നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇന്നു ഞാൻ നാളെ നീ


ഇന്നു ഞാൻ നാളെ നീ
*********************
"ഗുഡ് ബൈ മിസ്തർ നായർ, ഓൾ ദ ബെസ്റ്റ് "
പാസ്പോർട്ട് തിരിച്ചു തരുമ്പോൾ ഒരു നിറഞ്ഞ ചിരിയുമായി ഇമിഗ്രേഷൻ കൌണ്ടറിലെ സൌദി പറഞ്ഞു. വിദ്യാഭ്യാസം ഇവർക്കും ആതിത്ഥ്യമര്യാദകള്‍ പഠിപ്പിച്ചു കൊടുത്തിരിക്കുന്നു.
ഇമിഗ്രേഷൻ കൗണ്ടറിൽ നിന്നും നടന്നു നീങ്ങുമ്പോൾ പാസ്‌പോർട്ടിൽ ഒന്ന് കൂടെ ഫൈനൽ എക്സിറ്റ് സ്റ്റാമ്പ് നോക്കി, മുപ്പതു വർഷം നാരായണന്‍ നായര്‍ ആയി ഈ മരുഭൂമിയില്‍ ജീവിച്ചതിന്റെ ബാക്കിപത്രം. ഇനി വീണ്ടും നാട്ടുകാരുടെയും വീട്ടുകാരുടെയും നാണുവായി ശിഷ്ട ജീവിതം സ്വന്തം ഗ്രാമത്തില്‍. വെളുപ്പിന് അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ച് തേവരേ തൊഴുത്, ഉത്സവങ്ങളൊക്കെ കണ്ട്, തീർത്ഥാടനങ്ങൾ നടത്തി സ്വസ്ഥമായി ജീവിക്കണം.
എയര്‍ ഇന്ത്യയുടെ വിമാനം വന്നിരിക്കുന്നു. പണ്ട് മിക്കവാറും വൈകുന്നേരങ്ങളിൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഇന്ത്യയിൽ നിന്നും വരുന്ന എയർ ഇന്ത്യയുടെ വിമാനം കാണാറുണ്ട്. അന്ന് എയർ ഇന്ത്യ മാത്രമായിരുന്നു സർവീസ് ഉണ്ടായിരുന്നത്, ഇപ്പോൾ കുറെ വിമാനങ്ങൾ ഉണ്ട്, പക്ഷേ എയർ ഇന്ത്യയുടെ വിമാനം കാണുമ്പോൾ മനസ്സിന് കിട്ടുന്ന കുളിർമ്മ അനിർവചനീയമാണ്, അത് ഒരു പ്രവാസിക്കേ അറിയൂ. ആരെങ്കിലും നാട്ടിൽ പോകുന്നുണ്ടെങ്കിൽ വിമാനത്താവളത്തിൽ യാത്രയാക്കാൻ പോകും, എയർ ഹോസ്റ്റസുകൾ തിരിച്ച് വിമാനത്തിൽ കയറുമ്പോൾ മനസ്സ് പറയും 'ഈശ്വരാ അവരുടെ ഒരു ഭാഗ്യം'.
വിമാനത്തിൽ നിന്നും യാത്രക്കാർ ഇറങ്ങി പുറത്തു വരാൻ തുടങ്ങി. ഒരായിരം മോഹങ്ങളുമായി സ്വപ്നഭൂമിയിലേക്ക് വന്നിറങ്ങുന്നവര്‍. ഈ വരുന്നതൊക്കെ വെറും ശരീരങ്ങള്‍ മാത്രമാണ്, ജീവന്‍ അങ്ങ് നാട്ടില്‍ ആവും. പാവങ്ങൾ ഇപ്പോഴെ വിരലില്‍ ദിവസങ്ങൾ എണ്ണാൻ തുടങ്ങിക്കാണും. നാട്ടിൽ ഭാര്യയും, മക്കളും അച്ഛനും അമ്മയും സഹോദരീ സഹോദരന്മാരും ഒക്കെ ഇവരുടെ ഒരു ഫോണിനായി കാത്തിരിക്കുന്നുണ്ടാവും.
ബോർഡിങ്ങ് തുടങ്ങിയപ്പോൾ ആദ്യം തന്നെ കയറി ഇരുന്നു. എങ്ങിനെയെങ്കിലും അടുത്ത നാലു മണിക്കൂര്‍ കൂടി കഴിഞ്ഞാൽ മതി. നാട്ടിലെത്താന്‍ ധൃതിയായി. കൊച്ചി വിമാനത്താവളത്തില്‍ ലീലയേയും കൊണ്ട് മകന്‍ വരും.
എല്ലാ പ്രവാസികളുടേയും പോലെ എനിക്കുമുണ്ടായിരുന്നു ഒരിക്കലും തീരാത്ത കുറെ ബാധ്യതകൾ. ഇനിയൊരിക്കൽ കൂടി പുതുക്കില്ല എന്ന് ഉറപ്പിച്ചിട്ടും മുന്ന് വട്ടം പുതുക്കിയ പാസ്പോർട്ട് യൌവനത്തിൽ നിന്നും വാർദ്ധക്യത്തിലേക്കുള്ള മുപ്പത് വർഷങ്ങളുടെ മൂകസാക്ഷിയായി.
ഈ മടക്കയാത്ര പരിപൂർണ്ണ സംതൃപ്തിയോട് കൂടിയാണ്. സഹോദരങ്ങളെയൊക്കെ നല്ല നിലയിൽ എത്തിച്ചു. രണ്ടു സഹോദരിമാരുടെ പെൺമക്കളുടെ വിവാഹവും നടത്തി, ആണ്‍കുട്ടികള്‍ക്ക് ജോലിയും ബിസിനസ്സും ഒക്കെ ആക്കിക്കൊടുത്തു. മകനെ പഠിപ്പിച്ചു നല്ല നിലയിലാക്കി ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അവന്റെ വിവാഹം നടത്തണം.
നാട്ടുകാരുടെ നോട്ടത്തില്‍ കോടിക്കണക്കിന് സമ്പാദിച്ച മറ്റൊരു ഗള്‍ഫുകാരന്‍. ഉണ്ടാക്കിയതിലും എത്രയോ അധികം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതം കൊണ്ട് എത്രയോ പേർ പച്ച പിടിച്ചിരിക്കുന്നു. ഒരു വർഷം മുഴുവന്‍ സമ്പാദിച്ചത് ഒരു മാസത്തെ അവധിയില്‍ അവസാനിക്കുന്നു. അതൊന്നും ആരും അറിയുന്നില്ല. നാട്ടിലെത്തി പെട്ടി തുറന്ന് ഓരോരുത്തര്‍ക്കും അവര്‍ ആഗ്രഹിച്ച സാധനങ്ങള്‍ കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഗൾഫിൽ പോയി അഞ്ച് വർഷം പിന്നിട്ട ശേഷമായിരുന്നു മുറപ്പെണ്ണ് ലീലയുമായുള്ള വിവാഹം. എന്തൊക്കെ സ്വപ്‌നങ്ങള്‍ കണ്ടിട്ടാവും അവള്‍ കല്യാണമണ്ഡപത്തിലേക്ക് വന്നത്. എന്നിട്ട് എനിക്ക് കൊടുക്കാന്‍ കഴിഞ്ഞതോ, ഇരുപത്തിയഞ്ചു വർഷത്തെ തനിച്ചുളള ജീവിതം. വർഷത്തിൽ കിട്ടുന്ന മുപ്പത് ദിവസത്തെ അവധികളിൽ ഒതുങ്ങുന്ന ദാമ്പത്യം. വിദേശത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും അന്ന് അമ്മയെയും അച്ഛനെയും ഒറ്റയ്ക്കാക്കി വരാൻ അവൾ ഒരുക്കമല്ലായിരുന്നു.
പലവട്ടം ജോലി രാജി വെയ്ക്കാം എന്ന് കരുതിയതാണ്. പക്ഷേ അവിടെ കിട്ടുന്ന ശമ്പളത്തെ ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന ലക്ഷത്തോളം വരുന്ന പ്രതിമാസ നഷ്ടം ഒരു പുനർചിന്തനത്തിന് വഴിയൊരുക്കും. വിവാഹം കഴിഞ്ഞ് ആദ്യകാലങ്ങളിൽ ലീലയേയും കൊണ്ടുവരണമെന്ന് മോഹമുണ്ടായിരുന്നു പക്ഷേ അന്ന് വിസാ നിയമങ്ങൾ കൂടുതൽ കർശനമായിരുന്നു. ചുരുക്കി പറഞ്ഞാൽ പണത്തിനായ് ജീവിതം പണയം വെച്ചു. ഒരു പക്ഷേ ഇവിടെ ഗവൺമെന്റിന്റെ പുതിയ നിയമങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഈ ഭൂമി വിട്ട് ഇപ്പോഴും പോകില്ലായിരുന്നു.
മുപ്പത് വർഷം ഇവിടെ ജീവിച്ചതും ഏറ്റവും ചുരുങ്ങിയ ചിലവിൽ തന്നെ ആയിരുന്നു. ഓരോ സാധനം വാങ്ങുമ്പോഴും അതിന്റെ വില ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയത് മിക്കവാറും അത് വേണ്ടെന്ന് വെക്കുകയാണ് പതിവ്. പുറത്തുനിന്നും ഭക്ഷണമൊന്നും കഴിക്കാറില്ല. അങ്ങിനെ അടുത്ത നാല് തലമുറക്ക് കഴിയാനുള്ളത് സമ്പാദിച്ചുകൂട്ടി.
നഷ്ടങ്ങളുടെ കണക്ക് പറയാനാണെങ്കിൽ കുറച്ചൊന്നുമല്ല. അമ്മ മരിച്ചിട്ട് എത്താൻ കഴിഞ്ഞത് അഞ്ച് ദിവസം കഴിഞ്ഞാണ്. ഇവിടുത്തെ ഇമ്മിഗ്രേഷൻ നിയമങ്ങൾ അനുസരിച്ചു് രാജ്യത്തിന് പുറത്തു പോയി തിരിച്ചു വരുന്നവർക്കും എക്സിറ്റ് / റീ- എൻട്രി വിസ ബാധകമായിരുന്നതിനാലും ആ സമയത്തു പെരുന്നാൾ സംബന്ധിച്ചു് ഇമ്മിഗ്രേഷൻ / വിസ സർവ്വീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ പത്തു ദിവസത്തോളം നീണ്ടു നില്ക്കുന്ന അവധിദിനങ്ങൾ ആയിരുന്നതിനാലും വിസ അടിച്ചു കിട്ടിയപ്പോൾത്തന്നെ നാലു ദിവസം കഴിഞ്ഞിരുന്നു. അതുപോലെത്തന്നെ മകന്റെ കുട്ടിക്കാലവും, വളർച്ചയും ഒന്നും കാണാൻ യോഗമുണ്ടായില്ല. പിന്നെ ദാമ്പത്യ ജീവിതം അതിനെ പറ്റി ഓർക്കാത്തതാണ് നല്ലത്. ഒരിക്കൽ എന്റെ അനുജത്തി എന്നോട് ചോദിച്ചു കൊണ്ടുപോകാൻ പറ്റില്ലെന്ന് അറിഞ്ഞിട്ട് എന്തിനാ ചേട്ടൻ വെറുതെ ലീലേച്ചിയെ കെട്ടിയതെന്ന് . ലീല മുറപ്പെണ്ണായതിനാൽ എല്ലാവരും ചെറുപ്പം മുതലേ കളിച്ചു വളർന്നവരാണ് അതുകൊണ്ട് ഭാഗ്യത്തിന് അവൾ എന്റെ വീട്ടിൽ ഒരിക്കലും ഒറ്റപ്പെട്ടിട്ടില്ല. ഇനി തിരികെ ചെന്നിട്ടു വേണം പൊയ്പ്പോയ മുപ്പതു വര്‍ഷത്തെ ജീവിതം കൂടി ജീവിക്കാന്‍.
വിമാനം പറന്നു പൊങ്ങി. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. രാത്രി വൈകും വരെ സുഹൃത്തുക്കളുടെ തിരക്കായിരുന്നു. കുറച്ചു നേരം ഉറങ്ങിയെഴുന്നേൽക്കുമ്പോഴെക്കും കൊച്ചിയില്‍ എത്തും. കണ്ണുകള്‍ അടച്ചു കിടന്നു, നിദ്രാദേവി കൺപോളകളെ മെല്ലെത്തഴുകി.
കൊച്ചി ഇമിഗ്രേഷനിൽ അധിക സമയം നിൽക്കേണ്ടി വന്നില്ല. രാത്രി ഉറക്കമില്ലാതിരുന്നതും ഭക്ഷണം കഴിക്കാത്തതും ആവും വയറിൽ വായു കയറി എന്ന് തോന്നുന്നു. വല്ലാത്ത വിമ്മിഷ്ടം. ടോയ്ലറ്റിൽ പോയി സംശയം തീർത്ത് പുറത്ത് വരുമ്പോഴെക്കും കൂടെ വന്ന യാത്രക്കാർ ഒക്കെ ഒരു വിധം പോയിക്കഴിഞ്ഞു. കൺവെയർ ബെൽറ്റിൽ എന്റെ ബാഗുകൾ മാത്രം കിടന്ന് കറങ്ങുന്നുണ്ടായിരുന്നു. അവയൊക്കെ എടുത്ത് പതുക്കെ പുറത്തേക്ക് നടന്നു. ഇപ്പോഴും അസ്വസ്ഥതയുണ്ട്.
പുറത്ത് മകനും ഭാര്യയും നിൽക്കുന്നത് കണ്ടു. ട്രോളി തള്ളി പുറത്ത് എത്തിയപ്പോഴെക്കും വയ്യായ്ക കൂടാൻ തുടങ്ങി. കാലുകള്ക്ക് വല്ലാത്ത ഭാരം തോന്നുന്നു, കാലുകള്‍ നീട്ടി വെയ്ക്കാൻ പറ്റുന്നില്ല.
എന്നെ കണ്ട് മകൻ ഓടി വന്നു കെട്ടിപ്പിടിച്ചു, പിന്നാലെ ലീലയും. ലീല കരയുന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ വാക്കുകൾ പുറത്ത് വരുന്നുണ്ടായിരുന്നില്ല. എനിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് ലീലക്ക് മനസ്സിലായി.
മകനോട് ഒരു ചായ വാങ്ങാൻ പറഞ്ഞു. അവൻ പോയി ചായയും വെള്ളവും വാങ്ങി വന്നു. അപ്പോഴെക്കും കാറുമായി ഡ്രൈവർ എത്തിയിരുന്നു. ഞാൻ ചായ കുടിക്കുമ്പോൾ മകൻ ബാഗുകൾ ഒക്കെ കാറിൽ കയറ്റി. പെട്ടെന്ന് തലചുറ്റുന്ന പോലെ തോന്നി. കയ്യിലിരുന്ന ചായക്കപ്പ് താഴെ വീണു. കണ്ണിൽ ഇരുട്ട് കയറുന്നു. എനിക്ക് ആരെയും കാണാൻ കഴിയുന്നില്ല. മകൻ എന്നെ താങ്ങിപ്പിടിച്ച് കാറിൽ കയറ്റിയത് ഓർമ്മയുണ്ട്. എന്റെ ഒരു ഭാഗത്ത് മകനും മറുഭാഗത്ത് ലീലയും ഇരുന്നു. ഞാൻ ലീലയുടെ കൈ മുറുക്കേ പിടിച്ചു, പറയാൻ വാക്കുകൾ വരുന്നില്ല. ഞാൻ തല പതുക്കെ ലീലയുടെ ചുമലിൽ ചാരി. എല്ലാം മറക്കുന്ന പോലെ.... ആകെ ഇരുട്ടായി...
***
"ഡോക്ടര്‍, സിസ്റ്റര്‍ മേരി ആണ്. അത്യാവശ്യമായി ഒന്ന് വെന്റിലേറ്റര്‍ ICU വില്‍ വരണം. പെട്ടെന്ന് വേണം."
"മേരി, എനിക്ക് വീട്ടില്‍ വിരുന്നുകാര്‍ ഉണ്ടല്ലോ, ഒഴിവാക്കാന്‍ പറ്റില്ലേ ?"
"സര്‍, ഒന്ന് വരണം, ഒഴിവാക്കാന്‍ പറ്റില്ല, പ്ലീസ്.."
"ശരി, വരുന്നു..."
ഞാന്‍ എന്റെ ലാപ്ടോപ് അടച്ച്, ബാഗും എടുത്ത്, വാര്‍ഡ്‌ നേർസിനോട് പറഞ്ഞ് ഒന്നാം നിലയിലെ വെന്റിലേറ്റര്‍ ICU വില്‍ എത്തി. വാതില്‍ക്കല്‍ ഒരു യുവാവും അമ്പതോളം വയസ്സുള്ള ഒരു സ്ത്രീയും നിൽക്കുന്നുണ്ട്. അകത്തു കൊണ്ട് വന്ന രോഗിയുടെ ഭാര്യയോ അമ്മയോ ഒക്കെ ആയിരിക്കും. ഞാന്‍ അകത്തേക്ക് പോയി.
"ഡോക്ടര്‍, ഇതിലും നല്ലത് മോര്‍ച്ചറിയില്‍ വാച്ച്മാന്റെ ജോലി ചെയ്യുന്നതാണ്."
"എന്ത് പറ്റി സിസ്റ്റർ..."
"ഈ രോഗി കുറച്ചു മുന്‍പ് കാഷ്വാലിറ്റിയില്‍ കൊണ്ടുവന്നതാണ്. വരുമ്പോഴേക്കും മരിച്ചിരുന്നു. CPR കൊടുത്തു പക്ഷെ അത് വിജയിച്ചില്ല. അവര്‍ എം.ഡി യോട് സംസാരിച്ചു. ബോഡി വെന്റിലെറ്റർ ICUവിലേക്ക് മാറ്റാൻ പറഞ്ഞു. സാർ വന്നിട്ട് ബന്ധുക്കളോട് സംസാരിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി വീണ്ടും ഈ ജീവനില്ലാത്ത ശരീരത്തിനു ചികിത്സിക്കാന്‍ ഉള്ള പരിപാടി ആണ്. "
ഞാന്‍ പരിശോധിച്ചു, ശരിയാണ്. വൈകിയിരിക്കുന്നു ഇനി ഒന്നും സാധ്യമല്ല.
ഇത് ഇപ്പോള്‍ ഇവിടുത്തെ പുതിയ ഏര്‍പ്പാട് ആണ്. പൈസ ഉണ്ടാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആയി മാറിയിരിക്കുന്നു ആശുപത്രികൾ. ഇനി കുറഞ്ഞത് ഒരാഴ്ച്ച വെന്റിലേറ്ററിന്റെ സഹായത്താൽ 'ശ്രമിക്കുന്നുണ്ട്, ശ്രമിക്കുന്നുണ്ട് ' എന്ന് പറഞ്ഞ് കുറെ ലക്ഷങ്ങൾ തട്ടിയെടുക്കും.
"സര്‍, എന്തെങ്കിലും പെട്ടെന്ന് ചെയ്യണം എംഡി വരുന്നതിനു മുന്‍പ്, ഇല്ലെങ്കില്‍ ഈ പാപത്തിനും നമ്മൾ കൂട്ട് നില്‍ക്കേണ്ടി വരും."
"പുറത്തിരിക്കുന്ന ഇയാളുടെ മകനോട്‌ അകത്തു വരാന്‍ പറയൂ."
മുതിർന്ന ഡോക്ടർ എന്ന നിലയിൽ ആശുപത്രിക്ക് ഫലപ്രദമായ പല തീരുമാനങ്ങളും ഞാൻ തന്നെയാണ് എടുക്കാറുള്ളത്.
മേരി പുറത്തു പോയി മകനെ വിളിച്ചു അകത്തേക്ക് കൊണ്ട് വന്നു.
"മകനാണോ.. വേറെ ആരെങ്കിലും കൂടെ വന്നിട്ടുണ്ടോ.."
"ഉവ്വ്, അമ്മാവന്മാര്‍ വന്നിട്ടുണ്ട്.."
"സിസ്റ്റര്‍, അവരെകൂടി അകത്തേക്ക് വിളിക്കൂ”
അമ്മാവന്മാരെ അകത്തേക്ക് കൊണ്ടുവന്നു.
"സോറി, ഞങ്ങള്‍ക്ക് അച്ഛനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല "
ഇത് കേട്ടതും മകൻ പൊട്ടിക്കരയാൻ തുടങ്ങി. അമ്മാവന്മാർ അവനെ കൂട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.
ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം ചോദിച്ചു
"എന്താണ് ഉണ്ടായത്?"
" അളിയൻ ജോലിയൊക്കെ മതിയാക്കി ഗൽഫിൽ നിന്നും തിരിച്ചുവരികയായിരുന്നു. എയർപോർട്ടിൽ നിന്നും പുറത്ത് വന്നയുടനെ എന്തോ വയ്യായ്ക പോലെ തോന്നി. ഒരു ചായ കുടിച്ചു കഴിയും മുൻപേ വിയർക്കാൻ തുടങ്ങി. കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നെ കാറിൽ കയറ്റി നേരേ ഇങ്ങോട്ട് കൊണ്ടുവന്നു "
"സാധാരണയായി എല്ലാവർക്കും പറ്റുന്ന ഒരു അബദ്ധമാണ് ഇത് എന്നിട്ട് ഗ്യാസ് കയറി എന്ന് പറഞ്ഞ് എന്തെങ്കിലും മരുന്നുകൾ കഴിക്കും. അത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആയിരുന്നു. അദ്ദേഹത്തിന് മകനെയും ഭാര്യയെയും കാണാനും ഉള്ള ഭാഗ്യമുണ്ടായി, ഇല്ലെങ്കിൽ ഇതിനു മുൻപേ മരണം സംഭവിക്കുമായിരുന്നു. പുറത്തു നിന്നു ആരെങ്കിലും വരാന്‍ ഉണ്ടെങ്കില്‍ മൃതദേഹം ഞങ്ങള്‍ ഫ്രീസറിലേക്ക് മാറ്റാം."
"ആരും വരാനില്ല സർ, ഞങ്ങൾ വീട്ടിൽ കൊണ്ടു പോയ്ക്കോളാം, എന്തൊക്കെയാണ് പേപ്പർ നടപടികൾ എങ്കിൽ അത് ശരിയാക്കിത്തന്നാൽ മതി" അമ്മാവന്മാരിൽ ഒരാൾ പറഞ്ഞു.
മകനും അമ്മാവന്മാരും പുറത്തു പോയി നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പുറത്തു നിന്നു സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേട്ടൂ.
സിസ്റ്റർ മേരി ഉടന്‍ തന്നെ ബില്ലിംഗ് കൌണ്ടറില്‍ വിവരം അറിയിച്ചു.
"ഡോക്ടര്‍, ഇനി എം ഡി വന്നാല്‍ പ്രശ്നം ആവും"
"സിസ്റ്റര്‍, ജീവിതകാലം മുഴുവന്‍ ഇവിടെ ജോലി ചെയ്തോളാം എന്ന് ഞാന്‍ ആരോടും വാക്കൊന്നും കൊടുത്തിട്ടില്ല, അദ്ദേഹം വരട്ടെ, കാണാം..."
ബാഗ് എടുത്ത് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ കൈയ്യിലുള്ള ഫോൺ അടിക്കാൻ തുടങ്ങി. എം ഡി യാണ്. ഫോൺ എടുത്തു.
" ഡോക്ടർ വേണു. ഒന്ന് കാണണം. ഞാൻ മുറിയിലുണ്ട്." മറുതലയ്ക്ക് നിന്ന് എം ഡി.
പുറത്ത് വന്ന് ലിഫ്ടിൽ എട്ടാം നിലയിലുള്ള എംഡിയുടെ മുറിയിൽ എത്തി.
"എന്താണ് ഉണ്ടായത് വേണു "
"സർ, അദ്ദേഹം ഇവിടെ എത്തുമ്പോഴെ മരിച്ചിരുന്നു. ഒന്നും ചെയ്യാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു."
"ഇത്ര പെട്ടെന്ന് വിട്ടുകൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നുവോ? രണ്ട് ദിവസം വെന്റിലേറ്ററിൽ പരിചരണം ആകാമായിരുന്നില്ലേ അപ്പോഴെക്കും ബന്ധുക്കളും അതുമായി പൊരുത്തപ്പെടാൻ തുടങ്ങും നമ്മൾ ഒരു നല്ല കാര്യമല്ലേ ചെയ്യുന്നത്, പിന്നെ ഇത് പുതിയ ഒരു കാര്യമല്ലല്ലോ "
"സർ, ഒരു മെഡിക്കൽ എത്തിക്സ് ഇല്ലേ സർ. ശവം വിറ്റ് കാശുണ്ടാക്കണോ. അല്ലാതെ തന്നെ ഇവിടെ വരുന്ന എൺപത്ത് ശതമാനം പേരെയും അഞ്ചാറ് മാസത്തിനുള്ളിൽ എൻജിയോപ്ലാസ്റ്റിയോ, ഓപ്പൺ ഹാർട്ട് സർജറിയോ, കിഡ്നി, കരൾ അങ്ങിനെ എന്തെങ്കിലും മാറ്റി വെയ്ക്കാനുള്ള ഒരു സർജറിയോ ഒക്കെ ചെയ്ത് പൈസ ഉണ്ടാക്കാറില്ലേ. ചെറിയ പനിയും ശർദ്ദിയും ആയി വന്ന എത്ര പേർ ചികിത്സ കഴിഞ്ഞ് ജീവനില്ലാതെ പോയിരിക്കുന്നു ''
"വേണു. ആശുപത്രിയുടെ പേരിലെ കരുണയും ദയയും ഒക്കെ ആക്കാൻ പറ്റു, ഒരു ബിസിനസ്സാവുമ്പോൾ ഇതൊക്കെ പറഞ്ഞിട്ടുള്ളതാണ്. ഈ കാണുന്ന അത്യന്താധുനിക സംവിധാനങ്ങളൊന്നും സൌജന്യമായി കിട്ടിയതല്ല. അതിന്റെ വില രോഗികളിൽ നിന്നല്ലാതെ പിന്നെ എവിടെ നിന്ന് വസൂൽ ആക്കും. പിന്നെ മെഡിക്കൽ എത്തിക്സ്, ഒരു മാസം മുൻപ് വരെ തനിക്ക് ഈ പറഞ്ഞ എത്തിക്സ് ഓർമ്മയുണ്ടായിരുന്നില്ലേ."
"ഇത്രയും കാലം ഞാനും നിങ്ങൾക്ക് കൂട്ട് നിന്നു, ഇനി പറ്റില്ല സർ. എന്റെ തെറ്റ് തിരിച്ചറിഞ്ഞിട്ടും ഇങ്ങിനെ ഒരു ബിസിനസ്സിന് കൂട്ട് നിൽക്കാൻ എനിക്ക് പറ്റില്ല സർ, കുറച്ചു കാലം ഒരു ഡോക്ടർ ആയി ജീവിക്കണം."
"അങ്ങിനെയെങ്കിൽ എനിക്ക് ഒന്നാലോചിക്കേണ്ടി വരുമല്ലോ വേണു, ശമ്പളം കൊടുക്കാൻ സമയത്ത് ഞാൻ തന്നെയല്ലേ നെട്ടോട്ടം ഓടേണ്ടത്. ഈ പറയുന്ന മെഡിക്കൽ എത്തിക്സ് പറഞ്ഞാൽ പോരല്ലോ"
"സർ, എനിക്ക് ആലോചിക്കാൻ ഒന്നുമില്ല. കഴിഞ്ഞ ഒരു മാസമായി ഈ ദിവസം ഞാൻ പ്രതീക്ഷിച്ചതാണ്. അതു കൊണ്ട് തന്നെ എന്റെ പോക്കറ്റിൽ തിയ്യതിയിടാത്ത ഒരു രാജിക്കത്ത് കൂടെ കൊണ്ടു നടക്കുന്നുമുണ്ട്. "
രാജിക്കത്ത് കൊടുത്ത് നാലാം നിലയിലെ കോഫി വെന്ടിംഗ് മെഷിനില്‍ നിന്നും ഒരു കോഫി എടുത്ത് പ്രൈവറ്റ് റൂമിലേക്ക് നടന്നു. കുറച്ചു നേരം വിശ്രമിച്ചിട്ട് പോകാം.
എം ഡി സര്‍ പറഞ്ഞത് ശരിയാണ്. ഒരു മാസം മുന്‍പ് വരെ താനും ഈ ബിസിനസ്സിന് കൂട്ട് നിന്നു, ഒരു ഡോക്ടർ ആയിട്ടല്ല, അയാളുടെ ഒരു കമ്മീഷൻ ഏജൻറായി. രോഗികളെ മനുഷ്യരായി കണ്ടില്ല, വെറും ഒരു പണം ഉണ്ടാക്കാനുള്ള ഉപാധി മാത്രം ആയിരുന്നു. എത്രയോ പേര്‍ മരണപ്പെട്ടിരിക്കുന്നു, ചിലപ്പോൾ കൈയ്യബദ്ധം ആവാം, തെറ്റായ തീരുമാനങ്ങളാവാം അതൊന്നും യാതൊരു പ്രശ്നം അല്ലായിരുന്നു. പണം ഉണ്ടാക്കുക മാത്രമായിരുന്നു എന്റെ ലക്‌ഷ്യം. കോടിക്കണക്കിനു വിലമതിക്കുന്ന ഫ്ലാറ്റുകള്‍ വാങ്ങി, മരുന്ന് കമ്പനിക്കാരുടെ സമ്മാനമായി കൊല്ലാകൊല്ലങ്ങളിൽ വിദേശ യാത്രകള്‍, ആഡംബര കാറുകള്‍. പണക്കാരായ സുഹൃത്തുക്കള്‍, എല്ലാ സുഖസൌകര്യങ്ങലോടും കൂടിയുള്ള ജീവിതം.
എല്ലാം മാറിയത് ദേവകി എന്ന പേരുള്ള ഒരു സ്ത്രീയെ അസ്പത്രിയില്‍ കൊണ്ടുവന്നത് മുതലാണ്. അവരുടെ കിഡ്നി രണ്ടും പ്രവര്‍ത്തനരഹിതമായിരുന്നു. അവര്‍ക്ക് കിഡ്നി ദാനം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല, മാത്രവുമല്ല ആസ്പത്രിച്ചിലവ് എടുക്കാന്‍ ഉള്ള പണം പോലും അവരുടെ കയ്യില്‍ ഇല്ലായിരുന്നു. വൈകീട്ട് ഞാന്‍ അവരെ കണ്ടപ്പോള്‍ ചികിത്സക്ക് വരുന്ന ചിലവുകൾ പറഞ്ഞു. കൂടെ ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു യുവാവും ഉണ്ടായിരുന്നു. വീട്ടില്‍ പോയി എല്ലാവരോടും ആലോചിച്ചിട്ട് വരാം എന്ന് പറഞ്ഞ് അവർ അടുത്ത ദിവസം തിരിച്ചു പോയി.
രണ്ട് ദിവസം കഴിഞ്ഞ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ തയ്യാറായി ഇരിക്കുമ്പോള്‍ ആ യുവാവ് വീണ്ടും വന്നു. അവന് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു. ആശുപത്രിയിലേക്ക് പോകാൻ വൈകുന്നു എന്ന് പറഞ്ഞിട്ടും എന്നോട് രണ്ടു മിനുട്ട് സംസാരിക്കാന്‍ അനുവദിക്കണം എന്ന് കെഞ്ചിപ്പറഞ്ഞു.
"സർ എന്റെ അമ്മയെ രക്ഷിക്കണം...അവൻ നിറമിഴിയോടെ കൈകൂപ്പി അപേക്ഷിച്ചു " ഒന്നും മനസ്സിലാകാതെ നിന്ന എന്നോട് അവൻ പറയാൻ തുടങ്ങി
"സര്‍, എന്റെ പേര് കുട്ടന്‍, ദേവകി ഞങ്ങളുടെ ഒക്കെ അമ്മയാണ്. അമ്മയുടെ ഭര്‍ത്താവ് രണ്ട് വർഷം മുന്‍പ് മരിച്ചു പോയിരുന്നു. അവർക്ക് മക്കളില്ല. പണ്ടുമുതലേ അവര്‍ രണ്ടു പേരും തെരുവില്‍ കാണുന്ന അനാഥരായ കുട്ടികളെ ഒക്കെ അവരുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച് ഭക്ഷണവും, വസ്ത്രവും, വിദ്യാഭ്യാസവും ഒക്കെ നൽകി അവർക്ക് ഒരു ജീവിത മാർഗ്ഗം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്. അതിനായി അവർ ഉണ്ടായിരുന്ന സ്വത്ത്‌ ഒക്കെ വിറ്റു. ഇപ്പോള്‍ എട്ട് കുട്ടികളും അമ്മയും താമസിക്കുന്ന വീട് മാത്രമേ ബാക്കി ഉള്ളു അത് അമ്മയുടെ ചികിത്സക്കായി വില്‍ക്കാന്‍ അമ്മ തയ്യാറല്ല കാരണം അനാഥരായ കുട്ടികള്‍ പിന്നെ എവിടെ പോയി ജീവിക്കും എന്നാണു അമ്മയുടെ പേടി.
ഞാനും അങ്ങിനെ അവർ എടുത്തു വളർത്തിയ ഒരനാഥനാണ്. പത്താം ക്ലാസ് വരെ പഠിച്ചു. ഇപ്പോള്‍ ചെറിയ ജോലികള്‍ ഒക്കെ ചെയ്തു അമ്മയെ സഹായിക്കുകയാണ്. "
" എന്റെ കൈയ്യിൽ പണമായിട്ടൊന്നും ഇല്ല, പക്ഷേ അമ്മയ്ക്ക് വേണ്ടി മരിക്കാന്‍ വരെ ഞാന്‍ തയ്യാറാണ് സർ. അമ്മ ജീവിച്ചാല്‍ ഇനിയും കുറെ കുട്ടികള്‍ക്ക് ജീവിതം ഉണ്ടാവും. എന്റെ കിഡ്നി അമ്മയ്ക്ക് മാറ്റി വെക്കാൻ പറ്റുമോ."
അഹങ്കാരം കൊണ്ട് മൂടിക്കെട്ടിയ എന്റെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞുപോയി. ആ കുട്ടിയുടെ മുൻപിൽ എല്ലാം നേടിയെന്ന് അഹങ്കരിച്ച ഞാൻ ഒന്നുമല്ലാതായി.
പിന്നീട് കുട്ടനെ പരിശോധിച്ചു, ഭാഗ്യത്തിനു അവന്റെ കിഡ്നി ദേവകിക്ക് ചേരുമായിരുന്നു. അധികം വൈകാതെ സര്‍ജറി കഴിഞ്ഞു. ചികിത്സക്കുള്ള ചിലവുകൾ ഒക്കെ ഞാൻ തന്നെ എടുത്തു.
താനാണ് കിഡ്നി ദാനം ചെയ്തതെന്ന് അമ്മയോട് പറയരുത് എന്ന് കുട്ടന്‍ പറഞ്ഞിരുന്നുവെങ്കിലും അത് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല കാരണം ഇത്രയും വലിയ ഒരു പുണ്യകർമ്മം ചെയ്തിട്ട് ആരും അറിയാതിരിക്കാൻ പാടില്ല. സ്വന്തം മക്കൾ‌ പോലും ചെയ്യാത്ത കാര്യമാണ് കുട്ടൻ ചെയ്തത്. ആശുപത്രിയിൽ നിന്നും പോകുന്നതിനു മുൻപ് ദേവകിയോടു കിഡ്നി ദാനം ചെയ്തത് കുട്ടനാണെന്ന് പറഞ്ഞു. കുട്ടന്റെ കയ്യിൽ പിടിച്ച് ദേവകി കരഞ്ഞു.
" മക്കളുണ്ടാവാതിരുന്ന ഞങ്ങൾ മക്കളെ തരാൻ ദൈവത്തോട് ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ല, തെരുവിൽ ഞങ്ങളുടെ മക്കളെ കണ്ടെത്തി. ഇന്നെനിക്ക് ജീവൻ തിരിച്ചു കിട്ടാൻ ആ ദൈവത്തിന്റെ മക്കൾ തന്നെ വന്നത് കണ്ടില്ലേ സർ. ഒരമ്മയ്ക്ക് ഇതിൽ കൂടുതൽ എന്ത് വേണം ഈ ഭൂമിയിൽ."
എന്റെ ജീവിതത്തില്‍ ആദ്യമായി അന്നാണ് തിരിച്ചറിവുണ്ടായത്. അന്ന് തീരുമാനിച്ചതാണ് ജീവിതത്തിൽ ചെയ്ത തെറ്റുകൾക്ക് എല്ലാം പ്രായശ്ചിത്തം ചെയ്യണമെന്ന് .
"ഡോക്ടർ, എന്തുപറ്റി, വലിയ ആലോചനയിലാണല്ലോ? ഇറങ്ങുന്നില്ലേ." ഡോക്ടർ മൈക്കിളിന്റെ വിളി കേട്ടാണ് ഉണർന്നത്.
"ഒന്നുമില്ല, ഞാനും ഇറങ്ങുന്നു."
അപ്പോഴാണ്‌ സ്വാമി ആത്മാനന്ദജി രണ്ടു ദിവസം മുന്‍പു വിളിച്ചിരുന്നത് ഓര്‍മ്മ വന്നത്. ഞാൻ ഫോൺ എടുത്ത് കോൾലിസ്റ്റ് തപ്പി സ്വാമിയെ തിരിച്ചു വിളിച്ചു.
മറുഭാഗത്ത് ഫോൺ എടുത്തപ്പോൾ ഞാൻ ചോദിച്ചു
''സ്വാമി ആത്മാനന്ദജിയോട് ഒന്ന് സംസാരിക്കണം. ഡോക്ടർ വേണു ആണെന്ന് പറഞ്ഞാൽ മതി. "
അൽപ നേരഞ്ഞെ നിശബ്ദതക്ക് ശേഷം മറുതലയ്ക്കൽ ശബ്ദം വന്നു..
"എന്താ വേണു, മനസ്സ് മാറി അല്ലേ. തിരിച്ചറിവ് ആണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നത്. തെറ്റാണെന്ന് അറിഞ്ഞാൽ പിന്നെ അത് ചെയ്യരുത്. എന്തായാലും വൈകിയിട്ടില്ല."
"സ്വാമി, അന്ന് പറഞ്ഞ ദൌത്യം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്."
"വേണു, നല്ലവണ്ണം ആലോചിച്ച് മതി, ഇത് ഒരു ചാരിറ്റി ആശുപത്രിയാണ്, ഇതിൽ പ്രതിഫലമായി ചാരിതാർത്ഥ്യം മാത്രമേ കിട്ടൂ. പണമായൊന്നും കിട്ടില്ല.... "
"സ്വാമി, എന്റെ വരും തലമുറക്കുള്ളത് ജീവിക്കാനുള്ളത് ഞാനുണ്ടാക്കിയിട്ടുണ്ട്. എനിക്ക് വേണ്ടത് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരു അവസരം ആണ് പിന്നെ ആത്മ സംതൃപ്തിയും"
"ആ പറഞ്ഞ രണ്ടും വേണുവിന് ഇവിടെ ലഭിക്കും"
"ഞാൻ അടുത്ത മാസം ഒന്നാം തിയ്യതി മുതൽ വരാം ... "
ഫോൺ വെച്ച് ബാഗ് എടുത്ത് വീട്ടിലേക്ക് പോകാൻ ഇറങ്ങി. താഴെ റിസപ്ഷനിൽ കൂടി പുറത്ത് വന്നപ്പോൾ അവിടെ അംബുലൻസിലേക്ക് നാരായണൻ നായരുടെ മൃതശരീരം മകനും ബന്ധുക്കളും മറ്റും ചേർന്ന് കയറ്റുന്നുണ്ടായിരുന്നു.
പണ്ടെന്നോ ഒരു ശവപ്പെട്ടിയുടെ മുകളിൽ എഴുതിക്കണ്ട വരികള്‍ ഓർമ്മ വന്നു. "ഇന്നു ഞാൻ നാളെ നീ".
ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം. ഈ പരമമായ സത്യം തിരിച്ചറിയാതെ, സ്വന്തം കര്‍ത്തവ്യം പോലും മറന്നല്ലേ ഇന്നലെ വരെ ഞാനും ജീവിച്ചത് എന്ന് ലജ്ജാപൂര്‍വ്വം മനസ്സിലോര്‍ത്ത് നിറുത്തിയിട്ട കാറിനടുത്തേക്ക് നടന്നു, ഒരു പുതിയ സേവനമാർഗ്ഗം മനസ്സിൽ കണ്ട്.
ഗിരി ബി വാരിയർ
01 മാർച്ച് 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot