Slider

മാതൃത്വം #


മാതൃത്വം #

രചന ഃ ജിഷ സുരേഷ്
അമ്പിളി മീൻകവറിലേക്ക് സങ്കടത്തോടെ നോക്കി. അതിന്റെ ഗന്ധം അവളുടെ മൂക്കിലൂടെ താഴേക്ക് വയറിനുള്ളിലെ സകലതിനേയും ഇളക്കി മറിച്ചുകൊണ്ട് പുറത്തോട്ടുകുതിക്കാൻ തുടങ്ങിയതും അവൾ വാപൊത്തിപ്പിടിച്ചുകൊണ്ട് മുറ്റത്തെ ഇരുളിലേക്ക് പാഞ്ഞു.
ഓക്കാനത്തിന്റെ ശബ്ദം മറ്റാരും കേൾക്കാതിരിക്കാൻ അവൾ വല്ലാതെ പണിപ്പെട്ടു. ഏറെ നേരമിരിക്കാൻ നേരമില്ല. മീൻ വെട്ടിക്കഴുകി കറിവെച്ചില്ലേൽ കാർത്യായനിയമ്മ, തന്റെ അമ്മായിയമ്മ
ഉറഞ്ഞുതുള്ളി വരുമെന്നവൾക്ക് അറിയാമായിരുന്നു .
വീണ്ടും അടുക്കളയിലേക്ക് നടക്കവെ മുഴുവനായും പോകാതെ തൊണ്ടയിൽ തങ്ങി നിന്നിരുന്ന ഛർദ്ദിലിന്റെ അവശിഷ്ടങ്ങൾ അവളെ വീണ്ടും അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.
അവളാ മീനെല്ലാമെടുത്ത് ചട്ടിയിലേക്ക് കുടഞ്ഞിട്ട് ശ്വസമടക്കിപ്പിടിച്ച് വെട്ടിക്കഴുകാനാരംഭിച്ചു.
അകത്തു നിന്ന് അമ്മയും, നീനേച്ചിയും (ഭർത്താവിന്റെ ഏട്ടന്റെ പണക്കാരിയായ ഭാര്യ) സീരിയലിൽ മുഴുകി അതിലെ ഡയലോഗുകൾക്കനുസരിച്ച് കമന്റ്സ് പാസാക്കി ചിരിക്കുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു. അവരെ ഒരു പണിയുമെടുക്കാൻ അമ്മ സമ്മതിക്കില്ല. അവർ പ്രഗത്ഭനായ വക്കീൽ സദാനന്ദന്റെ മകളാണല്ലോ. തന്റച്ഛനാണെങ്കിൽ വെറും ചായപ്പീടികക്കാരൻ.
ഇതെന്നും പതിവാണിവിടെ. രാത്രി എട്ടെട്ടരയാവുമ്പോൾ അമ്മ ആരെയെങ്കിലും വിട്ട് റോഡിലൂടെ അവസാന വിൽപ്പനയായി ലാഭത്തിൽ കിട്ടുന്ന മീൻ
കുറേ വാങ്ങിപ്പിക്കും. അതന്നേരം തന്നെ വെട്ടിക്കഴുകി വെക്കണം. അല്ലെങ്കിൽ അന്നിവിടെ ഒരു ഭൂകമ്പംതന്നെ നടക്കും.
കല്യാണം കഴിഞ്ഞ് ഇവിടെ വന്ന നാളിലൊക്കെ തെല്ലു വിഷമം തോന്നിയിരുന്നു. എല്ലാപണിയും കഴിഞ്ഞ് ഭക്ഷണം വിളമ്പുന്നതിനു മുൻപ് ഒന്നു മേൽകഴുകി തെല്ലുനേരം പഠിക്കാനുള്ള സമയമാണത്. എം എസ് ഡബ്ല്യൂ കഴിഞ്ഞ് തുടർന്നും പഠിക്കണമെന്നുണ്ടായിരുന്നു. തുടർന്നു പഠിപ്പിക്കാമെന്ന വാഗ്ദാനം തന്നല്ലേ രാജുവേട്ടൻ തന്നെ കല്യാണത്തിന് സമ്മതിപ്പിച്ചത് തന്നെ.
പക്ഷേ ഇവിടെ വന്നു കുറച്ചു ദിവസം കൊണ്ടുതന്നെ തനിക്കെല്ലാം മനസ്സിലായി.
അമ്മയുടെ വേർതിരിവ് തന്നെ വല്ലാതെ വേദനിപ്പിച്ചു. നീനേച്ചിയായിരുന്നു അമ്മയുടെ പ്രിയപ്പെട്ട മരുമകൾ. തനിക്കതിൽ ദുഃഖമുണ്ടായിരുന്നെങ്കിലും ഒട്ടും പരിഭവമില്ലായിരുന്നു. തനിക്ക് വേണ്ടുവോളം സ്നേഹം രാജുവേട്ടൻ തരുന്നുണ്ടല്ലോ.
അദ്ദേഹത്തിന്റെ ചേട്ടനും തന്നോട് നന്നായാണ് പെരുമാറിയിട്ടുള്ളത്.
അമ്മയോ, നീനേച്ചിയോ തന്നെ ഒരിക്കലും ഗൗനിച്ചിരുന്നില്ല. താൻ വന്നതു മുതൽ അടുക്കളഡ്യൂട്ടി മുഴുവൻ തന്നെയേൽപ്പിച്ച് അവരങ്ങനെ സല്ലപിച്ചുകൊണ്ടിരിക്കും.
അച്ഛന് ചായക്കടയുള്ളതിനാൽ പണിയെടുത്തു ശീലമുണ്ട് തനിക്ക്.
പക്ഷേ അമ്മ വീടിനോടു ചേർന്നുള്ള ചെറിയ ഹോട്ടൽ വാങ്ങിയതോടെ തന്റെ കാര്യം കഷ്ടമായി. അധിക ലാഭത്തിനായി പണിക്കാരെക്കുറച്ചത് തന്നെക്കണ്ടാണെന്ന്
മനസ്സിലാക്കാൻ അധികാലം വേണ്ടി വന്നില്ല.
രാജുവേട്ടൻ ജോലിസ്ഥലത്തു നിന്നു വരുന്നത് രണ്ടാഴ്ച കൂടുമ്പോഴായിരിക്കും.
പക്ഷേ താനൊന്നും പറഞ്ഞ് വിഷമിപ്പിക്കാറില്ല. അച്ഛൻ മരിച്ചശേഷം അമ്മയായിരുന്നു എല്ലാം എന്ന് മണിക്കൂറിൽ നാൽപതുവട്ടം പറയുന്ന ആളോട് തന്റെ ദുരവസ്ഥ പറയാനും തോന്നിയില്ല.
നകുൽചേട്ടനുമാത്രം തന്റെ അവസ്ഥയറിയാമായിരുന്നു. അദ്ദേഹമാണ്
തനിക്ക് തൊഴിൽവാർത്തയും മറ്റും കൊണ്ടു വന്നു തന്നിരുന്നത്. ഒരു ഏട്ടനില്ലാത്ത കുറവ് അദ്ദേഹമാണ് പരിഹരിച്ചത്.
അങ്ങനെ എംഎസ് ഡബ്ലൂ പഠിച്ച തനിക്ക് പ്രൊജക്ട് കോർഡിനേറ്ററായി ജോലി കിട്ടിയതിനു പിന്നിൻ നകുലേട്ടനായിരുന്നു. (അത് എനിക്കും, രാജുവേട്ടനും മാത്രമറിയാവുന്ന കാര്യാട്ടോ)
അമ്മക്കോ, നീനേച്ചിക്കോ ഒട്ടും ഇഷ്ടല്ലായിരുന്നു ഞാൻ ജോലിക്കുപോണത്. അതിരാവിലെയെഴുനേറ്റ് എല്ലാ പണിയും കഴിച്ചാണ് ഞാൻ പോകുന്നത്. വൈകീട്ടെന്നെ കാത്തിരിക്കുന്നതും ഒരുകൂട്ടം പണികളു തന്യാവും. സാരമില്ല... മ്മടെ കുടുംബത്തിനു വേണ്ടിയല്ലേ. ഞാനങ്ങനെ സമാധാനിക്കും.
പക്ഷേ ഇപ്പൊ എനിക്കു വിശേഷമുണ്ടേയ്. അതാണെന്നെ വലക്കിണത്. ഒന്ന്വങ്ങ്ട് തിന്നാൻ വേണ്ട. മീൻ കാണുന്നതേ കലിപ്പാണ്. പറഞ്ഞിട്ടെന്തേ കാര്യം എന്റെ സ്ഥിതി ഇതല്ലേ. കഴിഞ്ഞ ദിവസം രാജുവേട്ടൻ വന്നപ്പോ എന്നോട് പാവം തോന്നി മീനൊന്നു നന്നാക്കിയതിന് പെൺകോന്തൻ എന്ന പേരും കിട്ടി പാവത്തിന്.
തന്നോടെന്തെങ്കിലും അലിവു കാട്ടാറുള്ള നകുലേട്ടനുമിപ്പൊ തെല്ലൊഴിഞ്ഞു മാറ്റത്തിലാ. വേറൊന്നുമല്ല. വർഷം അഞ്ചായിട്ടും അവർക്കു കുഞ്ഞുങ്ങളില്ലേയ്.
അതിനാൽ ആ അപകർഷതകൊണ്ടാവണം തന്നോടു നകുലേട്ടൻ മിണ്ടുന്നത് നീനേച്ചിക്കിഷ്ടോല്ല.
പക്ഷേ ഈ അമ്മ മനസ്സിലൊന്നും അത്ര കളങ്കമില്ലാന്ന് എനിക്കിന്നുച്ചക്കാ മനസ്സിലായേ. എന്താണെന്നല്ലേ. ഇന്നു രാവിലെയാ എന്നെ വേദന വന്ന് ലേബർറൂമിൽ കയറ്റിയേ. പത്തു മണിയായപ്പോ ഞാനൊരു കുഞ്ഞു സുന്ദരനെ പ്രസവിച്ചു.
ഉച്ചക്ക് റൂമിലെത്തി ഏറെക്കഴിഞ്ഞ് ബോധമുണർന്ന ഞാൻ കണ്ട കാഴ്ച
നമ്മുടെ കാർത്യായനിയമ്മയില്ലേ എന്റമ്മായിയമ്മ കുഞ്ഞിനെ അടുക്കിപ്പിടിച്ച് എന്റെ തലയിൽ തലോടി എന്നോടു ചേർന്നിരിക്കുന്നു.
ഹൊ...... എന്താ പറയ്യാ.... ഈ അമ്മയാവുന്ന പ്രതിഭാസത്തിന്റെ മഹത്വമാണതെന്നെനിക്കു മനസ്സിലായി.
ന്നാ.... നീയീ കുഞ്ഞിനു പാലുകൊടുത്തേടീ...
ന്നും പറഞ്ഞ് അമ്മയെന്റെ അരികിലോട്ടു ചേർത്തു കിടത്തി കുഞ്ഞിനെ. എന്നിട്ടമ്മ എന്റെ ചിതറിക്കിടന്ന മുടിയിഴകൾ മുകളിലേക്കുയർത്തി കെട്ടിവച്ചു തന്നു.
ഞാനെന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്തു. എനിക്കവനോടു സ്നേഹത്തേക്കാൾ കൂടുതൽ നന്ദിയായിരുന്നു.... എല്ലാവരുടേയും സ്നേഹം എനിക്കു കിട്ടാൻ ഹേതുവായ ദൈവദൂതനാണതെന്നു ചിന്തിച്ചു ഞാൻ മിഴികൾ പൂട്ടിക്കിടന്നു. അപ്പോഴടർന്നു വീണ മിഴിനീരിൽ എന്റെ സങ്കടമെല്ലാമൊഴുകിപ്പോയിരുന്നു......
ജിഷ
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo