"മുപ്പതു വർഷം ജീവിച്ചിരുന്ന വീട്ടിൽ നിന്നും വെറുക്കപ്പെട്ടവനായി ഉടുത്തിരുന്ന തുണികളുമായി ഞാൻ പടിയിറങ്ങി.കൂടെയെന്റെ നല്ല പാതിയും അവളുടെ നിറവയറിൽ ജന്മമെടുത്ത ഞങ്ങളുടെ കുഞ്ഞുമായി....
ഓരോ പാദവും മുമ്പോട്ട് വെക്കുന്തോറും എന്റെയുടലാകെ വിറകൊണ്ടു.കണ്ണുകളിൽ നിന്നും കുതിച്ചു ചാടുന്നത് രക്തത്തുള്ളികളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.ഒരുപ്രാവശ്യമെങ്കിലും പിറകിൽ നിന്നൊരു വിളി ആത്മാർത്ഥമായി ആഗ്രഹിച്ചെങ്കിലും അതുണ്ടായില്ല...
വീട്ടുകാർ നിർബന്ധിപ്പിച്ച് വിവാഹത്തിനു സമ്മതിപ്പിച്ചതാണെന്നെ.സ്വന്തമായി നല്ലൊരു തൊഴിലും പുതിയതായി ഒരുവീടും ഞാൻ സ്വപ്നം കണ്ടു.കാശ് കിട്ടുമ്പോൾ അതിനു മുകളിലൊരു നില കൂടി പണിയണം.ഇന്നാ മോഹങ്ങളെല്ലാം ജലരേഖകളായി മാറി...
ഉള്ളിലൊരുപാട് സങ്കടങ്ങൾ വന്നു നിറഞ്ഞ് ഹൃദയസ്പന്ദനം നിലക്കുമോയെന്നുവരെ ഞാൻ ഭയന്നു.ഒരു ബലത്തിനെന്നവണ്ണം നല്ലപാതിയുടെ കൈകളിൽ മുറുകെപ്പിടിച്ചു.ആശ്വസിപ്പിക്കാൻ അവൾക്കും കഴിയുമായിരുന്നില്ല. ഒരുപാട് സ്നേഹിച്ചിരുന്നു അവളും ആ വീടിനെയും വീട്ടുകാരെയും...
വിവാഹം കഴിഞ്ഞു ആദ്യ ആഴ്ചകളിലേ വീട്ടിൽ അമർഷങ്ങൾ പുകഞ്ഞു തുടങ്ങി. തുടക്കമിട്ടത് സഹോദരിയാണ്.അത് പിന്നെ അമ്മയും അച്ഛനും ഏറ്റുപിടിച്ചു.ചേച്ചിയെ വിവാഹം കഴിപ്പിച്ച് അയച്ചതിന്റെ ബാക്കി കടമുണ്ടായിരുന്നു.അത് തീർക്കാൻ കഴിയാതിരുന്നതിനാൽ അളിയൻ ചേച്ചിയെയും മക്കളെയും വീട്ടിൽ കൊണ്ട് വന്നു നിർത്തി.തരാനുളളത് ബാക്കി വാങ്ങീട്ട് വന്നാൽ മതിയെന്ന് ഉത്തരവുമിട്ടു....
പെങ്ങളുടെ സ്ത്രീധനത്തുകക്ക് ബാക്കിയായി വീട്ടുകാർ കണ്ടുപിടിച്ച വഴിയായിരുന്നു എന്റെ വിവാഹം. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ അമ്മ പെങ്ങളുടെ ആവശ്യപ്രകാരം ഭാര്യയുടെ സ്വർണ്ണമെല്ലാം ഊരിവാങ്ങിച്ചു.തട്ടാന്റെ അടുക്കൽ കൊണ്ട് ചെന്ന് ഉരച്ചു നോക്കിയപ്പോൾ പറഞ്ഞിരുന്നതിൽ നിന്നും ഇരുപതു പവന്റെ ആഭരണങ്ങളിൽ എട്ടുപവൻ ഗ്യാരന്റിയായിരുന്നു...
വിവാഹത്തലേന്ന് പെണ്ണിന്റെ വീട് സന്ദർശിക്കുന്നയൊരു ചടങ്ങ് എന്റെ നാട്ടിലുണ്ട്.എന്നെ അവിടെവെച്ചു മാറ്റിനിർത്തി അവളുടെ അമ്മ തൊഴുകൈകളുമായി എന്റെ മുമ്പിൽ നിന്നു.പറഞ്ഞിരുന്ന സ്വർണ്ണം മുഴുവനുമില്ലെന്നും കടക്കാരൻ ബാക്കി കടമായതിനാൽ തന്നില്ലെന്നും പറഞ്ഞു...
"ചതിക്കാൻ ഞങ്ങൾക്ക് കഴിയില്ല.ഭർത്താവ് ഉപേക്ഷിക്കുമ്പോൾ എനിക്ക് മൂന്നുമക്കൾ.രണ്ടുപെണ്ണും ഏറ്റവും ഇളയത് ആണും.അവരെ വളർത്തി പഠിപ്പിക്കാൻ ഞാനൊരുപാട് ത്യാഗം ചെയ്തു. റോഡുപണിയും അടുക്കളപ്പണി ചെയ്തുമാണ് മക്കളെ ഇന്നീ നിലയിൽ എത്തിച്ചത്.മോനു മനസ്സറിഞ്ഞ് സ്വീകരിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം.അതു മോന്റെയിഷ്ടം.സത്യങ്ങൾ തുറന്നു പറയണ്ടത് എന്റെ കടമയാണ്.നാളെ എന്റെ മകളും ഞാനും ചതിച്ചൂന്ന് പരാതി വരരുത്..."
ആ അമ്മ പറഞ്ഞു നിർത്തിയതും ഞാനാ കൈകൾ ചേർത്തു പിടിച്ചു.എന്റെ സ്വന്തം അമ്മയെന്റെ മുമ്പിൽ തൊഴു കൈകളുമായി നിൽക്കുന്നതായിട്ടാണു എനിക്ക് അനുഭവപ്പെട്ടത്.
"സ്വർണ്ണത്തെക്കാൾ വിലയുണ്ട് അമ്മേ പെണ്ണിന്റെ മാനത്തിനും അഭിമാനത്തിനും.പറയുന്ന വാക്കിൽ നിന്നും ഞാൻ മാറില്ല.എനിക്ക് വധുവായി അമ്മയുടെ മകൾ തന്നെമതി.സ്ത്രീധനത്തിനായി എനിക്ക് കൊതിയുമില്ല..."
അമ്മയെ ആശ്വസിപ്പിച്ച് പിന്തിരിയുമ്പോൾ ഞാൻ കണ്ടു.നിറ കണ്ണുകളുമായി നിൽക്കുന്ന മറ്റൊരു ദേവിയെ.ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ എന്റെ ജീവതത്തിനു അവകാശിയാകുന്നവൾ....
"ഇനിയുമീ മിഴികൾ നിറയരുത്..." ഞാനവളോട് ആവശ്യപ്പെട്ടു.പക്ഷേ ഇത്രയും നാൾ പലപ്പോഴും ഞാൻ നിശബ്ദനായപ്പോൾ എനിക്കായി അവൾ സ്വയം എരിഞ്ഞു തീർന്നു കൊണ്ടിരുന്നു...
സ്വന്തം മകന്റെ കുഞ്ഞു ഭ്രൂണമായി ഉടലെടുത്തപ്പോൾ വീട്ടുകാരാരും ഒരുനല്ല വാക്ക് പറഞ്ഞില്ല.അവളുടെ വീട്ടുകാർക്കും ഭ്രഷ്ട് കൽപ്പിക്കപ്പെട്ടു.വെറുമൊരു സ്വർണ്ണത്തിന്റെ പേരിൽ പിന്നെയും അവൾ ക്രൂശിക്കപ്പെട്ടു കൊണ്ടിരുന്നു....
കുഞ്ഞിനെയും വയറ്റിലിട്ട് കഠിനമായ ജോലികൾ അവൾ ചെയ്തെങ്കിലും തളർന്നില്ലയവൾ.എന്റെയൊരു ആശ്വാസവാക്ക് മാത്രം മതിയാകുമായിരുന്നു അവളുടെ സങ്കടങ്ങൾ അകലുവാൻ...
താമസിച്ചിരുന്ന സ്വന്തം വീട് സഹോദരിക്കാണെന്ന് അറിഞ്ഞപ്പഴും അവളെന്നെ തടഞ്ഞു നിർത്തി..."സാരമില്ലെന്ന്" കണ്ണുകൾ കൊണ്ടവൾ പറഞ്ഞു..
പൂർണ്ണ ഗർഭിണിയെക്കൊണ്ട് തറതുടപ്പിച്ചപ്പോൾ ഞാനാദ്യമായി പൊട്ടിത്തെറിച്ചു.ഇവിടെ രണ്ടിനും ഒരു അവകാശവുമില്ല ഇതെന്റെ മകൾക്ക് ആണെന്ന് അമ്മയും അച്ഛനും അലറിപ്പറഞ്ഞു...
ഇറങ്ങിപ്പോകാൻ പറഞ്ഞ നിമിഷത്തിൽ കൂടപ്പിറപ്പിന്റെ ക്രൂരമായ ആനന്ദം ഞാനാ മിഴികളിൽ കണ്ടു.
അസഹ്യമായ നെഞ്ച് പിടച്ചിലോടെ ഞങ്ങൾ അവിടെ നിന്നിറങ്ങി....
"ഏട്ടാ അഭിമാനക്കുറവ് ഇല്ലെങ്കിൽ നമുക്കെന്റെ വീട്ടിലേക്ക് മടങ്ങാം.സ്നേഹിക്കാനറിയാവുന്നൊരു അമ്മയും കൂടപ്പിറപ്പുകളും അവിടെയുണ്ട്.തല ചായ്ക്കാനൊരിടവും നമുക്ക് കിട്ടും.പതിയെ നമുക്ക് മറ്റൊരു വീട് തേടാംഅപ്പഴേക്കും എന്റെ പ്രസവും കഴിയും. നമ്മുടെ കുഞ്ഞുമായി പുതിയൊരു വീട്ടിൽ താമസം ആരംഭിക്കാം..."
ഞാനവളുടെ കരങ്ങൾ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു...
"അവിടെ നിന്ന് ഇറങ്ങിയെന്ന് കരുതി അച്ഛനെയും അമ്മയെയും മറക്കരുത്. ഏട്ടൻ അവിടെ ചെന്ന് ഒരുമകന്റെ കടമകൾ ചെയ്യണം.വയ്യാതാകുമ്പോൾ അവരെ നമ്മുടെ കൂടെ കൂട്ടണം..."
"നിനക്ക് എങ്ങനെ കഴിയുന്നു ദ്രോഹിച്ചവരോടൊക്കെ ക്ഷമിക്കാൻ..."
ഞാൻ അത്ഭുതപ്പെട്ടു...
"ഞാനൊരു സ്ത്രീയാണ്.മകളാണ്... നാളെ അമ്മയാണ്.ഭൂമീദേവിക്ക് ക്ഷമിക്കാൻ കഴിവില്ലെങ്കിൽ മനുഷ്യ ജന്മം ഇവിടം കൊണ്ടവസാനിക്കും..."
തേങ്ങിക്കൊണ്ട് അവളെന്നിലേക്ക് ചായുമ്പോൾ സ്ത്രീയുടെ മറ്റൊരു മൂർത്തീ ഭാവത്തെക്കൂടി ഞാൻ അറിയുകയായിരുന്നു..."
NB: നമുക്ക് ചുറ്റുമുള്ള ചില പച്ചയായ ജീവിതങ്ങൾ...
(Copyright protect)
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക