ഓടനാവട്ടം ക്ഷേത്രത്തിൽ അന്ന് ഓട്ടൻതുള്ളലിനെത്തിയതായിരുന്നു തിരുവല്ലാ തങ്കപ്പൻ ആശാൻ.
ഉത്സവപ്പറമ്പിൽ കാലെടുത്തു വച്ചപ്പോൾത്തന്നെ അവിടുത്തെ തുള്ളൽ പ്രേമികളുടെ ബാഹുല്യം ആശാന്റെ മനം നിറച്ചു. വിശിഷ്യാ സ്റ്റേജിന്റെ ഇടതുഭാഗത്ത് കളകളാരവം പൊഴിച്ച് കാത്തിരിക്കുന്ന കളറുകളിൽ ആശാന്റെ കല്യാണ സൗഗന്ധികം ഉടക്കുകയും ചെയ്തു.
തുള്ളലിന്റെ തുടക്കം മുതൽ ആശാന്റെ കൃഷ്ണമണി കൃത്യമായ ഇടവേളകളിൽ സ്റ്റേജിന്റെ ഇടത് ഭാഗത്തേക്ക് എത്തിയിരുന്നു. മൂന്നാം നിരയിൽ നാലാമതിരുന്ന, കടുത്ത ഹിന്ദി സിനിമാ ഫാനായ തങ്കമണിയിൽ നിന്നും പോസിറ്റീവ് റെസ്പോൺസ് കിട്ടിത്തുടങ്ങിയശേഷം ആ കൃഷ്ണമണി അവിടുന്ന് മടങ്ങിപ്പോയതേയില്ല.
ആ സമയത്താണ് ആശാന്റെ ജീവിതം തന്നെ മാറ്റി മറിച്ച കണ്ണീച്ചയുടെ രംഗപ്രവേശം. സ്റ്റേജിന് മുന്നിലെ വലിയ ബൾബിനു ചുറ്റും ഫ്രണ്ട്സുമായി ചുറ്റിപ്പറന്നിരുന്ന അവൻ ഒരു ചെയിഞ്ചിന് റൂട്ട് മാറ്റിപ്പിടിക്കുകയും തങ്കമണിയിലേക്ക് ഫോക്കസ് ചെയ്തിരുന്ന ആശാന്റെ കണ്ണുമായി സാമാന്യം നല്ലൊരു ലിപ് ലോക്കിൽ അകപ്പെടുകയും ചെയ്തു.
അഞ്ച് 'സൈറ്റ്' കിട്ടിയ തങ്കമണിയാകട്ടെ നാണത്തിൽ ചുണ്ടുകടിച്ചു. ആറാം സൈറ്റിനു മുൻപ് ആ ജിതേന്ദ്രയെ മനസ്സാ മാലയിട്ട് ഒരു പാട്ടുസീനിനായി കുളു - മണാലിയിലേക്ക് പറന്നു.
ആശാന്റെ അന്നത്തെ വേഷപ്പകർച്ചകളായ ഹനുമാൻ, ഭീമസേനൻ പിന്നെ വന്ന അർജുനൻ ബ്രാഹ്മണൻ തുടങ്ങി എന്തിനേറേ സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ വരെ ചുവന്ന് തുടുത്ത ഇടത്തേ കോങ്കണ്ണുമായാണ് രംഗത്ത് തുള്ളിത്തകർത്തത്.
ഉൽസവ കമ്മിറ്റിയുടെ വക അനുമോദന ചടങ്ങിൽ അമ്പലം പ്രസിഡന്റ് "മണ്ണെണ്ണ രാജൻ പിള്ള", ആശാന്റെ തുള്ളലിനെ വാനോളം പുകഴ്ത്തി. കരയോഗം പ്രസിഡൻറിന്റെ അധികാരമുപയോഗിച്ച് അടുത്തുള്ള കുറച്ച് ക്ഷേത്രങ്ങളിൽ അവസരം തരപ്പെടുത്തി, സ്വന്തം വീടിനോട് ചേർന്ന് ഒരു താൽക്കാലിക താമസ സൗകര്യം ഒരുക്കി, ആശാനെ വരുതിയിലാക്കി.
ചൊവ്വാദോഷമുള്ള തങ്കമണിയെ, ചെറുപ്പക്കാരനും ഒരു ഫിലിം സ്റ്റാറിനെപ്പോലെ സുന്ദരനും ആരോരുമില്ലാത്തവനുമായ ആ വരത്തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ഒരച്ഛന്റ കുടില ബുദ്ധിയായിരുന്നു അതെന്ന് മക്കൾ രണ്ടായിക്കഴിഞ്ഞാണ് ആശാന് മനസ്സിലായത്. (കുറച്ച് സ്ലോ ആയ പറയൻതുളളലായിരുന്നു അദ്ദേഹത്തിന് പണ്ടേ പഥ്യം.)
പക്ഷെ ആശാന്റെ നിഷ്കളങ്കമായ നക്ഷത്രഫലം തങ്കമണിയുടെ 'ചൊവ്വാദോഷത്തെ' കറക്കിയടിച്ച് പണ്ടേ സ്വക്ഷേത്രബലവാനായിരുന്ന മണ്ണെണ്ണ രാജൻ പിള്ള മാലയിട്ട ഫോട്ടോയായി മച്ചിൽ തൂങ്ങി.
ലോട്ടറിയായി കിട്ടിയ റേഷൻ കട, ആശാന്റെ നല്ല നടത്തിപ്പിൽ, ചിക്കൻ ബിരിയാണിയിൽ മിക്സ് ചെയ്ത പൂത്ത റേഷനരി പോലെ തകർന്നു തരിപ്പണമായി. സ്വന്തം ജീവിതം പോലെ തന്നെ കടയും ഒരു സൈസാക്കിയതോടെ പ്യാരേ ദേശ് വാസി തങ്കമണി, പഴയ1000 രൂപ പരുവത്തിൽ ആശാനെ ഡീമോണിറ്റൈസേഷൻ ചെയ്തു.
അതിനകം തുള്ളൽ തങ്കപ്പനിൽ നിന്ന് പച്ചരിത്തങ്കപ്പനായും, കടുത്ത ജീവിത യാഥാർത്ഥ്യങ്ങൾ കൊണ്ട് പ്രേമ നായകൻ ജിതേന്ദ്രയിൽനിന്നും പരുക്കനായ റേഷൻ കടക്കാരൻ അമരീഷ് പുരിയായും മാറിയിരുന്നു ആശാൻ.
എരുമക്കച്ചവടം നടത്താൻ ശ്രമിച്ച് അതും തകർന്ന് "എരുമത്തങ്കപ്പനായി'' മാറിയ അദ്ദേഹം അമരീഷ് പുരിയിൽ നിന്ന് ക്രമേണ ആലുംമൂടനിലേക്ക് എത്തി. മക്കൾക്ക് ഓട്ടൻതുളളൽ രീതിയിൽ സുഗ്രീവൻ, പാഞ്ചാലി എന്ന് പേര് കൂടി ഇട്ടതോടെ വീട്ടുകാരുടേയും നാട്ടുകാരുടേയും കോമഡി പുസ്തകത്തിലെ എക്കാലത്തേയും ഹിറ്റ് കഥാപാത്രമായി ടിയാൻ.
APL റേഷൻ കാർഡുള്ള തങ്കമണിയുടെ അടുക്കളപ്പുറത്തെ ഒഴിഞ്ഞ മണ്ണെണ്ണപ്പാട്ട പോലെയായിത്തീർന്നു ആ ജിതേന്ദ്രയുടെ ശിഷ്ടജീവിതം. മകൻ സുഗ്രീവന്റെ എൻജിനിയറിംഗ് പഠനത്തിന് ആവശ്യമായ 50,000 രൂപയെച്ചൊല്ലി ഒരു രാത്രി നടന്ന വഴക്കിലും പരിഹാസത്തിലും മനംനൊന്ത്, പിറ്റേന്ന് വെളുപ്പിന് നാലു മണി കഴികെ നാലേ പത്തിനകമുള്ള ശുഭമുഹൂർത്തത്തിൽ പഞ്ചായത്ത് കുളത്തിലേക്ക് ആർത്തലച്ച് ഡൈവു ചെയ്തു നമ്മുടെ ആലുംമൂടൻ.
വീട്ടിലെ ടാങ്ക് വെള്ളത്തിൽ മാത്രം കുളിക്കുന്ന ടിയാന് ആ താമരക്കുളത്തിന്റെ ആഴം അറിയാനുള്ള മാത്തമാറ്റിക്കൽ കാൽക്കുലേഷൻസ് കിട്ടിയില്ല. കൂമ്പി നിന്നിരുന്ന താമരപ്പൂക്കൾക്കൊപ്പം അരയ്ക്കൊപ്പം വെള്ളത്തിൽ, ആ വെളുപ്പാങ്കാലത്ത് ആശാനും ഒന്ന് കൈകൂപ്പി മുങ്ങി നിവർന്നു, മറ്റൊരു കൂമ്പിയ താമരപ്പൂവായ്....
****** ******
രണ്ടു ദിവസങ്ങൾ! ഓടനാവട്ടം വലിയ വലിയ അൽഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ച രണ്ടു ദിവസങ്ങൾ...
ആശാൻ കുളത്തിൽച്ചാടുന്നതിന് ദൃക്സാക്ഷിയായ മെമ്പർ ലോഹിതാക്ഷന്റെ വാക്കുകളിലൂടെയാണ് നാട്ടുകാർ ആ സത്യം അറിഞ്ഞത്. വെള്ളത്തിലേക്ക് വീണ ആശാനു ചുറ്റും ഒരു ഭീകരമായ ഒരു ചുഴി ഉണ്ടായെന്നും ആ ചുഴിയിൽ നിന്നും താമരപ്പൂവാൽ അലംകൃതമായ, നാലു കൈയ്യോടു കൂടിയ ഒരു രൂപം പ്രത്യക്ഷപ്പെട്ട് ആശാനൊപ്പം ഉയർന്നു കരയിലെത്തി "വീട്ടിലേക്ക് നടക്കൂ" എന്ന് കൽപ്പിച്ചതായും അതോടെ തന്റെ ബോധം നഷ്ടമായി വീണു എന്നുമായിരുന്നു ആ അൽഭുത സത്യം.
"ബോധം വീണു കിട്ടിയപ്പൊ ഞാൻ ആശാന്റെ വീട്ടിൽ ചെന്നു. അവിടെ മുറ്റത്ത് വേപ്പിന്റെ ചുവട്ടിൽ താടിയും മുടിയും വളർത്തിയ, ഒരു സ്വാമി കണ്ണടച്ച് ഇരിക്കുവാരുന്നു. ആശാന്റ കാലീ വീണു കിടന്നു കരയുവാരുന്നു തങ്കമണിയും പിള്ളേരും. കണ്ണടച്ചോണ്ടു തന്നെ സ്വാമി എന്നേ അടുത്തോട്ട് കൈയ്യാട്ടി വിളിച്ച് അടുത്തിരുന്ന മൊന്തയും വെളളവും തന്ന് അനുഗ്രഹിച്ചു". മെമ്പർ ആവേശത്തോടെ പറഞ്ഞു.
"മൊന്തയും വെള്ളവുമോ?'' മീൻകാരൻ സുലൈമാന് വിശ്വാസം വന്നില്ല.
''അതെ പച്ചവെള്ളം തന്നെ! സ്വാമി എന്തോ മനസ്സിൽ ജപിച്ച് എന്റെ നേർക്കു നീട്ടി കുടിക്കാൻ ആംഗ്യം കാണിച്ചു. അത് കുടിച്ചപ്പോൾ മുതൽ മനസ്സിന് വല്ലാത്ത ഒരു സുഖം. ആ വെള്ളം ഭാര്യയ്ക്കും മക്കൾക്കുമൊക്കെ കൊണ്ടു കൊടുത്തു ഞാൻ. അവളുടെ മാറാത്ത തലവേദന പോയി. ചെറുക്കൻ പാസായെന്ന് ഫോൺ വന്നു. വെള്ളത്തീപ്പോയി എന്ന് വിചാരിച്ച കാശ് അളിയൻ തിരിച്ച് കൊണ്ടുത്തന്നു... അങ്ങനെയെന്തെല്ലാം...! സ്വാമിയും അൽഭുത വെള്ളവും ഒരു സംഭവം തന്നെ"
94.3 ഓടനാവട്ടം ലോഹിതാക്ഷൻ FM ന്റെ മുന്നിൽ നിരന്ന നാട്ടുകാർ പുരികമുയർത്തി പരസ്പരം നോക്കി.
അവിവാഹിതയായ മെമ്പർ വിലാസിനിയുടെ വീട്ടിനടുത്തുള്ള ഈ കുളക്കരയിൽ അസമയത്ത് ലോഹിതാക്ഷൻ എന്തിനെത്തി? എന്ന ചോദ്യം നിലനിൽക്കെത്തന്നെ സ്വാമി അന്നു ജപിച്ചു തന്ന ആ ദിവ്യ ജലമാണ് തന്റെ കാലിലെ ഉണങ്ങാ മുറിവ് കരിച്ചു തുടങ്ങിയതെന്ന് മുണ്ടുയർത്തി തെളിവു സഹിതം കാണിച്ചു അദ്ദേഹം.!
കുളക്കരയിൽ ഒരു രൂപക്കൂട്ടിലിരിക്കുന്ന സെന്റ്. ജോർജ്ജിന്റെ സംഭാവനകളെ നിരുപാധികം തള്ളി, തന്റെ ഉപ്പൂപ്പാന്റെ ഉപ്പൂപ്പ മൊയിൻ ഹാജി, ഇഷ്ടദാനം ചെയ്തതാണ് ഈ കുളമെന്നും അതിലുള്ള ജിന്നാണ് ആശാനെ രക്ഷിച്ച് കൂടെ വന്ന സിദ്ധനെന്നും, അതുകൊണ്ടാണ് അദ്ദേഹം ആംഗ്യ ഭാഷയിൽ മാത്രം കാര്യം പറയുന്നതെന്നുമുള്ള - നാട്ടുപ്രമാണി അഹമ്മദ്ഹാജിയുടെ അഭിപ്രായം കൂടി വന്നപ്പോൾ ജാതി -മത-ഭേദമന്യേ നാട്ടുകാർ കൂട്ടം കൂട്ടമായി ആശാന്റെ വീട്ടിലെത്തി. ദിവ്യജലത്തിന്റെ മന്ത്ര സിദ്ധി രണ്ടു ദിവസം കൊണ്ട് പരക്കെ അറിയപ്പെട്ടു തുടങ്ങി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു പോയിരുന്നു ആശാന്റെ വാർദ്ധക്യം!. ആത്മഹത്യയിൽ നിന്ന് തന്നെ രക്ഷിച്ച ഊമയായ ഒരു കാഷായധാരിക്ക് കഴിക്കാൻ ആഹാരവും വെള്ളവും ഉറങ്ങാൻ കുറച്ച് സ്ഥലവും കൊടുത്ത് തങ്കമണിയെ ആശ്വസിപ്പിച്ച് നിൽക്കവെയാണ് അന്ന് മെമ്പർ ലോഹിതാക്ഷൻ ഓടിപ്പിടിച്ചെത്തിയത്. പിന്നീടെല്ലാം ഒരു സ്വപ്നം പോലെ...
രാവിലെ മുതൽ ഏതൊക്കെയോ സ്ഥലങ്ങളിൽ നിന്ന് ആരൊക്കെയോ വരുന്നു. സ്വാമിയുടെ കൈയ്യിൽ പിടിച്ച് സങ്കടങ്ങൾ പറയുന്നു സ്വാമി 'വെള്ളം' എന്ന് ആക്ഷൻ കാണിക്കുന്നു. മെമ്പറുടെ നേതൃത്വത്തിൽ വലിയ ചരുവത്തിൽ കോരി വച്ച വെള്ളം സ്വാമി തന്നെ കുപ്പിയിലേക്ക് ഒഴിച്ചു ഭക്തരുടെ വായിലേക്ക് ഒഴിച്ചു കൊടുക്കുന്നു. അവർ അത് ഭക്തിപൂർവ്വം കുടിച്ചിട്ട് ദക്ഷിണ സ്വാമിയുടെ മടിയിൽ ഇടുന്നു. താനാകട്ടെ അതെല്ലാം കളക്ട് ചെയ്ത് തങ്കമണിയെ ഏൽപ്പിക്കുന്നു....! എന്താണിതൊക്കെ....!
ഒരാഴ്ചയ്ക്കകം അവിടെ ഒരു പന്തലുയർന്നു... കുളിമുറിയിലെ ചരുവം സിന്റക്സ് ടാങ്കിനായി വഴിമാറി... ദക്ഷിണയ്ക്കനുസരിച്ച് 250 ml, 500 ml, 1 Ltr രീതിയിൽ ദിവ്യ ജലം പായ്ക്ക് ചെയ്യപ്പെട്ടു... കോളേജിലെ മുഴുവൻ ഫീസുമടച്ച് മി.സുഗ്രീവ് തങ്കപ്പൻ എൻജിനിയർ ആകാനുള്ള ആദ്യ കടമ്പ കടന്നു... വറ്റിക്കൊണ്ടിരുന്ന കിണറും വെള്ളവും തങ്കമണിയുടേയും പാഞ്ചാലിയുടേയും സ്ട്രിക്ട് ആയ സൂപ്പർവിഷനിലായി...
സ്വാമിയുടെ ആംഗ്യവും നോട്ടവും പതിച്ച സ്ഥലത്ത്, റോഡ് സൈഡിൽ മറ്റൊരു കിണറു കൂടി കുഴിക്കാനുള്ള നടപടി മെമ്പറുടെ മേൽനോട്ടത്തിൽ ആരംഭിച്ചു. സ്വാമി ചൂണ്ടിക്കാട്ടിയ വരണ്ട വെറും തറയിൽ ആ കടുത്ത വേനലിൽ കൃത്യം ആറടി താഴ്ത്തിക്കുഴിച്ചപ്പോഴേക്കും കുമാരന്റെ പണിയായുധം കിണറിന്റെ സൈഡിലെ ഉറവയിൽത്തട്ടുകയും ഉറവ പൊട്ടി വെള്ളം കുതിച്ചുയരുകയും ചെയ്തു.
എന്തൽഭുതം! നാട്ടുകാരെ ആവേശത്തിലാറാടിച്ചു കൊണ്ട് മെല്ലെ ഉയർന്നു വന്ന ജലനിരപ്പ് കിണർ നിറഞ്ഞ് തുളുമ്പി കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. അവിടെയെങ്ങും ദൈവവിളികൾ മാത്രം! ഒഴുകി വരുന്ന അൽഭുത ജലം പാത്രങ്ങളിൽ ശേഖരിക്കാനും സ്വാമിയുടെ സ്പർശനം കിട്ടാനും ആളുകൾ തിക്കും തിരക്കും കൂട്ടി. ലോക്കൽ ചാനലിന്റെ ലൈവ് ടെലികാസ്റ്റും സംഭവത്തെ കൊഴുപ്പിച്ചു. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാൽ മറ്റ് ചാനലുകളും ജന നേതാക്കളും പിറ്റേന്ന് എത്തുമെന്ന് മെമ്പർ അറിയിച്ചു.
മെമ്പറിന്റെ മുറിവ് ഉണങ്ങിയതും, പ്ലമ്പർ തുളസിക്ക് വിസ വന്നതും, തയ്യൽക്കാരൻ സുരേഷിന് 5000 രൂപ ലോട്ടറി അടിച്ചതും, മീൻകാരൻ സുലൈമാന്റെ ബീവി ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗർഭിണിയായതും സ്വാമിയുടെ ഊശാൻ താടിയിലെ പൊൻ തൂവലായപ്പോൾ അൽഭുത ജലം കുടിച്ചിട്ടും ചൂടുവെള്ളം വീണ് പൊള്ളിയ ചായക്കട ചന്ദ്രനും, വീണ് വാരിയെല്ലൊടിഞ്ഞ വാട്ടർ അതോറിറ്റി ഉദ്യോഗസ്തൻ ചെറിയാനും മൂന്നാം മാസം ഗർഭം അലസിയ മോളിക്കുട്ടിയും ചിത്രത്തിലെങ്ങും വന്നില്ല.
പിറ്റേന്നത്തെ അഭൂതപൂർവ്വമായ തിരക്കിൽ മറ്റു ചാനൽ വണ്ടികളോടൊപ്പം രണ്ടു ജീപ്പുകളും ഒരു ആംബുലൻസും ഉണ്ടായി നടന്നു. ജീപ്പുകളിൽ ഒന്ന് പോലീസിനേറെയും മറ്റൊന്ന് വാട്ടർ അതോറിറ്റിയുടേതും ആയിരുന്നു. മെന്റൽ ഹെൽത്ത് സെൻറർ, ഊളമ്പാറ, പേരൂർക്കട എന്നെഴുതിയ ആംബുലൻസിൽ നിന്നിറങ്ങിയ അറ്റന്റർമാരെ കണ്ടതും സ്വാമിക്ക് മദപ്പാടുണ്ടായി. അന്നേ നിമിഷം വരെ ഊമയായിരുന്ന സ്വാമി ചാടിയെഴുന്നേറ്റ് ഉടുത്തിരുന്ന കാവി മുണ്ട് ഉരിഞ്ഞെറിഞ്ഞ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിച്ച് പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന ദിവ്യ ജലം കിട്ടാവുന്നടുത്തോളം വാരിയെടുത്തു...
നാട്ടുകാർ ഞെട്ടിത്തരിച്ച് നിൽക്കെ - ദിവ്യജലവുമായി ഇറങ്ങിയോടാൻ നോക്കിയ സ്വാമിയെ പോലീസുകാരുടെ സഹായത്താൽ ഒരു കമാൻഡോ ഓപ്പറേഷനിലൂടെ പിടിച്ച് കെട്ടി അകത്തിട്ട്, മയക്ക് വെടിയും കൊടുത്ത്, നിലവിളി ശബ്ദമിട്ട് ആ ആംബുലൻസ് വന്ന പോലെ തിരികെപ്പോയി.
വാരിയെല്ലൊടിഞ്ഞിട്ടും വാട്ടർ അതോറിറ്റിയുടെ ജീപ്പിൽ നിന്നും ഇറങ്ങിയവർക്ക് കൃത്യമായ വിവരം നൽകി ചെറിയാൻ, ആർക്കും വേണ്ടാതായ സെന്റ്. ജോർജിന് കുരിശു വരച്ച് പ്രമോഷൻ ഉറപ്പിച്ചു.
വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പിന് മുകളിൽ കിണർ കുഴിച്ചതിന് മെമ്പറേയും ആശാനേയും പൊക്കി ജീപ്പിനകത്തേക്കിട്ടിട്ട്, അപ്പോഴും ദിവ്യജലത്തിനായി തിക്കും തിരക്കും കൂട്ടുന്നവരോടായി ഇൻസ്പെക്ടർ പറഞ്ഞു.... "എടാ ഊളകളെ ആ വന്നത് സ്വാമിയൊന്നുമല്ല. നമ്മുടെ പഴയ സ്പിരിട്ട് രാജാവ് - 'കല്ലുവാതുക്കൽ കിണിച്ചനാ'.... കേസിൽ കുടുങ്ങി സ്വത്തെല്ലാം പോയപ്പോ മുഴുവട്ടനായി .... ഇപ്പോഴും ചാരായം വിറ്റ് നടക്കുന്ന ചിന്തയാ.... കേറി പോയിനെടാ എല്ലാവമ്മാരും അവളുമാരും അവരോരുടെ വീട്ടിൽ"
ഒരു ചെറുപുഞ്ചിരിയോടെ പോലീസ് ജീപ്പിലിരിക്കവേ ആ പഴയ ഈച്ചയുടെ പിൻഗാമി ഫ്രീക്കൻ ആശാന്റെ കണ്ണിൽ വീണ്ടുമൊരു ലിപ് ലോക്കിട്ടു. കരഞ്ഞുകൊണ്ടിരുന്ന തങ്കമണിക്കു നേരേ രണ്ട് പൊളപ്പൻ സൈറ്റുകൾ....
ഒരു വട്ടൻ ചെയ്ത വട്ടത്തരത്തിന് അറിയാതെ കൂട്ടുനിന്നതിന് ലോകത്തൊരു കോടതിയും തന്നെ ശിക്ഷിക്കില്ല എന്ന ഉറപ്പായിരുന്നു ഒന്നാമത്തെ സൈറ്റിൽ....
ആവശ്യക്കാർ അക്കൗണ്ടിൽ അയച്ചു തന്ന പൈസയ്ക്ക് പകരമായി പായ്ക് ചെയ്തു വച്ച "ദിവ്യ ജലം" കറക്ടായി അയയ്ക്കാൻ പാഞ്ചാലിയോടു പറയണമെന്നതായിരുന്നു ആ രണ്ടാമത്തെ സൈറ്റിൽ.....
ആ ആഴ്ചയിലെ 'വിശ്വസിച്ചാലും ഇല്ലെങ്കിലും' ഷൂട്ട് ചെയ്യാൻ വന്ന സൂര്യാ ടിവിയുടെ വണ്ടി നമ്മുടെ പോലീസ് ജീപ്പിന് എതിർ വശത്തുകൂടി പോകുകയായിരുന്നു അപ്പോൾ....
- ഗണേശ് -
1-3 -2018
1-3 -2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക