നീലാകാശം
****************
"നിള നീയും മോളും റെഡി ആയി നിൽക്കു ....ഞാൻ ഒന്ന് മഹിയുടെ വീടുവരെ പോയിവരാം ..."
"ആഹാ എന്നാൽ ഇച്ചായൻ ഇപ്പോൾ എത്തിയത് തന്നെ "
"അല്ല നിള അവൻ പെട്ടെന്നു ചെല്ലാൻ പറഞ്ഞു .ഇവിടെ അടുത്തല്ലേ ...അവന്റെ ശബ്‍ദം കേട്ടിട്ട് അവൻ ആകെ ടെയ്ൻസ്ടു ആണ് ......നിങ്ങൾ റെഡി ആകുമ്പോഴേക്കും ഞാൻ ഇങ്ങു എത്തും ....."
നിള ഒന്ന് പുഞ്ചിരിച്ചു .
റോബിൻ തന്റെ ബൈക്ക് മായി ആ നഗര മദ്ധ്യത്തിൽ ബ്ലോക്കിനോട് മല്ലിട്ടു ഒരുവിധം മഹിയുടെ വീട്ടിൽ എത്തി .കോളിംഗ് ബെല്ല് അടിക്കേണ്ടി വന്നില്ല ഡോർ മലർക്കെ തുറന്നിട്ടിരിക്കുകയായിരുന്നു .മഹി സോഫയിൽ ഇരുന്നു മൊബൈലിൽ എന്തോ നോക്കുകയാണ് .
"മഹി ..."
"ടാ ഇരിക്കെടാ ....ചായ എടുക്കട്ടേ ...."
"അത് പിന്നെ ആകാം .. അല്ലേൽ വേണ്ട ......ശീതൾ! ഞാൻ വന്നിട്ടുണ്ടേ എനിക്ക് ഒരു കടുപ്പം കൂട്ടിയ ചായ ഇങ്ങു എടുത്തേക്കു ...."
"റോബിൻ ...അവൾ ഇവിടെ ഇല്ലെടാ ...."
"അമ്പലത്തിൽ പോയോ ...അപ്പോ മോനുസോ? "
"അമ്പലത്തിൽ അല്ല ...അവളുടെ വീട്ടിലാണ് പോയെ ...."
"അപ്പോൾ ഇനി ഒരാഴ്ച കഴിഞ്ഞു പ്രതീക്ഷിച്ചാൽ മതിയല്ലോ ....അതാണ് മഹി ചേട്ടന്റെ മുഖത്തെ വിഷമം അല്ലെ ..?"
"എടാ ...അവൾ ഇനി വരില്ലെടാ ....ഇനി എന്റെ ലൈഫിലേക്കും ........."
"എന്താടാ നീ പറയുന്നേ ?"
മഹി മുറിക്കു അകത്തേക്ക് പോയി തിരികെ വന്നു കൈയിൽ ഇരിക്കുന്ന പേപ്പർ നീട്ടി .
"അവൾ അയച്ചതാ ഈ ഡിവോഴ്സ് നോട്ടീസ് ...."
റോബിന് ഒന്നും പറയാൻ കഴിഞ്ഞില്ല .റോബിൻ ആ നോട്ടീസിലൂടെ കണ്ണോടിച്ചു .
"ഇത്രയും അകാൻ നിങ്ങൾക്കിടയിൽ എന്താ സംഭവിച്ചേ ....പറയെടാ ... "
"അറിയില്ലെടാ ...അവൾക്കു എന്താ പറ്റിയെന്നു ...."
"ഏകദേശം മൂന്ന് നാലു മാസമായി അവൾ ഒന്ന് ചിരിച്ചു കണ്ടിട്ട് ...എന്തിനു നന്നായി സംസാരിച്ചിട്ട് ..തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യമായിരുന്നു ...."
"നിനക്കണോ അതോ അവൾക്കാണോ ..."
"അത് ഞാനും ദേഷ്യപ്പെടാറുണ്ട് ....."
"എടാ എനിക്ക് എന്റെ മോനൂസ് ഇല്ലാതെ പറ്റില്ലെടാ ...."
"കൊള്ളാം ....നീ ഇപ്പോഴും മോനെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളു ....ടു യു മിസ് ഹേർ ?"
"അത് ..."
"അതെ ....അതാ കുഴപ്പം അവളെ മനസുകൊണ്ട് നീ സ്നേഹിക്കയാകും ...പക്ഷെ അതൊന്നു വാക്കിൽ പറയാനോ പ്രകടിപ്പിക്കാനോ നിനക്കായി കാണത്തില്ല ....ഇപ്പോളും മോന് ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നേ നീ പറയുന്നുളൂ ...അവൾ ഇല്ലാതെ എന്ന് പറയുന്നില്ല ...."
"റോബിൻ ....."
"ടാ .....ശീതളിനെ കുറച്ചൊക്കെ എനിക്കറിയാം ....നിങ്ങൾക്കിടയിൽ എന്താ സംഭിവിച്ചെന്നു ഞാൻ കൂടുതൽ ചോദിക്കുന്നില്ല ...
ആദ്യം നീ അവൾക്കു വേണ്ടി എന്താ ചെയ്തതെന്ന് ചിന്തിക്കൂ ....
ഒന്ന് ചിന്തിച്ചേ ....ഈ ഏഴു വർഷം ആയിട്ടു അവൾക്കു ഈ വീട് ,അമ്പലം ....അവളെ ഒരു ജോലിക്കു പോലും നീ വിട്ടിട്ടില്ല ...ഇതായിരുന്നു അവളുടെ ലോകം ...അവിടെ സ്നേഹിക്കാൻ നീയും മോനുസും മാത്രം .അവൾ നിന്നിൽ നിന്നും കുറെ ആഗ്രഹിക്കുന്നുണ്ടാകും ....
അത് ചിലപ്പോൾ എല്ലാത്തിൽ നിന്നും മാറി നിന്റെ സാമിപ്യം ആകാം ...അല്ലെങ്കിൽ ഒരു വാക്ക് ...അതുമല്ലെങ്കിൽ ഒരു യാത്ര .....
എല്ലാത്തിലും ഉപരി പ്രണയം ......
ടാ ....നമ്മൾ വീട് നോക്കുന്നു ചെലവ് നോക്കുന്നു ....ഓഫീസിലെ തിരക്ക് അതൊക്കെ ഉണ്ട് .....അത് എല്ലാം അവർക്കു മനസിലാകുന്നുമുണ്ട് .....പക്ഷെ അവർ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നുണ്ട് ...ജീവിതത്തിൽ ഉടനീളം നമ്മൾ അവരെ പ്രണയിച്ചു കൊണ്ടേ ഇരിക്കണം ....അത് അവർക്കൊരു ആശ്വാസമാകും ......."
"പക്ഷെ ഞാൻ അവളെ ഒരുപാടു ഫോൺ വിളിച്ചു അവൾ എടുത്തില്ല "
"മഹി പ്രശ്നങ്ങളും തെറ്റുകളും ഉണ്ടാകും ...ഇതു മനുഷ്യന്മാരുടെ ജീവിതമാണ് ...നീ അവളെ ചെന്ന് കാണണം ....ഇത്രയും നാൾ ജീവിച്ചതല്ലെ നിങ്ങൾ ..എന്നോടോ ...ഈ കോടതികളോടോ പ്രശ്നങ്ങൾ പറയുന്ന സമയം കൊണ്ട് നിങ്ങൾക്കിടയിൽ പറഞ്ഞു തീർക്കാവുന്നതേ ഉള്ളൂ എല്ലാം ...നിനക്കറിയോ സ്നേഹിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഒന്ന് ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞു തീർക്കാവുന്ന പിണക്കങ്ങളെ എല്ലാര്ക്കും ഉള്ളു ."
"പക്ഷെ അവൾ കേൾക്കാൻ നിന്നല്ലെങ്കിലോ?ഞാൻ അവിടെ ചെല്ലുമ്പോൾ .... "
"എടാ മഹി ...അവൾ നിന്റെ ഭാര്യയാണ് ..നിന്റെ മോന്റെ അമ്മയാണ് ...അവൾ നീ പറയാൻ കേൾക്കാനുള്ള ഒരു നിമിഷം അല്ല ഒരു മണിക്കൂർ വരെ സമയം തരും ....കാരണം നിന്നെ സ്നേഹിക്കുന്ന പെണ്ണ് ആണ് അവൾ .മനസിലെ വിങ്ങലുകൾ ഉള്ളിലൊതുക്കിയ ഒരു പെണ്ണ് ..."
റോബിൻ ബ്ലോക്കിനിടയിൽ തന്റെ ബൈക്കുമായി ചീറി പാഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും ദിയമോൾ നീല ഫ്രോക്കുമിട്ടു സുന്ദരിയായി ഓടി വന്നു ...
"പപ്പാ ...ബീച്ചിൽ പോകേണ്ടേ ? ..എപ്പോഴേ മോൾ ഇവിടെ ഒരുങ്ങി നിൽക്കുവാ ..."
അവളെ കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മ റോബിൻ അവളുടെ കവിളിൽ കൊടുക്കുമ്പോൾ ,ചുവന്ന സാരി ഉടുത്തു, ദേഷ്യം വന്നു ചുമന്ന മുഖവുമായി നിൽക്കുന്ന നിളയെനോക്കി കണ്ണിറുക്കൻ റോബിൻ മറന്നില്ല .
- Reshma S. Devan-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക