Slider

സങ്കടത്തിന്റെയും സന്തോഷത്തിന്റെയും കടൽ

0

"എന്താടാ മധു നിന്റെ മുഖത്തൊരു വിഷമം "
കറികളുടെ തട്ടുമായി അയ്യപ്പൻ ചേട്ടന്റെ ടേബിളിനടുത്തേക്ക് ചെന്നപ്പോഴാണ് ചോദ്യം ...
എത്ര ഒളിപ്പിച്ചുവച്ചാലും ചേട്ടനത് കണ്ടുപിടിക്കും .. ഏയ് ഒന്നുമില്ല ചേട്ടന് തോന്നിയതാ...
കറി വിളമ്പുന്നതിനിടെ അത്രയും പറഞ്ഞെങ്കിലും സങ്കടം വന്ന്‌ തൊണ്ടയിൽ തിങ്ങി നിൽക്കുന്നതിനാൽ കൂടുതലൊന്നും പറയാൻ അവന് കഴിഞ്ഞില്ല ..
പട്ടണത്തിലെ ഒരു ഹോട്ടലിലെ സപ്ലയറാണ് മധു ..അതിനു മുന്നിലെ ആയുർവേദ കട അയ്യപ്പൻ ചേട്ടന്റേതാണ് .. ജീവിതത്തിൽ ഒറ്റയ്ക്കായ അയ്യപ്പൻ ചേട്ടന്റെ ആഹാരമെല്ലാം ഈ ഹോട്ടലീന്നാണ്
..ഇന്നൽപ്പം വൈകിയാണ് അയ്യപ്പൻചേട്ടൻ ഊണ് കഴിക്കാനെത്തിയത് .. വന്നപ്പോൾ തന്നെ മധുവിന്റെ മുഖത്തെ ക്ഷീണ ഭാവം അയാൾ ശ്രദ്ധിച്ചിരുന്നു
..."അല്ല ചേട്ടൻ നേരത്തെ പാർസൽ വാങ്ങിക്കൊണ്ടു പോയല്ലോ ഞാൻ കരുതി ഇന്ന് ഊണ് കഴിക്കാൻ ഉണ്ടാകില്ല എന്ന് "
എവിടെയെങ്കിലും പോകേണ്ടിവന്നാൽ ചിലപ്പോഴെല്ലാം അയ്യപ്പൻ ചേട്ടൻ പാർസൽ വാങ്ങി കടയിൽ വയ്ക്കാറുണ്ട് ...
"അത് ഞാൻ ഒരാൾക്ക് വേണ്ടി വാങ്ങിയതാ" മുഴുത്ത ഉരുള വിഴുങ്ങുന്നതിനുമുന്പേ അത് പറഞ്ഞൊപ്പിച്ചതിനാലാകാം ഒന്ന് ചുമച്ചു കൊണ്ട് വിഷമിച്ച ചേട്ടന് വെള്ളം എടുത്തു കൊടുക്കുന്നതിനിടയിലാണ് മുതലാളിയുടെ ശകാരം
"നീയവിടെ എന്ത് കിന്നാരം പറഞ്ഞു നിൽക്കുവാ ..ഈ ടേബിളിലൊക്കെ ചോറ് കൊടുക്ക് "
പിന്നെയും ശബ്ദം താഴ്ത്തി അയാൾ പലതും പറയുന്നുണ്ടായിരുന്നു ..അസഭ്യ വാക്കുകളായിരിക്കുമെന്നുറപ്പാണ് ... വേറൊരു പണിയും കിട്ടാത്തതിനാലാണ് ഇവിടെ ഇങ്ങനെ ആട്ടും തുപ്പും കേട്ട് കഴിയേണ്ട വരുന്നത് ... സ്വന്തം ചിലവ് ഇവിടം വഴി കഴിഞ്ഞു പോകും ..കിട്ടുന്നതെല്ലാം അണ കുറയാതെ വീട്ടിലേക്ക് എത്തിക്കാം എന്നതിനാലാണ് സഹികെട്ടിട്ടും ഇവിടെ കഴിഞ്ഞു പോകുന്നത് ... അമ്മയുടെ മരുന്നുംതാഴെയുള്ള രണ്ടു പേരുടെ പഠിപ്പും ഇതുകൊണ്ടൊക്കെയാണ് നടന്നുപോകുന്നത്
..ചോറെടുക്കാനായി അടുക്കളയിൽ എത്തിയപ്പോൾ പാചകക്കാരായ കുട്ടപ്പൻ ചേട്ടനും സഹായി ശാന്ത ചേച്ചിയും ഊണ് കഴിച്ചു തുടങ്ങിയിരുന്നു ...
ചോറും കറിയുമൊക്കെ തീരാൻപോകുന്നു എന്ന മുന്നറിയിപ്പാണ് അവരുടെ ഊണുകഴിക്കൽ !!!
...അപ്പോൾ ഇന്നും രാവിലത്തെ പൊറോട്ട തന്നെ ശരണം ...
അരിയിത്തിരി കൂട്ടിയിടാൻ പറഞ്ഞാലും മുതലാളി കേട്ട ഭാവം കാണിക്കില്ല ..ചോറ് തികയാതെ വന്നാൽ രാവിലത്തെ പൊറോട്ട ചൂടാക്കി കൊടുക്കാം - അയാളുടെ കച്ചവട കണ്ണിൽ അതാണ് കണക്കു കൂട്ടൽ ... മൂന്ന് നേരവും മൈദ തന്നെ കഴിച്ചു ശരീരം വല്ലാതായിട്ടുണ്ട് ..എതിർപ്പ് പറഞ്ഞാൽ ഇഷ്ടം പോലെ ബംഗാളിയെ കിട്ടും എന്ന മുതലാളിയുടെ ഭീഷണിക്കു മുന്നിൽ അതൊന്നും ഏശുകയില്ല ...ചോറ് തീർന്ന വിവരം കൗണ്ടറിൽ ഇരിക്കുന്ന മുതലാളിയെ അറിയിക്കുമ്പോൾ അയ്യപ്പൻ ചേട്ടൻ പറ്റു ബുക്കിൽ ഊണിന്റെ വില എഴുതി വയ്ക്കുന്നുണ്ടായിരുന്നു ..."ഇത് കഴിയുമ്പോൾ നീ കടയിലേക്ക് ഒന്ന് വരണം എന്നിട്ട് ഊണ് കഴിച്ചാൽ മതി " പിന്നെയും അര മണിക്കൂറോളം കടയിൽ തിരക്കുണ്ടായിരുന്നു ..പൊറോട്ട കൊടുത്തു വന്നവരെയൊക്ക ഊട്ടി കഴിഞ്ഞപ്പോൾ മാണി രണ്ടര ... രാവിലത്തെ പൊറോട്ട ദഹിക്കാത്തതിനാൽ വിശപ്പ് തോന്നുന്നില്ല ..പക്ഷെ ചോറ് അൽപ്പം തിന്നാനുള്ള കൊതി ... എച്ചിൽ നിറഞ്ഞ ബക്കറ്റ് കഴുകാനെടുക്കുമ്പോൾ പലരും ബാക്കിവച്ചതും ടേബിളിൽ നിന്ന് തുടച്ചെടുക്കപ്പെട്ടതുമായ ചോറ് എടുത്തു തിന്നാൻ വരെ മനസ് വെമ്പി ... വേണ്ട ... അത് പിന്നെ ഒരു ശീലമാകും ..മനസങ്ങനെ പെട്ടെന്നൊരു മുന്നറിയിപ്പ് നൽകിയതിനാൽ വേഗം ബക്കറ്റ് കഴുകി ഭിത്തിയിൽ ചാരി വച്ചിട്ട് അയ്യപ്പൻ ചേട്ടന്റെ കടയിലേക്കോടി ... റേഡിയോയിൽ ഒഴുകി വരുന്ന പഴയൊരു ചലച്ചിത്ര ഗാനത്തിൽ പാതി മയക്കത്തിലേക്ക് വീഴുകയായിരുന്ന അയ്യപ്പൻ ചേട്ടനെ എന്റെ വിളിയാണ് ഉണർത്തിയത് "എന്തിനാ ഇത്ര ധൃതിപ്പെട്ട് വരാൻ പറഞ്ഞത് മനുഷ്യന് വിശപ്പ് ഇവിടെ പാട്ട് "ഇത്ര നേരം അടക്കി വച്ച ദേഷ്യം ചേട്ടനോട് തീർത്തു -അയ്യപ്പൻ ചേട്ടനോട് എന്തും പറയാം ..ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു അടുപ്പമുണ്ട് ..."നീ ആദ്യം അകത്തേക്ക് വാ " എന്ന് പറഞ്ഞു വായിലെ മുറുക്കാൻ പുറത്തേക്കു തുപ്പി അകത്തെ മുറിയിലേക്ക് പോയ ചേട്ടൻ തിരിച്ചു വന്നത് ഒരു പൊതിയുമായാണ് ..ഞാൻ പൊതിഞ്ഞു കൊടുത്ത പാർസൽ ഊണ് .. കണ്ണുനീരിന്റെ ചൂട് കവിളുകളിൽ അനുഭവെപ്പടുന്നതോടൊപ്പം ചേട്ടന്റെ വാക്കുകളും ഒപ്പം വന്നു.. എനിക്കറിയാം അവിടത്തെ നിന്റെ കഷ്ടപ്പാട് ...ഇനി എല്ലാ ദിവസവും ഒരു പൊതിച്ചോറ് ഇവിടെ നിനക്കുണ്ടാകും ..ആരുമില്ലാത്ത എനിക്ക് ഈ കടയും നീയും മാത്രമല്ലേ ഉള്ളൂ ... സങ്കടത്തിന്റെയും സന്തോഷത്തിന്റെയും കടൽ മനസ്സിൽ നിറച്ച് ആ പൊതിച്ചോറ് അവൻ വാരി വലിച്ചു കഴിക്കുമ്പോൾ ഭാവിയിലേക്ക് പലതും അവനായി ചേർത്ത് വയ്ക്കുവാൻ തുടങ്ങുകയായിരുന്നു അയ്യപ്പൻ ചേട്ടന്റെ മനസ് .... വാഴുന്നിടം


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo