നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിന്നെയും തേടി **************** ഭാഗം :- 7

നിന്നെയും തേടി
****************
ഭാഗം :- 7
‘എന്റെ സെൽവാ’
ബീരാനിക്ക ഒരു മൂളലോടെ സാമിനെ തുറിച്ചു നോക്കി..
‘അല്ല.. എന്റെ അൻവറെ.. നീയെന്തിനാ ഓരോരോ പ്രശ്നം ഉണ്ടാക്കുന്നത് എപ്പോഴും.. ‘
‘അത്.. സാംചേട്ടായി കുറെ എണ്ണങ്ങളുണ്ട് സ്കൂളിൽ.. എന്നെ പാണ്ടീന്നു വിളിക്കും.. അതുമല്ല.. വാപ്പച്ചി എന്റെ വാപ്പ അല്ലാന്നും.. ഉമ്മച്ചി എന്റെ ഉമ്മയല്ലാന്നും പറയും.. ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ.. അതുമല്ല സാം ചേട്ടായി.. വേറൊരു കാര്യവുമുണ്ട്..’
‘അതെന്നാടാ’
‘അത്.. ഞാൻ പറയാം... ലോകത്തിലുള്ള പെണ്പിള്ളാരുടെ മുഴുവൻ സംരക്ഷണം ഏറ്റെടുത്തേക്കുവാ എന്റെ മോൻ..’
‘അതൊരു തെറ്റാണോ സാംകുട്ടിയെ.. വെറുതെ എന്റെ കുട്ടീനെ വിഷമിപ്പിക്കാൻ ഇങ്ങേര് ഓരോന്ന് പറഞ്ഞോണ്ടിരിക്കും..’
‘അല്ല ഇത്താത്ത.. ബീരാനിക്ക പറഞ്ഞതിലും കാര്യമുണ്ട്.. എല്ലാത്തിലും കേറി ഇടപെടേണ്ട കാര്യമില്ലല്ലോ..’
‘അപ്പൊ ഇങ്ങള് രണ്ടുപേരും ഒരു സെറ്റ് ആയോ.. ഞാൻ പോവാ... എനിക്ക് വീട്ടിൽ പിടിപ്പത് പണിയൊണ്ട്’
‘അൻവറെ.. ഇങ്ങു വന്നേ ചോദിക്കട്ടെ.. എന്താ നീയങ്ങനെ.. നന്നായി പഠിച്ചാലും സ്വഭാവം ശരിയല്ലെങ്കില് ആർക്കും ഇഷ്ടപ്പെടൂല്ലാ....’
‘സാംചേട്ടായി.. ആരേലും പെണ്കുട്ടികളെ കളിയാക്കുന്നതോ ശല്യപ്പെടുത്തുന്നതോ.. ഉപദ്രവിക്കുന്നതോ കണ്ടാൽ എനിക്കെന്റെ ചേച്ചിയെം അമ്മേം ഓർമ വരും..അതുകൊണ്ടാ.. ഞാൻ.. അന്ന് അങ്ങാനൊന്നും സംഭവിച്ചില്ലാരുന്നെങ്കിൽ എനിക്കെന്റെ അച്ചാനേം അമ്മേം ചേച്ചിയേം നഷ്ടപ്പെടില്ലായിരുന്നു..’
അതും പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു..
ബീരാനിക്കയും വല്ലാതായി.. അതുകണ്ട് സാം പറഞ്ഞു..
‘എല്ലാത്തിനും ഒരു നല്ല വശവുമുണ്ട്.. അതുകൊണ്ടല്ലേ നിനക്ക് ഇങ്ങനൊരു വാപ്പച്ചിയേം ഉമ്മച്ചിയേം കിട്ടിയത്.. നിനക്ക് പഠിക്കാൻ പറ്റിയത്.. നന്നായി ജീവിക്കാൻ പറ്റിയത്..’
‘അതൊക്കെയെനിക്കറിയാം സാംചേട്ടായി.. ഉപ്പച്ചിയും അമ്മച്ചിയും എനിക്കെന്റെ ജീവനാ.. പക്ഷെ ചേച്ചിയെ.. ഓർക്കുമ്പോ... എവിടേക്കും നന്നായി ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞാമതിയായിരുന്നു..’
ഇത്തവണ ബീരാനിക്ക അടുത്ത വന്നു അവനെ കെട്ടിപ്പിടിച്ചു.. അവന്റെ സങ്കടം കുറെ അങ്ങനെ കഴുകിക്കളഞ്ഞു..
***********
കാവേരിയുടെ പഠിപ്പ് കഴിഞ്ഞു.. അവൾ റിസൽറ്റിന് കാത്തിരിക്കുന്ന സമയം.. ശ്രീദേവിക്ക് ഹോസ്പിറ്റലിൽ പോകാൻ അവളെയും കൂടെക്കൂട്ടി..
ആശുപത്രിയിൽ ചെന്നു കാവേരിയെ കസേരയിൽ ഇരുത്തി ശ്രീദേവി ഡോക്ടറെ കാണാനുള്ള എടുത്തു ടോക്കൻ.. ഗൈനക്കോളജിസ്റ്റിന്റെ റൂമിനു വെളിയിൽ അവർ ഇരുന്നു.. ഓരോരുത്തരെയായി നമ്പർ അനുസരിച്ച് വിളിച്ചുകൊണ്ടിരുന്നു.. കുറെ കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് വന്നു പേര് വിളിച്ചു..
‘കാവേരി...’
അവൾ ശ്രീദേവിയെ നോക്കി.. ശ്രീദേവി ചിരിച്ചു.. തന്റെ പേരിൽ മറ്റാരോ ഇവിടെയുണ്ട്.. വീണ്ടും പേരു വിളിച്ചു..
‘കാവേരി.. വന്നിട്ടില്ലേ..’
ശ്രീദേവി വിളറിയ ചിരിയോടെ അവളുടെ കൈപിടിച്ചു.. എന്നിട്ട് ഡോക്ടറുടെ റൂമിലേക്ക് നടന്നു.. കാവേരി യാന്ത്രികമായി അവളെ അനുഗമിച്ചു..
ഡോക്ടറും ശ്രീദേവിയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. കണ്ടിട്ട് അവർ വളരെ അടുത്ത സുഹൃത്തുക്കളാണ് എന്നു മനസ്സിലായി... കുറെ ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും ഒക്കെ പറഞ്ഞു.. എല്ലാം നടത്തി..കാവേരിക്ക് ഒന്നും മനസ്സിലായില്ല.. ശ്രീദേവി ഒന്നും പറഞ്ഞതുമില്ല.. .
ടെസ്റ്റുകളൊക്കെകഴിഞ്ഞ് വീണ്ടും അവർ ഡോക്ടറുടെ മുറിയിലെത്തി.. ഡോക്ടർ പറഞ്ഞു
‘ശ്രീ... കൻഗ്രാറ്റ്‌സ്... ടെസ്റ്റ് എല്ലാം ഒക്കെയാണ്.. ഈ കുട്ടി ആപ്റ്റാണ്... ഇനി കുട്ടിയുടെ സമ്മതം മാത്രം മതി.. നിന്റെ ഭർത്താവിൻറേം’
കാവേരിയും ശ്രീദേവിയും തിരികെ വീട്ടിലേക്ക് പോന്നു.. വഴിയിൽ രണ്ടുപേരും തമ്മിൽ സംസാരമൊന്നും ഉണ്ടായില്ല.. വീട്ടിൽ വന്നു കായറിയപ്പോഴേ കാവേരി ശ്രീദേവിയെ ചോദ്യം ചെയ്യാൻ തുടങ്ങി..
‘ശ്രീയേച്ചി.. എന്താ ഇതിന്റെയൊക്കെ അർത്ഥം.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഒന്നു പറഞ്ഞു താ.. ‘
‘അത് കാവേരി.. നിനക്കറിയാല്ലോ എനിക്കൊരു അമ്മയാകാൻ കഴിയില്ല.. പക്ഷെ എനിക്കുമില്ലേ ആഗ്രഹം.. ഒരു കുഞ്ഞിനെ വളർത്താൻ.. നീയെന്നെ സഹായിക്കണം’
‘ഒക്കെയെനിക്ക് മനസ്സിലാകും.. പക്ഷെ .. എന്തുകൊണ്ട് ഞാൻ.. വേറെ എത്രയോപേരെക്കിട്ടും.. ഞാൻ തന്നെയെന്തിന്.. ഒരുപാട് ആൾക്കാരുണ്ടല്ലോ ഇപ്പൊ വാടകക്ക് ഗർഭപാത്രം തരാൻ.. ഞാൻ തന്നെ എന്തിനാ.. എനിക്ക്.. എന്റെ ജീവിതം....’
‘എന്റെ കുഞ്ഞിനെ ചുമക്കാൻ അര്ഹതയുള്ളയാളെത്തന്നെ വേണമായിരുന്നു എനിക്ക്.. മറ്റൊരു ദുശ്ചിന്തകളും ഇല്ലാത്ത.. ഒരാൾ.. പക്ഷെ പ്രധാന കാരണം ഇതൊന്നുമല്ല ... എല്ലാവരും കരുതണം കുഞ്ഞിനെ പ്രസവിച്ചത് ഞാനാണെന്ന്.. അതുകൊണ്ടാ.. ഞാൻ.. ഒന്നുമില്ലെങ്കിലും നിന്ന്നെ ഇത്രമാത്രം നോക്കി വളർത്തി പഠിപ്പിച്ചില്ലേ.. നിന്റെ ജീവിതത്തിൽ ഒരു കുറവും വരാതിരിക്കാനുള്ളതെല്ലാം ഞാൻ ചെയ്യാം.. നിനക്കൊരു ജോലിയും വാങ്ങിത്തരാം.. ദയവുചെയ്ത് ഇതിനു സമ്മതിക്കണം.. ‘
‘ഓഹോ... അപ്പൊ എന്റെ ഗർഭപാത്രത്തിനുള്ള വാടകയായിരുന്നു ഇതെല്ലാം അല്ലെ.. നന്നായി ചേച്ചി..’
‘നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല.. എന്റെ മനസ്സ് നീ മനസ്സിലാക്കുമെന്നു കരുതി.. സാരമില്ല.. നിന്റെ ഇഷ്ടം..’
ശ്രീദേവി കണ്ണീരുതുടച്ചു.. കാവേരി ഒന്നും പറയാതെ റൂമിൽ പോയി വാതിലടച്ചു കുറ്റിയിട്ടു..
ശ്രീദേവി കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയി.. അന്ന് രാത്രി ആരും ഒന്നും കഴിച്ചില്ല.. രാവിലെ തന്റെ കാലിൽ നനവനുഭവപ്പെട്ടതുകൊണ്ടാണ് ശ്രീദേവി ഉണർന്നത്.. കാൽക്കൽ കാവേരി ഉണ്ടായിരുന്നു.. ശ്രീദേവി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കാവേരി അവളുടെ കാലിൽ പിടിച്ചു കരഞ്ഞു....
‘ചേച്ചി.. എന്നോട് ക്ഷമിക്കണം.. പറയാൻ പാടില്ലാത്തതൊക്കെപറഞ്ഞു.. എല്ലാം മറന്നു ഞാൻ.. ചേച്ചിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാനിപ്പോ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.. ആരുമല്ലാഞ്ഞിട്ടുകൂടി ചേച്ചി എന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു.. ചേച്ചി.. എല്ലാത്തിനും മാപ്പ്.. ചേച്ചി എന്തു പറയുന്നോ അതുപോലെ ഞാൻ ചെയ്യാം.. ചേച്ചിക്കുവേണ്ടി എന്റെ ഗർഭപാത്രമല്ല ജീവൻവരെത്തരാൻ എനിക്ക് സമ്മതം... എനിക്ക് സമ്മതമാ ചേച്ചി.. പൂർണ്ണസമ്മതം..’
രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു.
*******
പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു.. ശ്രീദേവിയുടെ ഭർത്താവ് വന്നു.. അവർ ആശുപത്രിയിൽ ഒന്നിച്ചുപോയി.. ശ്രീദേവിയുടെയും ഭർത്താവിന്റെയും ഭ്രൂണം കാവേരിയിൽ നിക്ഷേപിച്ചു.. അതു വിജയം കണ്ടെത്തിയതോടെ ശ്രീദേവിയും ഭർത്താവും കാവേരിയോടൊപ്പം ലണ്ടനിലേക്ക് പറന്നു..
ശ്രീദേവിയുടെ ഭർത്താവിന് അധികം സുഹൃത്തുക്കൾ ഇല്ലാത്തത് ഒരു തരത്തിൽ അനുഗ്രഹമായിരുന്നു.. വൈകാതെ ശ്രീദേവി താൻ ഗർഭിണിയാണെന്ന് എല്ലാവരെയും അറിയിച്ചു.. നാട്ടിലേക്ക് വരാൻ നിർബന്ധിച്ചു എല്ലാവരോടും അവൾ തീയതി അടുക്കുമ്പോൾ വരണമെന്ന ന്യായം പറഞ്ഞു..
കാവേരിയെ ഒരു രാജകുമാരിയെപ്പോലെ അവർ നോക്കി.. അമ്മയാകുന്നതിലുള്ള എല്ലാ അനുഭൂതികളും അവൾക്കും വന്നു തുടങ്ങി.. അതെല്ലാം ശ്രീദേവിയും കണ്ടാസ്വദിച്ചു..
നാട്ടിൽ പോകുമ്പോൾ നേരെ ആശുപത്രിയിൽ അഡ്മിറ്റ് ആകാനായിരുന്നു തീരുമാനം.. അങ്ങനെ അവർ നാട്ടിലേക്ക് പുറപ്പെട്ടു.. ശ്രീദേവി അവിടെ വച്ചുതന്നെ തലയിണ വച്ച് വയറു വലുതാക്കിയിരുന്നു.. എയർപോർട്ടിൽ നിന്നും ഇറങ്ങാൻ നേരം ബാത്റൂമിൽ പോയി കാവേരി ഒരു പർദയിട്ട്..തലയും മൂടി നിഖാബ് വച്ചു മുഖവും മറച്ചു പുറത്തേക്ക് നടന്നു..
ശ്രീദേവിയും ഭർത്താവും ഒരു കാറിലും കാവേരി മറ്റൊരു കാറിലുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു.. ആശുപത്രിയിൽ സുഹറ എന്ന പേരോടുകൂടി കാവേരി അഡ്മിറ്റ് ആക്കപ്പെട്ടു.. അവളെ ഒറ്റക്ക് ഒരു ഐസോലേഷൻ റൂമിലാണ് കിടത്തിയത്. ഇടക്കിടെ റെസ്റ്റുകൾക്ക് പുറത്തുപോകുമ്പോൾ ശ്രീദേവിയെ കാണും എങ്കിലും അമ്മയും മറ്റു ബന്ധുക്കളും ഉള്ളത് കാരണം പരസ്പരം മിണ്ടിയില്ല.. എല്ലാ ടെസ്റ്റുകൾക്കും ശേഷം പിറ്റേന്ന് തന്നെ രണ്ടുപേരെയും പ്രസവമുറിയിൽ പ്രവേശിപ്പിച്ചു... ഡോക്ടറിന്റെ അടുപ്പമുള്ളതും വിശ്വാസമുള്ളതുമായ ചില നഴ്സുമാരെ അന്ന് ഓപ്പറേഷൻ തീയേറ്ററിലും പ്രസവമുറിയിലും ഡ്യൂട്ടിക്കിട്ടു..
കാവേരിയെ ഓപ്പറേഷൻ ചെയ്തു.. അവൾ ഒരാണ്കുഞ്ഞിന് ജന്മം നൽകി.. പാതി ബോധത്തിൽ അവൾ കാണുന്നുണ്ടായിരുന്നു.. നഴ്‌സ് എടുത്തുകൊണ്ടുപോകുന്ന തന്റെ ചോരക്കുഞ്ഞിനെ.. പിന്നീട് അവളുടെ ബോധം മറഞ്ഞു..
ആശുപത്രി രേഖകളിലെല്ലാം സുഹ്റയുടെ കുട്ടി മരിച്ചതായി വിധിയെഴുതി.. ബോധം വന്നപ്പോൾ കാവേരി ആദ്യം കണ്ടത് ശ്രീദേവിയുടെ ഭർത്താവിനെയാണ്.. പക്ഷെ അയാളുടെ കയ്യിൽ കുഞ്ഞിനു പകരം ഒരു മുദ്രപ്പത്രം ആയിരുന്നു..
കാവേരി കുഞ്ഞിനെ ചോദിച്ചപ്പോൾ ആ മുദ്രപ്പത്രം അവൾക്ക് നേരെ അയാൾ നീട്ടി.. അവൾ അത് വാങ്ങിനോക്കി.. കുഞ്ഞിനു മേലെ തനിക്ക് അവകാശമൊന്നുമില്ലന്നായിരുന്നു അതിൽ.. അവൾ കുഞ്ഞിനെ ഒരു നോക്കു കാണാൻ കെഞ്ചി.. ഒപ്പിട്ടു തന്നാൽ ഒരു തവണ കുഞ്ഞിനെ കാണിക്കാം എന്ന ഉടമ്പടിയിൽ അയാൾ മുദ്രപ്പത്രം അവൾക്ക് നേരെ നീട്ടി.. ഗത്യന്തരമില്ലാതെ അവൾ ഒപ്പിട്ടുകൊടുത്തു.. അയാൾ ഒന്നും മിണ്ടാതെ മുറി വിട്ടു പോയി.. അവൾ കരഞ്ഞു തളർന്നു..
രാത്രിയായപ്പോൾ ശ്രീദേവി കുഞ്ഞുമായി അവളുടെ റൂമിൽ എത്തി.. ഒന്നു കൊതിതീരെ കാണാൻ... മാറോടു ചേർക്കാൻ.. . മുലപ്പാലൂട്ടാൻ അവളുടെ മനസ്സ് വെമ്പി.. കുഞ്ഞിനെ ഒരു തവണ എടുക്കാൻ കാവേരി ചോദിച്ചപ്പോൾ ഒരു ഫയൽ അവളുടെ കയ്യിൽ കൊടുത്തു... റോസാപ്പൂപോലെയുള്ള കുഞ്ഞുമുഖം മാത്രം ഒരു നോക്കു കാട്ടിയത്തിന് ശേഷം ശ്രീദേവി മുറിവിട്ടിറങ്ങി... മുകരാൻ ഇളംചുണ്ടുകളില്ലെന്നറിയാതെ മുലപ്പാൽ കിനിഞ്ഞു..
ഒരു വലിയതുക അച്ചടിച്ച പ്രമുഖ ബാങ്കിൽന്റെ പാസ്‍ബുക്കും എടിഎം കാർഡും.. ഡൽഹിയിലെ ഒരു വലിയ സ്കൂളിൽ സ്ഥിരമായ ജോലിക്കുള്ള അപ്പോയിന്മെന്റ് ലെറ്ററും അടങ്ങിയ ഫയൽ കാവേരിയുടെ കയ്യിലിരുന്നു വിറച്ചു..
(തുടരും)
ദീപാ ഷാജൻ
(പിന്നില്ലേ കാവേരി പഠിച്ചത് ടി ടി സി ആണേ... ബി എഡ് അല്ല.. . എന്റെ തെറ്റ് തിരുത്തിത്തന്ന പ്രിയ സുഹൃത്തിന് നന്ദി.. )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot