യ ഇത്താത്തമാരുടെ പിറകെ കെഞ്ചി നടന്നതും ഓർമ്മയുടെ പുകമറകൾക്കുള്ളിൽ ഇന്നും വ്യക്തം !!
അന്ന് , സന്ധ്യയോടെ കല്യാണവീട് ഇല്ല്യൂമിനേഷൻ ബൾബുകളുടെ മിന്നുന്ന വെളിച്ചത്തിൽ മുങ്ങിയപ്പോൾ അവളുടെ മനസ്സിലും ആഹ്ലാദം തിരതല്ലി ..സ്റ്റീരിയോയിൽ നിന്നും മുഴങ്ങി കേൾക്കുന്ന ഹിന്ദി പാട്ടുകൾക്ക് താളം പിടിച്ചു കൊണ്ട് അവളും കൂട്ടുകാരികളും ...
കല്യാണപെണ്ണിനു ചുറ്റും കിസ്സപാട്ടും ഒപ്പനയുമായി മുതിർന്നവരും ....
അന്നാദ്യമായായിരുന്നു തൻറെ വിടർന്ന കണ്ണുകൾ നവാസിനെ കാണുന്നത് ..പട്ടണത്തിലെ ഹോസ്റ്റലീലായ കാരണം ആ വീട്ടിൽ വല്ലപ്പോഴും എത്തുന്ന സന്ദർശകൻ മാത്രമായിരുന്നു നവാസ് .
ഒരു കഷ്ണം ചോക്ലേറ്റ് മുന്നിലേക്ക് നീട്ടിയായിരുന്നു നവാസ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് ..കിട്ടിയ ചോക്ലേറ്റ് കൊതിയോടെ വായിലേക്കിട്ട ആ പത്തു വയസ്‌കാരി , പകരമയാൾക്ക് നിറ പുഞ്ചിരി സമ്മാനിച്ചു .വായിലലിയുന്ന ചോക്ലേറ്റിന് ,ഉമിനീരിൽ ലയിച്ച കോൾഗേറ്റിന്റെ സ്വാദുണ്ടെന്നത് അവൾ അറിഞ്ഞില്ലെന്ന് ഭാവിച്ചു ..
അയാളുടെ കാമവെറിയിൽ മുക്കി വിഷലിപ്തമാക്കിയതായിരുന്നു താൻ കഴിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വളർച്ച അന്നത്തെ ബാല്യത്തിനില്ലായിരുന്നു ....
പൂച്ചയെ പോലെ , അവൾ എന്ന ഇരക്ക് പിറകെ ആ രാത്രി മുഴുവൻ അയാൾ പതുങ്ങി നടന്നു ..
ഒന്നുമറിയാതെ , ബാല്യം ഉത്സവമാക്കി , കളിചിരികളിൽ മുഴുകി ഒരു പാവം പെൺകുട്ടിയും .....!!
കല്യാണ വീട്ടിലെ രാവേറെയുള്ള ആഘോഷങ്ങൾ ..ഉറക്കം മാടിവിളിച്ച മിഴികളെ അവഗണിച് അവളും ആഘോഷങ്ങളിൽ നിറ സാനിധ്യമായി ..
ഇടക്കെപ്പോഴോ വൈദ്യുതി പണിമുടക്കി . തക്കം പാത്തു നിന്ന വേട്ടനായയെ പോൽ അയാൾ അവൾക്ക് നേരെ ചാടിവീണു ..ഇരുട്ടിന്റെ പരിചയേന്തി , അവളുടെ വായ പൊത്തിപിടിച്ചു ആളൊഴിഞ്ഞ മുറിയിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ട് പോകാൻ അയാൾക്ക് തെല്ലും പ്രയത്നിക്കേണ്ടി വന്നിരുന്നില്ല ..
എന്തോ അത്യാഹിതം നടക്കാൻ പോകുന്നുവെന്നേ പെണ്മ പോലും കടന്നെത്തിയിട്ടില്ലാത്ത ആ പിഞ്ചു മനസ്സിന് മനസ്സിലായുള്ളു .
പേടിച്ചു വിറച്ചുള്ള അവളുടെ നേർത്ത രോദനങ്ങൾ അയാളുടെ ബലിഷ്oങ്ങളായ ഉള്ളംകൈകൾക്കിടയിൽ ഞെരിഞ്ഞമർന്നു വിയർപ്പു തുള്ളികളായി രൂപാന്തരപ്പെട്ടു ...തന്റെ ഉടുപ്പ് വകഞ്ഞു മാറ്റി , ശരീരത്തിൽ അയാളുടെ ഭാരം ചൊറിഞ്ഞു വെച്ചപ്പോൾ വേദന കൊണ്ടവളുടെ ഇളം മേനി പുളഞ്ഞു ..
ചോര പൊടിഞ്ഞ ശരീരത്തിന്റെ വേദനയുടെ കാഠിന്യം അവളെ ഭയചകിതയാക്കി ..
ആ ഭയം അവളുടെ മനസ്സിനെ എപ്പോഴേ കൊന്നു കഴിഞ്ഞിരുന്നു ..
അവൾ കണ്ണുകൾ കൊണ്ട് ആർത്തലച്ചു കരഞ്ഞു .പക്ഷെ , പുറത്തേക്ക് പ്രവഹിക്കാൻ അവളിൽ ശബ്ദമില്ലായിരുന്നു ..
കരയിൽ വീണു പിടഞ്ഞ കുഞ്ഞു മീനിനെ പോലവൾ ശ്വാസത്തിനായ് പിടഞ്ഞു ......ഒരേ സമയം വേദനയെയും , ഭയത്തെയും ഇഞ്ചോടിഞ്ചു പൊരുതിയ കുരുന്നു ശരീരം... പരാക്രമങ്ങൾക്കൊടുവിൽ പേപ്പിടിച്ച നായയെപ്പോലെ കിതച്ചു കൊണ്ട് ഇതാരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയുമുയർത്തി പാന്റ്സും വലിച്ചു കയറ്റിയിട്ട് അയാൾ നടന്നകന്നു...
തുടകൾക്കിടയിൽ പറ്റിപ്പിടിച്ച
അധർമ്മത്തിന്റെ കറയെ മനസ്സിലാക്കാനാകാതെ ഒരു കൊച്ചു കുട്ടി ...
നിണത്തിൽ മുങ്ങിയ ആത്മാവും
ശരീരവുമായി ചുഴിയിലകപ്പെട്ട പോലെ നിസ്സഹായയായ ഒരു പെൺകുട്ടി...
ഭയാശങ്കകൾ അവളെ വലിഞ്ഞു മുറുക്കി ...
ഉടുപ്പ് വലിച്ചിട്ട് ,വേദന കടിച്ചമർത്തി
ഒരോട്ടമായിരുന്നു പിന്നെ ഇരുട്ടിലൂടെ .
പകൽ വെളിച്ചത്തിൽ പോലും ഒറ്റക്ക് പോകാൻ അവൾ ഭയന്നിരുന്ന പാമ്പുകൾ നിറഞ്ഞിരുന്ന ആ ഇടവഴിയിലൂടെ അവൾ മുന്നോട്ടേക്കോടി.. അപ്പോൾ പാമ്പുകളെ അവൾ ഭയന്നില്ല.. അന്നു രാത്രി മുഴുവൻ ഉമ്മക്കും ഉപ്പക്കും മുഖംകൊടുക്കാതെ മുറിയുടെ ഒരു കോണിൽ കൂനിയിരുന്നു അവൾ കഴിച്ചുകൂട്ടി...
തലവഴി കുളിച്ചു ,സോപ്പുരച്ചു ദേഹം കഴുകി...
കോൾഗേറ്റിന്റെ രുചി പറ്റിയ അയാളുടെ
ഉമിനീർ ഓർത്തപ്പോൾ അവൾക്ക്
ഓക്കാനം വന്നു.. സോപ്പിട്ടവൾ വായ ഉരച്ചു കഴുകി... !!! ഇന്നും കഴുകുന്നു ....
ഭീഷണിപ്പെടുത്തിയ പോലെ അയാൾ
ചെയ്താലോ.. ?
വെള്ള പുതപ്പിച്ചു കിടക്കുന്ന തന്റെ
കുഞ്ഞു ശരീരം ഓർത്തപ്പോൾ അവൾ പേടിച്ചു വിറച്ചു.. ഒന്നും ആരോടും പറയാതെ മനസിൽ കുഴിച്ചുമൂടി ജീവിക്കാൻ അന്നവൾ തീരുമാനിച്ചു...
അതിനുശേഷം അവൾ ആകാശത്തിലെ പറവകളെ കണ്ടിട്ടില്ലായിരുന്നു...
സ്കൂൾ മൈതാനത് കൂട്ടമായെത്തുന്ന
തുമ്പികളോടൊത്ത് അവൾ ഓടിക്കളിച്ചിട്ടില്ലായിരുന്നു ...
മലമുകളിൽ വിരിയുന്ന മഴവില്ലിന് അവളിൽ അത്ഭുതം ജനിപ്പിക്കാനായില്ലായിരുന്നു ...
മുല്ലപ്പൂവിനും , പനിനീര്പ്പൂവിനും അവളുടെ ജീവിതത്തിനു സുഗന്ധമേകാനായില്ല ...
നക്ഷത്രങ്ങൾ പോലെ ചിതറി കിടന്ന ഇലഞ്ഞിപൂക്കൾ കൈ കുമ്പിളിലെടുത്ത് ,കണ്ണടച്ച് പിടിച്ചു ,ആ വാസനയിൽ മനം മറന്നു നില്ക്കാൻ അവൾക്കായില്ലായിരുന്നു ...
പെറ്റു പെരുകുന്നതും കാത്തു അവളുടെ പുസ്തകത്താളുകളിൽ പിന്നീടൊരിക്കലും മയില്പീലികൾ സ്ഥാനം പിടിച്ചിട്ടില്ലായിരുന്നു ..
കുസൃതികളുമായി കൂട്ടുകാർ ബാല്യം ആഘോഷിക്കുമ്പോൾ ,പേടിച്ചു വിറച്ചായിരുന്നു അവൾ കഴിഞ്ഞിരുന്നത് ..
എല്ലാ ആണിനേയും അവൾ ഭയന്നു , എല്ലാത്തിൽ നിന്നുമവൾ അകന്നു ഒതുങ്ങിക്കൂടി ...
വീടിന്റെ സുരക്ഷിതത്വത്തിൽ മാത്രം അവൾ സന്തോഷവതിയായിരുന്നു ...രാത്രിയിൽ ആകാശത്തു മിന്നിമറയുന്ന നക്ഷത്രക്കൂട്ടങ്ങളോടവൾ സല്ലപിച്ചു...സങ്കടങ്ങൾ പങ്കുവെച്ചു .വിശുദ്ധമായൊരു അവിശുദ്ധ ദേഹവും മനസ്സും പേറിയായിരുന്നു അവൾ കഴിഞ്ഞത്.. ബാല്യം കൗമാരത്തിലേക്ക് വഴി മാറിയപ്പോഴും അവളിലെ ഭയം മാത്രം വിട്ടകന്നിരുന്നില്ല..
പതിറ്റാണ്ടിന്റെ പഴക്കമുള്ള സർപ്പത്തിന്റെ ആ സ്വപ്നവും അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരുന്നു,ജീവിതത്തോട് ചേർന്ന് നിന്നൊരു സ്വപ്നം..
കണ്ണുകൾക്ക് ഇരുവശങ്ങളിലൂടെയും കണ്ണുനീർ ചാലിട്ടൊഴുകി തണുത്ത മാർബിൾ പ്രതലത്തെ നനച്ചു.. അവൾ ആഞ്ഞൊന്നു ശ്വസിച്ചു, കണ്ണുകൾ അമർത്തി തുടച്ചു... ഓർക്കാനിഷ്ടപ്പെടാത്ത ജീവിതത്തിലെ ഒരു താൾ ഇന്നിതാ അവസാനമായി ഒന്നുകൂടെ ചുരുൾ നിവർത്തി.. വീണ്ടും ആ ഓർമകളിലൂടെ അവസാനമായൊന്ന് കൂടെ സഞ്ചരിച്ചു നേർക്കാഴ്‌ച അനുഭവിച്ചു . ഇനി അതിന്റെ ആവശ്യം തനിക്കൊരിക്കലും വരികയില്ല.. തന്റെ ബാല്യവും കൗമാരവും ചവിട്ടി മെതിച്ചവൻ ഇന്നിതാ ജീവനറ്റ് കിടക്കുന്നു... വേദനിച്ചു തന്നെ അയാൾ മരണം പൂകി.. അവൾ വീണ്ടും മന്ദഹസിച്ചു..
അയാൾ ഇല്ലാതായതോടെ തന്റെയുള്ളിൽ ഈ കാലമത്രയും ഉണ്ടായിരുന്നു ഭീതിയും ,എന്തിനെന്നില്ലാതെ തോന്നിയിരുന്ന അപമാന ഭാരവുമെല്ലാം എങ്ങോ പോയി മറഞ്ഞത് അവൾ ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു...
തന്റെ ജീവിതത്തിന് നിറം തിരിച്ചു വന്നതായി അവൾ മനസിലാക്കി.. തന്റെയുള്ളിൽ മൃതമായി കിടന്നിരുന്ന പ്രണയത്തിന് ജീവന്റെ തുടിപ്പുകൾ അവൾ അനുഭവിച്ചു.. അൻസിലിനെ കാണാനും ആദ്യമായി ആ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാനും അവളുടെ ഉള്ളം തുടിച്ചു... മനോഹരമായ വസ്ത്രങ്ങൾ ധരിക്കാനും കൂടുതൽ സുന്ദരിയാകാനും അവളിൽ വ്യഗ്രതയുണ്ടായി.. നഷ്ട്ടപെട്ട ബാല്യവും കൗമാരവും ഇനിയും കൈവിട്ടുപോയിട്ടില്ലെന്നു അവൾ ഉറച്ചു വിശ്വസിച്ചു.. ആകാശത്തിലെ പക്ഷികളെയും തുമ്പി കൂട്ടങ്ങളെയും കാണാൻ അവളുടെ കണ്ണുകൾ വെമ്പൽ പൂണ്ടു... ചിരിക്കാൻ മറന്നിരുന്ന അവൾ വീണ്ടും വീണ്ടും മന്ദഹസിച്ചു... ആ മന്ദഹാസങ്ങളിൽ ജീവിതത്തോടുള്ള അവളുടെ ത്വര നിഴലിച്ചിരുന്നു... പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ആവേശത്തിൽ അവൾ കിടപ്പിൽ നിന്നും ചാടിയെണീറ്റു. തലവഴി തണുത്ത വെള്ളം ഷവറിൽ നിന്നും വീണപ്പോൾ വെള്ളത്തോടൊപ്പം തന്നെ തന്റെ മസ്തകത്തിൽ നിന്നും ആ ഓർമ്മകൾ കൂടി ഒലിച്ചിറങ്ങി മലിനജലമായി പോവുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...
നല്ല ഓർമകൾക്ക് മാത്രം ഇടം നൽകാനായി അവളുടെ മനസ്സും വിവേകവും സജ്ജമായിക്കഴിഞ്ഞിരുന്നു... അവൾ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു...
വർഷങ്ങൾക്കു ശേഷം ,
ആദ്യമായി , അപ്പോഴവൾ
സോപ്പുപയോഗിച്ച് വായ കഴുകിയില്ല...... !!!
: ഫർസാന അലി :
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo