രക്തപവിഴം-ഭാഗം 1
1200 BC - അഗാധ രാജാകൊട്ടാരം
കൊട്ടാരത്തിന് ചുറ്റുമായി പണിതുയര്‍ത്തിയ കോട്ടമതിലിന്‍റെ കവാടത്തിനോട് ചേര്‍ത്തുകെട്ടിയ ഗോപുരത്തിന് മുകളിലായി നിന്നിരുന്ന കൊട്ടാരം കാവല്‍ക്കാരന്‍ നീണ്ടയൊരു ഒറ്റകുഴലിന്റെ അറ്റത്തില്‍ അയാളുടെ വലത് കണ്ണ്‍ വെച്ചുകൊണ്ട് അതിലൂടെ കൊട്ടാരത്തിന്റെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു . പെട്ടെന്ന് അയാള്‍ അതില്‍നിന്നും കണ്ണെടുത്ത് കവാടത്തിന്റെ മുന്‍പില്‍ നിന്നിരുന്ന മറ്റൊരു കാവല്‍ക്കാരനെ നോക്കികൊണ്ട് പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കി.ശബ്ദം എന്തിന്റെയോ സൂചനയെന്ന് തോന്നിപ്പിക്കും പോലെ ശബ്ദം കേട്ട കാവല്‍ക്കാരന്‍ കൊട്ടാരം കവാടത്തിന്റെ മുകളിലായി രണ്ടുതവണ വലിയ ശബ്ദത്തില്‍ തട്ടി .കൊട്ടാരത്തിന്റെ കവാടം പതിയെ തുറക്കപ്പെട്ടു.ഗോപുരത്തിന്‍റെ മുകളില്‍ ഉണ്ടായിരുന്ന കാവല്‍ക്കാരന്‍ വീണ്ടും ആ ഒറ്റകുഴലിലൂടെ എന്തിനേയോ ലക്ഷ്യമാക്കി നോക്കി.അയാളുടെ കണ്ണില്‍ അകലെ നിന്ന് കൊട്ടാരം ലക്ഷ്യമാക്കി കുതിരപ്പുറത്തായി വരുന്ന ഒരു മൂവര്‍ സംഘത്തിന്‍റെ ചിത്രം വികലമായിട്ടാണെങ്കിലും പതിയെ തെളിഞ്ഞു.കുതിരയുടെ കുളമ്പടി ശബ്ദം അടുത്തെത്താറായപ്പോഴാണ് അവരുടെ വ്യക്തമായ മുഖം അയാളുടെ കണ്ണില്‍ തെളിഞ്ഞത്
ആ മൂവര്‍ സംഘത്തിലെ ഏറ്റവും മുന്നിലായി വരുന്ന പടയാളിയുടെ കൈയ്യിലെ അഗാധ രാജ്യത്തിന്റെ കൊടി കാറ്റില്‍ പാറി നടക്കുന്നുണ്ട്.ആ മൂവര്‍ സംഘം കവാടം കടന്ന് കൊട്ടാരത്തിന് അകത്തേക്ക് പ്രവേശിച്ചതും കാവല്‍ക്കാര്‍ പെട്ടെന്ന് തന്നെ കവാടം അടച്ചു.
കൊടി പിടിച്ചുകൊണ്ടു മുന്നില്‍ നടന്ന പടയാളിയെ അനുഗമിച്ചുകൊണ്ട് മറ്റു രണ്ട് പടയാളികളും കൊട്ടാരത്തിന് അകത്തേയ്ക്ക് പ്രവേശിച്ചു.മുന്നില്‍ നടക്കുന്ന പടയാളിയെ നോക്കി കൊട്ടാരത്തിലെ പലരും ശിരസ്സ് കുനിച്ചുകൊണ്ട് വണങ്ങുന്നുണ്ട്.അഗാധ രാജാവ് രാസാസിങ്കവര്‍ദ്ധന്‍റെ മുന്നിലേയ്ക്കാണ് അയാള്‍ പോയത്.
“ചന്ദ്രസേനാ നമ്മുടെ ദൂത് അശ്വത് മഹാജനെ അറിയിച്ചില്ലേ ? “ വൈരങ്ങള്‍ പതിച്ച തങ്ക സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് രാസാസിങ്കവര്‍ദ്ധന്‍ അയാളോട് ചോദിച്ചു
“അറിയിച്ചു രാജന്‍ ..യുദ്ധത്തില്‍ കുറഞ്ഞ വേറെയോന്നിനും അവര്‍ ഒരുക്കമല്ലെന്ന് അങ്ങയെ ബോധിപ്പിക്കാന്‍ അശ്വത് മഹാജന്‍ അറിയിച്ചു ..അല്ലെങ്കില്‍ “ ചന്ദ്രസേനന്‍ വാചകം മുഴുവനാക്കാതെ പകുതിയില്‍ നിറുത്തി
“എന്താണ് ചന്ദ്രസേനാ ഒരു അല്ലെങ്കില്‍ ? “ രാസാസിങ്കവര്‍ദ്ധന്‍ അല്പം ശബ്ദം ഉയര്‍ത്തി ചോദിച്ചു
“അല്ലെങ്കില്‍ അഗാധ രാജ്യവും അങ്ങും പൂര്‍ണ്ണമായും അശ്വത് മഹാജന്‍റെ കാല്‍കീഴില്‍ അടിയറവ് പറഞ്ഞുകൊണ്ട് അയാളെ അഗാധയുടെ പുതിയ രാജാവായി വഴിക്കുകയാണെങ്കില്‍ യുദ്ധം ഒഴിവാക്കാം എന്നാണ് അറിയിച്ചത് “ ചന്ദ്രസേനന്‍ അത്രയും പറഞ്ഞുകൊണ്ട് ശിരസ്സ് താഴ്ത്തി .
“അത്രയ്ക്കും അഹങ്കാരമോ മഹാജനം രാജാവിന് ? ചന്ദ്രസേനാ യുദ്ധത്തിന്‍റെ കാഹളം മുഴുങ്ങട്ടെ ..പടയൊരുക്കം ആരംഭിക്കുവിന്‍ “
“രാജന്‍..അഗാധ രാജ്യത്തിനേക്കാള്‍ നീണ്ട പട തന്നെ മഹാജനം രാജാവിന് ഉണ്ട് ..യുദ്ധം ചെയ്താല്‍ തോല്‍വി നിശ്ചയം “ ചന്ദ്രസേനന്‍ യുദ്ധം ചെയ്യുന്നതിലെ അതൃപ്തി പ്രകടിപ്പിച്ചു
“എന്ന് വെച്ച് നാം അശ്വത് മഹാജന് മുന്നില്‍ അടിയറവ് പറയണോ ? അഗാധ രാജ്യം കത്തി ചാമ്പലാവും നമ്മുടെ പടയാളികള്‍ അവരുടെ കുന്തമുനകളാല്‍ കൊല്ലപ്പെടും സ്ത്രീകളെയും കുട്ടികളയും അവര്‍ അടിമകളാക്കും നമ്മുടെ സമ്പത്ത് കൊള്ളയടിക്കപ്പെടും “ വളരെയധികം ഉച്ചത്തിലാണ് രാസാസിങ്കവര്‍ദ്ധന്‍ അത് പറഞ്ഞത്
“രാജന്‍ ഞാന്‍ പറയാന്‍ ഉദേശിച്ചത് രക്തപവിഴത്തെ പറ്റിയാണ് ..റാണി ഹൈമവതി വിചാരിച്ചാല്‍ ഈ യുദ്ധം നമ്മള്‍ വിജയിക്കും” പ്രതീക്ഷ നിറഞ്ഞ സ്വരത്തില്‍ ചന്ദ്രസേനന്‍ പറഞ്ഞു
“അത് ശരിയാണ് റാണി ഹൈമവതി ഒരു പൂജയിലാണ് ..രക്തപവിഴത്തിന്റെ കാര്യം ഞാന്‍ റാണിയെ ധരിപ്പിക്കാം ..പടയൊരുക്കം തുടങ്ങട്ടെ അശ്വത് മഹാജന്‍റെ അഹങ്കാരത്തിന് തക്കമായ മറുപടി യുദ്ധക്കളത്തില്‍ നമ്മുടെ പട നല്‍കണം “
“ഉത്തരവ് രാജന്‍ “ ചന്ദ്രസേനന്‍ ശിരസ്സ് കുനിച്ച് വണങ്ങികൊണ്ട് അവിടെ നിന്നുപോയി
------------------------------
യുദ്ധത്തിന്‍റെ കാഹളം മുഴങ്ങി
അഗാധ രാജ്യത്തെ നോക്കികൊണ്ട് മഹാജനം രാജാവ് അശ്വത് മഹാജന്‍റെ സൈന്യം പുറപ്പെട്ടു .ചന്ദ്രസേനന്‍റെ നേതൃത്വത്തില്‍ അഗാധ സൈന്യവും മഹാജനം സൈന്യത്തെ നേരിടാന്‍ സജ്ജമായി .വലുപ്പത്തിലും ശക്തിയിലും അഗാധ രാജ്യത്തെക്കാള്‍ മുന്നിലാണ് മഹാജനം രാജാവ് അശ്വത് മഹാജന്‍റെ സൈന്യം.പക്ഷേ അവരുടെ കൈയ്യില്‍ ഇല്ലാത്ത ഒന്ന് അഗാധ രാജ്യക്കാര്‍ക്ക് ഉണ്ട് അത് അവരുടെ ഹൈമവതി റാണിയും അവരുടെ വിശിഷ്ടമായ രക്തപവിഴവുമായിരുന്നു.ഭദ്രകാളി ഭക്തയായിരുന്ന ഹൈമവതിയുടെ നീണ്ട നൂറ്റിയൊന്ന് ദിവസത്തെ കഠിന വൃതത്തിനും പ്രാര്‍ത്ഥനയുടെയും ഒടുവില്‍ ഹൈമവതിയുടെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ടയായ ഭദ്രകാളി റാണിയ്ക്ക് മുന്നില്‍ പ്രത്യക്ഷമായി സമ്മാനിച്ചതായിരുന്നു വിശിഷ്ടമായ രക്തപവിഴം.
നിമിഷങ്ങള്‍ക്ക് ശേഷം അഗാധ സൈന്യവും മഹാജനം സൈന്യവും ഏറ്റുമുട്ടി.അഗാധ സൈന്യം മഹാജനം സൈന്യത്തിന്‍റെ ആക്രമത്തെ പ്രതിരോധിക്കാന്‍ വളരെ കഷ്ടപ്പെട്ടു അത്രയ്ക്കും ശക്തമായിരുന്നു അവരുടെ പട നിര.അഗാധ സൈന്യത്തിന്റെ കാലാള്‍പ്പടയുടെ സിംഹഭാഗത്തിനെതിരെ പെട്ടെന്ന് മേല്‍ക്കോയ്മ നേടാന്‍ മഹാജനം സൈന്യത്തിന് കഴിഞ്ഞിരുന്നു.പരമാവധി ശക്തിയില്‍ തിരിച്ചടിക്കാന്‍ അഗാധ സൈന്യം ശ്രമം നടത്തിയെങ്കിലും മഹാജനം സൈന്യത്തിനെ നേരിടാന്‍ അത് പോരായിരുന്നു.മഹാജനം സൈന്യത്തിന് മുന്‍പില്‍ അഗാധയുടെ പടയാളികള്‍ നിഷ്കരുണം മരിച്ചുവീഴുന്നതിനിടയിലും യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങാതെ പടയാളികളെ ഉത്തേജിപ്പിച്ചുകൊണ്ട് ചന്ദ്രസേനന്‍ ധീരമായി പടനയിച്ചു
“അല്ലയോ ചന്ദ്രസേനാ നമ്മുടെ പടയാളികള്‍ മരിച്ചു വീഴുന്നത് കാണുന്നില്ലേ ..എന്നിട്ടും എന്താണ് റാണി ഹൈമവതി രക്തപവിഴം പ്രയോഗിക്കാന്‍ അമാന്തിക്കുന്നത് ? “
പടയാളികളിലെ ചിലര്‍ കൂട്ടമായി ചന്ദ്രസേനനോട് ചോദിച്ചു.പെട്ടെന്ന് ശക്തമായി ഇടിവെട്ടി .കാര്‍മേഘം ആകാശത്ത് വളരെ പെട്ടെന്ന് ഇരുണ്ടുകൂടി സൂര്യന്‍റെ പ്രകാശത്തെ തടഞ്ഞു.ചോദ്യം ചോദിച്ച പടയാളികളെ നോക്കികൊണ്ട് ചന്ദ്രസേനന്‍ പറഞ്ഞു
“ദാ അങ്ങോട്ട് നോക്കുവിന്‍ “ ചോദ്യം ചോദിച്ച പടയാളികളെ നോക്കികൊണ്ട് അകലേയ്ക്ക് വാളിന്റെ അഗ്രഭാഗം നീട്ടികാണിച്ചുകൊണ്ട് ചന്ദ്രസേനന്‍ പറഞ്ഞു.അവരുടെ കണ്ണുകളില്‍ ദൂരെ നിന്ന് വെളുത്ത നിറമുള്ള ആനയുടെ മുകളിലായി യുദ്ധക്കളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീരൂപം കാണുവാന്‍ സാധിച്ചു.പ്രതീക്ഷ നശിച്ച അവരുടെ മുഖത്ത് പെട്ടെന്ന് സന്തോഷം നിറഞ്ഞു
“റാണി ഹൈമവതി “ അവര്‍ സന്തോഷം കൊണ്ട് ആ പേര് നാലില്‍ കൂടുതല്‍ തവണ വിളിച്ചുകൊണ്ട് അലറി.മറ്റുപടയാളികളും അവരുടെ സന്തോഷത്തെ ഏറ്റുപിടിച്ചുകൊണ്ട് റാണിയുടെ പേര് വിളിച്ച് അലറി
“റാണി ഹൈമവതി “ പടയാളികളുടെ ഉച്ചത്തിലുള്ള ശബ്ദം ആ യുദ്ധക്കളത്തില്‍ നിറഞ്ഞുനിന്നു.
വീണ്ടും ശക്തമായി ഇടിവെട്ടാന്‍ തുടങ്ങി .സൂര്യന്‍റെ പ്രകാശത്തെ പൂര്‍ണമായി കാര്‍മേഘങ്ങള്‍ തടഞ്ഞിരുന്നു ആ സമയം .ആനപ്പുറത്തിരുന്ന ഹൈമവതി പതിയെ അതിന്‍റെ പുറത്ത് നിന്ന് എഴുന്നേറ്റു വൃക്ഷാസനത്തിലെന്ന പോലെ ഒറ്റകാലിലായി നിന്നുകൊണ്ട് കൈയ്യിലുണ്ടായിരുന്ന ചുവന്ന നിറമുള്ള ഒരു കല്ല് മുകളിലേയ്ക്കായി ഉയര്‍ത്തിപിടിച്ചു.ഇടിയുടെ ശബ്ദത്തിന്‍റെ ഗാംഭീര്യം കൂടിയതിന് പുറമേ ശക്തമായ മിന്നലും ആകാശത്തില്‍ പ്രത്യക്ഷമായി.റാണിയുടെ കൈയ്യിലുണ്ടായിരുന്ന ചുവന്ന കല്ലില്‍ നിന്ന് ഒരു പ്രകാശം കാര്‍മേഘം ഒരുക്കിയ ദ്വാരത്തിലൂടെ ആകാശത്തിലേയ്ക്ക് പോകുന്നത് അഗാധ സൈന്യത്തിനൊപ്പം മഹാജനം സൈന്യവും നോക്കി നിന്നു.മിന്നലിന്റെ പ്രകാശം ആ കല്ലില്‍ തട്ടി കല്ലിന്‍റെ ചുവന്ന നിറം പ്രകാശിക്കാന്‍ തുടങ്ങിയതും സൂര്യന്‍റെ പ്രകാശത്തെ മൂടികെട്ടിയ കാര്‍മേഘം പെട്ടെന്ന് അപ്രത്യക്ഷമായി.ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമാണ് അത് സംഭവിച്ചത് വലിയൊരു തീഗോളം മഹാജനം സൈന്യത്തിന്‍റെ മധ്യത്തിലായി വന്നു പതിച്ചു.മഹാജനം സൈന്യത്തിന് എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ നില്‍ക്കുമ്പോഴാണ് അടുത്ത തീഗോളം അവരുടെ ഇടയില്‍ വീഴുന്നത് .പിന്നീട് എണ്ണിയാല്‍ ഒടുങ്ങാത്ത തീഗോളങ്ങള്‍ മഹാജനം സൈന്യത്തെ ലക്ഷ്യമാക്കി പതിച്ചു അവരുടെ ശക്തമായ പടനിരയെ ചിന്നഭിന്നമാക്കി.തീഗോളത്തിന്റെ ആഘാതത്തില്‍ മഹാജനം പടയാളികള്‍ വെന്തുമരിച്ചു അവര്‍ പ്രാണരക്ഷാര്‍ഥം യുദ്ധം ഉപേക്ഷിച്ച് തിരിച്ചോടുവാന്‍ തുടങ്ങി.പ്രാണരക്ഷാര്‍ഥം തിരിച്ചോടുന്നവരെ വകവരുത്താന്‍ അഗാധ സൈന്യത്തിന്റെ പടയാളികളുടെ അമ്പുകളും മറന്നില്ല.നിമിഷങ്ങള്‍ക്ക് ശേഷം മഹാജനം സൈന്യം പൂര്‍ണ്ണമായും ചത്തൊടുങ്ങിയപ്പോള്‍ ആകാശത്തില്‍ പൊഴിഞ്ഞുകൊണ്ടിരുന്ന തീഗോളങ്ങളും നിലച്ചു.റാണിയുടെ കൈയ്യിലുണ്ടായിരുന്ന കല്ലിലെ പ്രകാശം പതിയെ ഇല്ലാതായി കല്ലിന്‍റെ പൂര്‍വസ്ഥിതിയിലേയ്ക്ക് മാറി
“റാണി ഹൈമവതി ..റാണി ഹൈമവതി “ ചന്ദ്രസേനന്‍ ഹൈമവതിയ്ക്ക് ജയ് വിളിക്കും പോലെ ആക്രോശിച്ചു.ആ ആക്രോശം പടയാളികളും ഏറ്റെടുത്തു.റാണി ഹൈമവതി അവരെ നോക്കി മന്ദഹസിച്ചു
---------------------------
ഇന്ന്
സെന്‍ട്രല്‍ ജയില്‍
കൈയ്യിലെ ലാത്തികൊണ്ട് ഓരോ സെല്ലിന്‍റെയും കമ്പികളില്‍ തട്ടിയശേഷം ആരെയോ തിരയുന്ന പോലെ ആ പോലീസുകാരന്‍ ഓരോ സെല്ലുകളിലെയ്ക്കും എത്തിച്ചു നോക്കി.ഒടുവില്‍ ഒരു സെല്ലിന്‍റെ മുന്നിലെത്തിയപ്പോള്‍ അന്വേഷിച്ചയാളെ കണ്ടെത്തിയപ്പോലെ സെല്ലിന്‍റെ അകത്തേയ്ക്ക് നോക്കി
“ചാര്‍ളി നിന്നെ കാണാന്‍ ആരോ വന്നിട്ടുണ്ട് “ പോലീസുകാരന്‍ സെല്ലിന്‍റെ അകത്തേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു.ജയിലിലെ ചുവരില്‍ എന്തോ കുത്തിക്കുറിക്കുന്നതിനിടയില്‍ ചാര്‍ളി ഒരു സംശയത്തോടെ പോലീസുകാരനെ നോക്കി
“എന്നെയോ ? “ചാര്‍ളി വിശ്വാസം വരാതെ പോലീസുകാരനോട് ചോദിച്ചു .പോലീസ്സുകാരന്‍ സെല്ലിന്‍റെ വാതില്‍ തുറന്നുകൊടുത്തു.വിസിറ്റര്‍ റൂമിലേയ്ക്ക് നടക്കുമ്പോഴും തന്നെ കാണാന്‍ വന്നത് ആരായിരിക്കും എന്ന ചിന്തയായിരുന്നു ചാര്‍ളിയ്ക്ക് ഉണ്ടായിരുന്നത്.”ജോര്‍ദ്ദന്‍” നെറ്റുകള്‍ക്ക് അപ്പുറം തന്നെ കാത്തിരിക്കുന്നയാളെ കണ്ടപ്പോള്‍ അറിയാതെ ചാര്‍ളിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.ചാര്‍ളിയെ കണ്ടതും ജോര്‍ദ്ദന്‍ അവര്‍ക്ക് മധ്യത്തിലായി ഉണ്ടായിരുന്ന ഇരുമ്പ് കൊണ്ട് തീര്‍ത്ത നെറ്റിന്‍റെ അടുത്തേയ്ക്ക് നടന്നു
“ചാര്‍ളി ..മൈ ഡിയര്‍ ബ്രദര്‍ “ ജോര്‍ദ്ദന്‍ അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു
“ജോര്‍ദ്ദന്‍ ..സുഖമായിരിക്കുന്നോ ? “ ചാര്‍ളിയുടെ ആ ചോദ്യത്തിന് ജോര്‍ദ്ദന്‍ തലയാട്ടുക മാത്രമേ ചെയ്തുള്ളൂ
“ഞാന്‍ വന്നിരിക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനാണ് ..നമ്മുടെ കഷ്ടകാലം കഴിയാന്‍ പോകുന്നു ചാര്‍ളി “ നെറ്റിന്‍റെ മുകളിലെ ചാര്‍ളിയുടെ കൈകളില്‍ തന്‍റെ കൈയ്യും വെച്ചുകൊണ്ട് ജോര്‍ദ്ദന്‍ പറഞ്ഞു .വളരെ സന്തോഷത്തോടെയാണ് അയാള്‍ അത് പറഞ്ഞത്.ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന ചാര്‍ളിയെ നോക്കി ജോര്‍ദ്ദന്‍ തുടര്‍ന്നു
“രക്തപവിഴം ..അത് ഞാന്‍ കണ്ടെത്തിയിരിക്കുന്നു ബ്രദര്‍ “ ഭൂപടം പോലെ തോന്നിക്കുന്ന ഒരു പേപ്പര്‍ ചാര്‍ളിയെ കാണിച്ചുകൊണ്ട് ജോര്‍ദ്ദന്‍ പറഞ്ഞു
“രക്തപവിഴമോ ? “ അല്പം ഭയത്തോടെ ചാര്‍ളി തിരിച്ച് ജോര്‍ദ്ദനോട് ചോദിച്ചു
“അതെ ബ്രദര്‍ ..രക്തപവിഴം ..ഇന്ന് അതിന് നാനൂറ് കോടിയോളം വിലയുണ്ട് ..ഒരു ബയറെ(buyer) കണ്ടുപിടിക്കണം “
“നോ ജോര്‍ദ്ദന്‍..അത് റിസ്കാണ് ..അരുത് ..രക്തപവിഴം നൂറ്റാണ്ടുകളായി പലരും തിരഞ്ഞ് ലഭിക്കാത്ത വളരെ വിശിഷ്ടമായ ഒരു കല്ലാണ്.. അത് തിരഞ്ഞുപോയവര്‍ ആരും ഇന്നേവരെ തിരിച്ചും വന്നട്ടില്ല ..അതുകൊണ്ട് നമ്മുക്ക് ഇത് വേണ്ട ജോര്‍ദ്ദന്‍ “
“ട്രസ്റ്റ് മി ബ്രദര്‍ ..എനിയ്ക്ക് എടുക്കാനാവും അത് “ ജോര്‍ദ്ദന്‍ വളരെ ആത്മവിശ്വാസത്തോടെ ചാര്‍ളിയോട് പറഞ്ഞു
“രക്തപവിഴം അത്രയ്ക്കും ഈസിയല്ല ജോര്‍ദ്ദന്‍..വളരെയധികം അപകടം നിറഞ്ഞതാണ് അത് ..ദയവായി ഞാന്‍ പറയുന്നത് കേള്‍ക്കൂ ..അതും തേടി പോകരുത് “
“എന്‍റെ തീരുമാനം അന്തിമമാണ് ബ്രദര്‍ “ മാപ്പിന്റെ ഒരു കോപ്പി കമ്പികള്‍ക്ക് ഇടയിലൂടെ ചാര്‍ളിയ്ക്ക് നല്‍കിക്കൊണ്ട് ജോര്‍ദ്ദന്‍ പറഞ്ഞു
“ട്രസ്റ്റ് മീ ..ഐ കാന്‍ ഡു ഇറ്റ് “ അത്രയും പറഞ്ഞു ജോര്‍ദ്ദന്‍ അവിടെ നിന്ന് നടന്നു.ചാര്‍ളി ജോര്‍ദന്‍ പോകുന്നതും നോക്കി അങ്ങനെ നിന്നു
(തുടരും )
Lijin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക