Slider

സ്നേഹിക്കുന്നവർ എന്തിനാണ് മതം അറിയുന്നത് (ഓർമ്മകൾ /അനുഭവങ്ങൾ )

0
സ്നേഹിക്കുന്നവർ എന്തിനാണ് മതം അറിയുന്നത്
(ഓർമ്മകൾ /അനുഭവങ്ങൾ )
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ച ഭക്ഷണം ഇല്ലാത്ത ദിവസങ്ങളിൽ(ഉള്ള ദിവസങ്ങൾ അപൂർവമായിരുന്നല്ലോ ) കൂട്ടുകാരന്റെ ചോറ് അവൻ പകുത്തു തരും. ഒരു ബഞ്ചിൽ ഇരു വശങ്ങളിലായി ഞങ്ങൾ ഇരിക്കും. 
ചോറു പാത്രത്തിന്റെ മൂടിയിലേക്ക് അവൻ ചോറ് വാരി ഇട്ടു തരും.അത്‌ കഴിയുമ്പോൾ പിന്നേയും ഇട്ടു തരും.
ഞാൻ ഉരുളകൾ ഉരുട്ടി ഉണ്ണുന്നത് അവൻ നോക്കിക്കൊണ്ടേയിരിക്കും.
എന്റെ വിശപ്പ് മാറിയോ എന്ന് അവൻ പലവട്ടം ചോദിക്കാറുണ്ടായിരുന്നു
അങ്ങനെ അവനേക്കാൾ കൂടുതൽ ചോറ് ഞാൻ ഉണ്ണും.സ്കൂൾ വിട്ട് വീട്ടിൽ ചെന്നാലും അവന്റെ വീട്ടിൽ ചോറ് ഉണ്ടായിരിക്കും . എന്റെ വീട്ടിൽ ചോറ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ലായിരുന്നു. അക്കാര്യം അവനു നന്നായി അറിയാമായിരുന്നു.
പതിനഞ്ചു പൈസ കൊടുത്താൽ
സ്കൂൾ ഗേറ്റിനു മുന്നിലെ കച്ചവടക്കാരൻ
ഒരു കഷണം സബർജിൽ മുറിച്ചു തരും.ഇടയ്ക്ക് അവൻ അതും വാങ്ങാറുണ്ടായിരുന്നു. ആ കഷണത്തിന്റെ പകുതി അവൻ കടിച്ചു എടുക്കും. മറുപകുതി ഞാനും എടുക്കും.
ഐസ് ക്രീം, തേൻ നിലാവ് ( ഒരു തരം മിട്ടായി) തുടങ്ങി ഒരുപാട് സാധനങ്ങൾ അവനും ഞാനും പങ്കു വെച്ചു കഴിച്ചിട്ടുണ്ട്. പുളിങ്കുരു, പൂമരത്തിന്റെ കുരു എന്നിവ അവൻ വറുത്തു കൊണ്ടു വരാറുണ്ട്. അവൻ കൊണ്ടു വരുന്നതെല്ലാം എനിക്കും കൂടിയായിരുന്നു.
ഒരിക്കൽ സ്ഥിരമായി ധരിച്ചിരുന്ന എന്റെ ഒരേ ഒരു ഷർട്ട്‌ കീറിയപ്പോൾ അവന് ജന്മ ദിന സമ്മാനമായി കിട്ടിയ പുത്തൻ ഷർട്ട് എനിക്ക് തന്നു. അന്ന് മാത്രമാണ്, അങ്ങനെ മാത്രമാണ് അവൻ എന്നെ കരയിച്ചിട്ടുള്ളത്..
പത്താം ക്ലാസ് ഫൈനൽ പരീക്ഷ കഴിഞ്ഞു പിരിയുന്ന ദിവസം അവൻ കുറെ കരഞ്ഞു. ഞാനും. അടുത്ത ദിവസം മുതൽ എന്റെ വീട്ടിൽ ചോറുണ്ടാകുമോ, എനിക്ക് ഉച്ച ഭക്ഷണം കഴിക്കാൻ കിട്ടുമോ എന്നായിരുന്നു അവന്റെ ഏറ്റവും വലിയ പേടി.
ഇല്ല... പ്രിയപ്പെട്ട കൂട്ടുകാരാ, പിന്നീടൊരിക്കലും എനിക്ക് ഉച്ച ഭക്ഷണം ഇല്ലാതിരുന്നിട്ടില്ല. എന്തു കൊണ്ടെന്നാൽ തലയിൽ ഭാരം ചുമക്കുവാനും മണ്ണിൽ കൈ കൊണ്ട് തൊടുവാനും എനിക്കൊരു മടിയുമില്ലായിരുന്നു.
പ്രിയപ്പെട്ട കൂട്ടുകാരാ,എന്നും ഞാൻ കൊണ്ടു വന്നു തന്നിരുന്ന ചെമ്പകപ്പൂക്കൾ വാങ്ങി,നീ സമ്മാനിച്ചിരുന്ന സീനത്തിനെ തന്നെ, നീ നിക്കാഹ് കഴിച്ചിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കട്ടെ.
സ്കൂൾ പടിക്കൽ വെച്ചു പലവട്ടം കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പിരിഞ്ഞ അവനെ, പിന്നീട് ഇതു വരെ ഞാൻ കണ്ടിട്ടില്ല.
അവന്റെ പേര് നാസർ എന്നായിരുന്നു.
പക്ഷെ ഒരിക്കലും ആ പേരിന്റെ പിന്നിലെ ജാതിയോ മതമോ ഞാൻ ചികഞ്ഞിട്ടില്ല.
പേര് നോക്കി ജാതി മനസ്സിലാക്കാൻ അന്ന് ഞങ്ങൾ പഠിച്ചിട്ടില്ലായിരുന്നു.
ജാതിയും മതവും നോക്കി കൂട്ട് കൂടാനും ഞങ്ങൾക്കറിയില്ലായിരുന്നു. അന്നും, ഇന്നും.
°°°°°°°°°°°°°°°°°°°°°°°°°
Sai Sankar
°°°°°°°°°°°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo