നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അസ്ഥാനത്തെ കമന്റ്‌ അഥവാ ( ഒരു അടിയുത്സവത്തിന്റെ ഓർമ്മക്ക്‌)

അസ്ഥാനത്തെ കമന്റ്‌
അഥവാ
( ഒരു അടിയുത്സവത്തിന്റെ ഓർമ്മക്ക്‌)
••••••••••••••••••••••••••••••••••••••
ആ തണുത്ത വെളുപ്പാൻ കാലത്ത്‌ കിടപ്പായയിലെ തണുപ്പും അനിയത്തിയുടെ ചൂടും തലയിലൂടെ മൂടിയ പുതപ്പിന്റെ പൂപ്പൽ മണവും വിട്ടെണീക്കാൻ വല്ലാത്ത മടി.
സ്കൂൾ പൂട്ടിയിട്ടാണെങ്കിലും കാലത്ത്‌ പാലിനു പോകേണ്ടതിനാൽ സാധാരണ അമ്മ നേരത്തെ വിളിച്ച്‌ എണീപ്പിക്കുന്നതാണു.
പതിവിൽ നിന്ന് വ്യത്യസ്ഥമായി അച്ഛന്റെ ആദ്യ വിളിയിൽ തന്നെ അമ്മ പറഞ്ഞു.
"വിളിക്കണ്ട രാത്രി നല്ല പനീണ്ടാരുന്നു. കിടന്നോട്ടെ"
അപ്പോളാ കാലത്തെ ആ മടിയുടെ കാരണം എനിക്കും പിടി കിട്ടിയത്‌.
പുതപ്പിനിടയിലൂടെ കടന്ന് വന്ന അച്ഛന്റെ കൈപത്തി നെറ്റിയിൽ തടവി കഴുത്തിലെത്തിയപ്പോ തന്നെ തീർപ്പ്‌ വന്നു.
"പനിയൊന്നുമില്ല. വൈകീട്ട്‌ മാവിലാക്കാവിൽ പോകുന്നുണ്ട്‌,വരുന്നുണ്ടെങ്കിൽ വേഗം എണീറ്റ്‌ പോയി പാൽ വാങ്ങി വാ"
"അച്ഛാ ഞാൻ പോകാച്ചാ പാൽ മാങ്ങാൻ കാവിലന്ന കൂട്ട്യാ മതി"
കേട്ട പാതി അനിയത്തിയുടെ ഉറക്കം പമ്പ കടന്നു.
അത്‌ കേട്ട അച്ഛൻ അവളെ വാരിയെടുത്ത്‌ ഉമ്മറത്തേക്കും ഞാൻ മെല്ലെ എണീറ്റ് പായ മടക്കി കട്ടിലിനടിയിലേക്കും പോയി.
ശേഷം‌ മുറ്റത്തെ മൂലയിൽ പോയി അരിപ്പൂ ചെടിക്ക്‌ ഇത്തിരി "പനിനീരും തെളിച്ച്‌" അമ്മ തന്ന സ്റ്റീൽ ഗ്ലാസ്സും വാങ്ങി ബ്ലാക്ക്‌ ക്യാറ്റ്‌ അശോകനെയും കൂട്ടി പാൽ വാങ്ങി വന്നു.
തിരിച്ച്‌ വന്ന ഉടൻ തന്നെ അമ്മയുടെ താക്കീതൊന്നും വകവെക്കാതെ പച്ച വെള്ളത്തിൽ കുളിച്ച്‌ എന്റെ ഊർജ്ജസ്വലത വെളിപ്പെടുത്തി.
അന്ന് അമ്മക്ക്‌ അടുപ്പിൽ കത്തിക്കാൻ വിറകിനും വെള്ളം കോരി കൊണ്ടു വരുന്നതിനും ഒന്നും വലിയ ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ടാവില്ല. മുഖം കഴുകുന്ന കുഞ്ഞു മഗ്ഗിൽ വെള്ളം കൊണ്ട്‌ വന്ന് അനിയത്തിയും എന്നോടും അമ്മയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഉച്ച ‌ ഭക്ഷണമൊക്കെ വേഗം കഴിച്ച്‌ കിണറ്റിൻ കരയിൽ അനിയത്തിക്കും അമ്മക്കും കുളിക്കാൻ കാവലായി.
അവരൊരൊരുങ്ങി വരുന്നതു വരെ കണ്ടൻ ട്രസറുമിട്ട്‌ ഞാൻ ഉമ്മറത്തും കാത്തിരുന്നു.
ഒടുവിൽ നാലുമണിയുടെ "പുലരി" ബസ്സിൽ മാവിലായിയിലേക്ക്‌.
അമ്മയുടെ അമ്മയുടെ (അമ്മൂമ്മ)തറവാട്‌ വീടാണു മാവിലായി.
അവിടെ അടുത്തുള്ള ക്ഷേത്രമാണു മാവിലാക്കാവ്‌.
കണ്ണൂർ ജില്ലയിലെ വളരെ പഴക്കമുള്ള ഒരു ഒരു ക്ഷേത്രം.
വ്യത്യസ്ഥമാണു അവിടത്തെ ആചാരം.
അവിടെ അടിയാണു ഉത്സവം.
അടിയുത്സവം.
രണ്ട്‌ ദിവസങ്ങളിലായി രണ്ട്‌ സ്ഥലങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിന്റെ രണ്ടാം ദിവസത്തെ അടി നടക്കുന്നത്‌ ഒരു വലിയ വയലിന്റെ നടുവിലായിട്ടാണു.
കല്ലിൽ തീർത്ത വലിയ ഗോപുരം പോലുള്ള പീഠത്തിനു ചുറ്റും രണ്ട്‌ വിഭാഗക്കാർ സ്വന്തം ആളുകളുടെ ചുമലിൽ കയറി ഇരുന്ന് പരസ്പരം തല്ലിന്റെ പൂരം തന്നെ നടത്തും. കൈ കൊണ്ട്‌ തടഞ്ഞും തടയലിൽ നിൽക്കാതെ വലിയ ശബ്ദത്തിൽ ദേഹത്ത്‌ കൊണ്ടും ഒരു വേള അടി തെറ്റി മറിഞ്ഞു വീണും ആവേശ കൊടുമുടിയേറുന്ന ഈ അടിയുത്സവം കാണാൻ വിവിധ ദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഒഴുകി വരും.
ആ പുരുഷാരത്തിന്റെ നടുവിൽ നിന്ന് ആ ആർപ്പ്‌ വിളിയിൽ മുഴുകാത്തവരായി ആരും ആ പരിസരപ്രദേശങ്ങളിൽ പോലും ഉണ്ടാവില്ല.
ആ ആർപ്പ്‌ വിളിയും മനസ്സിലോർത്താണു തറവാട്ടിലെത്തിയത്‌.
വലിയമ്മാവന്റെയും അമ്മായിയുടെയും മക്കളുടെയും ഹൃദ്യമായ സ്വീകരണത്തിനിടയിലും എന്റെ മനസ്സ്‌ ആ ആൾക്കൂട്ടത്തിനു നടുവിലായിരുന്നു.
വയ്യാത്തവരെ വീട്ടു കാവലിനാക്കി
ഉത്സാഹത്തോടെ എല്ലാരും ഇറങ്ങാൻ നോക്കുമ്പോളാണു ഒരു സൂചനയുമില്ലാതെ അവൾ കയറി വന്നത്‌.
പെട്ടെന്ന് പെയ്ത കനത്ത മഴയിൽ എന്റെ
മനസ്സിലെ അടിയുത്സവം ഒലിച്ച്‌ പോയി.
"മഴ തോരും,പോകാൻ പറ്റും"
എന്ന് വിശ്വസിച്ച്‌ കാത്തിരിക്കുന്നതിനിടയിൽ സ്ത്രീ
ജനങ്ങൾ ആടയാഭരണങ്ങൾ അഴിച്ചിടാൻ തുടങ്ങിയതോടെ ആ വർഷത്തെ അടിയുത്സവം കൊടിയിറങ്ങിയതായി എനിക്ക്‌ മനസ്സിലായി.
പലരും നിരാശയോടെ ഉമ്മറത്ത്‌ വട്ടം കൂടി ഇരിക്കുന്നതിനിടയിലാണു വലിയമ്മാവൻ നമ്മളൊരു വീടെടുക്കുന്നതിനെ പറ്റി ചെറിയൊരു പോസ്റ്റർ ഇട്ടത്‌.
ഉടനെ ഞാനിട്ട അതിഗംഭീരമായ കമന്റ്‌
കണ്ട്‌ എല്ലാവരും അനുമോദിച്ചെങ്കിലും അച്ഛന്റെ കണ്ണു തള്ളി നിൽക്കുന്നത്‌ കണ്ട്‌ ഞാൻ ഒന്നമ്പരന്നു.
ആ കണ്ണുതള്ളൽ മറച്ച് വച്ച്‌ അച്ഛനിട്ട റിപ്ലേക്ക്‌ ഞാനിട്ട കൗണ്ടർ കമന്റ്‌ കേട്ട്‌ ചുറ്റുമിരുന്നവർ ചിരിക്കുന്നതിനിടയിൽ
അച്ഛൻ സഭ ബഹിഷ്കരിച്ച്‌ അകത്തേക്ക്‌ പോയത്‌ എന്നിൽ അങ്കലാപ്പുണ്ടാക്കി.
സാധാരണ ഇത്തരം പോസ്റ്റുകൾക്ക് കീഴിൽ കമന്റിടുമ്പോ
"പോയി വല്ലതും പഠിക്കെടാ" ന്ന്
പറഞ്ഞയക്കുന്ന അച്ഛനിന്ന് അങ്ങനെ പറയാൻ ഇവിടെ പഠിക്കുന്ന ബുക്കില്ലല്ലൊ എന്ന ചിന്ത എന്നുള്ളിൽ ചിരി പടർത്തി.
അത്‌ ചുണ്ടിലേക്കെത്തും മുന്നെ
തലച്ചോറിൽ നിന്ന് മുന്നറിയിപ്പ്‌ വന്നു.
ചിലപ്പോൾ അടുക്കളയിൽ നിന്ന്
കത്തിക്കാനിട്ട "വിറകിൻ കൊള്ളിയുമായാണൊ വരിക"
എന്ന പേടിയുള്ള കാത്തിരിപ്പിന്റെ മൂന്നാലു മിനിറ്റുകൾ കഴിഞ്ഞപ്പൊ അച്ഛൻ
ഒരു കൊച്ചു പുസ്തകവുമായി സഭയിൽ തിരിച്ചത്തി.
"ഗുണകോഷ്ടം"(ഗുണനപട്ടിക)
ആയിരുന്നു അത്‌.
അതെന്റെ കൈയ്യിൽ തന്നിട്ട്‌ പറഞ്ഞു
പോയി പഠിക്കാൻ. ഞാൻ കമന്റിട്ടു .
"എട്ട്‌ വരെ ഞാൻ പഠിച്ചിട്ടുണ്ട്‌."
"എട്ട്‌ വരെയല്ല ഇതിൽ പതിനാറു വരെ ഉണ്ടെന്ന്" റിപ്ലേ
നാലാം ക്ലാസ്സിൽ എട്ട്‌ വരെയുള്ള ഗുണനമേ പഠിക്കണ്ടൂന്ന് ടീച്ചർ പറഞ്ഞിട്ടുണ്ടെന്ന എന്റെ കൗണ്ടർ കേട്ടതും ചുവന്ന മുഖവുമായി എന്റെ ചെവിയിൽ തൂക്കി അടുത്ത മുറിയിലേക്ക്‌ തള്ളി അച്ഛൻ പറഞ്ഞു.
"പതിനാറു വരെ പഠിച്ച് ചൊല്ലിത്തന്നിട്ട്‌ ഉറങ്ങിയാ മതി"
ഇറങ്ങി സഭയിലെത്തി.
"മുട്ടേന്ന് വിരിഞ്ഞിട്ടില്ല വല്ല്യാള കുപ്പായമിട്ടാ നടത്തം"
എന്ന കമന്റിനു അമ്മായിയും അമ്മാവനും കൂടെ എല്ലാവരും ചേർന്ന് ലൈക്കടിക്കുന്ന ശബ്ദം അടച്ച മുറിയിൽ ഞാൻ കേട്ടു.
എന്നാലും തോൽക്കാൻ പറ്റില്ലല്ലൊ.
ആ സഭയിൽ തന്നെ ചൊല്ലി കേൾപ്പിക്കണം എന്ന എന്റെ വാശിക്ക്‌ മുന്നിൽ അരമണിക്കൂറിനുള്ളിൽ പതിനാറു വരെയുള്ള ഗുണനപട്ടിക തോറ്റു.
വിജയിയേ പോലെ പുറത്തേക്ക്‌ വന്ന് അച്ഛനോട്
‌ "ചോദിച്ചോ ചൊല്ലി തരാം"
എന്ന എന്റെ ശബ്ദത്തേക്കാൾ ഉയരത്തിൽ മുഴങ്ങിയ അമ്മായിയുടെ
"എന്നാ ചോറുണ്ടൂടേനാ വിളമ്പീട്ടുണ്ട്‌"
എന്ന ശബ്ദത്തിനു മുന്നിൽ ഗുണനപട്ടികയും വാങ്ങി അച്ഛനും എല്ലാവരും അത്താഴത്തിനു വേണ്ടി സഭ പിരിഞ്ഞു.
താഴെ പലകയിൽ ഇരുന്ന് ചോറുണ്ണുന്നതിനിടയിലും ആ കമന്റിനു റിപ്ലേ ഇട്ടതിനു എന്നോട്‌ കാട്ടിയ അനീതിക്കെതിരെ പ്രതിക്ഷേധമായി
"ഒരു പയിനാറു പയിനാറു
ഇരു പയിനാറു മുപ്പത്ത്രണ്ട്‌
മുപ്പയിനാറു നാപ്പത്തെട്ട്"
‌ എന്നിങ്ങനെ എന്റെ ചുണ്ടിൽ നിന്നും
അച്ഛന്റെ മുഖത്തേക്ക്‌ ചുവന്ന് കണ്ണു തുറിച്ച
സ്മൈലികൾ വീണു ചിതറി കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot