നിന്നെയും തേടി
****************
****************
ഭാഗം :- 6
മലപ്പുറത്ത് ലിറ്റിൽ ഫ്‌ളവർ ഓർഫനേജിന്റെ ഗേറ്റ് കടന്നപ്പോൾ സാമിന് എന്തെന്നറിയാത്ത ഒരു അനുഭൂതിയുണ്ടായി... താൻ ഓടിക്കളിച്ച മുറ്റം.. തനിക്കു തണൽ നൽകിയ ബദാം മരം.. എന്തെങ്കിലും വിഷമം ഉള്ളപ്പോഴോ അമ്മമാർ വഴക്കുപറയുമ്പോഴോ അല്ലെങ്കിൽ കൂട്ടുകാരുമായി വഴക്കുകൂടുമ്പോഴോ ഒക്കെ താൻ ഈ മരത്തണലിൽ ഒറ്റക്ക് വന്നിരുന്നു കരഞ്ഞിരുന്നു..
പക്ഷെ ഇപ്പൊ മുറ്റത്തെങ്ങും ഒറ്റ കുട്ടിയെപ്പോലും അവന് കാണാൻ കഴിഞ്ഞില്ല. സ്കൂൾ സമയമായതുകൊണ്ട് എല്ലാരും സ്കൂളിൽ പോയിരിക്കാം എന്നവൻ ഊഹിച്ചു... സാം ഓഫീസിന്റെ കവാടത്തിലേക്ക് ചെന്നു.. അത് താഴിട്ടു പൂട്ടിയിരിക്കുന്നു.... ചിലപ്പോ കുട്ടികളെയും കൂട്ടി ടൂറിന് പോയതാകും.. അല്ലെങ്കിൽ ഇനി ഇവർ വേറെ കെട്ടിടത്തിലേക്ക് മാറിക്കാണുമോ..
സാമും ബാബുവും സെൽവനും അടുത്ത കോംബൗണ്ടിലുള്ള പള്ളിയിലേക്ക് നടന്നു.. അവിടെ ചെടി നനച്ചുകൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു..
‘ചേട്ടാ.. ഇവിടൊരു അനാഥാലയം ഉണ്ടായിരുന്നല്ലോ.. എന്താ അത് പൂട്ടിയിട്ടിരിക്കുന്നെ.. ‘
‘അത് രണ്ട് മാസം മുന്നേ പൂട്ടിപ്പോയി.. ദാരിദ്ര്യം ആയിരുന്നു... പള്ളിയിൽ നിന്നും പൈസ ഒന്നും കിട്ടാനില്ല.. ആരും ഒട്ടു സഹായിക്കാനുമില്ല.. കുട്ടികളെ ഒക്കെ പല പല സ്ഥലത്താക്കി.. ഒന്നു രണ്ടു കുട്ടികളെ ആരൊക്കെയോ ദത്തെടുത്തു.. കന്യാസ്ത്രീ അമ്മമാരൊക്കെ പല പല പള്ളികളിലേക്ക് പോയി.. ഇപ്പൊ ഈ കെട്ടിടത്തിൽ എന്തെങ്കിലും സ്ഥാപനം തുടങ്ങാൻ ആളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.. ആരും പക്ഷെ അടുക്കുന്നില്ല.. ഈ ഓണംകേറാമൂലേൽ ആരു വരാനാ..’
അയാൾ തിരിഞ്ഞു നിന്ന് തന്റെ ജോലി തുടർന്നു.. ഇനിയെന്തു ചെയ്യും എന്നറിയാതെ അവർ നിന്നു
********
‘എടീ.. ശ്രീദേവി.. ഇതേതാ ഈ പെണ്ണ്’
‘അത് അമ്മേ.. സുമിത്രേടെ വീട്ടിൽ വേലക്ക് നിന്നതാ.. അവൾ അടുത്താഴ്ച്ച ദുബായിലേക്ക് പോവല്ലേ.. ഇവിടെ കുട്ടികളുള്ളതുകൊണ്ട് നമുക്ക് ഒരാളെ വേണമല്ലോ.. അതാ.. ഞാൻ...’
‘അയ്യടാ.. കുട്ടികള്.. പറച്ചില് കേട്ടാൽ തോന്നും സ്വന്തമാണെന്ന്.. വല്ലവരുടേം പിള്ളാരെ കൊണ്ടു വച്ച് നോക്കാനിരുത്തും എന്നിട്ട്.. പറച്ചില് കേട്ടാലോ.. സ്വന്തമായിട്ടൊന്നിനെ എന്റെ മോന് കൊടുക്കാൻ പറ്റിയിട്ടില്ല... ഒരെണ്ണം ഉണ്ടായത് ആ വയറ്റിൽ നിന്നുമില്ല.. . ഒരുക്കിക്കെട്ടി കൊണ്ട് നടക്കാൻ കൊള്ളാം.. ഇതാ പറയുന്നത്.. അഴകുള്ള ചക്കയിൽ ചുളയില്ലാന്ന്.. ‘
ശ്രീദേവി കണ്ണുനിറച്ചു കൊണ്ട് അവിടുന്ന് ഓടി.. എന്താ ചെയ്യണ്ടതെന്നറിയാതെ കാവേരി നിന്നു..
‘എന്തുവാ പെണ്ണേ വായും പൊളിച്ച നോക്കി നിക്കുന്നെ.. ആ അടുക്കള ഭാഗത്തെങ്ങാനും പൊക്കോ..’
അടുക്കള ഏതാണെന്നു മനസ്സിലാകാതെ നിന്ന അവളെ രമണി കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോയി.. അന്ന് മുതൽ അവൾ അവിടെ ചെറിയ ചെറിയ പണികൾ എടുത്തു തുടങ്ങി..
അവിടുത്തെ കാര്യങ്ങൾ കാവേരിക്ക് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.. ആ വീട്ടിൽ ശ്രീദേവിയെക്കൂടാതെ അവരുടെ ഭർത്താവിന്റെ അമ്മ, രമണിചേച്ചി എന്നിവർ മാത്രമാണ് താമസിച്ചിരുന്നത്.. രാഘവേട്ടൻ എന്നും വീട്ടിൽ പോയി വരും... ശ്രീദേവിയുടെ ഭർത്താവ് പുറത്തെവിടെയോ ആണ്... വർഷത്തിലൊരിക്കൽ മാത്രമേ വരൂ.. അമ്മയും ഇളയ മകനൊപ്പം അമേരിക്കയിലാണ്.. ഇപ്പൊ രണ്ടു മാസത്തേക്ക് വന്നതാണ്.. രണ്ടാഴ്ച കഴിയുമ്പോ പോകും..
ശ്രീദേവിക്ക് പറയത്തക്ക ബന്ധുക്കളൊന്നുമില്ല.. അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചു പോയി..കൂടപ്പിറപ്പുകളും ഇല്ല.. .. ശ്രീദേവി ഇടക്ക് ഗർഭിണിയായിരുന്നു.. പക്ഷെ ഇടക്ക് തെന്നി വീണ് അത് അലസിപ്പോയി.. അന്ന് ഗർഭപാത്രത്തിൽ ക്ഷതം സംഭവിച്ചതുകാരണം ഇനി മക്കളുണ്ടാകില്ലന്ന് ഡോക്ടർമാർ വിധിയെഴുതി..
അതിനു ശേഷം ശ്രീദേവി സമാധാനം കണ്ടെത്തിയത് കുറെ കൊച്ചു കുട്ടികളെ കൂട്ടി വീട്ടിൽ തന്നെ ഒരു ഡേ കെയർ തുടങ്ങിയായിരുന്നു.. ആ കുഞ്ഞുങ്ങൾക്കും അവളെ ജീവനായിരുന്നു.
അമ്മയുണ്ടായിരുന്ന രണ്ടാഴ്ച്ച ശ്രീദേവി കാവേരിയോട് മിണ്ടിയതുകൂടിയില്ല.. 'അമ്മ പോയി കഴിഞ്ഞപ്പോൾ മുതൽ ശ്രീദേവി കാവേരിയുടെ ശ്രീയേച്ചിയായി.. അന്ന് മുതൽ ശ്രീദേവി അവളെ പഠിപ്പിക്കാൻ തുടങ്ങി.. വീട്ടിൽ തന്നെ.
വർഷങ്ങൾ കടന്നു പോയി..... പഠിക്കാൻ മിടുക്കിയായിരുന്ന കാവേരി പതിനെട്ടാം വയസിൽ പത്താം ക്ലാസ്സും ഇരുപതാം വയസ്സിൽ പ്ലസ് ടൂവും പാസ്സായി.. അതിനു ശേഷം ശ്രീദേവി അവളെ ബി എഡ് പഠിക്കാൻ വിട്ടു.. ഇടയ്ക്കിടെ അമ്മ സന്ദർശനത്തിന് വരുന്ന സമയത്ത് അവളെ ഹോസ്റ്റലിൽ ആക്കി.. ഇടക്കിടെ വരുന്ന അനിയന്റെ ഓർമകൾ മാറ്റിനിർത്തിയാൽ, വളരെ സ്നേഹത്തിടെയും സമാധാനത്തോടെയും കാവേരി അവിടെ കഴിഞ്ഞു.. ശ്രീദേവിയുടെ ഭർത്താവിനും കാവേരിയെ അവിടെ നിർത്തുന്നതിൽ വലിയ താൽപര്യമില്ലായിരുന്നു.. എന്നാലും ശ്രീദേവിയുടെ ഇഷ്ടത്തിന് അയാൾ ഒരിക്കലും എതിരും നിൽക്കില്ലയിരുന്നു...
പിന്നീടാണ് കാവേരിയുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ തക്കവണ്ണമുള്ള ആ സംഭവം ഉണ്ടായത്..
************
സാം വന്നപ്പോൾ താടിക്ക് കയ്യും താങ്ങി ഇരിക്കുന്ന ബീരാനിക്കയെയാണ് കണ്ടത്..
‘എന്തുപറ്റി ബീരാനിക്ക’
‘കള്ള ഹമുക്കെ.. നിനക്കൊന്നും അറിയില്ല അല്ലെ.. നീ കാരണമാ എനിക്കീ ഗതി വന്നത്..’
‘എന്താന്നു വച്ചാൽ തെളിച്ചു പറയ് ബീരാനിക്ക.. അവൻ പിന്നേം എന്തേലും കുരുത്തക്കേട് ഒപ്പിച്ചോ’
‘ഓരോന്ന് പറഞ്ഞ് തന്ന് എന്റെ നല്ല മനസ്സ് മുതലെടുത്ത് നീ എന്റെ തന്നെ തലേൽ അവനെ കെട്ടിവച്ച് തന്നല്ലോ... ഞാൻ സമാധാനത്തിന് ഇവിടെ കഴിഞ്ഞു വന്നതാ.. ഇപ്പൊ അതും പോയി..’
‘ദേ. ഇല്ലാത്തത് പറയരുത് കേട്ടോ.. അന്ന് അവനെ ഓർഫനേജിൽ കൊണ്ടുവിടാൻ ഇവിടെ വന്നപ്പോ അതടച്ചു പോയിന്നറിഞ്ഞു ഞാൻ നിങ്ങടെ കടേൽ വിഷമിച്ചിരുന്നപ്പോ അവന്റെ കഥയൊക്കെ കുത്തികുത്തി ചോദിച്ചത് നിങ്ങള് തന്നെയല്ലേ.. എന്നിട്ട് നിങ്ങള് തന്നെ പറഞ്ഞു എനിക്കും എന്റെ സുഹ്റാബിക്കും മക്കളില്ല എനിക്കിവനെ തന്നൂടെ സാംകുട്ടീന്ന്.. അങ്ങനെ കരഞ്ഞു പറഞ്ഞു അവനെപ്പിടിച്ചു നിർത്തി അവന്റെ സുന്നത്ത്കല്യാണോം നടത്തി സെൽവനെ അൻവർ ആക്കിയതും പോരാ.. ഇപ്പൊ എന്റെ മെക്കിട്ട് കേറുന്നോ..’
‘അന്നേരം ഞാൻ അറിഞ്ഞോ ഇത് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന്.. ഇപ്പൊ സ്കൂളിലെ രക്ഷിതാക്കളുടെ എല്ലാം വായീന്ന് തന്തക്കുവിളി ഞാൻ കേൾക്കണം.. ഈ സ്കൂളിൽ അവസാന വർഷമാ.. നന്നായി പഠിക്കുന്നത്കൊണ്ടാ ഇതുവരെ അവര് പുറത്താക്കാഞ്ഞത്.. ഇനിയിപ്പോ .. പ്ലസ് ടു വിനുവേറെ സ്കൂള് നോക്കേണ്ടി വരും....അതുമല്ല വല്ല മനുഷ്യക്കോലവുമുണ്ടെങ്കിൽ വേണ്ടുകേലാരുന്നു.. ‘
‘അല്ല.. ഇപ്പൊ എന്താ പ്രശ്നം.. ‘
‘എന്തു പ്രശ്നമാ ഇല്ലാത്തത്.. അതെങ്ങാനാ തള്ള ഒരുത്തി കൊഞ്ചിച്ചു വഷളാക്കി തലേൽ കെട്ടി വച്ചേക്കുവല്ലേ..’
‘അവൻ വഷളൊന്നുമല്ല സാംകുട്ടി...’
‘ആഹാ.. ഇത്താത്ത ഇവിടെയുണ്ടായിരുന്നോ...’
‘ഞാൻ ഊണും കൊണ്ടു വന്നതാ..’
‘ഇപ്പൊ എന്തു പ്രശ്നമാ അവൻ ഉണ്ടാക്കിയെ..’
‘ദാ.. വരുന്നു സൽപ്പുത്രൻ.. അങ്ങോട്ടു തന്നെ ചോദിക്ക്’
നല്ല പൊക്കവും.. അതിനൊത്ത തടിയും ... പൊടിമീശയും... ഒരിക്കലും കത്രിക കണ്ടിട്ടില്ലാത്ത ചുരുണ്ട മുടിയുമായി സുമുഖനായ ഒരു ന്യൂ ജനറേഷൻ ഫ്രീക്കൻ യുവാവ് അങ്ങോട്ടേക്ക് നടന്നടുത്തു..
(തുടരും)
ദീപാ ഷാജൻ
Nalla kada.. Bakki poratteee
ReplyDelete